ഊട്ടി – മലയാളികൾ ടൂർ പോകുവാൻ തുടങ്ങിയ കാലം മുതൽക്കേ കേൾക്കുന്ന പേരാണിത്. കൊടികുത്തിമലയും കക്കാടംപൊയിലും ഗവിയും മീശപ്പുലിമലയുമൊക്കെ ആരാലും അറിയപ്പെടാതെ കിടന്നിരുന്ന സമയത്ത് മലയാളികളുടെ ഹിറ്റ്ലിസ്റ്റിൽ ഉണ്ടായിരുന്ന വിനോദ സഞ്ചാര കേന്ദ്രമായിരുന്നു ഊട്ടി. ഇന്നും ഹണിമൂൺ, ഫാമിലി ട്രിപ്പ് തുടങ്ങിയവയ്ക്കായി ഊട്ടിയിലേക്ക് പോകുന്നവരും കുറവല്ല.
ആദ്യംതന്നെ ഊട്ടിയെക്കുറിച്ച് കുറച്ചു വിശേഷങ്ങൾ – തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു തണുപ്പേറിയ പ്രദേശമാണ് ഊട്ടി. ഊട്ടിയുടെ ശരിക്കുള്ള പേര് ‘ഉദകമണ്ഡലം’ എന്നാണ്. ഇങ്ങനെ പറയുവാനുള്ള ബുദ്ധിമുട്ടു കാരണം ബ്രിട്ടീഷുകാർ ചുരുക്കി നൽകിയ ഓമനപ്പേരാണ് ഊട്ടി. സൗത്ത് ഇന്ത്യയിൽ മൂന്നാറും കൊടൈക്കനാലുമൊക്കെ ഉണ്ടെങ്കിലും സഞ്ചാരികളുടെയിടയിൽ ഊട്ടിയുടെ സ്ഥാനത്ത് ഊട്ടി തന്നെയാണ് ഇന്നും നിലകൊള്ളുന്നത്.
ഇനി നമുക്ക് യാത്രാ വിശേഷങ്ങളിലേക്ക് കടക്കാം. ഊട്ടിയിലേക്ക് സാധാരണയായി കേരളത്തിൽ നിന്നുള്ള സഞ്ചാരികൾ പോകുന്നത് ടൂറിസ്റ്റ് വാഹനങ്ങളിലാണ്. സ്വന്തമായി കാറും ബൈക്കുമൊക്കെ ഉള്ളവർ അവരവരുടെ വാഹനത്തിലും പോകാറുണ്ട്. ഇങ്ങനെ പോകുമ്പോൾ നമുക്കിഷ്ടമുള്ളയിടത്ത് വണ്ടി നിർത്തി കാഴ്ചകൾ ആസ്വദിക്കുവാനും വിശ്രമിക്കുവാനുമൊക്കെ സാധിക്കും. പക്ഷേ സ്വന്തമായി വാഹനമില്ലാത്തവരും ടൂറിസ്റ്റ് വാഹനങ്ങൾ എടുത്ത് യാത്രപോകുവാൻ സാമ്പത്തികം അനുവദിക്കാത്തവരുമായ സാധാരണക്കാർക്ക് എങ്ങനെയാണ് ഊട്ടിയിലേക്ക് പോകുവാൻ സാധിക്കുക?
ബസ്.. അതെ, സാധാരണക്കാരുടെ വാഹനമായ ബസ് തന്നെയാണിതിനു നിങ്ങളെ സഹായിക്കുന്നത്. മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്നായ കെഎസ്ആർടിസി ഊട്ടിയിലേക്ക് ചിലയിടങ്ങളിൽ നിന്നായി സർവ്വീസുകൾ നടത്തുന്നുണ്ട്. ആ സർവ്വീസുകളെക്കുറിച്ച് വിശദമായി പറഞ്ഞു തരാം.
1 കണ്ണൂർ – ഊട്ടി സൂപ്പർഫാസ്റ്റ് : കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ഭാഗങ്ങളിലുള്ളവർക്ക് ഊട്ടിയിലേക്ക് പോകുന്നതിനായി ആശ്രയിക്കുവാൻ കഴിയുന്ന ഒരു സർവ്വീസ് ആണിത്. പണ്ട് ഇത് സൂപ്പർ എക്സ്പ്രസ്സ് ആയിരുന്നെങ്കിലും ഇപ്പോൾ സൂപ്പർഫാസ്റ്റ് ആയിട്ടാണ് സർവ്വീസ് നടത്തുന്നത്. കണ്ണൂരിൽ നിന്നും തലശ്ശേരി, കൂത്തുപറമ്പ്, പെരിയ, മാനന്തവാടി, ബത്തേരി, പാട്ടവയൽ, ഗൂഡല്ലൂർ വഴിയാണ് ഈ ബസ് സർവ്വീസ് നടത്തുന്നത്. കോഴിക്കോട് ഭാഗങ്ങളിലുള്ളവർക്ക് ഏതെങ്കിലും ബസ്സിൽ കയറി സുൽത്താൻ ബത്തേരിയിലെത്തി ഈ ബസ്സിൽ കയറാവുന്നതാണ്. ഈ ബസ്സിന്റെ വിശദമായ സമയവിവരങ്ങൾ അറിയുവാൻ : https://bit.ly/2jgwq8a.
2. സുൽത്താൻ ബത്തേരി – ഊട്ടി – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് : വയനാട്, കോഴിക്കോട് ഭാഗങ്ങളിലുള്ളവർക്ക് ഊട്ടിയിലേക്ക് പോകുവാൻ ആശ്രയിക്കാവുന്ന ഒരു സർവ്വീസ് ആണിത്. നിലവിൽ സഞ്ചാരികളുടെയിടയിൽ ഏറ്റവും പ്രിയങ്കരമായി നിൽക്കുന്ന ഒരു സർവ്വീസും കൂടിയാണിത്. ‘നീലഗിരിയുടെ സുൽത്താൻ’ എന്നാണു സഞ്ചാരികളും ആനവണ്ടി പ്രേമികളും ഈ സർവ്വീസിനു ഇട്ടിരിക്കുന്ന പേര്.
ആദ്യം സൂപ്പർ എക്സ്പ്രസ്സ് ആയിരുന്നെങ്കിലും ഇപ്പോഴിത് സൂപ്പർഫാസ്റ്റ് ആയിട്ടാണ് ഓടുന്നത്. ഊട്ടി – കോയമ്പത്തൂർ റൂട്ടിൽ ഊട്ടി മുതൽ മേട്ടുപ്പാളയം വരെയുള്ള റൂട്ടിൽ ഓടുന്ന ആകെയുള്ള ഒരേയൊരു കെഎസ്ആർടിസി ബസ്സും ഇതാണ്. സുൽത്താൻ ബത്തേരിയിൽ നിന്നും പാട്ടവയൽ, ഗൂഡല്ലൂർ വഴിയാണ് ഈ ബസ് സർവ്വീസ് നടത്തുന്നത്. ഈ ബസ്സിന്റെ വിശദമായ സമയവിവരങ്ങൾ അറിയുവാൻ : https://bit.ly/2DCbp44.
3. മലപ്പുറം – ഊട്ടി സൂപ്പർഫാസ്റ്റ് : മലപ്പുറം ജില്ലയിലുള്ളവർക്ക് ഊട്ടിയിലേക്ക് എളുപ്പത്തിൽ എത്തുവാനായി ആശ്രയിക്കാവുന്ന ഒരു സർവ്വീസ് ആണിത്. ‘ജപ്തി വണ്ടി’ എന്നൊരു പേരും പണ്ടുമുതൽക്കേ ഈ സർവ്വീസിനുണ്ട്. അതിന്റെ കാരണം കൗതുകമുണർത്തുന്നതാണ്. കെഎസ്ആർടിസി ബസ്സുകൾ എന്തെങ്കിലും അപകടമുണ്ടാക്കിയിട്ട് നഷ്ടപരിഹാരം കൊടുക്കാതെ വരുമ്പോൾ സ്ഥിരമായി കോടതി പിടിച്ചെടുക്കാറുള്ള വണ്ടിയാണിത്. പണ്ടുമുതലേയുള്ള ഹിറ്റ് സർവ്വീസ് ആയതിനാൽ ഏതുവിധേനയും കെഎസ്ആർടിസി കേസ് ഒത്തുതീർപ്പാക്കിയിട്ട് ഈ ബസ് തിരികെയെടുക്കും. ആ ഒരു വിശ്വാസമുള്ളതിനാലാണ് കോടതി ഈ ബസ്സിനെ മാത്രം പിടിച്ചെടുക്കുന്നതും. അങ്ങനെ വീണ പേരാണ് ‘ജപ്തി വണ്ടി’ എന്നത്.
പണ്ട് ഈ സർവ്വീസ് സൂപ്പർ എക്സ്പ്രസ്സ് ആയിരുന്നെങ്കിലും ഇപ്പോൾ സൂപ്പർഫാസ്റ്റ് ആയിട്ടാണ് സർവ്വീസ് നടത്തുന്നത്. മലപ്പുറത്തു നിന്നും ഗൂഡല്ലൂർ വഴിയാണ് ഈ ബസ് ഊട്ടിയിലേക്ക് പോകുന്നത്. ഈ ബസ്സിന്റെ വിശദമായ സമയവിവരങ്ങൾ അറിയുവാൻ : https://bit.ly/2B8Y3L3.
4. സുൽത്താൻ ബത്തേരി – ഊട്ടി – കോയമ്പത്തൂർ : വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്നും കാലങ്ങളായി ഊട്ടി വഴി കോയമ്പത്തൂരിലേക്ക് ഒരു സർവ്വീസ് നടത്തുന്നുണ്ട്. അതേ റൂട്ടിൽ തന്നെയാണ് പുതിയ സർവ്വീസും വന്നിരിക്കുന്നത്. രാത്രി 9.30 നു സുൽത്താൻ ബത്തേരിയിൽ നിന്നും പുറപ്പെടുന്ന ഈ സൂപ്പർഫാസ്റ്റ് ബസ് ചേരമ്പാടി, ദേവാല, ഗൂഡല്ലൂർ, വഴി ഊട്ടിയിൽ വെളുപ്പിന് 1 മണിയ്ക്ക് എത്തിച്ചേരും. അവിടുന്നും യാത്ര തുടരുന്ന ഈ ബസ് മേട്ടുപ്പാളയം വഴി കോയമ്പത്തൂരിൽ പുലർച്ചെ 3.45 നാണു എത്തിച്ചേരുന്നത്. കോയമ്പത്തൂരിൽ നിന്നും തിരികെ രാവിലെ 11 മണിക്ക് പുറപ്പെടുന്ന ബസ് ഉച്ചയ്ക്ക് ഒന്നരയോടെ ഊട്ടിയിലും, വൈകുന്നേരം 5.35 ഓടെ സുൽത്താൻ ബത്തേരിയിലും എത്തിച്ചേരും. നല്ലരീതിയിലുള്ള ജനപിന്തുണയുള്ള സർവ്വീസാണിത്. ഓൺലൈൻ റിസർവേഷൻ സൗകര്യവും ഈ സർവ്വീസിൽ ലഭ്യമാണ്.
5. മാനന്തവാടി – ഊട്ടി – കോയമ്പത്തൂർ : വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യുന്ന കച്ചവടക്കാരുടെയും വിദ്യാർത്ഥികളുടേയും വിനോദ സഞ്ചാരികളുടേയും എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് വയനാട്ടിലെ മറ്റൊരു പ്രധാന കേന്ദ്രമായ മാനത്താവടിയിൽ നിന്നും ഊട്ടി വഴി കോയമ്പത്തൂരിലേക്ക് പുതിയൊരു സർവ്വീസ് ആരംഭിക്കുവാൻ കാരണം. മാനന്തവാടിയിൽ നിന്നും രാവിലെ 7.40 നു പുറപ്പെടുന്ന ഈ സൂപ്പർഫാസ്റ്റ് ബസ് പനമരം, കൽപ്പറ്റ, മേപ്പാടി, ചേരമ്പാടി, ഗൂഡല്ലൂർ വഴി ഊട്ടിയിൽ 12.30 pm നു എത്തിച്ചേരും. അവിടെ നിന്നും മേട്ടുപ്പാളയം വഴി കോയമ്പത്തൂരിൽ ഈ ബസ് എത്തുന്നത് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ്. കോയമ്പത്തൂരിൽ നിന്നും തിരികെ രാത്രി 8 മണിക്ക് എടുക്കുന്ന ഈ ബസ് ഊട്ടിയിൽ രാത്രി 10.35 നും കൽപ്പറ്റയിൽ വെളുപ്പിന് 2.35 നും, മാനന്തവാടിയിൽ പുലർച്ചെ 3.25 നും എത്തിച്ചേരും. ഓൺലൈൻ റിസർവേഷൻ സൗകര്യം ഈ സർവ്വീസിൽ ലഭ്യമാണ്. മാനന്തവാടിയിൽ നിന്നും കോയമ്പത്തൂർ വരെ 249 രൂപയും ഊട്ടി വരെ 165 രൂപയുമാണ് ടിക്കറ്റ് ചാർജ്ജ്.
6. പാലക്കാട് – ഊട്ടി : പാലക്കാടുകാരുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു പാലക്കാട് നിന്നും ഊട്ടിയിലേക്ക് ഒരു കെഎസ്ആർടിസി സർവ്വീസ് ആരംഭിക്കുകയെന്നത്. ഒടുവിൽ അത് സാക്ഷാത്കരിച്ചിരിക്കുകയാണ്. പാലക്കാട് നിന്നും അതിരാവിലെ 6.30 നു പുറപ്പെടുന്ന ഈ സൂപ്പർഫാസ്റ്റ് ബസ് കോയമ്പത്തൂർ, മേട്ടുപ്പാളയം വഴി ഊട്ടിയിൽ രാവിലെ 10.30 നു എത്തിച്ചേരും. അവിടെ നിന്നും ഉച്ചയ്ക്ക് ഒരു മണിയോടെ മടക്കയാത്രയാരംഭിക്കുന്ന ബസ് വൈകീട്ട് 5.20 നു പാലക്കാട് എത്തിച്ചേരും.
ഇവ കൂടാതെ കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും ഊട്ടിയിലേക്ക് തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സർവ്വീസുകളും ലഭ്യമാണ്. അവയുടെ സമയവിവരങ്ങൾ ലഭ്യമല്ല. അതാത് കെഎസ്ആർടിസി ഡിപ്പോകളിൽ (കണ്ണൂർ, കോഴിക്കോട്) വിളിച്ചു ഒന്നു തിരക്കി നോക്കിയാൽ ചിലപ്പോൾ അറിയുവാൻ കഴിഞ്ഞേക്കും.
ഇനി മധ്യ കേരളത്തിലുള്ളവർക്കും തെക്കൻ കേരളത്തിലുള്ളവർക്കും ഊട്ടിയിലേക്ക് എങ്ങനെ പോകാമെന്നു പറഞ്ഞു തരാം. മേൽപ്പറഞ്ഞ മൂന്നു സ്ഥലങ്ങളെക്കൂടാതെ പിന്നീട് പാലക്കാട് നിന്നുമാണ് നേരിട്ട് ഊട്ടിയിലേക്ക് ബസ് ലഭിക്കുന്നത്. അതും തമിഴ്‌നാട് സർക്കാർ ബസ്സുകളാണ്. മധ്യ – തെക്കൻ കേരളത്തിലുള്ളവർക്ക് ഒന്നുകിൽ ബസ്സിലോ ട്രെയിനിലോ കയറി പാലക്കാട് വന്നിട്ട് അവിടെ നിന്നും ബസ് പിടിച്ചു പോകാവുന്നതാണ്. തമിഴ്നാട് ബസ്സുകളുടെ സമയവിവരങ്ങൾ ലഭ്യമല്ലാത്തതിനാലാണ് പോസ്റ്റ് ചെയ്യാത്തത്. പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ വിളിച്ചു അന്വേഷിച്ചാൽ ചിലപ്പോൾ ഇവയുടെ സമയം അറിയുവാൻ സാധ്യതയുണ്ട് (ഉറപ്പില്ല).
തിരുവനന്തപുരത്തു നിന്നും ഊട്ടിയിലേക്ക് തമിഴ്‌നാട് സർക്കാരിന്റെ ഒരു ഡീലക്സ് ബസ് സർവ്വീസ് നടത്തുന്നുണ്ട്. നാഗർകോവിൽ, തിരുനെൽവേലി, പഴനി, കോയമ്പത്തൂർ വഴിയാണ് ഈ ബസ് സർവ്വീസ് നടത്തുന്നത്. TNSTC യുടെ സൈറ്റിൽ കയറിയാൽ സീറ്റ് ബുക്ക് ചെയ്യുവാനും സാധിക്കും. തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിലുള്ളവർക്ക് ഈ മാർഗ്ഗം പരീക്ഷിക്കാവുന്നതാണ്.
മറ്റൊരു ഓപ്‌ഷൻ കൂടിയുണ്ട്. ഏതെങ്കിലും ട്രെയിനിലോ ബസ്സിലോ കയറി കോയമ്പത്തൂരിൽ ഇറങ്ങുക. കോയമ്പത്തൂരിൽ നിന്നും ഊട്ടിയിലേക്ക് ബസ് സർവ്വീസുകൾ ധാരാളം ലഭ്യമാണ്. തമിഴ്‌നാട് ബസ്സുകളിൽ തമിഴിൽ ആയിരിക്കും ബോർഡ് വെച്ചിട്ടുണ്ടാകുക. അതുകൊണ്ട് ആരോടെങ്കിലും ചോദിച്ചിട്ട് കയറുന്നതായിരിക്കും നല്ലത്. ‘உதகை’ (ഉദകൈ) എന്നായിരിക്കും മിക്കവാറും എല്ലാ തമിഴ്നാട് ഊട്ടി ബസ്സുകളിലും ബോർഡ് വെച്ചിട്ടുണ്ടാകുക. ഒരു കാര്യം ശ്രദ്ധിക്കുക. കോയമ്പത്തൂരിൽ നിന്നും അർദ്ധരാത്രി സമയങ്ങളിൽ ബസ്സുകൾ കുറവായിരിക്കും. അതിനാൽ അതിരാവിലെയോ പകൽ സമയത്തോ എത്തുന്നതായിരിക്കും നല്ലത്.
ഊട്ടിയിലേക്ക് എറണാകുളം ഭാഗങ്ങളിൽ നിന്നും കെഎസ്ആർടിസി സർവ്വീസുകൾ ആരംഭിക്കുന്നത് നല്ലതായിരിക്കും എന്നു കാണിച്ച് ധാരാളം നിവേദനങ്ങൾ യാത്രക്കാർ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ ഒന്നുമായിട്ടില്ല. ഇവിടെ നിന്നും ഊട്ടി സർവ്വീസുകൾ തുടങ്ങിയാൽ സഞ്ചാരികൾക്ക് കുറച്ചു കൂടി എളുപ്പമാകും.
ഇനി ഊട്ടിയിൽ ചെന്നിട്ട് ബൊട്ടാണിക്കൽ ഗാർഡനും ബോട്ടിംഗും കൂടാതെ വ്യത്യസ്തമായി എന്തൊക്കെ കാണുവാൻ കഴിയും? അതിനെക്കുറിച്ചുള്ള വിവരങ്ങൾ – https://bit.ly/2B5ONXU.