വിവരണം – ആര്യ ഷിജോ (Travel Couple).
ഗാന്ധിജയന്തി ദിനത്തിനു മണിക്കൂറുകൾ ബാക്കി നിൽക്കെ ഉൽഭവിച്ചൊരു ആശയമായിരുന്നു ഇടുക്കിയിലെ അഞ്ചുരുളി യാത്ര. ആ തീരുമാനത്തിൽ എത്തിച്ചേർന്നത് രാത്രിയുടെ അന്ത്യയാമങ്ങളിൽ ആയതു കൊണ്ടുതന്നെ യാത്രയെ കുറിച്ച് വ്യക്തമായ പ്ലാനിംഗ് ഒന്നും തന്നെ ഇല്ലായിരുന്നു. കുഞ്ഞുവാവയെ നൈസ് ആയിട്ട് ഒഴിവാക്കി വെളുപ്പിന് 5 മണിക്ക് ഞങ്ങളുടെ കുടു കുടു വണ്ടിയുമായി പുറപ്പെട്ടു. മാപ്പിൽ പോത്താനിക്കാട് വണ്ണപ്പുറം വഴി അഞ്ചുരുളി എന്ന് set ചെയ്ത് “ഗൂഗിൾ അമ്മച്ചീ.. കാത്തോളി…” എന്നും വിളിച്ചൊരു പോക്കായിരുന്നു.
ആ കൊച്ചുവെളുപ്പാംകാലത്ത് കോടമത്തിന്റെ പുതപ്പും പുതച്ച് ആലസ്യത്തിൽ നിൽക്കുന്ന ഇടുക്കി പെണ്ണിനെ സ്വപനം കണ്ട് ഞങ്ങൾ മുന്നോട്ട് പോയി
ഗൂഗിൾ മാപ്പിനോടുള്ള ഞങ്ങളുടെ അടിയുറച്ച വിശ്വാസത്തിന്നെ വഞ്ചിച്ചു കൊണ്ട് ഞങ്ങളുടെ ഫോൺ ആദ്യത്തെ തേപ്പ് തന്നു. ഗൂഗിളുമായുള്ള എല്ലാ ബന്ധവും വിഛേദിക്കപ്പെട്ട സാഹചര്യത്തിൽ ആരോടൊക്കെയോ ചോദിച്ച് ചോദിച്ച് ഞങ്ങൾ മുന്നേറിക്കൊണ്ടിരുന്നു.
നല്ല കാപ്പി പൂവിന്റെ മണമുള്ള കാറ്റുംകൊണ്ട് ഞങ്ങൾ അഞ്ചുരുളിയിൽ എത്തിയപ്പോൾ ഏകദേശം 10 മണി കഴിഞ്ഞിരുന്നു. അഞ്ചുരിളിയിലെ പ്രധാന ആകർഷണം എന്ന പറയുന്നത് 1980 ൽ പൂർത്തീകരിച്ച 5.2 Km നീളം വരുന്ന തുരങ്കമാണ്. അഞ്ചുരുളി മുതൽ ഇരട്ടയാർ വരെ ഒറ്റപ്പാറയിൽ നിർമ്മിച്ചതാണ് ഈ തുരങ്കം. ഇന്ത്യയിൽ ഒറ്റപ്പാറയിൽ നിർമ്മിച്ച ഏറ്റവും വലിയ തുരങ്കങ്ങളിൽ ഒന്നാണ് അഞ്ചുരുളി. കല്യാണതണ്ട് മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് ഈ തുരങ്കം നിർമ്മിച്ചിരിക്കുന്നത്. ഇരട്ടയാറ്റിൽ ഡാം നിർമ്മിച്ച് വെള്ളം തടഞ്ഞുനിർത്തി ഈ തുരങ്കം വഴി ഇടുക്കി ജലാശയത്തിൽ എത്തിക്കും, ഈ ജലാശയത്തിൻ 5 മകൾ നിരനിരയായി ഉരുളി കമഴ്ത്തിയത് പോലെ ഇരിക്കുന്നതിനാൽ ആദിവാസികൾ ഇട്ട പേരാണ് അഞ്ചുരുളി എന്നത്.
അഞ്ചുരുളിയിൽ അല്പനേരം ചിലവഴിച്ചതിന് ശേഷം അവിടുന്ന് 12 KM അപ്പുറത്തുള്ള അയ്യപ്പൻ കോവിലിലേക്ക് പുറപ്പെട്ടു. 1500 വർഷം മുൻപ് ശ്രീരാമചന്ദ്രൻ സ്ഥാപിച്ച പുരാതന ക്ഷേത്രവും 2010ൽ പണികഴിപ്പിച്ച കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലങ്ങളിൽ ഒത്തുമാണ് അവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. അര മണിക്കൂറിനുള്ളിൽ ഞങ്ങൾ അവിടെ എത്തി.. തിരക്ക് വളരെ കുറവായതുകൊണ്ട് ഇളം ചൂടേറ്റ് അവിടെയുള്ള ജലാശയത്തിലൂടെ വഞ്ചിയിൽ കുറേ സമയം യാത്ര ചെയ്യാൻ സാധിച്ചു. ഇല്ലിക്കാടുകൾ നിറഞ്ഞ വിജനമായ കാട്ടുപാതയിലൂടെ നമുക്ക് ഒരു പാടുനേരം നടക്കുകയും ചെയ്യാം കുറേ നേരം ആതാഴ്വാരയിലെ പുൽതകിടിയിൽ തടാകത്തിലെ കുഞ്ഞോളങ്ങളും നോക്കിയിരുന്നിട്ട് ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു.
പ്രളയത്തെ തോല്പിച്ച ചെറുതോണി പാലവും കടന്ന് ഇടുക്കി ഡാമിന്റെ ചില ഭാഗങ്ങളും കണ്ട് ഞങ്ങൾ നേര്യ മംഗലം ലക്ഷ്യംവച്ച് മുന്നോട്ട് പോന്നു..ആൾവാസ പ്രദേശങ്ങൾ പിന്നിട്ട് കാട്ടുവഴിയിൽ എത്തിയപ്പോൾ ഞങ്ങൾക്കു കൂട്ടായി മഴത്തുള്ളികളും എത്തി. കുഞ്ഞു ചാറ്റലായിതുടങ്ങി അല്പസമയത്തിനുള്ളിൽ അത് ഒരു പേമാരിയായി ഞങ്ങളിൽ പെയ്തിറങ്ങി. ഞങ്ങൾ കടന്നു പോരുന്ന ആ വമ്പൻ മല വെള്ളച്ചാട്ടമായി രൂപാന്തരം പ്രാപിച്ച പോലെ തോന്നി.
പലപ്പോഴും റോഡിന്റെ മദ്ധ്യഭാഗം വരെ വെള്ളച്ചാട്ടത്തിന്റെ അടിയിലായിരുന്നു. അതിനടിയിലൂടെയുള്ള ബൈക്ക് യാത്ര തന്ന അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റില്ല. അല്ലേലും ചിലത് ഒക്കെ അനുഭവിച്ച് തന്നെ അറിയണം… മഴയ്ക്ക് ഒപ്പം മഞ്ഞുംകൂടി എത്തിയപ്പോൾ ഞങ്ങൾ രണ്ടും സ്വപന ലോകത്ത് എത്തിയ അവസ്ഥയിലായി. ഏതായാലും 4 മണികൂർ നിർത്താതെ പെയ്ത മഴയും കൊണ്ട് നനഞ്ഞ് കുളിച്ച് 7.30യോട് കൂടി വീട്ടിൽ എത്തുമ്പോഴും തോരാത്ത മഴയിൽ അടുത്ത ഒരു ബൈക്ക് യാത്ര സ്വപ്നം കാണുകയായിരുന്നു ഞങ്ങൾ.