അട്ടകളെ പ്രതിരോധിക്കുവാനുള്ള ലീച്ച് സോക്സ് വീട്ടിൽ ഉണ്ടാക്കാം.. എങ്ങനെ?

വിവരണം – ഗീതു മോഹൻദാസ്.

മൺസൂൺ കാലതും അതിനു ശേഷവും ശേഷം പശ്ചിമഘട്ടം കയറിവരുന്ന സഞ്ചാരികൾക്കായി, അവിടത്തെ അട്ടകളുടെ പ്രസിഡന്റ് എഴുതുന്ന തുറന്ന കത്ത്.

പ്രിയപ്പെട്ട സഞ്ചാരി സുഹൃത്തുക്കളെ, നമോവാകം !!! കഴിഞ്ഞ വര്ഷം മഴക്കാലം പ്രതീക്ഷിച്ചതിലും ഭീകരം ആയതുകൊണ്ട്, മഴക്കാലത്തു സഞ്ചാരികളുടെ വരവൊക്കെ കുറവായിരുന്നു. ഈ വട്ടം ജൂൺ 5 നു തന്നെ മഴ തുടങ്ങി എന്നറിഞ്ഞത് കൊണ്ടാണ് ദൃതി പിടിച്ചു ഈ ലെറ്റർ ഞാൻ പൊടിതട്ടി എടുത്തത്. കഴിഞ്ഞ വര്ഷം നിങ്ങൾ വരാത്തത് കൊണ്ട് ചെറിയ ആശ്വാസം ഞങ്ങൾക്ക് ഉണ്ടെങ്കിലും, അത് അധികകാലം നീണ്ടുനിന്നില്ല എന്ന അനുഭവം കൊണ്ടാണ് ഇത്ര കഷ്ടപ്പെട്ടു ഞാൻ ഈ കത്ത് എഴുതുന്നത്.

മഴ കഴിയുമ്പോൾ ഞാനും എന്റെ കൂട്ടുകാരും താമസിക്കുന്ന പശ്ചിമഘട്ടം പച്ചപ്പ്‌ വിരിച്ചു കിടിലൻ ആകും എന്ന് നിങ്ങള്ക്ക് പ്രത്യേകം പറഞ്ഞുതരണ്ട എന്നറിയാം. നിങ്ങളെ പോലെ തന്നെ ഞങ്ങളും വളരെ ആകാംഷയോടെ കാത്തിരിക്കുന്ന സമയം ആണ്, കാരണം പുല്ലുതിന്നാൻ കുറെ മൃഗങ്ങളും അതിനെ തിന്നാൻ അതിലും വലിയ മൃഗങ്ങളും ഒക്കെ എത്തുന്ന ടൈം ആണ്. വേനൽ കാലത്തു പട്ടിണി കിടക്കുന്ന ഞങ്ങൾ, ആ മൃഗങ്ങളെ പോലും നോവിക്കാതെ ഒന്നറിയിക്കാതെ അവരുടെ ബ്ലഡ് കുടിക്കുന്നു, വയറു നിറക്കുന്നു പോകുന്നു. സൊ സിമ്പിൾ.

പക്ഷേ ഇപ്പൊ കുറച്ചു കാലം ആയി, പുല്ലുതിന്നുന്ന മൃഗങ്ങളുടേതിനേക്കാൾ ടേസ്റ്റ് ഉള്ള അടിപൊളി ബ്ലഡ് ഞങ്ങൾക്ക് കിട്ടുന്നുണ്ട് എന്നുള്ളത് സത്യം തന്നെ ആണ്. അതിനു നിങ്ങളോടെല്ലാം ഞങ്ങൾക്ക് നന്ദി പറയുന്നു സുഹൃത്തുക്കളെ. പക്ഷെ, എനിക്ക് നിങ്ങളോടു കുറച്ചു കാര്യങ്ങൾ ഉറക്കെ ചോദിക്കാനുണ്ട്.

ഞങളുടെ വീടായ, ഞങ്ങളുടെ സ്വന്തം കാട്ടിലേക്ക് കാഴ്ചകാണാൻ കയറിവരുന്ന നിങ്ങൾ അറിയുന്നുണ്ടോ, നിങ്ങളുടെ ഷൂവിന്റെ അടിയിൽ ചതഞ്ഞരഞ്ഞു ഞങ്ങളുടെ എത്ര അംഗങ്ങൾ ആണ് ഓരോ വർഷവും സ്വർഗ്ഗരാജ്യത്തിലേക്കു എത്തിയത് എന്ന്??? അത് പോട്ടെ !!! ഒരു കൊതുകുത്തുന്ന വേദന പോലും ഇല്ലാതെ, മുഴുപട്ടിണി കിടന്ന ഞങ്ങൾ വയറൊന്നു നിറകുന്നതിനായി കുറച്ചു ചോര നിങ്ങളുടെ ശരീരത്തുനിന്നും എടുക്കാൻ ശ്രമിക്കുമ്പോൾ വിരലുകൊണ്ട് ഞൊട്ടി തെറിപ്പിച്ചു മരത്തിലും കല്ലിലും ഇടിച്ചു തെറിച്ചു ഞങ്ങളുടെ എത്ര എത്ര അംഗങ്ങൾ ആണെന്നോ അംഗപരിമിതർ ആയി ജീവിതം തള്ളിനീക്കുന്നത്.

ഞങ്ങൾ അടുക്കാതിരിക്കാൻ നിങ്ങൾ കയ്യിലും കാലിലും കഴുത്തിലും തേച്ചുപിടിപ്പിക്കുന്ന വൃത്തികെട്ട വസ്തുക്കളുടെ മണം അടിച്ചു ബോധം കെട്ടുവീണ അട്ടകൾ ഇന്നും ഉറക്കത്തിൽ നിന്നും ഉണർന്നിട്ടില്ല. ഒരു കിലോ ഉപ്പുമായി കാട്ടിലേക്ക് കയറിവരുന്ന നിങ്ങളിൽ വേറെ ഒരുകൂട്ടർ. ഞങ്ങളെ കാണുമ്പോലെ കുറെ ഉപ്പുകോരി ഇടും. ഞങ്ങൾ പിടഞ്ഞു പിടഞ്ഞു ചാവുന്നത് കണ്ടു നിന്ന് കൈകൊട്ടി ചിരിക്കും.

“How to escape from Human – Physical Training Classes” ഞങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എന്നാലും നമ്മൾ ഒരു കോംപ്രമൈസിൽ എത്തിയെ പറ്റു… കയ്യിലും കാലിലും ശരീരത്തിലും വാരിപൊത്തുന്ന കെമിക്കലുകൾ കാട്ടിലേക്കു വരുമ്പോൾ ഒന്ന് അവോയ്ഡ് ചെയ്തൂടെ??? പിന്നെ ആ കൊലയാളി ഉപ്പും. ഞങ്ങളെ പേടി ആണെങ്കിൽ, ഞങ്ങളെ കൊല്ലുന്നതെന്തിനാ ??? കാശു ചെലവാവാത്ത മാർഗം ഞങ്ങൾ രൂപകൽപന ചെയ്‌തിട്ടുണ്ട്. ഇതൊന്നു ട്രൈ ചെയ്തൂടെ ????ഇതാണ് സ്‌റ്റെപ്സ് .

നിങ്ങളുടെയോ/ ഭാര്യ/ അമ്മ/ അനിയത്തി/ കാമുകി ഇവരുടെ ആരുടെയെങ്കിലുമോ പഴയ ഒരു കട്ടികുറഞ്ഞ ചുരിദാറിന്റെ പാന്റോ എടുക്കുക (കട്ടി കുറഞ്ഞത് എന്ന് പ്രത്യേകം പറയുന്നു. ജീൻസ് എടുക്കരുത് എടുത്താൽ പണി പാളും). എന്നിട്ടു മുട്ടിന്റെ നീളത്തിൽ കാലുകൾ മുറിക്കുക.

സൂചിയും നൂലും വച്ചോ, അതോ തയ്യൽ മെഷീനിലോ താഴ്ഭാഗം തുന്നിച്ചേർക്കുക. മുകൾ ഭാഗത്തു ഇലാസ്റ്റിക്കോ, ചുരിദാറിന്റെ പാന്റിന്റെ വള്ളിയോ പിടിപ്പിക്കുക.ഇനി ഓരോ കായലുകളിലേക്കു കയറ്റിക്കോളൂ, എന്നിട്ട് അതിന്റെ മുകളിൽ ചേരിപ്പോ ഷൂ ഇതൊക്കെ ഇടാം.

മാക്സിമം ഒരു 10 മിനിറ്റ് ഉള്ള പണിയുള്ളു. നിങ്ങൾ രക്ഷിക്കുന്നതോ ഒരായിരം അട്ടയുടെ ജീവൻ ആണ്. ജീവിക്കാൻ ഉള്ള സ്വപ്നങ്ങൾ ആണ്. ഇനി കാട്ടിലേക്കു കാഴ്ചകൾ കാണാൻ ആയി ലീച് സോക്സ്‌ ഇട്ടു കൈവീശി വരൂ. ഞങ്ങൾക്ക് ജീവൻ , നിങ്ങള്ക്ക് കാഴ്ച.

കാട്ടിൽ കയറാൻ തയ്യാറായി നിൽക്കുന്ന സഹോദരന്മാരെ സഹോദരികൾ, നിങ്ങൾ എന്നുതന്നെ ലീച് സോക്സ് ഉണ്ടാക്കും എന്ന ആത്മാർത്ഥമായ വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം അട്ട പ്രസിഡന്റ്, ഒപ്പ്..

നബി : അട്ട സോക്സിന്റെ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ ചിത്രത്തിന്റെ സഹായത്തോടെ ചുവടെ ചേർക്കുന്നു. ചിത്രത്തിൽ ഉപയോഗിച്ചത് ജീൻസ് ആണെങ്കിലും ഒരു കാരണവശാലും ജീൻസ്‌ എടുക്കരുത്. കട്ടികുറഞ്ഞ കോട്ടൺ അല്ലാത്ത ചുരിദാർ/ലെഗിൻസ് പാന്റ് ആണ് ഏറ്റവും ബെസ്ററ്. കടയിൽ നിന്നും വാങ്ങാൻ നിന്നാൽ മിനിമം ഒരു 800 രൂപ ആകും അതാകുമ്പോൾ സിമ്പിൾ ആണ് പവര്ഫുള് ആണ്

Lets go for a camp – മൺസൂൺ യാത്രയിലേക്ക് എല്ലാര്ക്കും സ്വാഗതം https://www.letsgoforacamp.com/upcoming/.