എല്ലാവരും എന്നോട് ചോദിക്കാറുണ്ട് ഇതുവരെ പോയതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ടതും, വീണ്ടും പോകാൻ തോന്നിക്കുന്നതുമായ സ്ഥലം ഏതാണെന്ന്. “മൂന്നാർ” എന്നാണു ഞാൻ അതിനുത്തരമായി പറയാറുള്ളത്. എന്താണെന്നറിയില്ല, പണ്ടുമുതലേ മൂന്നാറിനോട് എനിക്ക് എന്തോ ഒരു പ്രത്യേക അടുപ്പമുണ്ട്.
ബെംഗളൂരുവിൽ പഠിക്കുന്ന കാലത്ത് അവിടെ നിന്നും ഒറ്റയ്ക്ക് ബൈക്കിൽ കോയമ്പത്തൂർ വഴി മൂന്നാറിലെത്തി, പിന്നെ അവിടുന്ന് പത്തനംതിട്ടയിലേക്ക് പല പ്രാവശ്യം ഞാൻ യാത്ര ചെയ്തിട്ടുണ്ട്. അന്നത്തെ യാത്രകളിൽ മറയൂർ ഭാഗം കഴിഞ്ഞു മൂന്നാറിലേക്ക് വരുന്ന സമയം പെട്ടെന്ന് തണുപ്പ് ജാക്കറ്റിനുള്ളിലേക്ക് അരിച്ചു കയറുന്ന അനുഭവം എനിക്കേറെ പ്രിയപ്പെട്ട നിമിഷങ്ങളിലൊന്നായിരുന്നു.
തേയിലത്തോട്ടങ്ങൾ ആണെന്നു തോന്നുന്നു മൂന്നാറിനെ ഇത്രയ്ക്ക് സുന്ദരിയാക്കിയത്. കൂടാതെ തണുത്ത കാറ്റിനൊപ്പം യൂക്കാലി മരങ്ങളുടെ മണവും മൂന്നാറിന്റെ ഒരു പ്രത്യേകത തന്നെയാണ്. ചില സമയങ്ങളിൽ ഈ മണം വളരെ അസ്സഹനീയമാണെങ്കിൽപ്പോലും.
എന്റെ കരിയർ യാത്രകളിലാണ് എന്ന് ഞാൻ മനസ്സിലാക്കുന്നത് മൂന്നാറിൽ വെച്ചാണ്. ഞാൻ വന്ന വഴികളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ, ഏതാണ്ട് 3 വർഷം മുൻപ് മൂന്നാറിൽ വെച്ചാണ് Tech Travel Eat നോടൊപ്പമുള്ള എൻ്റെ യാത്രകളുടെ ആരംഭം. ഞാൻ ഇതുവരെ ചെയ്ത വീഡിയോകൾ നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും പല വീഡിയോയ്ക്കും മൂന്നാർ പശ്ചാത്തലമായിട്ടുണ്ട്. അതെ, എന്റെ ജീവിതത്തിൽ ഞാൻ എത്ര തവണ മൂന്നാർ സന്ദർശിച്ചിട്ടുണെന്ന് എനിക്ക് തന്നെ അറിയില്ല.
മനസ്സും ശരീരവും ഒന്ന് ശാന്തമാക്കുവാൻ ഇടുക്കി എന്നെ വളരെയധികം സഹായിക്കുന്നുണ്ട്. ഇനിയും കണ്ടു തീരാത്ത ഒട്ടേറെ കാഴ്ചകൾ ഇടുക്കി ജില്ലയിൽ ഉണ്ട്. എങ്കിലും എന്തോ ഒരു പ്രത്യേക ശക്തി എന്നെ ഇപ്പോഴും മൂന്നാറിലേക്ക് ആകർഷിക്കുന്നുണ്ട്. ഏത് വിദേശ രാജ്യത്ത് പോയാലും തിരികെ വന്നയുടൻ ഞാനൊരു മൂന്നാർ യാത്ര പോകും. എന്തോ വല്ലാത്ത ഒരു പ്രണയമാണ് എനിക്ക് മൂന്നാറിനോട്.
എൻ്റെ മൂന്നാർ പ്രണയം ഭാര്യ ശ്വേതയ്ക്കും പകർന്നു കിട്ടി എന്നത് എനിക്ക് വളരെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്. അല്ലെങ്കിൽത്തന്നെ മൂന്നാർ എന്ന വശ്യസുന്ദരിയെ ആർക്കാണ് ഇഷ്ടമല്ലാത്തത്? വിവാഹശേഷം ഞങ്ങളൊന്നിച്ച് ധാരാളം തവണ മൂന്നാറിൽ പോയിട്ടുണ്ട്. ഇനിയും പോകും. പോകണം… അതാണല്ലോ ശീലം..!!
മൂന്നാറിനെക്കുറിച്ചോർക്കുമ്പോൾ എനിക്ക് ഒരു വിഷമം കൂടിയുണ്ട്. മറ്റൊന്നുമല്ല, മൂന്നാറിലെത്തുന്ന ഭൂരിഭാഗം സഞ്ചാരികളും എണ്ണപ്പെട്ട ചില സ്ഥലങ്ങൾ മാത്രം സന്ദർശിച്ചു മടങ്ങാറാണ് പതിവ്. എന്നാൽ ഇതിലും നന്നായി മൂന്നാറിനെ ആസ്വദിക്കാൻ, മൂന്നാറിൻ്റെ ജീവൻ തുടിക്കുന്ന ഒത്തിരി സ്ഥലങ്ങൾ ടൗണിൽ നിന്നും മാറി സ്ഥിതിചെയ്യുന്നുണ്ട്. അത്തരം ഇടങ്ങളിലെ നിശബ്ദവും വന്യവുമായ പ്രകൃതിയെ ആസ്വദിക്കുവാനാണ് എൻ്റെ ഓരോ മൂന്നാർ യാത്രയും.
ലോകം മുഴുവനും കോവിഡ് മൂലം കഷ്ടതകളനുഭവിക്കുന്ന ഈ സമയത്ത് മൂന്നാറിനും പറയുവാനുണ്ട് കുറെ നഷ്ടങ്ങളുടെ കഥകൾ,
മൂന്നാറിനെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യജീവിതങ്ങളുടെ കണ്ണീരിൻ്റെ കഥകൾ… എല്ലാം എത്രയും പെട്ടെന്നു മാറട്ടെ… മൂന്നാർ പഴയതിലും സുന്ദരിയായി, ഏവരെയും സ്വാഗതം ചെയ്യുന്ന ഒരു ദിവസം വരും… അത് അധികം അകലെയല്ല.
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, ഇന്നല്ലെങ്കിൽ നാളെ നിങ്ങളും പ്രണയിക്കും മൂന്നാറിനെ. അതെ, തെക്കിൻ്റെ സ്വന്തം കശ്മീർ എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം മൂന്നാറിനെ.