ഖൽബിലെ മായാത്ത സൂര്യോദയം; ചങ്ക് ചെങ്ങായിമാരോടൊപ്പം കണ്ട കാഴ്ച…

വിവരണം – RaMi’s Møhd.

കിനാവുകളുടെ കൂമ്പാരമായിരുന്നു അറേബ്യൻ മണ്ണിലെ ഓരോ ദിനങ്ങളിലും.. കുറഞ്ഞ ദിവസങ്ങളിൽ ഈ ദുന്യാവ് മുഴുവൻ ചുറ്റണം. പടച്ചോന്റെ ദുന്യാവിൽ കാണാൻ കാഴ്ചകൾ ഏറെയാണല്ലോ. നാട്ടിലെത്തീട്ട് പതിവ് തിരക്കുകളൊക്കെ കഴിഞ്ഞ് ചങ്ക് ചെങ്ങായിമാരോടൊപ്പം മരിച്ചാലും മറക്കാനാവാത്ത ഓർമ്മകൾ തേടി ഒരു യാത്ര.

‘BACK BENCHERS’ ജീവിതത്തിൽ പടച്ചോൻ ഞമ്മക്ക് തന്ന മുത്ത്മണികൾ. നീണ്ട 2 വർഷങ്ങൾക്ക് ശേഷം 7 പേരിൽ ഞങ്ങൾ 5 പേർ ഒരുമിച്ച് കൂടി. പിന്നെ തീരുമാനം ഒന്നുമാകാത്ത പ്ളാനിങ്ങ്. അവസാനം അങ്ങട്ട് പോകാൻ തീരുമാനിച്ചു. നേരെ ഇടുക്കി. നട്ടപ്പാതിരക്ക് എടപ്പാളും ചങ്ങരംകുളവും തൃശൂരും അങ്കമാലിയും കടന്ന് പെരുമ്പാവൂർ എത്തിയപ്പൊ സുലൈമാനി കുടിക്കാൻ വണ്ടി നിർത്തിയപ്പൊ ഒന്നൂടെ പ്ളാനിങ്ങ്.

അങ്ങനെ ചായ കടക്കാരനും ഗൂഗിൾ മച്ചാനും പല പല സ്ഥലങ്ങൾ പറഞ്ഞു തന്നപ്പൊ ഇലവീഴാ പുഞ്ചിറ ഖൽബിൽ പതിഞ്ഞു. ന്നാ പിന്നെ അങ്ങട്ട് പോവാന്ന് തീരുമാനിച്ചു. ബാക്കി അവിടെ ചെന്നിട്ടാവാന്നും. ചുറ്റും റബ്ബർ മരങ്ങളും നല്ല ഇരുട്ടും മാത്രം. പുഞ്ചിറ അടുക്കും തോറും തണുപ്പും കൂടി അതിലുപരി ഇരുട്ടും കൂടിക്കൂടി വന്നു..
ഇലവീഴാ പൂഞ്ചിറ 5 km ബോർഡ് കണ്ടപാടെ അങ്ങട്ട് തിരിച്ചു. പക്ഷേങ്കില് നല്ല മുട്ടൻ പണിയില് പെട്ടു. കട്ട off road. ഞാൻ കേറൂലാന്ന് കാർ വളരെ ദേശ്യത്തോടെ പറഞ്ഞു…”ന്നാ മ്മക്ക് നടന്നു കേറാന്ന് ചങ്ക്”. തടി അനക്കി ശീലമില്ലാത്തോണ്ട് സങ്കടത്തോടെ സമ്മതം അറിയിച്ചു.

നല്ല തണുപ്പത്ത് ഒരു കുപ്പി വെള്ളം പോലും എടുക്കാതെ നടത്തം തുടങ്ങി. കുറച്ചു നടന്നതും ക്രഷർ ക്വാറീൽക്ക് പോകുന്ന ടിപ്പർ ചേട്ടൻ ഞങ്ങളോട് ചോദിച്ചു. പൂഞ്ചിറക്കാണോന്ന്. ആന്ന് പറഞ്ഞതും 3 km വരെ ഞാനുണ്ട്. പോരണോന്ന് മൂപ്പരും. ചെങ്ങാമാരിൽ 3 പേർ ഓടി ഡ്രൈവർ ചേട്ടന്റെ അടുത്ത് കയറി. ഞാനും മ്മടെ ചങ്കും ടിപ്പറിന്റെ പിന്നീലും. കുലുങ്ങി കുലുങ്ങി ആ വഴിയെ പിന്നിടുന്ന ഓരോ നിമിഷവും ഭൂമിയുടെ സൗന്ദര്യം കൂടിവന്നിരുന്നു. കണ്ണിൽ പതിയുന്ന പൂഞ്ചിറയുടെ വശ്യമായ സൗന്ദര്യം ശരീരത്തിൽ തുളച്ചുകേറുന്ന തണുപ്പിനെ എതിർത്തു കൊണ്ടേയിരുന്നു.

3 km എത്തി ടിപ്പർ ചേട്ടന് തീർത്താൽ തീരാത്ത നന്ദിയും പറഞ്ഞു നടത്തം ആരംഭിച്ചു. ആളുകൾ എഴുനേറ്റ് തുടങ്ങിയിരുന്നു. ശരീരത്തിനെ ബാധിച്ച എല്ലാ ക്ഷീണങ്ങളേയും കരിച്ചു കളയുന്ന കാഴ്ചയായിരുന്നു പൂഞ്ചിറയിലെ സൂര്യോദയം.
കിഴക്കൻ ചക്രവാളത്തിൽ സൂര്യൻ അതിന്റെ മഴുവൻ സൗന്ദര്യവും ഞങ്ങൾക്ക് മുന്നിൽ കാണിച്ചു തന്നു. പരന്നു കിടക്കുന്ന ഭൂമിയിലെ ഓരോ പുൽ നാമ്പുകളേയും പ്രകാശപൂരിതമാക്കാൻ അങ്ങേർക്കല്ലെ കഴിയൂ. ജീവിതത്തിൽ മറക്കാൻ പറ്റാത്ത കാഴ്ചകളിലേക്ക് ഞാൻ കയറി തുടങ്ങിയിരിക്കുന്നു. കൺകുളിർക്കെ ഉദയ കാഴ്ച കണ്ട് പൂഞ്ചിറ മൊത്തത്തിൽ നടന്നു. അങ്ങ് ദൂരെ കുരിശുമലയും കണ്ടുകൊണ്ട് ആ പാറപ്പുറത്ത് അങ്ങനെ കിടന്നു.