ആരും വായിക്കാത്ത മനുഷ്യ ബോർഡുകൾ; വയറു നിറയ്ക്കാം..കൂടെയൊരു മനസും…

വിവരണം – ജിതിൻ ജോഷി.

യാത്രകൾക്കിടയിൽ പലപ്പോളായി വിവിധ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നവരാണ് നാമെല്ലാവരും. കുടുംബവുമൊന്നിച്ചു പുറത്തുനിന്നും ഭക്ഷണം കഴിക്കാനായി മാത്രം ഹോട്ടലിൽ പോകുന്നവരുമുണ്ട്. ശീതീകരിച്ച മുറികളിലിരുന്ന് സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചതിനുശേഷം ബിൽ കൊണ്ടുവരുന്ന മനോഹരമായ ആ ‘സൂത്രത്തിന്റെ’ ഇടയിൽ അത്ര മോശമല്ലാത്ത ഒരു തുക ടിപ്പ് എന്ന ഓമനപ്പേരിൽ നാം തിരുകി വയ്ക്കാറുണ്ട്. കൊടുത്തോളൂ. വേണ്ട എന്ന് പറയുന്നില്ല. വെയ്റ്റർമാർ ബുദ്ധിമുട്ടുന്നുണ്ട് ശരിയാണ്. പക്ഷേ അത് അവരുടെ ജോലിയാണ് എന്നത് മറക്കേണ്ട.

പക്ഷേ എപ്പോളെങ്കിലും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ പുറത്ത് വെയിലും മഴയും കൊണ്ട് കോമാളിയെപ്പോലെ ഓരോ വാഹനവും ദൂരെനിന്ന് കാണുമ്പോൾ വിസിലടിച്ചും കൂക്കിവിളിച്ചും തന്റെ കയ്യിലുള്ള ബോർഡ്‌ ആ വണ്ടിയിലെ യാത്രക്കാരെ കാണിക്കാൻ പെടാപ്പാട് പെടുന്ന ആ ശോഷിച്ച ശരീരത്തിന്റെ ഉടമയെ? തനിക്കു പാകമാവാത്ത, പിഞ്ചിത്തുടങ്ങിയ യൂണിഫോമും, തലയിൽ ശരിക്കും ഉറയ്ക്കാത്ത തൊപ്പിയുമായി അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന ആ മനുഷ്യരെ ശ്രദ്ധിക്കാൻ ആർക്കാണ് സമയം അല്ലെ.

എ.സി യുടെ കുളിരിൽ നിൽക്കുന്ന വെയിറ്റർക്ക് നല്ലൊരു തുക കൊടുത്തു പുറത്തിറങ്ങുമ്പോൾ ഓർക്കുക, ചെരിപ്പ് പോലും ധരിക്കാതെയാവും മിക്കവാറും ആളുകൾ പുറത്ത് ടാറിട്ട റോഡിലൂടെ ആളെപ്പിടിക്കാൻ ഓടുന്നത്. സാധിക്കുമെങ്കിൽ ഒരു പത്തുരൂപ ആ കൈകൾക്കുള്ളിൽ ആരും കാണാതെ പിടിപ്പിക്കാനുള്ള മനസ് നിങ്ങൾക്കുണ്ടെങ്കിൽ അതൊരു കുടുംബത്തിന്റെ അന്നത്തെ അത്താഴത്തിലേക്കുള്ള സ്വരുക്കൂട്ടലാണ്.

ചിലയിടത്തു കണ്ടിട്ടുണ്ട് ഇത്തിരി ബുദ്ധിമാന്ദ്യമുള്ള ആളുകളെ ഇത്തരം ബോർഡുകൾ കൊടുത്തു പുറത്തു നിർത്തിയിരിക്കുന്നത്. വളരെ തുച്ഛമായ വേതനത്തിലോ, ചിലപ്പോൾ വേതനം ഇല്ലാതെ പോലുമാവാം ഇവർ ജോലി ചെയ്യുന്നത്. അധികം നാളുകൾ ആയിട്ടില്ല ഇത്തരം ‘മനുഷ്യബോർഡുകൾ’ നിരത്തുകളിൽ ഓടിനടക്കാൻ തുടങ്ങിയിട്ട്. വഴിയരികിൽ സ്ഥിരമായി ബോർഡുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച നിയമങ്ങൾ ശക്തമായപ്പോൾ കടയുടമകൾ സ്വീകരിച്ച പുതിയ മാർഗം.

ഇവർ ഓടുന്ന വണ്ടിക്കുമുന്നിൽ ചാടി അപകടങ്ങൾക്കും സാധ്യതയേറെ. പലപ്പോഴും ആളെപ്പിടിക്കാനുള്ള ആവേശത്തിൽ പാഞ്ഞുവരുന്ന ചില വണ്ടികൾ ഇവർ കാണാറില്ല. ഇവരെപ്പോലെ തന്നെയാണ് പാർക്കിങ്ങിലും മറ്റും നിൽക്കുന്ന സെക്യൂരിറ്റി ജീവനക്കാർ. മഴയായാലും വെയിലായാലും യാതൊരു പരാതിയും കൂടാതെ ജോലി നോക്കുന്നവർ.

അപ്പോൾ ഇനിയെങ്കിലും വയറും മനസും നിറച്ചു പുറത്തിറങ്ങുമ്പോൾ ഇതുപോലുള്ള ജീവിതങ്ങൾ കണ്ടാൽ മുഖം തിരിക്കരുത്. ഒന്നും പ്രതീക്ഷിക്കാത്ത ജന്മങ്ങൾ ആയതു കൊണ്ടുതന്നെ കൊടുക്കുന്ന തുക എത്ര ചെറുതായാലും അതിനു ഇവർ തീർച്ചയായും ഒരു വില കല്പിക്കും. കണ്ണുനീരിൽ കുതിർന്ന ഒരു പുഞ്ചിരി അവിടെ നിങ്ങൾക്ക് കാണാൻ സാധിക്കും. വയറു നിറയ്ക്കാം..കൂടെയൊരു മനസും…