കൊടൈക്കനാൽ എന്ന് കേൾക്കാത്ത മലയാളികൾ ആരുംതന്നെ ഉണ്ടാകുവാൻ ഇടയില്ല. പശ്ചിമഘട്ടത്തിലെ പളനിമലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാല്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്‍. ജനപ്രിയതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2133 മീറ്റര്‍ ഉയരത്തിലാണ് കൊടൈക്കനാല്‍.
എപ്പോഴും കോടമഞ്ഞിനാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ കോടൈ കാണൽ എന്ന തമിഴ് വാക്കുകൾ ചേർന്നാണ് കൊടൈക്കനാൽ ഉണ്ടായത് എന്ന് ചിലർ വാദിക്കുന്നു എന്നാൽ കാടിന്റെ സമ്മാനം എന്നർത്ഥമുള്ള തമിഴ് പദങ്ങളിൽ നിന്നാണ് ഇത് രൂപപ്പെട്ടത് എന്നും വാദിക്കുന്നവർ ഉണ്ട്. വളരെ ഹൃദ്യമായ കാലാവസ്ഥയാണ് കൊടൈയിലേത്. വേനൽക്കാലം തുടങ്ങുന്നത് ഏപ്രിൽ മുതലാണ്. അപ്പോൾ 11നും 19 നും ഇടക്കാണ് താപനില. മഞ്ഞുകാലം നവംബറോടെ ആരംഭിക്കുന്നു. താപനില ഇക്കാലത്ത് പൂജ്യം വരെ താഴാറുണ്ട്. അധിക താപനില 17 ഡിഗ്രിയാണ് മഞ്ഞുകാലത്ത്. മഴക്കാലം കേരളത്തിലേതു പോലെയാണ്. മൺസൂൺ മഴയും തുലാം മഴയും ലഭിക്കാറുണ്ട്. വാർഷികപാതം 165 സെ.മീ. ആണ്. കടുത്ത മഴ കിട്ടുന്നത് ഒക്ടോബർ ഡിസംബർ മാസങ്ങളിലാണ്.
ഒട്ടേറെ മലയാളികൾ ജോലിചെയ്യുന്ന സ്ഥലമാണ് ബെംഗളൂരു. ഒരു വീക്കെൻഡ് ലഭിച്ചാൽ എവിടേക്ക് പോകണമെന്ന ചിന്തയിൽ ആയിരിക്കും ഒട്ടുമിക്ക ബെംഗളൂരു മലയാളികളും. എന്നാൽ ഇനി ഒന്നു കൊടൈക്കനാലിലേക്ക് പോയി നോക്കിയാലോ? ബെംഗളൂരുവിൽ നിന്നും പലവിധത്തിൽ കൊടൈക്കനാലിൽ എത്തിച്ചേരാം.
നിങ്ങൾക്ക് സ്വന്തമായി വാഹനങ്ങൾ ഇല്ലെങ്കിൽ ബെംഗളൂരുവിൽ നിന്നും ബേസിൽ യാത്ര ചെയ്ത് കൊടൈക്കനാലിൽ എത്തിച്ചേരാം. ബെംഗളൂരുവിൽ നിന്നും കൊടൈക്കനാലിലേക്ക് ഏകദേശം 465 കി.മീ. ദൂരമുണ്ട്. ഹൊസൂർ – കൃഷ്ണഗിരി – ധർമ്മപുരി – സേലം വഴിയാണ് ബസ് സഞ്ചരിക്കുക. ബസ് ടിക്കറ്റുകൾ ലഭിക്കുവാൻ എളുപ്പമാണെന്നതിനാൽ മിക്കയാളുകളും ഈ മാർഗ്ഗം സ്വീകരിക്കാറുണ്ട്. ബെംഗളൂരുവിൽ നിന്നും SRS ട്രാവൽസ്, SAM Tourist മുതലായ പ്രൈവറ്റ് ലക്ഷ്വറി കോച്ച് ബസ്സുകളും കൊടൈക്കനാലിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്.
ബെംഗളൂരു – കൊടൈക്കനാൽ ബസ് യാത്രയ്ക്ക് ഏകദേശം 8 -10 മണിക്കൂറോളം സമയമെടുക്കും. ഈ റൂട്ടിൽ ബസ്സുകൾക്ക് പതിനെട്ടോളം ബോർഡിങ് പോയിന്റുകളും ഉണ്ട്. ബസ് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഇതിനായി Redbus പോലുള്ള ബുക്കിംഗ് സൈറ്റുകൾ പരിശോധിച്ചാൽ മതിയാകും. ബസ്സുകളുടെ ക്വാളിറ്റി (AC, Non AC, Multi Axle) അനുസരിച്ചായിരിക്കും നിരക്കുകൾ. സീസൺ അല്ലാത്ത സമയങ്ങളിൽ ബസ് നിരക്കുകൾ കുറവായിരിക്കും.
ഇനി ബസ്സിൽ യാത്ര ചെയ്യുവാൻ താല്പര്യമില്ലാത്തവർക്ക് സ്വന്തം ബൈക്കിലോ കാറിലോ ഒക്കെ ഇവിടേക്ക് വരാവുന്നതാണ്. ഇനി സ്വന്തമായി കാർ ഇല്ലാത്തവർക്ക് റെന്റൽ കാറുകൾ എടുത്തുകൊണ്ട് യാത്ര പോകാം. ബസിൽ യാത്ര ചെയ്യുന്നതിനെ അപേക്ഷിച്ച് കാർ യാത്ര വളരെയേറെ ആസ്വാദ്യകരമായിരിക്കും. പ്രത്യകിച്ച് ഡ്രൈവിംഗ് ഇഷ്ടപ്പടുന്നവർക്ക്. കൂടാതെ ആവശ്യമുള്ളപ്പോൾ പലയിടങ്ങളിൽ നിർത്തി വിശ്രമിച്ചുകൊണ്ട് പോകുകയും ചെയ്യാം. അത്യാവശ്യം മൈലേജ് ഉള്ള കാർ ആണെങ്കിൽ 4000 – 6000 ഒക്കെ പെട്രോൾ ചിലവാകും.
ഇനി ഇതൊക്കെ കൂടാതെ ട്രെയിൻ യാത്ര ഇഷ്ടപ്പെടുന്നവർക്ക് ആ വഴിയും കൊടൈക്കനാലിലേക്ക് പോകാവുന്നതാണ്. പക്ഷേ കൊടൈക്കനാലിൽ വരെ ട്രെയിൻ സർവ്വീസ് ലഭ്യമല്ല. കൊടൈക്കനാലിൽ നിന്നും ഏകദേശം 85 കി.മീ. ദൂരത്തായി സ്ഥിതി ചെയ്യുന്ന ‘കൊടൈ റോഡ്’ റെയിൽവേ സ്റ്റേഷനാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഇവിടെ നിന്നും ടാക്സിയോ ബസ്സോ പിടിച്ച് കൊടൈക്കനാൽ ടൗണിൽ എത്തിച്ചേരാം. തിരുക്കുറൾ എക്സ്പ്രസ്സ്, ജമ്മു താവി നവയുഗ എക്സ്പ്രസ്സ് തുടങ്ങിയവ ഈ റൂട്ടിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകളാണ്. വിമാനത്തിൽ വരുന്നവരാണെങ്കിൽ മധുര എയർപോർട്ടിൽ ആണ് വിമാനം ഇറങ്ങേണ്ടത്. അവിടെ നിന്നും ബസ്സിലോ ടാക്സി പിടിച്ചോ കൊടൈക്കനാലിൽ എത്തിച്ചേരാം.
ഇത്രയൊക്കെ മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും കാറിലോ ബൈക്കിലോ ഒക്കെ യാത്ര പോകുന്നവർക്ക് ആയിരിക്കും ആ യാത്രയുടെ പൂർണ്ണമായ സൗന്ദര്യം ആസ്വദിക്കാൻ കഴിയുകയുള്ളൂ. അപ്പോൾ ഇനി വൈകിക്കണ്ട, നിങ്ങളുടെ അടുത്ത വീക്കെൻഡ് കൊടൈക്കനാലിലേക്ക് തന്നെ ആയിക്കോട്ടെ…
വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ.