വിവരണം – അബു വി.കെ.
ഞാൻ നടത്തിയ യാത്രയും എനിക്കറിയാവുന്ന യാത്രാ ടിപ്സും ഉൾപ്പെടുത്തിയിട്ടുള്ള പോസ്റ്റാണിത്. ഇന്ത്യയുടെ ഭാഗമായ ആൻഡമാനിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യക്കാരൻ പ്രത്യേക പെർമിഷനോ പാസ്പോർട്ടോ ആവിശ്യമില്ല. വാലിഡ് ആയിട്ടുള്ള രേഖ കൈവശം ഉണ്ടായാൽ മതി. ആധാർ കാർഡ്, ഐഡന്റിറ്റി കാർഡ്, ലൈസെൻസ്, പാൻ കാർഡ്, പാസ്സ് പോർട്ട്. ആധാർ ഉണ്ടെകിൽ അതു കരുതുന്നതായിരിക്കും ഒന്നൂടെ ഉത്തമം.
യാത്ര ചെയ്യാൻ ഫ്ലൈറ്റോ കപ്പലോ തിരഞ്ഞെടുക്കാവുന്നതാണ്. ഫ്ലൈറ്റ് വഴി ഏതു സമയവും യാത്ര തിരഞ്ഞെടുക്കാവുന്നതാണ്. കൊച്ചി, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് കുറഞ്ഞ ചാർജിൽ യാത്ര ചെയ്യാം. 3500 മുതൽ ചെന്നൈ ടു പോർട്ട് ബ്ലയർ ടിക്കറ്റുകൾ ലഭ്യമാണ്. കൊച്ചിയിൽ നിന്നാകുമ്പോൾ ഒന്നൂടെ റേറ്റ് കൂടും, കൊച്ചിയിൽ നിന്നെടുക്കുന്ന ഫ്‌ളൈറ്റ് ചെന്നൈ കണക്ട് ആയിരിക്കും. ഒന്നൂടെ ചിലവ് ചുരുക്കണമെങ്കിൽ ചെന്നൈയിലേക്ക് ട്രെയിൻ പിടിച്ചു അവിടുന്ന് ഫ്ലൈറ്റ് കയറുന്നതായിരുക്കും നല്ലത്. ഇൻഡിഗോ, ഗോ എയർ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ തുടങ്ങിയ സർവീസുകളും ലഭ്യമാണ്.
കപ്പൽ യാത്ര ഉദ്ദേശിക്കുന്നെതെങ്കിൽ ഒക്ടോബർ മുതൽ മെയ് വരെയാണ് കടൽ യാത്രയ്ക്ക് പറ്റിയ സമയം. ഷിപ്പിന് ചെന്നൈ, കൊൽക്കത്ത വിശാഖപട്ടണം, എന്നിവിടങ്ങളിൽ നിന്ന് യാത്ര തിരിക്കാം. കപ്പൽ യാത്ര ചെയ്യുന്ന തീയതിക്ക് കുറഞ്ഞത് അഞ്ച് ദിവസം മുമ്പെങ്കിലും താഴെയുള്ള ഓഫീസുകളുമായോ ടിക്കറ്റ് നൽകുന്ന അതോറിറ്റിയുമായോ ബന്ധപ്പെടാം. ടിക്കറ്റിനു വേണ്ടി അപേക്ഷാ ഫോം പൂരിപ്പിക്കേണ്ടതുണ്ട്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ ആവശ്യമാണ്.ഫസ്റ്റ് സെർവ് അടിസ്ഥാനത്തിലാണ് ടിക്കറ്റുകൾ നൽകുന്നത്. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചാർജ് വേണ്ട എന്നാൽ കുട്ടികളുടെ വിശദാംശങ്ങൾ ടിക്കറ്റ് വാങ്ങുമ്പോൾ യാത്രക്കാർ നൽകേണ്ടതുണ്ട്.
എല്ലാ പാസഞ്ചർ കപ്പലുകൾക്കുള്ള ടിക്കറ്റുകൾ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് നൽകുന്നത്. ഏറ്റവും കുറഞ്ഞ നിരക്കുള്ള ബങ്ക് ക്ലാസ്സിന് 2500 രൂപയ്ക്ക് മുകളിൽ വരും.
കൊൽക്കത്ത : ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ഷിപ്പിംഗ് (h) നമ്പർ 18 സ്ട്രാന്റ് റോഡ്, കൊൽക്കത്ത -700 017☏: (033) 22482354☏: (033) 22488013 ☏: (033) 284456.
മുംബൈ : ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, കോസ്റ്റൽ പാസഞ്ചർ സർവീസ് ഡിവിഷൻ, ഡിസ്കവറി ഓഫ് ഇന്ത്യ ബിൽഡിംഗ് അഞ്ചാം നില, നെഹ്‌റു സെന്റർ ആനി ബെസന്റ് റോഡ്, വോർലി മുംബൈ -400 018☏: (022) 22822101☏: (022) 22823316.
ചെന്നൈ : പോർട്ട് ട്രസ്റ്റ്, രാജാജി സലായ് , കസ്റ്റംസ് ഓഫീസിന് എതിർവശത്ത്, ചെന്നൈ -600 101☏: (033) 25231401 ☏: (044) 25220841☏: (044) 25226873. സി.പി.ഡബ്ല്യു.ഡി കാമ്പസ്,കെ കെ.നഗർ, ചെന്നൈ – 600 078☏: (044) 24844715. അന്ന നഗർ വെസ്റ്റ് എക്സ്റ്റൻഷൻ, പാഡി വില്ലേജ് ചെന്നൈ – 600 078☏: (044) 26259295.
വിശാഖപട്ടണം : എം / എസ് എ വി ബഹനജീറോയും ഗരുഡ പട്ടാഭിരമയ & കോ, ഏജന്റ്-ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, പോസ്റ്റ് ബോക്സ് നമ്പർ 17, വിശാഖപട്ടണം ☏: (0891) 2565597☏: (0891) 2562661.
പോർട്ട് ബ്ലയർ : ഡയറക്ടറേറ്റ് ഓഫ് ഷിപ്പിംഗ് സർവീസ്, ആൻഡമാൻ ആൻഡ് നിക്കോബാർ അഡ്മിനിസ്ട്രേഷൻ, ഫീനിക്സ് ബേ ജെട്ടി, പോർട്ട് ബ്ലെയർ – 744 101☏: (03192) 232528☏: (03192) 232742. ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ആബർഡീൻ ബസാർ, പോർട്ട് ബ്ലെയർ – 744 101☏: (03192) 233347☏: (03192) 233590.
ചെന്നൈ – പോർട്ട് ബ്ലൈയർ ഏകദേശം 60 മണിക്കൂർ യാത്ര, കൊൽക്കത്ത – പോർട്ട് ബ്ലൈയർ 66 മണിക്കൂർ യാത്ര, വിശാഖപട്ടണം – പോർട്ട് ബ്ലൈയർ 56 മണിക്കൂർ യാത്ര. കപ്പലുകൾ – എം വി നിക്കോബാർ, എം വി ഹർഷവർധന, എം വി നാകോറി, എം വി അക്ബർ, എം വി സ്വൊരാജ്.
രണ്ടോ മൂന്നോ ദിവസം ഉണ്ടെങ്കിൽ പോർട്ട് ബ്ലളയറും അതിനടുത്തു കിടക്കുന്ന ദ്വീപിലെ കാഴ്ചകളും കാണാം. ബൈക്ക് / ക്യാബ് വാടകക്കെടുത്ത് പോർട്ട് ബ്ലയർ ചുറ്റി കറങ്ങാം.
സെല്ലുലാർ ജയിൽ : അബാർദീൻ ബസാറിൽ നിന്നും മെഡിക്കൽ പോകുന്ന ബസ്സിൽ കയറിയാൽ സെല്ലുലാർ ജയിൽ സന്ദർക്കാം.
Anthropological മ്യൂസിയം : ചൊവ്വാഴ്ച മുതൽ ഞായർ വരെ എല്ലാ ദിവസവും രാവിലെ 9: മുതൽ ഉച്ചയ്ക്ക് 01: മണി വരെയും ഉച്ചയ്ക്ക് 02മുതൽ 04:30 വരെയുമാണ് സന്ദർശന സമയം. എൻട്രി ഫീ 10 രൂപ.
ചാത്തം ദ്വീപ് : ഏഷ്യയിലെ ഏറ്റവും വലുതും പഴയതുമായ ചാത്തം മില്ലിലേക്ക് പോർട്ട് ബ്ലെയറിൽ നിന്ന് ഫോർഷോർ റോഡ് വഴി 30 മിനിറ്റിനുള്ളിൽ ചാത്തം ദ്വീപിൽ എത്തിച്ചേരാം. നേരിട്ട് ബസ് സർവീസും ഉണ്ട്. എൻട്രി ഫീ 10 രൂപ. സന്ദർശന സമയം രാവിലെ മുതൽ ഉച്ച വരെ. ഗൈഡുകളും ഇതിനുള്ളിൽ ലഭ്യമാണ് 50 രൂപ ചാർജ്.
വൈപ്പർ ഐലൻഡ് : ആൻഡമാനിലെ ഒരു പ്രധാന ദ്വീപാണ് വൈപ്പർ ദ്വീപ്. സെല്ലുലാർ ജയിൽ പണിയുന്നതിനു മുമ്പ്, ഇന്ത്യയിലെ സ്വാതന്ത്ര്യസമര സേനാനികളെ ബ്രിട്ടീഷുകാർ ഇരുണ്ട പീഡനത്തിനിരയാക്കിയ സ്ഥലമാണിത്. ഏറ്റവും പഴയ തടവറയും ഇവിടെയാണ്. ശാന്തമായ ഈ ദ്വീപ് ഇപ്പോൾ ആൻഡമാനിലെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. പോർട്ട് ബ്ലയറിനു 4 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തുള്ള വൈപ്പർ ദ്വീപിലേക്കെത്താൻ പോർട്ട് ബ്ലെയറിൽ നിന്ന് എല്ലായ്പ്പോഴും ഫെറികൾ ഉണ്ട്.
വണ്ടൂർ ബീച്ച് : ആൻഡമാനിലെ ഏറ്റവും മനോഹരമായതും പ്രശസ്തവുമായ ബീച്ചുകളിലൊന്നായ വണ്ടൂർ ബീച്ച് , പോർട്ട് ബ്ലെയറിൽ നിന്ന് വണ്ടൂർ ബീച്ചിലെത്താൻ ഏകദേശം 25 കിലോമീറ്റർ സഞ്ചരിക്കണം . പോർട്ട് ബ്ലെയർ മുതൽ വണ്ടൂർ വില്ലേജ് വരെ ബോട്ട് ലഭ്യമാണ്, അവിടെ നിന്ന് കാൽനടയായി ബീച്ചിലെത്താം.
ജൊളി ബ്യൂയ് ദ്വീപ് : വർഷത്തിൽ 6 മാസം മാത്രമം തുറക്കുന്ന ആൾപാർപ്പില്ലാത്ത കൊച്ചു ദ്വീപ് ആണ് ജൊളി ബ്യൂയ്. ഒരു ദിവസം 200 പേരെ മാത്രം പ്രവേശിപ്പിക്കുന്ന ദ്വീപിലേക്ക് ഫോസ്റ് ഡിപ്പാർട്ടമെന്റ് പെർമിഷനോട് കൂടി മഹാത്മാ ഗാന്ധി നാഷണൽ പാർക്കിൽ നിന്ന് ഇവിടേക്ക് യാത്ര ചെയ്യാം. ടിക്കറ്റിന് വേണ്ടി EXPERIENCE ANDAMAN എന്ന വെബ്‌സൈറ്റിൽ കയറി ബുക്ക് ചെയ്യാവുന്നതാണ്.
റോസ് ഐലൻഡ് : രാജീവ് ഗാന്ധി ജെട്ടിയിൽ നിന്നും ബോട്ട് ലഭിക്കും. ഇങ്ങോട്ടുള്ള യാത്ര വൈകിട്ട് 4 മണിക്ക് സെറ്റ് ചെയ്യുക. ഇങ്ങിനെ സെറ്റ് ചെയ്‌താൽ അവിടുത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയും കണ്ടു മടങ്ങാം.
കോർബിൻസ് കേവ് ബീച്ച്, ചിടായിപ്പു, സാമുദ്രിക മറൈൻ മ്യൂസിയം, മഹാത്മാഗാന്ധി മറൈൻ നാഷണൽ പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ പോർട്ട് ബ്ലയറിൽ നിന്നും അധികം ദൂരത്തല്ലാതെ കിടപ്പുണ്ട്. സാഹചര്യത്തിനും ടിക്കറ്റ് കൺഫേമിനും അനുസരിച്ചു സെറ്റ് ചെയ്യുക. മേൽ പറഞ്ഞ സ്ഥലങ്ങൾ ഒക്കെ കണ്ടു തീർക്കണമെങ്കിൽ മൂന്ന് ദിവസമെങ്കിലും എടുക്കും.
ഒരു ദിവസത്തെ യാത്ര മാറ്റിവെക്കുവാണേൽ ബാരാടങ് പോയി തിരികെ പോർട്ട് ബ്ലയറിൽ എത്താം. കാടിനകത്തുകൂടിയുള്ള ഈ യാത്രയിൽ ആദിമ ഗോത്രവർഗ്ഗത്തിൽപെട്ട ജറാവകളെ കാണാം. 3500 മുതൽ 4500 രൂപക്ക് വരെ പോർട്ട് ബ്ലയറിൽ നിന്ന് ടാക്സികൾ ലഭ്യമാണ്. കൂടുതൽ പേരുണ്ടെങ്കിൽ ടാക്സി തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. സമയ നഷ്ടമില്ലാതെ കാഴ്ചകൾ കണ്ടു തിരിച്ചു വരാം.
ബസ്സിന് പോവുകയാണെങ്കിൽ അബാർദീൻ ബസാറിൽ നിന്ന് മിഡിൽ സ്ട്രൈറ്റ് വഴി ദിഗ്ലിപ്പൂരിലേക്കോ രംഗത്തിലേക്കോ പോവുന്ന ബസ്സിൽ കയറി മിഡിൽ സ്ട്രൈറ്റ് ജെട്ടിയിൽ ഇറങ്ങുക. അവിടുന്ന് നിലമ്പൂർ ജെട്ടിലേക്ക് ഫെറി പിടിക്കുക, 10 രൂപ. ശേഷം നിലമ്പൂർ ജെട്ടിയിൽ നിന്ന് limestone gave ലേക്ക് parrot തുടങ്ങിയ സ്ഥലത്തേക്ക് യാത്ര തിരിക്കാം.
Mangro walk, limestone gave (ചുണ്ണാമ്പ് ഗുഹ) ലേക്ക് 700 രൂപയ്ക്ക് ബോട്ട് ടിക്കറ്റ് എടുത്താൽ ഒരു ഗൈഡും കൂടെ ഉണ്ടാവും. രണ്ടു സ്ഥലങ്ങൾ കണ്ട് അതേ ബോട്ടിൽ തിരിച്ചു നിലമ്പൂർ ജെട്ടിയിൽ ഇറക്കി തരും. വേണമെങ്കിൽ ഇവിടെ വെച്ച് യാത്ര അവസാനിപ്പിച്ചു പോർട്ട്‌ബ്ലയറിലേക്ക് മടങ്ങാം. അതല്ല, യാത്ര നീട്ടാനാണ് ഉദ്ദേശമെങ്കിൽ ഉച്ചയ്ക്ക് മുൻപ് മേൽ പറഞ്ഞ സ്ഥലങ്ങളൊക്കെ കറങ്ങി വൈകിട്ട് പാരറ്റ് ഐലൻഡും സുന്ദരമായ അസ്തമയം കാണുന്ന മറ്റൊരു ഐലൻഡും ഉണ്ട്. വേണമെങ്കിൽ അവിടേക്കും യാത്ര തിരിക്കാം. ഇതേ ജെട്ടിയിൽ നിന്നും ടിക്കറ്റും ലഭിക്കും.
ബാരാടങ് യാത്രയിൽ ഉൾപെടുത്താവുന്ന ആന്ഡമാനിന്റെ നോർത്ത് ഭാഗം ആണ് ദിഗ്ലിപ്പൂരും, രംഗത്തും, മായാ ബന്ദറുമൊക്കെ . പ്ലാൻ ഒന്ന് ചേഞ്ച് ചെയ്യുവാണെങ്കിൽ ബാരാടൻലെ സ്ഥലങ്ങൾ കണ്ടു അന്ന് രാത്രി തന്നെ ദിഗ്ലിപ്പൂരിലേക്ക് യാത്ര തിരിക്കണം. ഇനി കൂടുതൽ സമയം ചിലവഴിക്കാൻ ഉള്ളവർ മാത്രം ഈ റൂട്ട് സെലക്ട് ചെയ്യുക.
മൂന്നോ നാലോ ദിവസം ചിലവഴിക്കാൻ സമയം ഉള്ളവരാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ദിഗ്ലിപ്പൂരും, മായാ ബന്ദറും, ലോങ്ങ് ഐലൻഡും, രംഗത്തുമൊക്ക സന്ദർശിക്കുക. പോർട്ട് ബ്ലെയറിൽ നിന്ന് ദിഗ്ലിപ്പൂരിലേക്ക് നേരിട്ട് ബസ് സർവീസ് ഉണ്ട്, നിങ്ങളുടെ പ്ലാനിനും സമയത്തിനും അനുസരിച്ചു മുമ്പോട്ടുള്ള യാത്ര സെറ്റ് ചെയ്യാം. അങ്ങിനെ ആണെങ്കിൽ ലാസ്റ്റ് എൻഡ് ആയ ദിഗ്ലിപ്പൂരിലേക്ക് നേരിട്ട് വണ്ടി പിടിക്കുക. ദിഗ്ലിപ്പൂരിലെയും മായാബന്ദറിലേയും, രംഗത്തിലെയും
സ്ഥലങ്ങളൊക്കെ കറങ്ങുന്ന പോലെ യാത്ര സെറ്റ് ചെയ്യാം.
ആദ്യം ദിഗ്ലിപ്പൂർ കാഴ്ചകളിലേക്ക് ഇറങ്ങാം. ആൻഡമാനിലെ ഏറ്റവും വലിയ ദ്വീപ് പട്ടണമാണ് ദിഗ്ലിപ്പൂർ, അറിയപ്പെടാത്ത ഒത്തിരി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇവിടെ ഉൾകൊള്ളുന്നുണ്ട്. രാം നഗർ ബീച്, ലാമിയ ബേ, പാതി ലെവൽ ബീച്ച്, ജൽ തിക്രി – ദിഗ്ലിപ്പൂർ നാഷണൽ പാർക്ക്, കാളിഘട്ട് ക്രീക്ക് എന്നിവയാണ് പ്രധാനമായി കാണാനുള്ളത്.
ദിഗ്ലിപ്പൂർ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കണ്ടു തീർത്തതിനു ശേഷം മായാബന്ദറിലേക്ക് വരിക. മായാബന്ദറിലെ കാഴ്ച്ചകൾ അവിസ് ദ്വീപ്, റേ ഹിൽസ്, കർമതാങ് ബീച്ച്, റാംപൂർ ബീച്ച്. മായാബന്ദറിലെ കാഴ്ചകൾ കണ്ടു തീർത്തു രംഗത്തിലേക്ക് വരിക.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. രംഗത്ത് നിന്നും മുൻകൂട്ടി ഹാവ്ലോക്ക്, ടിക്കറ്റ് എടുക്കുന്നുവെങ്കിൽ നിലമ്പൂർ ജെട്ടിയിൽ നിന്നുള്ള mangrove, limestone gave, parrot, ഒക്കെ ആദ്യം കണ്ടുതീർത്ത ശേഷമേ ദിഗ്ലിപ്പൂരിലേക്ക് യാത്ര തിരിക്കാവൂ.
രംഗത്തിലെ യെരാട്ടയിൽ നിന്ന് ലോംഗ് ഐലൻഡിലേക്ക് വൈകുന്നേരം 4 മണിക്കുള്ള ബോട്ട് പിടിക്കാം. അന്ന് ലോങ് ഐലൻഡിൽ സ്റ്റേ ചെയ്തു പുലർച്ചെ സ്ഥലങ്ങൾ കാണാൻ ഇറങ്ങുക. ലോംഗ് ഐലൻഡിലെ കാഴ്ചകൾ – ലാലാജി ബീച്ച്, മെർക്ക് ബേ ബീച്ച്, ഗിത്താർ ദ്വീപ്.
ലോങ്ങ് ഐലൻഡ് കാഴ്ച്ചകളൊക്ക കണ്ട ശേഷം തിരികെ രംഗത്ത് വരിക. രംഗത്തിലെ പ്രധാന കാഴ്ചകൾ – കത്ബർട്ട് ബേ. ഇതിനടുത്ത് വന്യ ജീവി സങ്കേതവും ഉണ്ട്, പഞ്ചവതി കുന്നുകൾ, ആംകുഞ്ച് ബീച്. ഒരു ദിവസം രംഗത്ത് കറങ്ങിയ ശേഷം നേരെ നീലിലേക്കോ പോർട്ട് ബ്ലയറിലേക്കോ മടങ്ങാം.രണ്ട് ദിവസം ഉണ്ടെങ്കിൽ ഹാവ്ലോക്ക് ഐലൻഡും നീൽ ഐലൻഡും എങ്ങിനെ കണ്ടു തീർക്കാം.
പോർട്ട് ബ്ലയറിൽ നിന്ന് നേരിട്ട് ഹാവ്ലോക്കിലേക്ക്, നീൽ ദ്വീപ് എന്നിവിടങ്ങളിലേക്ക് ആഡംബര ക്രൂയിസറും, gvt വെസലുകളും ലഭ്യമാണ്. ക്രൂയിസർ 1100 മുതൽ മുകളിലേക്ക് ആണ് ടിക്കറ്റ് ചാർജ്. അതെ സമയം വെസലിന് 600 രൂപ മാത്രം. നേരിട്ട് ടിക്കറ്റ് കൗണ്ടറിൽ നിന്ന് വളരെ തുച്ഛമായ ടിക്കറ്റ് മാത്രമേ നൺ ഐലൻഡേഴ്സിന് വെസലിന് കിട്ടുകയൊള്ളൂ. കിട്ടിയാൽ തന്നെ ഭാഗ്യം. കാലത്ത് പോർട്ട് ബ്ലയറിലെ ഏതെങ്കിലും ജെട്ടിൽ നിന്ന് പുറപ്പെടുന്ന ക്രൂയ്സറിൻ തലേന്ന് തന്നെ ടിക്കറ്റ് എടുത്തു വെക്കുക .
ഹാവ്ലോക്ക് ദ്വീപ് ടൂറിസ്റ്റുകളുടെ പ്രധാന കേന്ദ്രമായത് കൊണ്ട് റൂമിനും ഫുഡിനും അല്പം റേറ്റ് കൂടുതലായിരിക്കും. മാത്രവുമല്ല ഹാവ് ലോക്കിലെ പ്രധാന കാഴ്ചകൾ കാണാൻ ഒരു പകൽ തന്നെ ധാരാളം.
പ്ലാൻ ഒന്ന് മാറ്റി പിടിക്കുവാണേൽ ഒന്നൂടെ ബെറ്ററായി ചെയ്യാം . ഹാവ് ലോക്കിൽ സ്റ്റേ ചെയ്യാതെ നീലിൽ സ്റ്റേ ചെയ്യുന്ന രീതിയിൽ പ്ലാൻ ചെയ്യുകയാണേൽ രണ്ടു ദിവസം കൊണ്ട് രണ്ടു ദ്വീപിലെ കാഴ്ചകൾ കണ്ടു മടങ്ങാം.
തലേന്ന് അതി രാവിലെ ഹാവ്ലോക്ക് പോകുന്ന ടിക്കറ്റ് എടുക്കുക. ഹാവ്ലോക്ക് ദ്വീപിലേക്ക് പോർട്ട് ബ്ലയറിൽ നിന്ന് 2 മണിക്കൂർ കടൽ യാത്രയുണ്ട്. കൂടെ അന്ന് ഉച്ചക്ക് രണ്ടു മണിക്കുള്ള Havelock- Neil island ടിക്കറ്റും എടുക്കുക. ഹാവ്ലോക്ക് നിന്ന് നീലിലേക്ക് 2 മണിക്കൂർ യാത്രയുണ്ട്.
ഹാവ്ലോക്ക് കറക്കം കഴിഞു നീൽ ഐലൻഡ് ജെട്ടിയിൽ വന്നിറങ്ങിയ ഉടനെ ടിക്കറ്റ് കൗണ്ടറിൽ ചെന്ന് അടുത്ത ദിവസം കാലത്ത് 9 മണിക്ക് ശേഷം ഉള്ള Neil island – Portblair വെസൽ ടിക്കറ്റ് നോക്കുക. Govt വെസൽ ticket എടുക്കാൻ havelock jetty ( govid nagar ) യിലെ Dss കൗണ്ടറിൽ നിന്ന് എടുക്കാം. ടിക്കറ്റ് കിട്ടിയില്ലെങ്കിൽ ക്രൂയിസ് ടിക്കറ്റ് തന്നെ എടുത്തു വെക്കുക. Ticket booking Mv maakruz. www.makruzz.com, Costal cruise www.costalcruise.in www.sealink.
Portblair – Havelock, Havelock – Neil island, Neil island – Portblair എന്നിങ്ങനെ മൂന്നു ടിക്കറ്റിൻ ക്രൂയിസർ ആണെങ്കിൽ ഒരാൾക്ക് 3500 രൂപക്ക് മുകളിൽ വരും. വെസൽ ആണെങ്കിൽ 1800 രൂപയും ആകും. ബസ്, ടാക്സി കാർ , റെന്റ് ബൈക്ക്, സൈക്കിൾ, എതെങ്കിലും ട്രാൻസ്‌പോർട് മോഡിലൂടെ ഹാവ്‌ലോക്ക്, നീൽ ഒക്കെ ചുറ്റിക്കറങ്ങാം.
ഹാവ്ലോക്ക് ഐലൻഡിലെ പ്രധാന ബീച്ചുകൾ കലാപത്ഥർ ബീച്ച്, രാധനാഗർ ബീച്ച്,
എലിഫന്റ് ബീച്ച് എന്നിവയാണ്. ഹാവ്ലോക്ക് ദ്വീപിൽ വന്നിറങ്ങി സമയം കളയാതെ ഉടനെ ബൈക്കോ, ക്യാബോ വാടകക്ക് എടുക്കുക. ആദ്യം കലാപത്ഥർ ബീച്ച് വേഗം കണ്ടു തീർക്കുക.
ശേഷം രാധാനാഗർ പോകുന്ന വഴി എലിഫന്റ് ബീച്ച്ലേക്ക് 2 കിലോമീറ്റർ ട്രെക്കിങ് ഉണ്ട് വേഗം നടന്നു ചെന്ന് ബീച് കണ്ടു മടങ്ങുക. ഇവിടെ വാട്ടർ ആക്ടിവിറ്റീസിൻ പറ്റിയ സ്ഥലം ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നു എങ്കിൽ പെട്ടന്ന് ചെയ്തു തീർക്കുക. എലിഫന്റ് ബീച്ചിൽ നിന്നും വേഗം വണ്ടിയിൽ വന്നു കയറുക. അടുത്ത സ്പോട്ട് ആയ രാധാനഗറിൽ സമയം ചിലവഴിക്കുക. ഓർക്കുക ഉച്ചക്ക് രണ്ടു മണിക്ക് നീലിൽ പോകുന്ന ഷിപ്പിന്റെ ഒരുമിക്കൂർ മുൻപ് രാധാനഗർ ബീച്ചിൽ നിന്നും വണ്ടി തിരിക്കുക.
ജെട്ടിയിൽ എത്തിയാൽ ജെട്ടിയുടെ മെയിൻ ഗേറ്റിന്റെ ഇടതു വശത്ത് കുറച്ചു മുമ്പോട്ട് നടന്നാൽ നല്ലൊരു ഹോട്ടൽ ഉണ്ട് അവിടുന്ന് ഭക്ഷണം കഴിക്കുക, വിലക്കുറവും ക്വാളിറ്റിയും ഉള്ള ഭക്ഷണമാണ്. ഷിപ്പ് പുറപ്പെടുന്നതിന്റെ 20 മിനുട്ട് മുൻപ് ചെക്കിൻ ചെയ്യുക.ബസിൽ കയറി ബീച്ചിലോട്ട് പോകുന്ന യാത്ര ഈ പ്ലാനിൽ മാറ്റി നിറുത്തേണ്ടി വരും. ബസ്സിന്റെ ഷെഡ്യൂളും നമ്മുടെ സമയകുറവും ബസ് യാത്രയിൽ നമ്മുടെ സകല പ്ലാനിങ്ങും തെറ്റിക്കും .
ഷിപ്പ് കയറിയാൽ വീണ്ടും 2 മണിക്കൂർ യാത്രയുണ്ട് നീൽ ഐലണ്ടിലേക്ക്. നീൽ ഐലൻഡിലെ പ്രധാന കാഴ്ചകൾ – ലക്ഷ്മണൻ പൂർ ബീച്ച്, സീതാപൂർ ബീച്ച്, ഹൗറ ബ്രിഡ്ജ് /beach no 2, ഭരത്പൂർ ബീച്ച്.
ജെട്ടിയിൽ കാലുകുത്തിയാൽ വേഗം റെന്റ് ബൈക്ക് / സ്കൂട്ടി ഏതെങ്കിലും എടുക്കുക 700-1000 രൂപ വരെയാണ് ഒരു ദിവസത്തെ ചാർജ്. വണ്ടി എടുത്താൽ അടുത്തതായി മുൻകൂട്ടി ബുക്ക് ചെയ്ത റൂമിൽ ചെന്ന് ചെക്കിന് ചെയ്തു ലഗേജ് എല്ലാം വെച്ച് പെട്ടൊന്ന് സൂര്യാസ്തമയം കാണുന്ന ലക്ഷ്മണൻ പൂർ ബീച്ച് പിടിക്കുക. സൂര്യാസ്തമയം കണ്ടു കടലിലെ കുളിയൊക്കെ കഴിഞ്ഞു തിരികെ റൂമിൽ വരിക. ഫുഡ് ഒക്കെ കഴിച്ചു രാത്രി ബീച്ചിൽ പോകുന്നെങ്കിൽ പോയിട്ടു വരാം. നേരത്തെ കിടന്നുറങ്ങാൻ മറക്കരുത്.
പുലർച്ചെ 4 മണിക്ക് സീതാപൂർ ബീച്ചിലേക്ക് സൺ റൈസ് കാണാൻ പുറപ്പെടുക. സൺ റൈസ് ഒക്കെ കണ്ടു നേരം പുലർന്നാൽ അടുത്ത സ്ഥലത്തേക്ക് വണ്ടി തിരിക്കുക. ഹൗറ ബ്രിഡ്ജ് ബീച്ച് നമ്പർ 2 ലേക്ക് . അവിടുന്ന് കാഴ്ചകൾ കണ്ടു. തിരികെ റൂമിൽ വരിക. റൂം ചെക്കോട്ട് ചെയ്തു ബ്രേക് ഫാസ്റ്റൊക്കെ കഴിച്ചു. അടുത്ത ബീച്ച് ആയ ഭരത് പൂർ ബീച്ചിൽ വരിക .ഇവിടെ വാട്ടർ ആക്ടിവിറ്റീസ് ഉണ്ട് വേണങ്കിൽ അതൊക്ക ചെയ്തു. പോർട്ട് ബ്ലയറിലേക്കുള്ള ഷിപ്പിന്റെ ഒരുമണിക്കൂർ മുൻപ് വണ്ടി തിരികെ ഏൽപ്പിച്ചു ജെട്ടിയിൽ വരിക, ഷിപ് കയറുക.
ഇനി രണ്ടു മണിക്കൂർ യാത്രക്ക് ശേഷം പോർട്ട് ബ്ലയറിൽ വന്നിറങ്ങും. പോർട്ട് ബ്ലയറിൽ വല്ല സ്ഥലങ്ങളും മിസ്സ് ചെയ്തിട്ടുണ്ടെങ്കിൽ അതൊക്കെ കണ്ടു തീർക്കുക. അടുത്ത ദിവസം ഷിപ്പോ, ഫ്ലൈറ്റോ വഴി തിരികെ നാട് പിടിക്കുക.
ഇനി ഒട്ടും താമസിക്കണ്ട ആൻഡമാൻ യാത്രക്ക് ഒരുങ്ങിക്കോ. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ഹാവ്‌ലോക്ക് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഓരോരുത്തരുടെയും സമയത്തിനും പോകുന്ന സമയത്തെ കാലാവസ്ഥക്ക് അനുസൃതമായയും സ്ഥലങ്ങൾ തിരഞ്ഞെടുക്കുക.
ആൻഡമാൻ യാത്രയിൽ ഓർത്തിരിക്കേണ്ട പ്രധാനപ്പെട്ട കാര്യം 4.15 ന് സൂര്യോദയവും 5.15 നു സൂര്യാസ്തമയവുമാണ് എന്നതാണ്. നേരത്തെ യാത്ര തിരിച്ചു നേരത്തെ യാത്ര അവസാനിപ്പിക്കുക.
ഷിപ്പിന്റെ ഷെഡ്യൂളുകളും സമയവും സീസൺ, കാലാവസ്ഥ എന്നിവയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെടാം. ഷിപ് ടിക്കറ്റിന് : Costal Cruize , Sea link, Green ocean, Markuz എന്നീ സൈറ്റുകൾ സന്ദർശിക്കുക. ഓഫ് സീസണിൽ ഫ്ലൈറ്റ് ടിക്കറ്റ് up & down കുറഞ്ഞ ചാർജിൽ ചെന്നൈയിൽ നിന്നും ലഭിക്കും.
ഹിന്ദി ആണ് കൂടുതലൽ ആളുകൾ ഉപയോഗിക്കുന്ന ഭാഷ. ഇംഗ്ലീഷ്, ബംഗാളി, തമിഴ്, മലയാളവും ഉപയോഗിക്കുന്നവർ അവിടെ ഉണ്ട്. ഭാഷ അറിയില്ല എന്ന ടെൻഷൻ വേണ്ട.
നെറ്റ്‌വർക്ക് ഒട്ടും പ്രതീക്ഷിക്കരുത് Bsnl, Airtel, Vodafone മാത്രം ലഭിക്കും.റൂം ഒക്കെ ഓൺലൈനായി ബുക്ക് ചെയ്യുക. റിവ്യൂ കൂടെ നോക്കി റൂം ബുക്ക് ചെയ്യുക.
വാട്ടർ ആക്ടിവിറ്റീസ് ചെയ്യാൻ നീൽ ഐലൻഡും, ഹാവ്ലോക്ക് ഐലൻഡും, ജോളി ബ്യൂയും തിരഞ്ഞെടുക്കുക. ഭക്ഷണ ചിലവ് ചുരുക്കണമെങ്കിൽ വലിയ ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിക്കാതിരിക്കുക. നല്ല ക്വാളിറ്റിയിൽ ചെറിയ കടകളിൽ ഭക്ഷണം കിട്ടും.
പ്ലാൻ ഇട്ടു വെച്ചിരുന്ന ദിഗ്‌ലിപ്പൂരും, മായാബന്ദറും, ലോങ് ഐലൻഡും സമയക്കുറവ് മൂലം എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല . അതു കൊണ്ട് ഈ സ്ഥലത്തെക്കുറിച്ചുള്ള ഡീറ്റെയിൽസ് മാക്സിമം കളക്റ്റ് ചെയ്തു പോവുക.
കയ്യിൽ കരുതേണ്ട അത്യാവശ്യ സാധനങ്ങൾ – ആദ്യമേ പറയട്ടെ ആൻഡമാൻ യാത്രയിൽ ആദ്യം മുന്നോട്ട് എടുത്തു വെക്കേണ്ടത് ക്ഷമയാണ്. അല്പം ക്ഷമ ഇല്ലാത്തവർ ഈ യാത്രയ്ക്ക് ഇറങ്ങി പുറപ്പെടരുത്. വാലിഡ് ഐഡി കാർഡ് : ആധാർ, ലൈസൻസ് ഇവ രണ്ടും കരുതിയിരിക്കണം.
ബീച്ചിലോട്ട് പോകുമ്പോൾ അത്യാവശ്യം വേണ്ട ഒരു കൂളിംഗ് ഗ്ലാസും , സൺ ക്രീമും കരുതുക. അത്യാവശ്യം ഡ്രെസ്സും, മെഡിസിനും, ചിത്രങ്ങൾ പകർത്താനുള്ള ഉപകരണങ്ങളും എടുക്കാൻ മറക്കരുത്.
ഒരു ഷൂ ധരിച്ചാണ് പോകുന്നെതെങ്കിൽ സിമ്പിൾ ആയ ഒരു നോർമൽ ചെരിപ്പും കൂടെ വെച്ചോ, ഇത് ഈ യാത്രയിലുടനീളം ഉപകാരപ്പെടും. നാലോ അഞ്ചോ പേര് ചേർന്നുള്ള യാത്ര ആണെങ്കിൽ മാക്സിമം ക്യാബ് ഉള്ളടത്തേക്ക് അത് ഉപയോഗപ്പെടുത്തുക. സിംഗിൾ ആയി പോകുന്നവർ സിറ്റിക്ക് അകത്തും , ചെറിയ ദ്വീപുകൾക്ക് അകത്തും ഉള്ള സ്ഥലങ്ങൾ കാണാൻ ബസ്സോ, ഓട്ടോയോ, ബൈക്കോ എടുക്കുക.