കുറച്ചു ദിവസങ്ങളിലായി ഇവിടെ വിമാനയാത്രയും ടിപ്സും ഒക്കെയാണെന്നു വിചാരിക്കുന്നുണ്ടാകും. യാത്രകൾ എന്നു പറയുമ്പോൾ അത് പല രീതികളിലും ആകാമല്ലോ. നിരവധി ആളുകളാണ് ആദ്യമായി വിമാനത്തിൽ കയറുവാൻ പോകുകയാണെന്നും കുറച്ച് ടിപ്സ് പറഞ്ഞു തരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എനിക്ക് മെസ്സേജുകൾ അയയ്ക്കുന്നത്. അതുകൊണ്ടാണ് വിമാനയാത്രകളെ കുറിച്ചുള്ള വിവരങ്ങൾ ഏറെയായി ഞാൻ പറയുന്നത്. പൊതുവെ വിമാനത്തിൽ ആദ്യമായി യാത്ര ചെയ്യുന്നവർക്ക് പെട്ടുപോകുന്ന ഒരു അവസ്ഥയായിരിക്കും വിമാനത്തിലെ ടോയ്ലറ്റ് ഉപയോഗിക്കേണ്ടി വന്നാൽ. ആദ്യമായി വിമാനത്തിന്റെ ടോയ്ലറ്റിൽ കയറുന്ന ആരും ഒന്നു പേടിക്കും എന്നുറപ്പാണ്. പ്രത്യേകിച്ച് വിമാനം പറന്നു കൊണ്ടിരിക്കുന്ന അവസ്ഥയാണെങ്കിൽ. എന്തിനേറെ പറയുന്നു, സ്ഥിരമായി വിമാനയാത്രകൾ ചെയ്യുന്നവർ പോലും മടിക്കുന്ന ഒരു കാര്യമാണ് ആകാശത്തു വെച്ചുള്ള ഈ ടോയ്ലറ്റ് ഉപയോഗം.
വിമാനത്തിലെ ടോയ്ലറ്റുകളുടെ ഫ്ലഷ് അടിച്ചാൽ അതി ഭീകരമായ ഒരു ശബ്ദമായിരിക്കും ഉണ്ടാകുക. ഇത് മുൻകൂട്ടി കണക്കിലെടുത്തു വേണം ഫ്ലഷ് അമർത്താൻ. മിക്കയാളുകളും ഭയന്നു വിറച്ചു പോകുന്ന ഒരു സന്ദർഭമാണ് ഈ ഫ്ലഷ് പരിപാടി. ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുവാൻ പോകുന്നവർ യാത്രയ്ക്കു മുൻപായി യൂട്യൂബിൽ വിമാനത്തിലെ ടോയ്ലറ്റ് ഫ്ലഷ് എങ്ങനെയാണെന്നുള്ള വീഡിയോകൾ കണ്ടു മനസ്സിലാക്കുക. ആ ശബ്ദം എങ്ങനെയിരിക്കുമെന്ന് ഒന്ന് അറിഞ്ഞിരിക്കുക. പിന്നീട് വിമാനയാത്രയ്ക്കിടെ നിങ്ങൾക്ക് ടോയ്ലറ്റിൽ പോകുമ്പോൾ ഈ ഭയപ്പെടൽ അവസ്ഥകൾ ഉണ്ടാകില്ല. ഫ്ലഷ് ശബ്ദം പേടിയുള്ളവർക്കായി ഇനി മറ്റൊരു വിദ്യ കൂടിയുണ്ട്. ടോയ്ലറ്റിൽ പോയ ശേഷം അതിനുള്ളിലെ വാഷ് ബേസിനിൽ കൈകൾ കഴുകി വൃത്തിയാക്കുക. എല്ലാം കഴിഞ്ഞു പുറത്തേക്ക് ഇറങ്ങുന്നതിനു മുൻപായി മാത്രം ഈ ഫ്ലഷ് അമർത്തുക. ഉടനടി പുറത്തേക്ക് ഇറങ്ങുക. അതല്ലെങ്കിൽ നിങ്ങളുടെ ഫോണിൽ പാട്ടു വെച്ചശേഷം ഹെഡ്ഫോൺ ചെവിയിൽ വെച്ചുകൊണ്ട് പോയാലും മതി. അപ്പോൾ ശബ്ദം കേൾക്കില്ലല്ലോ. കാര്യം സിംപിളാണ്. പക്ഷേ ഇതുപോലെ ഒരാൾ പറഞ്ഞു തരുമ്പോൾ മാത്രമേ മിക്കവരും ഇതിനെക്കുറിച്ച് ഓർക്കുകയുള്ളൂ എന്നു മാത്രം.
ചിലർക്ക് പേടി വേറെയായിരിക്കും. ടോയ്ലറ്റിൽ ഇരിക്കുന്ന സമയത്ത് വിമാനത്തിൽ നിന്നും താഴേക്ക് പോകുമോ എന്നൊക്കെയായിരിക്കും ചിലരുടെ ചിന്ത. ഇത്തരത്തിൽ പേടിയുള്ളവരോട് ഒരു വാക്ക് – നിങ്ങൾ കരുതുന്നത് പോലെ അത്ര പ്രശ്നക്കാരനൊന്നുമല്ല വിമാനത്തിലെ ടോയ്ലറ്റുകൾ. എല്ലാവിധ സുരക്ഷയും ഉൾക്കൊണ്ടു തന്നെയാണ് അവയും സജ്ജീകരിച്ചിരിക്കുന്നത്. അതുകൊണ്ട് ആ കാര്യത്തിൽ നിങ്ങൾക്ക് യാതൊരു ടെൻഷനും വേണ്ട.
വിമാനയാത്രയ്ക്കിടെ ഛർദ്ദിയോ മറ്റോ ഉണ്ടാകുകയാണെങ്കിൽ അതിനായി ടോയ്ലറ്റുകളെ ആശ്രയിക്കരുത്. ഛർദ്ദിക്കുവാനുള്ള തോന്നൽ ഉണ്ടാകുകയാണെങ്കിൽ കാര്യം എയർഹോസ്റ്റസുമാരോട് പറയുക. അവർ അതിനായുള്ള കവർ നിങ്ങൾക്ക് നൽകുന്നതായിരിക്കും. അല്ലാതെ ടോയ്ലറ്റിൽ പോയി അവിടെ വൃത്തികേടാക്കാനുള്ള അവസ്ഥ വരുത്താതിരിക്കുക. നിങ്ങൾക്ക് ഇത്തരത്തിൽ ഛർദ്ദിക്കുന്ന പ്രവണത മുൻപേ ഉണ്ടെങ്കിൽ യാത്രയ്ക്കു മുൻപായി ഡോക്ടറെ കണ്ട് മരുന്ന് വാങ്ങുന്നത് നല്ലതായിരിക്കും.
വിമാനയാത്രയിൽ പുകവലി പാടില്ല എന്ന് നിങ്ങൾക്കറിയാമായിരിക്കും അല്ലേ? ഇനി അറിയില്ലെങ്കിൽ ഇപ്പോഴെങ്കിലും അറിയുക. ട്രെയിനുകളിൽ ചെയ്യുന്നതു പോലെ ടോയ്ലറ്റിൽ പോയി പുകവലിക്കാമെന്നു കരുതിയാൽ നിങ്ങൾക്ക് തെറ്റി. ടോയ്ലറ്റിൽ പുകവലിച്ചാൽ ആ നിമിഷം അത് വിമാന ജീവനക്കാർക്ക് മനസ്സിലാകും. പിന്നീട് എട്ടിന്റെ പണിയായിരിക്കും ലാൻഡ് ചെയ്യുമ്പോൾ നിങ്ങളെ കാത്തിരിക്കുന്നത്. വെറുതെ പത്തു രൂപയുടെ സിഗരറ്റ് വലിച്ച് മുട്ടൻ പണി വാങ്ങിക്കൂട്ടണോ? അതുകൊണ്ട് വിമാനയാത്രയ്ക്കിടയിൽ പുകവലി എന്ന ചിന്ത അപ്പാടെ മാറ്റിവെക്കുക. ഇനി വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഈ കാര്യങ്ങൾ നിങ്ങളുടെ ഓർമ്മയിൽ ഉണ്ടായിരിക്കട്ടെ. ആദ്യമായി വിമാനയാത്രകൾ പോകുവാൻ തയ്യാറെടുക്കുന്നവർ ടെൻഷനൊക്കെ കളഞ്ഞുകൊണ്ട് കൂളായി ഇരിക്കുക. അപ്പോൾ എല്ലാവർക്കും ഹാപ്പി ജേർണി…