ലക്ഷദ്വീപ് എന്നു കേൾക്കാത്തവർ ആരുംതന്നെ ഉണ്ടായിരിക്കില്ല. പണ്ടുമുതലേ ലക്ഷദ്വീപ് എന്നു കേട്ടിട്ടുണ്ടെങ്കിലും മിക്കയാളുകളും അവിടത്തെ കാഴ്ചകൾ അനുഭവിച്ചത് ‘അനാർക്കലി’ എന്ന സിനിമയിലൂടെയായിരിക്കും. ഇന്ത്യയിൽ ഉൾപ്പെട്ടതാണെങ്കിലും ലക്ഷദ്വീപിലേക്ക് പോകുവാനായി അൽപ്പം കടമ്പകൾ നമുക്ക് കടക്കേണ്ടതായുണ്ട്. അവ എന്തൊക്കെയെന്നും ഏതൊക്കെ മാർഗ്ഗത്തിൽ അവിടേക്ക് പോകാമെന്നും ഇനി വിശദീകരിച്ചു തരാം.
ലക്ഷദ്വീപിലേക്ക് പോകുവാൻ പ്ലാനുണ്ടെങ്കിൽ ആദ്യം വിസ പോലുള്ള എൻട്രി പെർമിറ്റ് (Entry Permit) കരസ്ഥമാക്കിയിരിക്കണം. ഇതിനായി നിങ്ങളുടെ താമസ പരിധിയിലുള്ള പോലീസ് സ്റ്റേഷനിൽ ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി (Clearance Certificate) അപേക്ഷ നൽകേണ്ടതാണ്. ഇതിനുള്ള അപേക്ഷാ ഫോം ഓൺലൈനിൽ ലഭ്യമാണ്. ഈ അപേക്ഷയോടൊപ്പം ഐഡി പ്രൂഫ്, മൂന്നു പാസ്സ്പോർട്ട് സൈസ് ഫോട്ടോകൾ തുടങ്ങിയവ നൽകണം.
അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു ഒരാഴ്ചയ്ക്കകം പോലീസ് സ്റ്റേഷനിൽ നിന്നും ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റും, എൻട്രി പെർമിറ്റ് (Entry Permit) ഫോം പൂരിപ്പിച്ചതും (ഇതും online ൽ ലഭിക്കും) കൊച്ചി വെല്ലിംഗ്ടൺ ഐലന്റിൽ സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസിൽ നല്കി നിസ്സാര തുക ഫീസ് അടച്ചാൽ നമുക്ക് എൻട്രി പെർമിറ്റ് ലഭിക്കും. ഏകദേശം 2 ആഴ്ച മുതൽ ഒരു മാസം വരെ സമയം എടുക്കും പെർമിറ്റ് ശെരിയാവാൻ. ഇങ്ങനെ ലഭിക്കുന്ന എൻട്രി പെർമിറ്റ് ലക്ഷദ്വീപിൽ എത്തിയാൽ അവിടുത്തെ Station House Officer ക്ക് സമർപ്പിക്കേണ്ടതാണ്.
ഇപ്പോള്‍ മൂന്ന് മാര്‍ഗങ്ങള്‍ ഉണ്ട് പെര്മിഷന് കിട്ടി ലക്ഷദ്വീപില്‍ എത്താന്‍. ഗവണ്മെന്റ് പാക്കേജ് ടൂര്‍: കയ്യില്‍ കാശുണ്ടേല്‍ വേറെ ഒരു വഴിയും നോക്കണ്ട. നേരെ കൊച്ചി വില്ലിംഗ്ടണ്‍ ഐലന്റിലുള്ള ലക്ഷദ്വീപ് ഓഫീസില്‍ ചെന്നാല്‍ കൂടുതൽ വിവരങ്ങൾ കിട്ടും. പ്രൈവറ്റ് ടൂര്‍ പാക്കേജസ്: ഗവണ്മെന്റിന്റെ റേറ്റ് വളരെ കൂടുതലാണ്. അത് താങ്ങാൻ പറ്റാത്തവർക്ക് ഒരുപാട് പ്രൈവറ്റ് ടൂര്‍ ഏജന്‍സികള്‍ ലക്ഷദ്വീപിലേക്ക് പാക്കേജുകൾ നൽകുന്നുണ്ട്.
പിന്നെയുള്ളത് വളരെ ചെലവ് കുറച്ചുള്ള സ്പോണ്‍സര്‍ഷിപ്പ് യാത്രയാണ്. ടൂറിനോട് താല്പര്യം ഇല്ലാത്തവര്‍ക്ക് ലക്ഷദ്വീപില്‍ എത്തിപ്പെടാന്‍ ഇത്തിരി പാടാണ്. എന്നാലും അവര്‍ക്ക് എങ്ങനെയെങ്കിലും എത്തിപ്പെടാനുള്ള ഒരു മാര്‍ഗമാണ് ലക്ഷദ്വീപിലുള്ള ആരെയെങ്കിലും കൊണ്ട് അവിടുന്ന് പെര്മിഷന് എടുപ്പിക്കുക എന്നത്. അതായത് അവിടെയുള്ള ആരെങ്കിലും അങ്ങോട്ട് വരുന്നവരുടെ മുഴുവൻ ഉത്തരവാദിത്തവും എടുക്കുന്നു.
ഇനി ലക്ഷദ്വീപിലേക്ക് കൊച്ചിയിൽ നിന്നും എങ്ങനെയൊക്കെ പോകാം എന്ന് നോക്കാം. കപ്പൽ മാർഗ്ഗവും വിമാനമാർഗ്ഗവും ലക്ഷദ്വീപിലേക്ക് പോകാവുന്നതാണ്. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ലക്ഷദ്വീപിലെ ഏക എയർപോർട്ട് ആയ അഗത്തി എയർപോർട്ടിലേക്ക് എയർ ഇന്ത്യയുടെ സർവ്വീസ് ലഭ്യമാണ്. മുന്നേ ബുക്ക് ചെയ്യുകയാണെങ്കിൽ ഏകദേശം 6000 രൂപയ്ക്ക് ഒരു വശത്തേക്ക് ചാർജ്ജ് ആകും.
എയർ ഇന്ത്യയുടെ ചെറുവിമാനമാണ് (ATR) ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നത്. ഏകദേശം ഒരു മണിക്കൂറോളം വിമാനമാർഗം സഞ്ചരിച്ചാൽ ലക്ഷദ്വീപിൽ എത്തിച്ചേരാം. കടലിനു നടുവിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു എയർപോർട്ട് ആണ് അഗത്തിയിലേത്. ഇവിടേക്കുള്ള ലാൻഡിംഗ് കാഴ്ച വളരെ മനോഹരമാണ്. അതുപോലെത്തന്നെ എയർപോർട്ട് എന്നു പറയുമ്പോൾ ചെറിയൊരു കെട്ടിടം മാത്രമാണ് അവിടെ.
ഇതുപോലെത്തന്നെ കൊച്ചിയിൽ നിന്നു കപ്പൽ മാർഗ്ഗവും ലക്ഷദ്വീപിലേക്ക് എത്തിച്ചേരാം. ഇറങ്ങുവാൻ തിരഞ്ഞെടുക്കുന്ന ദ്വീപുകൾ അനുസരിച്ചിരിക്കും കപ്പൽ യാത്രയുടെ ദൈർഘ്യം. 12 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ നേരിട്ടുള്ള കപ്പലുകൾ യാത്രാസമയം എടുക്കുമ്പോൾ ചുറ്റി പോവുന്നത് 48 മണിക്കൂർ വരെ നീളും. കപ്പൽ യാത്രയ്ക്ക് ടിക്കറ്റ് ചാർജ്ജ് ഏകദേശം 500 രൂപ വരും. ഇതിൽ മാറ്റങ്ങൾ വന്നേക്കാം.
കപ്പൽ യാത്രയ്ക്കിടയിൽ മിക്കയാളുകൾക്കും കടൽച്ചൊരുക്ക് (ഛർദ്ദി, തലവേദന) അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇതിനെ നേരിടാനുള്ള മുൻകരുതലുകൾ യാത്രയ്ക്ക് മുന്നേ തന്നെ എടുക്കുക. ഒട്ടു മിക്ക ദ്വീപുകളിലും കപ്പലടുക്കുവാനുള്ള വാർഫുകൾ ഉണ്ട്. ഇല്ലാത്തവയിൽ പുറം കടലിൽ നിർത്തിയിട്ട് ബോട്ടിലാണ് ആളുകളെ ഇറക്കി കൊണ്ട് പോവുന്നത്.
ഇങ്ങനെയൊക്കെയാണ് നമുക്ക് ലക്ഷദ്വീപിലേക്ക് എത്തിച്ചേരുവാൻ സാധിക്കുന്നത്. അപ്പോൾ ഇനി ലക്ഷദ്വീപിലേക്ക് പോകുവാൻ ആഗ്രഹമുള്ളവർ മേൽപ്പറഞ്ഞ കാര്യങ്ങൾ ഒന്നോർത്തു വെക്കുക. ലക്ഷദ്വീപ് സുന്ദരിയാണ്… അതുപോലെ അവിടത്തെ ആളുകളും…