കേരം വളരട്ടെ…കേരളം വിളങ്ങട്ടെ… നല്ലയിനം തെങ്ങിൽ തൈ തെരഞ്ഞെടുത്ത്‌ നടുന്ന വിധം..

കേരളത്തിലെ പ്രധാന കാർഷികവിളയാണ് തെങ്ങ്. അടി മുതൽ മുടിവരെ തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാൻ സാധിക്കും. മനുഷ്യർക്ക് ഇത്രയേറെ ഉപകാരപ്രദമായ മറ്റൊരു വൃക്ഷം ഇല്ലെന്നു തന്നെ പറയാം. ഈർപ്പമുള്ള സന്തുലന കാലാവസ്ഥയാണ് തെങ്ങിന് ആവശ്യം.

WCT, ECT, ചെന്തെങ്ങ്, 18-ാം പട്ട-കുറുകിയ ഇനങ്ങൾ, മലയൻ തെങ്ങ് – പച്ചയും മഞ്ഞയും, കുള്ളൻ തെങ്ങ്, സങ്കരയിനങ്ങളായ DXT, TXD, അനന്ദഗംഗ, കേരഗംഗ, കേരശ്രീ, ചന്ദ്രശേഖര തുടങ്ങിയവ വിവിധയിനം തെങ്ങുകൾ ആണ്.

തെങ്ങ് ഒരു ദീർഘകാല വിളയായതിനാൽ നടീലും, പരിചരണവും ശ്രദ്ധയോടുകൂടി ആയിരിക്കണം. തെങ്ങിൻ തൈ നടുവാനായി തിരഞ്ഞെടുക്കുമ്പോൾ രോഗ കീടബാധയില്ലാത്ത നല്ലയിനം തൈ തിരഞ്ഞെടുക്കുക, 5 മുതൽ 6 വരെ ഓലകൾ ഉണ്ടാവണം, 9 മുതൽ മുതൽ 12 മാസം വരെ പ്രായം ഉള്ളതായിരിക്കണം.

മേയ്, ജൂൺ മാസങ്ങൾ തെങ്ങിൻ തൈ നടാൻ പറ്റിയ സമയമാണ്. കുഴി രണ്ടരയടി മുതൽ മൂന്നടി വരെ താഴ്ത്തിയശേഷം മേൽമണ്ണും, ജൈവവളങ്ങളും ചേർത്ത മിശ്രിതം നിറച്ച് ആഴം രണ്ടടി ആക്കി കുറച്ച ശേഷം തൈകൾ നടാം. തൈകൾ നടുമ്പോൾ കുഴിയിൽ ഉപ്പിടുന്ന രീതി ഒഴിവാക്കണം. അടിവളമായി രാസവളങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

തൈനട്ട ശേഷം കാറ്റടി ഏൽക്കാതിരിക്കാനായി കമ്പ് നാട്ടി കെട്ടി ഉറപ്പിച്ചുനിർത്തുന്നത് നല്ലതാണ്. തൈ രണ്ടു വർഷം പ്രായം ആകുന്നതു വരെ വേനൽക്കാലത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ നനച്ചു കൊടുക്കണം. മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. ചപ്പുചവറോ, പച്ചില വളങ്ങളോ പുതയിട്ട് കൊടുക്കുന്നതും, ചകിരി ചുവട്ടിൽ അടുക്കുന്നതും നല്ലതാണ്.

DXT എന്ന സങ്കരയിനം തെങ്ങ് ചെന്തെങ്ങിൽ ഉയരം കൂടിയ തെങ്ങിന്റെ പൂമ്പൊടി ക്രോസ് ചെയ്ത് എടുക്കുന്നതാണ്. ഇതിന്റെ പ്രത്യേകതകൾ : മൂന്നര വർഷം കൊണ്ട് കായ്ക്കും, എണ്ണയുടെ അളവ് കൂടുതലായിരിക്കും. സാധാരണ തെങ്ങിനെ അപേക്ഷിച്ച് ഇരട്ടി തേങ്ങ ഉണ്ടാവും, എല്ലാ വർഷവും പതിവായി കായ്ക്കും, തേങ്ങയുടെ ചകിരിക്ക് കട്ടി കുറവായിരിക്കും.

തെങ്ങിനെ ആക്രമിക്കുന്ന കീടങ്ങളാണ് മണ്ടരി, കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി, പൂങ്കുലച്ചാഴി, മീലിമുട്ടകൾ, ഓലതീനി പുഴുക്കൾ, വേരുതീനി പുഴുക്കൾ, നിമാ വിരകൾ, ചിതൽ, എലികൾ മുതലായവ. മണ്ടരിയുടെ ആക്രമണം ഉണ്ടായാൽ തെങ്ങിൽ പൂങ്കുല വിരിയുമ്പോൾ ചെറുമച്ചിങ്ങയിൽ നിന്നും നീരൂറ്റി കുടിക്കുകയും, മച്ചിങ്ങ കൊഴിഞ്ഞു പോവുകയും ചെയ്യുന്നു. കൊഴിയാത്ത തേങ്ങകൾ ചികിരി കേടായി കൊപ്രാ നശിച്ച് വിളവ് കുറയുന്നു. ഈ കീടത്തെ നിയന്ത്രിക്കാൻ വെളുത്തുള്ളി, വേപ്പണ്ണ, സോപ്പു മിശ്രിതം തളിക്കുക.

കൊമ്പൻ ചെല്ലി അടഞ്ഞ ഇലകളെയും, പൂങ്കുലകളെയും ആക്രമിക്കുന്നതിന്റെ ഫലമായി വളർച്ചയെത്തിയ ഓലകൾ ത്രികോണാകൃതിയിൽ മുറിഞ്ഞു പോകും. ഇതിന്റെ ആക്രമണം തടയാൻ വർഷത്തിൽ 3 പ്രാവശ്യം മണ്ട വൃത്തിയാക്കുക, തരിയുള്ള മണൽ തെങ്ങിന്റെ കവിളുകളിൽ ഇട്ടു കൊടുക്കുക, തെങ്ങിൽ മുറിപ്പാടുകൾ ഉണ്ടാക്കാതെ നോക്കുക, ചാണകപ്പുഴുക്കളെ നശിപ്പിക്കുക, വണ്ടുകളെ ചെല്ലിക്കോൽ അഥവാ ചെള്ളുകുത്തി കൊണ്ട് എടുത്തുകളയുക.

തെങ്ങിനെ സാധാരണയായി ബാധിക്കുന്ന രോഗങ്ങളാണ് കാറ്റു വീഴ്ച, കൂമ്പ് ചീയൽ, ഓല കരിച്ചിൽ, ചെന്നീരൊലിപ്പ് ,മഹാളി, മഞ്ഞളിപ്പ് ,ഇലപ്പുള്ളി രോഗം മുതലായവ. കൂമ്പ് ചീയൽ ചെറിയ തൈകളെയാണ് ബാധിക്കുന്നത്. കൂടുതൽ ഈർപ്പവും കുറഞ്ഞ താപനിലയും ഉള്ളപ്പോഴാണ് ഈ രോഗബാധ കൂടുതലായും കണ്ടു വരുന്നത്. രോഗത്തിന്റെ ആരംഭത്തിൽ തന്നെ രോഗബാധയുള്ള ഓലകളും മറ്റും നീക്കം ചെയ്യുക. രോഗം ബാധിച്ച മറ്റു ഭാഗങ്ങളിൽ ബോർഡോ മിശ്രിതം പുരട്ടുക.

For  Seeds  Visit www.AgriEarth.com.