നിങ്ങളുടെ ബൈക്ക് എങ്ങനെ ട്രെയിനിൽ കയറ്റി കൊണ്ടുപോകാം?

വിവരണം – ജംഷീർ കണ്ണൂർ.

കഴിഞ്ഞ എഴുത്ത് റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ അതിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളേയും കുറിച്ചായിരുന്നു. ആ എഴുത്തിൽ വാഹനം പാർസൽ ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. അതിന് ശേഷം ഒത്തിരി സുഹൃത്തുക്കൾ എങ്ങനെയാണ് നമ്മുടെ വാഹനം പാർസൽ ചെയ്യേണ്ടത് എന്ന് ചോദിച്ചിട്ടുള്ളത് കൊണ്ടാണ് ഈ വിവരണം തയ്യാറാക്കിയത്.

സാധാരണയായി ലഡാക്കിലേക്ക് പോകുന്നവർ തങ്ങളുടെ ട്രയിൻ യാത്രയ്ക്ക് ശേഷം ബൈക്കിൽ റൈഡ് തുടങ്ങുന്നത് ആഗ്ര, ഡൽഹി, ചണ്ഡീഗഡ് തുടങ്ങിയ മൂന്നു സ്ഥലങ്ങളിൽ നിന്നും ആയിരിക്കും. ഈ പറഞ്ഞ സ്ഥലങ്ങളിലേക്കാണ് കൂടുതൽ പേരും ട്രയിനിൽ ബൈക്ക് കൊണ്ടുപോയി, അവിടെ നിന്ന് ലഡാക്കിലേക്ക് റൈഡ് തുടങ്ങുന്നത്.

നമുക്ക് ട്രെയിനിൽ രണ്ടു രീതിയിൽ ബൈക്കുകൾ കൊണ്ടുപോകാം. ഒന്ന് പാർസൽ ആയിട്ട്, മറ്റൊന്ന് ലഗേജ് ആയിട്ട്. പാർസൽ ആയിട്ടാണ് ബൈക്ക് കൊണ്ടു പോകാൻ നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ദിവസം വണ്ടി കൊണ്ടു പോയാൽ മതിയാകും. അങ്ങനെ ആണെങ്കിൽ യാത്ര ചെയ്യുന്നതിന്റെ 3 മണിക്കൂർ നേരത്തെ എങ്കിലും സ്റ്റേഷനിൽ എത്തുന്നത് നല്ലതായിരിക്കും.

പക്ഷേ ഞങ്ങൾ ട്രയിനിൽ ഡൽഹിയിലേക്ക് യാത്ര തുടങ്ങുന്നതിന് 2 ദിവസം മുമ്പ് കണ്ണൂരിൽ റെയിൽവേ പാർസൽ ഓഫീസിൽ വണ്ടി ഏൽപിച്ചു.അതു കൊണ്ട് ഞങ്ങൾ ഡൽഹി എത്തുമ്പേഴേക്കും ഞങ്ങളുടെ വണ്ടിയും എത്തി. ഞങ്ങൾ ഡൽഹി നിസാമുദ്ധീൻ സ്റ്റേഷനിൽ ഇറങ്ങി നേരെ പോയി വണ്ടിയും എടുത്ത് യാത്ര തുടങ്ങി.

ഇനി ലഗേജ് ആയിട്ടാണ് കൊണ്ടു പോകുന്നതെങ്കിൽ നിങ്ങൾ യാത്ര ചെയ്യാൻ ടിക്കറ്റ് എടുക്കുമ്പോൾ തന്നെ മുൻകൂട്ടി ബുക്ക് ചെയ്യണം. കാരണം നിങ്ങൾ യാത്ര ചെയ്യുന്ന അതേ ട്രയിനിൽ തന്നെയാണ് നിങ്ങളുടെ ബൈക്കും കൊണ്ടു പോവുക.

ബൈക്ക് ട്രയിനിൽ കൊണ്ടുപോകാൻ റെയിൽവേ പാർസൽ ഓഫീസിൽ നിന്ന്ആ വശ്യപ്പെടുന്ന കാര്യങ്ങൾ ഇനി പറയുന്നവയാണ്. വണ്ടിയുടെ രേഖ ആയിട്ട് RC ബുക്ക് ഒറിജിനലും അതിന്റെ ഫോട്ടോ കോപ്പിയും, വണ്ടിയുടെ ഇൻഷൂറൻസ് അടച്ച കോപ്പിയും കരുതുക. അതിന്റെ കൂടെ നിങ്ങളുടെ ലൈസൻസ്‌, ആധാർ, ഇലക്ഷൻ ഐഡി അതിൽ ഏതെങ്കിലും ഒന്ന് കയ്യിൽ കരുതുക.

ഇനി നിങ്ങൾ ചെയ്യേണ്ട കാര്യങ്ങള്‍ : അയക്കേണ്ട ബൈക്കിന്‍റെ ഇന്ധന ടാങ്കില്‍ നിന്നും മുഴുവന്‍ പെട്രോളും നീക്കം ചെയ്യണം. വണ്ടിയുടെ ഫൈബർ, മെറ്റൽ, പൊട്ടാൻ ഇടയുള്ള സാധനങ്ങൾ (റിയര്‍വ്യൂ മിററുകള്‍, ഇന്‍ഡിക്കേറ്ററുകള്‍ തുടങ്ങിയവ) എന്നിവ തെർമോക്കോൾ, ചാക്ക്, ചണം എന്നിവ കൊണ്ട് നന്നായി പൊതിയുക. വേണമെങ്കിൽ നമുക്ക് സ്വന്തമായി പാക്ക് ചെയ്യാം. അല്ലെങ്കില്‍ പോർട്ടർമാർ ചെയ്ത് തരും. പാക്കിംഗ് ചാർജായി ഞങ്ങളുടെ കയ്യിൽ നിന്ന് ഒരു വണ്ടിക്ക് 600 രൂപയാണ് കണ്ണൂരിലെ പോർട്ടർമാർ വാങ്ങിയത്. അത് ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് അയക്കുമ്പോൾ ഒരു വണ്ടിക്ക് 500 രൂപ വെച്ചും അവർ വാങ്ങിയിരുന്നു.

പാര്‍സല്‍ ഓഫീസില്‍ നിന്നും വാങ്ങിയ പാര്‍സല്‍/ ലഗേജ് ഫോറം പൂരിപ്പിച്ച് മേല്‍പ്പറഞ്ഞ രേഖകള്‍ ചേർത്ത് കൊടുക്കുക. എവിടേക്കാണ് അയ്ക്കുന്നത്, അയയ്ക്കുന്ന ആളുടെ വിലാസം‌, സ്വീകരിക്കുന്ന ആളുടെ വിലാസം‌, വണ്ടി നമ്പര്‍ , ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കുക.വണ്ടി സ്വന്തം പേരില്‍ അല്ലെങ്കില്‍ ആര്‍സി ബുക്കിലെ ഉടമ നല്‍കിയ സമ്മതപത്രവും സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും നല്‍കണം. സ്വീകരിക്കുന്ന ആളായി നമ്മുടെ തന്നെ പേരും വിലാസവും വയ്ക്കാം.

ആവശ്യമായ ഫീസ് അടച്ച് വണ്ടി പാര്‍സല്‍ ഓഫീസില്‍ ഏൽപ്പിക്കുക. അവിടെ നിന്നും തരുന്ന ബുക്കിംഗ് നമ്പറും പുറപ്പെടുന്ന സ്റ്റേഷനും എത്തേണ്ട സ്റ്റേഷനും കോട്ട് ചെയ്ത ചാക്കിന്റെ മുകളിൽ പെർമനന്റ് മാർക്കർ വെച്ച് എഴുതുക. നേരത്തെ വാങ്ങി കയ്യിൽ വച്ചിരിക്കുന്ന സ്ലേറ്റിൽ മായാത്ത ചോക്ക് കൊണ്ട് From, To അഡ്രസ്സും ബുക്കിംഗ് നമ്പറും എഴുതി വണ്ടിയുടെ മുന്നിൽ തുന്നി ചേർക്കുക. അതൊക്കെ പോർട്ടർമാർ ചൈത്തരുന്നതാണ്.

ലഗേജ് ആണെങ്കിൽ അതേ വണ്ടിയിൽ തന്നെ അവർ കയറ്റി വിടും. പാർസൽ ആണെങ്കിൽ ആ ദിശയിൽ പോകുന്ന ഏതെങ്കിലും വണ്ടിയിൽ കയറ്റി വിടും. (ഒരു ഉറപ്പിന് വണ്ടി കയറ്റുന്നത് വരെ പോർട്ടറുടെ കൂടെ നില്‍ക്കാം. വേണമെങ്കിൽ ചെറിയ തുക അവർക്ക് നൽകിയാൽ അവർ ഹാപ്പിയാകും. അവരുടെ നല്ല സപ്പോർട്ട് കൂടി കിട്ടും.

എത്തേണ്ട സ്റ്റേഷനില്‍ വാഹനം എത്തിയാല്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറിലേക്ക് വിളി വരും. ബൈക്ക് ആരുടെ പേരിലാണോ അയച്ചിരിക്കുന്നത്, ആ വ്യക്തി തിരിച്ചറിയല്‍ രേഖയുമായി നേരിട്ട് ഹാജരായി ബൈക്ക് സ്വീകരിക്കാം. ആദ്യത്തെ ആറ് മണിക്കൂര്‍ വരെ ബൈക്ക് സ്റ്റേഷനില്‍ സൗജന്യമായി സൂക്ഷിക്കും.‍ പിന്നീടുള്ള ഓരോ മണിക്കൂറിനും 10 രൂപ വച്ച് നല്‍കേണ്ടി വരും.

ഈ വിഷയത്തിൽ പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് “ഒരു ബൈക്ക് ഡൽഹിയിലേക്ക് അയക്കാൻ ചാർജ് എത്ര ആകും” എന്നത്. താഴെ പറയുന്ന 3 കാര്യങ്ങൾ ആണ് പാർസൽ ചാർജ് നിർണയിക്കുന്നത്.

1 വണ്ടിയുടെ നിലവിൽ ഉള്ള വിലനിലവാരം. ഞങ്ങൾ 2ബൈക്കുകൾ ആണ് പാർസൽ ചൈതത് രണ്ട് വണ്ടിയും ബുള്ളറ്റിന്റെ ക്ലാസിക്ക് 350 ആയിരുന്നു. അതിൽ ഒരു വണ്ടി 1 മാസം മാത്രം പഴക്കമുള്ള വണ്ടി ആയിരുന്നു. ആ വണ്ടിക്ക് 5418 രൂപയാണ് ചാർജ് വന്നത്. രണ്ടാമത്തെ വണ്ടി 3 വർഷം പഴക്കം ഉള്ളത് ആയത് കൊണ്ട് 4894 രൂപയാണ് അതിന് ചാർജ് ഇടാക്കിയത്. ഞങ്ങൾക്ക് ഒരാഴ്ച മുമ്പ് ലഡാക്കിലേക്ക് ഇതുപോലെ പോയ കൂട്ടുകാരൻ ഒന്നര വർഷം പഴക്കം വരുന്ന FZ ന് വന്ന ചാർജ് 3220 രൂപയാണ് വന്നത്.

2. വണ്ടിയുടെ ഭാരം. എല്ലാ ബൈക്കിനും ഒരേ ചാർജ് അല്ല ഇടാക്കുന്നത് അതിന്റെ വൈറ്റും അതുപോലെ വണ്ടിയുടെ C. C യും അനുസരിച്ച് റേറ്റ് മാറി വരും.

3. നിങ്ങൾക്ക് വാഹനം എത്തിക്കേണ്ട ദൂരം അതായത് വാഹനം കയറ്റി പിന്നെ ഇറക്കേണ്ട സ്ഥലത്തേക്കുള്ള ദൂരം അനുസരിച്ച് ചാർജ് കൂടിയും കുറഞ്ഞും വരും.

ഇനി ഇതിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – നാട്ടിൽ നിന്ന് കയറ്റി വിട്ട വണ്ടി നമ്മൾ സ്വീകരിക്കുന്ന സമയത്ത് പ്രത്യേകിച്ച് ഡൽഹിയിലെ നിസാമുദ്ധീൻ സ്റ്റേഷനിൽ നിന്നൊക്കെ നമ്മളെ അവർ ചൂഷണം ചെയ്യാൻ ശ്രമിക്കും. അവിടത്തെ ഉദ്യോഗസ്ഥൻമാരാണെങ്കിലും, പോർട്ടർമാരാണെങ്കിലും കൊള്ളക്കാർക്ക് തുല്ല്യമാണ്. എല്ലാവരും ചേർന്നുള്ള ഒരു ഒത്തുകളി തന്നെയാണ് അവിടെ നടക്കുന്നത്.

ഞങ്ങൾ വണ്ടി എടുക്കാൻ പോയപ്പോൾ പോർട്ടർമാർ 2000 രൂപ വെച്ച് അവിശ്യപെട്ടു. കൊടുക്കില്ല എന്ന് പറഞ്ഞപ്പോൾ ഗുണ്ടകളെ പോലെ അവർ ഞങ്ങളോട് പെരുമാറി അവസാനം 2000 പറഞ്ഞത് 150 രൂപ വെച്ച് ഒരു വണ്ടിക്ക് കൊടുത്ത് അവർ പ്ലാറ്റ്ഫോമിൽ നിന്ന് വണ്ടി ഇറക്കി തരാൻ അവർ സമ്മതിച്ചു. അങ്ങനെ വണ്ടി കിട്ടാൻ ഞങ്ങൾക്ക് 4 മണിക്കൂർ അവിടെ ചിലവഴിക്കേണ്ടി വന്നു.

അതു പോലെ തന്നെ തിരിച്ച് നാട്ടിലേക്ക് വണ്ടി പാർസൽ ചെയ്യുമ്പോൾ ഡൽഹിയിലെ നിസാമുദ്ധീൻ സ്റ്റേഷൻ ഒഴിവാക്കുക. അതിന് പകരം കുറച്ച് കൂടി നല്ലത് ചണ്ഡീഗഡാണ്. ഡൽഹിയിൽ നിന്ന് തിരിച്ച് നാട്ടിലേക്ക് ബൈക്ക് പാർസൽ അയക്കാൻ ഞങ്ങൾ ഒരു പാട് കഷ്ട്ടപ്പെട്ടു. പക്ഷേ ഞങ്ങളുടെ കൂട്ടുകാരൻ ചണ്ഡീഗഡിൽ നിന്നാണ് നാട്ടിലേക്ക് വണ്ടി കയറ്റി വിട്ടത് അവർക്ക് യാതൊരു പ്രയാസങ്ങളും ഉണ്ടായിട്ടില്ല. കൂടുതൽ അറിയേണ്ടവർക്ക് എന്നെ വാട്ട്സപ്പ് ചെയ്താൽ ഞാൻ പറഞ്ഞ് തരാം. നമ്പർ -9995465427.