കെഎസ്ആർടിസിയെ ഒരുകാലത്ത് വെറുക്കപ്പെട്ടിരുന്നയാൾ പിന്നീട് ഒരു കെഎസ്ആർടിസി ആരാധകനായി മാറുക.. കേൾക്കുമ്പോൾ അവിശ്വസനീയമായ ഒരു കഥയായി തോന്നിയോ? എങ്കിൽ കേട്ടോളൂ, ഇത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവമാണ്. കാലാകാലങ്ങളായി കെഎസ്ആർടിസിയോടുള്ള മനോഭാവത്തിനു മാറ്റങ്ങൾ വരുത്തിയ ആ സംഭവങ്ങൾ വിവരിക്കുകയാണ് പന്തളം സ്വദേശിയും ബാങ്ക് ഉദ്യോഗസ്ഥനുമായ ദീപു ജോൺസൻ. ദീപുവിന്റെ ജീവിതത്തിൽ നിന്നും എടുത്ത അനുഭവക്കുറിപ്പ് ഇങ്ങനെ..
“വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം എനിക്കിപ്പോൾ കുട്ടിശങ്കരനോട് സ്നേഹമാണ്”. അഴകിയ രാവണൻ സിനിമയുടെ മനോഹരമായ ക്ലൈമാക്സിൽ ഭാനുപ്രിയയുടെ കഥാപാത്രം മമ്മൂട്ടി പകർനാടിയ കുട്ടിശങ്കരനോട് പറഞ്ഞ വാക്കുകൾ ആണ്. അത്രേം അളവിൽ ഇല്ലെങ്കിലും ഒരുകാലത്ത് ഏറ്റവും ഇഷ്ടമില്ലാത്ത ഒരു ‘പ്രസ്ഥാന’മായിരുന്നു കെഎസ്ആർടിസി. സ്കൂൾ കാലഘട്ടത്തിൽ 7ആം ക്ലാസ് വരെ സ്കൂൾ ബസിലായിരുന്നു യാത്ര. അല്ലാതെയുള്ള യാത്രകൾ പപ്പയുടെ ബുള്ളെറ്റിലും ദീർഘദൂര യാത്രകൾ പീതാംബരൻ ചേട്ടന്റെ അംബാസിഡർ കാറിലും. എട്ടാം ക്ലാസ് മുതൽ ആണ് പ്രൈവറ്റ് ബസിൽ യാത്ര ചെയ്യാൻ തുടങ്ങിയത്. 30 പൈസ ടിക്കറ്റിൽ.
ആ സമയത്തു KSRTC ബസിൽ കയറുക എന്നത് ഒരു പേടിസ്വപ്നം ആയിരുന്നു. ആകെ രണ്ടുവട്ടം മാത്രം 8 മുതൽ 10 വരെ ഉള്ള പഠന കാലത്തു KSRTC യിൽ കയറിട്ടുള്ളത്. അതിൽ ഒരു വട്ടം സ്കൂളിൽ നിന്ന് വരുമ്പോൾ എനിക്കിറങ്ങേണ്ട അറത്തിൽമുക്ക് സ്റ്റോപ്പിൽ നിർത്താതെ കുറെ മുന്നെ കൊണ്ടുനിർത്തി. അവിടെ സ്റ്റോപ്പിൽ ബസ് കയറാൻ നിന്ന പെണ്കുട്ടികളുടെ മുന്നിലൂടെ ‘അപമാന’ഭരിതനായി നടന്നത് ഇപ്പോഴും ഓർക്കുന്നു. മറ്റൊരുവട്ടം അമ്മയുടെ സ്കൂളിൽ, വെട്ടിയാർ പോകാനായി; അന്നും ഒരു സ്റ്റോപ് മുന്നെ, രണ്ടുനില സ്റ്റോപ്പിൽ ഇറക്കിവിട്ടു.ഈ പ്രസ്ഥാനം നശിച്ചു നാറാണകല്ല് എടുക്കണേ എന്നു മനസിൽ ശപിച്ച നാളുകൾ…
അങ്ങനെ ശത്രുപാളയത്തിൽ നിർത്തിയിരുന്ന KSRTC യെ ഇഷ്ടപ്പെട്ടു തുടങ്ങുന്നത് +2 വിനു ശേഷം തിരുവല്ലയിൽ എൻട്രൻസ് കോച്ചിങ്ങിനു പോയി തുടങ്ങിയ കാലത്താണ്. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് യാത്രകൾ, ചെറിയ സൈഡ് മിററിൽ കൂടി ഓവർടേക്ക് ചെയ്തു കഴിയുമ്പോൾ ഓവർടേക്ക് ചെയ്ത വണ്ടി കുഴിയിൽ പോയോ എന്ന നോട്ടം തുടങ്ങിയവ നന്നായി ആസ്വദിച്ചു തുടങ്ങി. ഡ്രൈവിംഗ് എനിക്ക് ഏറ്റവും ഇഷ്ടപെടുന്ന ഒരു കാര്യമായി മാറാനുള്ള കാരണങ്ങളിൽ മുഖ്യം ഈ KSRTC യാത്രകളിൽ ഡ്രൈവറോട് തോന്നിയ വീരാരാധന തന്നെയാണ്. ഒരുകാലത്ത് ഭയന്നിരുന്ന KSRTC തന്നെയാണ് എനിക്ക് ഇന്ന് എന്റെ അഡ്രസ് ആയ ഫെഡറൽ ബാങ്ക് എന്റെ പേരിനൊപ്പം നേടിത്തന്നത്.
2007 ൽ ബാങ്കിലെ പരീക്ഷ, 8:30 നു തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നടക്കുന്നു. 6:30നു പന്തളം ഡാണഗോൾഡ് സ്റ്റോപ്പിന് മുന്നിൽ നിൽക്കുമ്പോൾ (കാലത്തു 5:00നു പുറപ്പെടണം എന്നു വിചാരിച്ച സ്ഥാനത്താണ്)ഒരു ലിമിറ്റഡ് സ്റ്റോപ്പിന്റെ രൂപത്തിൽ ഒരു ബസ് വന്നു നിൽക്കുന്നത്. ഫാസ്റ്റിലോ സൂപ്പർ ഫാസ്റ്റിലോ പോയാൽ മതി എന്ന് പറഞ്ഞ പപ്പയുടെ വാക്ക് കേൾക്കാതെ, താമസിച്ചു ഇറങ്ങിയതിന്റെ ഭള്ളു പറച്ചിലിൽ നിന്നു രക്ഷപെടാം എന്നു കരുതി ചാടി അതിൽ കയറി. അന്ന് എംസി റോഡ് പണിക്കായി ഒരറ്റം മുതൽ അങ്ങേ അറ്റം വരെ റോഡ് മാന്തി ഇട്ടിരുന്ന സമയം. CA ക്ക് പഠിച്ചുകൊണ്ടിരുന്ന എന്റെ അന്നദാതാവ് ആയി ഫെഡറൽ ബാങ്ക് മാറും എന്നു നിശ്ചയിച്ചു ഉറപ്പിച്ച യാത്ര. ആമേൻ സിനിമയിൽ പുണ്യാളൻ പള്ളിൽ അച്ചന്റെ രൂപത്തിൽ വന്നപോലെ KSRTC എന്റെ ജീവിതത്തിൽ അവതരിച്ച യാത്ര.
പന്തളത്തു നിന്ന് വിട്ട ബസ് പിന്നെ നിർത്തുന്നത് അടൂർ, കൊട്ടാരക്കര, ആയുർ, കിളിമാനൂർ അങ്ങനെ വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രം. പലയിടത്തും ആളുകൾ കൈ കാണിക്കുന്നുണ്ടെങ്കിലും എങ്ങും നിർത്തുന്നില്ല, പറക്കുകയാണ് ബസ്. വെഞ്ഞാറമൂട് ആയപ്പോൾ ഏന്തിവലിഞ്ഞു ഡ്രൈവറുടെ അടുത്തു ചെന്ന് സാറേ ബസ് നാലാഞ്ചിറയിൽ നിർത്തുമൊന്നു ചോദിച്ചു. റെയ്ബാൻ ഗ്ലാസ് വെച്ചു മറച്ച ആ കണ്ണുകളിൽ വികാരം എന്താണെന്ന് കാണാൻ കഴിഞ്ഞില്ല. “അവിടെ സ്റ്റോപ് ഇല്ല, എന്താ കാര്യം” എന്നു പുള്ളി. ഒരു പരീക്ഷ എഴുതാൻ ആണെന്ന് പറഞ്ഞപ്പോൾ “എങ്കിൽ ഒന്നു ചവുട്ടും, ഇറങ്ങിക്കോണം” എന്നു ആജ്ഞ. അപ്പോഴേ പോയി പുറകിൽ കണ്ടക്ടറുടെ കൂടെ നിൽപ്പായി.
അന്ന് 8.20 ആയപ്പോഴേ ആ ബസ് പന്തളത്തുനിന്ന് ഏകദേശം 100 കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞിരുന്നു. ആ പരീക്ഷ പാസ്സ് ആകുകയും ബാങ്കിൽ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു. അതിനു ശേഷം പപ്പ പല ദിവസം ആ ബസ് തപ്പി പോയെങ്കിലും കണ്ടുകിട്ടിയില്ല!!! പുണ്യാളൻ തന്നെ..പിന്നീട് ജോലിയായി മന്ദമരുതി ബ്രാഞ്ചിലേക്കും വേണാട് ബസിലായിരുന്നു മിക്കപ്പോഴും യാത്രകൾ. അവിടെ നിന്ന് മാറ്റം കിട്ടി ചാരുംമൂട് ബ്രാഞ്ചിൽ എത്തിയപ്പോൾ അമ്മയെ കൂടി സ്കൂളിൽ വിട്ടിട്ടുപോകാം എന്ന സൗകര്യാർത്ഥം കാറിലേക്ക് മാറുന്നതുവരെ. വർഷങ്ങൾക്ക് ശേഷം വീണ്ടും ബസ് യാത്ര തുടങ്ങിയത് കഴിഞ്ഞ വർഷം വിജയവാഡയിലേക്ക് മാറ്റം കിട്ടിയപ്പോൾ മുതലാണ്. കൊച്ചിയിലോ തിരുവനന്തപുരത്തോ വന്നിറങ്ങിയ ശേഷം യാത്രകൾ എല്ലാം KSRTC യിൽ (സെപ്റ്റംബറിൽ ഒരു വട്ടം നിലവിളി ശബ്ദം ഇട്ട് ആസ്റ്ററിലേക്ക് പോയത് ഒഴിച്ച്).
അതിൽ ഒരു യാത്ര ആയിരുന്നു ഈ ബുധനാഴ്ച. ഹോളി ആയതിനാൽ ഒരു ലീവു കൂടി എടുത്താൽ നാലു ദിവസം നാട്ടിൽ നിൽക്കാം എന്ന ആഗ്രഹത്തിൽ വന്ന ദിവസം. എയർപോർട്ടിൽ നിന്ന് ബസിൽ തമ്പാനൂരിലേക്ക്. അവിടെ എത്തിയശേഷം ഇന്ത്യൻ കോഫി ഹൗസിലെ ഭക്ഷണത്തിന് ശേഷം ബസ് സ്റ്റാണ്ടിലെത്തിയപ്പോൾ മനസിൽ ആഗ്രഹിച്ച പോലെ ഒരു കാലിയായ ബസ്. അതും ഒരു ലോ ഫ്ലോർ എറണാകുളം എസി ബസ്. അങ്ങനെ ആദ്യമായി ഒരു ദീർഘ ദൂരം KSRTC എസി ബസിൽ. കൂടെ സംസാരിച്ചിരിക്കാൻ പുല്ലാട് ബ്രാഞ്ചിലെ കസ്റ്റമറും സുഹൃത്തുമായ അജീഷും. കിളിമാനൂർ ആയപ്പോൾ കോഫി ഹൗസും ബസിലെ അടച്ചിരിപ്പും കൂടി വയറ്റിൽ കിടന്ന് പ്രശ്നം ഉണ്ടാക്കാൻ തുടങ്ങി. കൂടാതെ അടുത്ത സമയത്തായി തുടങ്ങിയ നടുവേദനയും അലട്ടാൻ തുടങ്ങി. ഒരു വിധം ബസിൽ കൊട്ടാരക്കര എത്തി ചാടി വെളിയിൽ ഇറങ്ങി കുറെ നേരം നിന്നു കഴിഞ്ഞപ്പോൾ ഒരു ആശ്വാസം. അവിടെനിന്ന് പന്തളം വരെ നിന്ന് യാത്ര.
പന്തളത്ത് വന്നിറങ്ങി കുറച്ചുനേരം കഴിഞ്ഞപ്പോഴാണ് മനസിലായത് പേഴ്‌സ് പോക്കറ്റിൽ ഇല്ലായെന്നു. പോക്കറ്റടി തന്നെ. കൊട്ടാരക്കര വെച്ചു ചാടി ഇറങ്ങിയപ്പോൾ 2 – 3 പേര് മിന്നായം പോലെ വന്നു തട്ടിയത് കൂടി ആയപ്പോൾ ഉറപ്പിച്ചു, പോക്കറ്റടി തന്നെ. പേഴ്സിൽ മൂവായിരം രൂപ കൂടാതെ ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളുടെ ശേഖരം, ഡ്രൈവിംഗ് ലൈസൻസ്, കൂടാതെ ആന്ധ്രയിലെ കാറിന്റെ ആർസി ബുക്കും. പെട്ടെന്ന് തന്നെ കാർഡുകൾ എല്ലാം ബ്ലോക്ക് ചെയ്തു. ലൈസൻസ് ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ അരുൺ ഡ്രൈവിംഗ് സ്കൂളിൽ പോകാം എന്ന് വിചാരിച്ചു മനസിനെ സമാധാനിപ്പിച്ചപ്പോളാണ് ആന്ധ്രയിലെ ആർ സി ബുക്കിന്റെ കാര്യം ഓർമ വന്നത്. ഒരു വെള്ളിടി നെഞ്ചത്തുകൂടി പാഞ്ഞുപോയി, എന്തു തെലുങ്ക് പറഞ്ഞു ഇനി അത് ഒപ്പിക്കും എന്ന് ഓർത്ത്. കൂടാതെ ഇപ്പോൾ തെലുങ്കാനയിൽ ആണ് താമസവും!!. ആന്ധ്രയിലെ ഗാർഡിയൻമാരിൽ ഒരാളായ എം എസ് എൻ റെഡ്‌ഡിസാറിനെ രാവിലെ തന്നെ വിളിച്ചു അതിനും പരിഹാരം ഉണ്ടാക്കാം എന്നുപറഞ്ഞു മനസിനെ വീണ്ടും സമാധാനിപ്പിച്ചു.
അടുത്ത ദിവസം രാവിലെ തന്നെ നഷ്ടപെട്ടതിന്റെ എല്ലാം ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ ഇറങ്ങി. ബാങ്കിലേക്ക് കയറാൻ തുടങ്ങവെ ഒരു ഫോൺ വന്നു “ദീപു ജോണ്സണ് അല്ലെ, നിങ്ങളുടെ ഒരു പേഴ്‌സ് നഷ്ടപെട്ടിട്ടുണ്ടോ” എന്നു ചോദിച്ചുകൊണ്ട്.. ഹൃദയമിടിപ്പ് മിനുട്ടിൽ ഇരുനൂറിന് മുകളിലേക്ക് പോയ നിമിഷങ്ങൾ. “ഞാൻ എറണാകുളം KSRTC ഡിപ്പോയിൽ നിന്നാണ്. രാവിലെ ബസിൽ കയറിയപ്പോൾ കിട്ടിയതാണ്. നിങ്ങൾക്ക് ഭാഗ്യമുണ്ട്, വേറെ ആരുടെയും കയ്യിൽ അല്ല കിട്ടിയത്” എന്നു മറുതലക്കൽ. “പേഴ്സിൽ നിങ്ങളുടെ വിസിറ്റിംഗ് കാർഡ് കണ്ടിട്ട് വിളിക്കുകയാണ്. എവിടെയാണ് നിങ്ങളുടെ സ്ഥലം” എന്ന ചോദ്യത്തിന് ഞാൻ എവിടെ വേണമെങ്കിലും വന്നു മേടിച്ചോളാം എന്നു മറുപടി കൊടുത്തു.
“കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും ഇവിടെനിന്നും ബസ് പോകുന്നുണ്ട്. പറഞ്ഞാൽ മതി. അങ്ങോട്ടുള്ള ബസിൽ കൊടുത്തു വിടാം.” സ്ഥലം പന്തളം എന്നു പറഞ്ഞപ്പോൾ “ഉച്ചക്ക് 1.30നു അവിടെ എത്തുന്ന തിരുവനന്തപുരം ചിൽ ബസിൽ കൊടുത്തുവിടാം. ഈ നമ്പറിൽ വിളിച്ചാൽ മതി” എന്നു പറഞ്ഞു ഫോൺ വെച്ചു. കൃത്യം രണ്ടു മണിയായപ്പോൾ ബസ് പന്തളത്ത് എത്തി. എന്റെ പരിതാപകരമായ അവസ്‌ഥ കണ്ടപ്പോഴേ ഞാൻ ആണ് ഉടമസ്ഥൻ എന്നു മനസിലാക്കി ഡ്രൈവർ പേഴ്‌സ് കയ്യിലേക്ക് തന്നു. “നോക്കു എല്ലാം ഉണ്ടല്ലോ” എന്നു പറഞ്ഞ്. വിറയ്ക്കുന്ന കൈകളോടെ അത് മേടിച്ച് പരിശോധിച്ചു എന്നു വരുത്തി. അതിനു ശേഷം എന്റെ ഒരു സന്തോഷം എന്നുപറഞ്ഞു ഒരു ചെറിയ സമ്മാനം ഡ്രൈവറെ ഏൽപ്പിക്കാൻ ശ്രമിച്ചു. അതു നിരസിച്ചുകൊണ്ടു അദ്ദേഹം പറഞ്ഞ മറുപടി, “ഇതൊന്നും വേണ്ടാ, നിങ്ങൾ KSRTC യിൽ യാത്ര ചെയ്തല്ലോ, തുടർന്നും യാത്ര ചെയ്യുക, അതുമതി.”
KSRTC ജീവനക്കാർ പലരെയും സഹായിച്ച വാർത്തകൾ, പാസ്പോർട്ടുമായി വിമാനത്താവളത്തിൽ തിരിച്ചു പോയത് ഉൾപ്പടെ കെട്ടിട്ടുണ്ടെങ്കിലും എന്റെ ജീവിതത്തിലും ഒരു കഥ ഉണ്ടാകും എന്ന് വിചാരിച്ചിരുന്നില്ല. നിന്നെ ആയിരുന്നല്ലോ എന്റെ KSRTC ഞാൻ ഒരുകാലത്ത് ഏറ്റവും വെറുത്തത്? ഇനി ബാക്കി ഉള്ള കാലം, അത് നിന്നെകൂടി കൂടുതൽ സ്നേഹിക്കാൻ ഉള്ളതാണ്.