വിവരണം – ദയാൽ കരുണാകരൻ.
ന്യൂദെൽഹി, 2020 ജനുവരി 3 രാവിലെ 11:00. ഇനി ഞങ്ങളുടെ ട്രെയിൻ സ്റ്റേഷൻ വിടാൻ 25 മിനിട്ടു മാത്രം. സ്റ്റേഷന്റ്റെ പഹാട്ഗഞ്ജ് ഭാഗത്തെ പ്ളാറ്റ്ഫോമിലേക്ക് കയറാൻ കാത്തു നില്ക്കുകയാണ് ഞാനും പുത്രൻമാരും. പക്ഷെ എന്റെ വൈഫും അനന്തിരവളും ഇതുവരെ എത്തിയിട്ടില്ല. അതുകൊണ്ടാണ് ഞങ്ങൾ പ്ളാറ്റ്ഫോമിൽ കയറാതെ പുറത്തു നില്ക്കുന്നത്. അവരാകട്ടെ പഹാട്ഗഞ്ജിലെ ഡ്രൈഫ്രൂട്സ് ഷോപ്പിൽ മറന്നു വച്ച മൊബൈൽ ഫോണെടുക്കാൻ പോയതാണ്. യാത്രക്കിടയിൽ ഇത്തരം മറവികൾ പതിവാണ്.
അവർ പഹാട്ഗഞ്ജിലേക്ക് പോയതിന് ശേഷം ഞാനും വൈവും തമ്മിൽ ലൈവ് കോളിലായിരുന്നു. കാരണം അത്രയ്ക്കായിരുന്നു ആ സമയത്തെ എന്റെ ഉൽക്കണ്ഠ. ട്രെയിൻ വിടുന്നതിന് മുമ്പ് എത്തിയില്ലെങ്കിൽ ട്രാവൽ ഷെഡ്യൂൾ ആകെ തെറ്റും. ആ സമയത്ത് ദെൽഹി എയർപോർട്ട് കനത്ത മൂടൽ മഞ്ഞു മൂലം പല ഷെഡ്യൂളുകളും റദ്ദാക്കപ്പെട്ടിരുന്ന അവസ്ഥയിലായിരുന്നു. ആ ദിവസങ്ങൾ ദില്ലിയുടെ 119 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ശൈത്യമേറിയ ദിനങ്ങളായിരുന്നു. ഫ്ളൈറ്റിൽ തിരുവനന്തപുരത്തേക്ക് എന്നതും അപ്പോൾ പ്രയാസകരമായിരുന്നു.
ആ സമയത്ത് ഓൺലൈൻ ട്രാവൽ സൈറ്റുകളിൽ ട്രെയിൻ ടിക്കറ്റിന് ഭാഗ്യപരീക്ഷണം നടത്താമെന്നേയുള്ളൂ. ഉറപ്പില്ലായിരുന്നു. പിന്നെ സാദ്ധ്യമാകുന്നത് അടുത്ത ദിവസത്തെ ഏതെങ്കിലും ദെൽഹി – തിരുവനന്തപുരം ട്രെയിനിൽ ഏതെങ്കിലും കേരളാ എംപിയുടെ എമർജെൻസി ക്വോട്ടാ സംഘടിപ്പിക്കുക എന്നതായിരുന്നു. അതായത് ഒരു ദിവസം കൂടി ദെൽഹിയിൽ തങ്ങണമെന്ന് സാരം. തന്നെയുമല്ല എമർജെൻസി ക്വോട്ട ചിലപ്പോൾ ഉറപ്പുമില്ല. അങ്ങനെ ആകെകൂടി ഞാൻ വല്ലാത്ത അവസ്ഥയിലായിരുന്നു അപ്പോൾ. ഞങ്ങൾക്ക് ജനുവരി 5 ന് തിരുവനന്തപുരത്ത് എത്തേണ്ടത് അടിയന്തിരവുമായിരുന്നു. അതായത് ഞങ്ങളുടെ ആ ട്രെയിൻ ഒരു കാരണവശാലും നഷ്ടപ്പെടാൻ പാടില്ലാത്തതാണെന്ന്.
സ്റ്റേഷനിൽ നിന്ന് പഹാട്ഗഞ്ജിലെ ഷോപ്പിലേക്ക് കഷ്ടിച്ച് 750 മീറ്റർ മാത്രമേ കാണൂ. അവർ പോയിരിക്കുന്നത് ഒരു ഓട്ടോയിലാണ്. അങ്ങോട്ടും ഇങ്ങോട്ടും പരമാവധി 15 മിനിട്ട്. പക്ഷേ പഹാട്ഗഞ്ജിലെ മാർക്കറ്റ് റോഡ് കണ്ടിട്ടുള്ളവർക്ക് സ്ഥിതി ആലോചിക്കാവുന്നതാണ്. തിരുവനന്തപുരത്ത് ചാലയിലേക്കാൾ, എറണാകുളം ബ്രോഡ് വേയെക്കാൾ ഇരട്ടി തിരക്കും പൊടിയുമുള്ള കാറും ഓട്ടോറിക്ഷയും സൈക്കിൾ റിക്ഷയും വിദേശികളും സ്വദേശികളും ഇഴഞ്ഞു നീങ്ങുന്ന തെരുവ്. കൂടാതെ ആ തെരുവ് ൠഷഭ വീരന്മാരുടെയും ഗോമാതാക്കളുടേതും കൂടിയാണ്. ആ സമയത്ത് അവിടെ ഷോപ്പുകളിൽ ആൾത്തിരക്കു കൂടിയ സമയവുമായിരുന്നു.
ഫലത്തിൽ ന്യൂദെൽഹി റയിൽവേ സ്റ്റേഷന്റെ മുൻവശത്തെ ലോബിയിലാണ് ഞാൻ അപ്പോൾ നിന്നിരുന്നതെങ്കിലും ലൈവ് ഫോൺ കോളിലൂടെ അപ്പോൾ എന്റ്റെ മനസ്സ് പഹാട്ഗഞ്ജ് തെരുവിൽ തിക്കിത്തിരക്കി ഇഴയുന്ന ആ ഓട്ടോറിക്ഷയിൽ അവർക്ക് ഒപ്പമാണുണ്ടായിരുന്നത്. അപ്പോൾ സ്റ്റേഷനിലെ ഞാൻ നിന്ന ഫ്രണ്ട് ലോബിയിൽ പ്ളാറ്റ്ഫോമിലെ റെയിൽവേ അനൗൺസ്മെന്റ്റുകൾ അനുസ്യൂതം കേട്ടുകൊണ്ടേയിരുന്നു. 12626 ന്യൂദെൽഹി- തിരുവനന്തപുരം കേരളാ എക്സ്പ്രസ് 11 മണി 25 മിനിറ്റിന് മൂന്നാം നമ്പർ പ്ളാറ്റ്ഫോമിൽ നിന്നും പുറപ്പെടുന്നു. അപ്പോൾ ആ അനൗൺസ്മെന്റ്റിനും വൈഫിന്റ്റെ ലൈവ് കമന്ട്രിക്കും ഇടയിൽ ഞാൻ അങ്ങനെ പുകഞ്ഞു നിന്നു.
ഇതിനിടയിൽ പോർട്ടിക്കോയിൽ വണ്ടിയിറങ്ങുമ്പോൾ രണ്ടു പോർട്ടർമാർ ഞങ്ങളുടെ 4 ട്രോളി ബാഗെജുകളെ നോട്ടമിട്ടു ചുറ്റിനിന്നു. ഒരുവൻ ആദ്യമേ വന്നു ഏതു വണ്ടിക്കാണ് പോകേണ്ടതെന്നു തിരക്കി. ഇതിനിടയിൽ ഞാൻ അവരുടെ 500 രൂപ ചാർജ്ജ് 200 രൂപയിൽ പറഞ്ഞുറപ്പിച്ചു. ഉടനെ പ്ളാറ്റ്ഫോമിലേക്ക് പോകണമെന്നും കാരണം മൂന്നാം പ്ളാറ്റ്ഫോമിലേക്കുള്ള ഓവർപാസ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുന്നതിനാൽ ചുറ്റിക്കറങ്ങി പോകണമെന്നും വൈകുന്തോറും ബുദ്ധിമുട്ടാകുമെന്നും അയാൾ ഓർമ്മിപ്പിച്ചു. ആ നേരത്തെ എന്റെ അവസ്ഥയിൽ ഞാൻ അയാളുടെ വാക്കുകളെ അത്ര ഗൗനിച്ചിരുന്നില്ല. 25 മിനിട്ട് ബാക്കിയുണ്ടല്ലോ. വൈഫും അനന്തിരവളും എന്തായാലും 15 മിനിട്ടിനുള്ളിൽ എത്തും. എത്തിയാൽ ഉടനെ പ്ളാറ്റ്ഫോമിലേക്ക് പോകാമല്ലോ. അത്യാവശ്യം സമയമുണ്ടല്ലോ. അങ്ങനെയായിരുന്നു എന്റെ ചിന്ത.
ഇതിനിടയിൽ ഞാൻ അനന്തിരവളുടെ റണ്ണിംഗ് കമന്ട്രി കേട്ടു. അവർ മടങ്ങിവരുന്ന ഓട്ടോ നല്ല തിരക്കിൽ കുരുങ്ങി കിടക്കുകയാണെന്ന്. ഉടനെ അവിടെ നിന്നും നീങ്ങാൻ പറ്റാത്ത അവസ്ഥയെന്നും. ഞാൻ സമയം നോക്കി 11:10. ഇനി ട്രെയിൻ നീങ്ങാൻ 15 മിനിട്ട് ബാക്കി. എനിക്ക് ട്രെയിൻ മിസ് ആകുമോയെന്ന ആധിയായി. അങ്ങനെ ഞാൻ അവർ വരുന്നതും കാത്ത് അക്ഷമനായി തുടരുകയാണ്.
സമയം 11:15 പോർട്ടർമാരുടെയും ക്ഷമ നശിക്കുകയാണ്. ഓവർപാസ്സിലെ ബ്ളോക്കും ചുറ്റിക്കറങ്ങലും അവർ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. വൈഫിന്റ്റെ ലേറ്റസ്റ്റ് അപ്ഡേറ്റ് വന്നു. അവരുടെ ഓട്ടോ റെയിൽവെ സ്റ്റേഷന്റെ മുമ്പിലെ സിഗ്നലിൽ എത്തി. സമയം 11:17, 8 മിനിട്ട് ടു കംപാർട്മെന്റ്. എൻ്റെ ആധിയും വ്യാധിയും കൂടി. ഇതിനിടയിൽ പോർട്ടർമാർ കോപാകുലരായി പിണങ്ങി മാറി. അവർ ആദ്യമേ തന്നെ എനിക്ക് 500 രൂപ വിലയിട്ടു വന്നതാണ്. അത് നടക്കാതെ വന്നതിന്റ്റെ അരിശം അവരുടെ ശരീര ഭാഷയിൽ പ്രതിദ്ധ്വനിക്കുന്നുണ്ട്. ഒരു തരം ഗുണ്ടാ ഭാഷ. ഇതിനിടയിൽ വൈഫുമായിട്ടുള്ള ഫോൺ ബന്ധവും വിട്ടു.(ഫോൺ ഒരിക്കലും കൃത്യമായി ചാർജ് ചെയ്യില്ല!).
സമയം 11:20, ഇനി 5 മിനിട്ട് ബാക്കി. ഒടുവിൽ ഞാൻ പ്ളാറ്റ്ഫോമിലേക്ക് നീങ്ങാൻ തീരുമാനിച്ചു. പോർട്ടർമാർ ഇത്തിരി മാറി നില്ക്കുകയാണ്. ഞാൻ കൈകാണിച്ചപ്പോൾ അവർക്ക് കട്ട ജാഡ. ഞാൻ പെട്ടു. ബാക്കി 5 മിനിട്ട് സമയം, 5 പെട്ടി, ഇങ്ങോട്ട് പോ എന്നു പറഞ്ഞാൽ അങ്ങോട്ട് പോകുന്ന 2 കുട്ടികൾ, സർവ്വോപരി മൂന്നാം പ്ളാറ്റ്ഫോമിലെ കൃത്യം A2 കോച്ച് പൊസിഷനിലേക്ക് പെട്ടെന്ന് എത്താനുള്ള വഴിയും എനിക്കറിഞ്ഞു കൂടാ.
ഒടുവിൽ എന്റെ യാചനാ ആംഗ്യം ഒരു വിലപേശൽ തന്ത്രമാക്കി അവർ വന്നു. (അത് ഒടുവിൽ സുഹൃത്തുക്കൾക്ക് മനസ്സിലാകും!) ട്രോളി ലെഗെജുകൾ രണ്ടാളും തോളിലെടുത്തു. പിന്നെ അവർ നടന്നു. ഞങ്ങൾ വാലു പോലെ പിന്നാലെയും. ഏതു വഴിയൊക്കെ ആണെന്ന് ഒരു തിട്ടവുമില്ല. ചില ഓട്ടോറിക്ഷക്കാരെ പോലെ ചുറ്റിക്കറക്കിയതാണോയെന്നും അറിഞ്ഞു കൂടാ.
സമയം 11:24 ഞങ്ങൾ കംപാർട്മെന്റ്റിലെത്തി.
പോർട്ടർമാരോട് ലെഗെജുകൾ ഡോറിനടുത്ത് വാഷ്റൂമിന് അടുത്ത് വക്കാൻ പറഞ്ഞു. വൈഫിനും അനന്തരവൾക്കും എത്താനായില്ലെങ്കിൽ പെട്ടെന്ന് എടുത്തു കൊണ്ടിറങ്ങണമല്ലോ. ഞാൻ പോർട്ടർമാർക്ക് പണം കൊടുക്കാനായി പഴ്സെടുത്തു. പഴ്സിൽ നൂറിന്റ്റെ രണ്ടു മൂന്നു നോട്ടുകളെയുള്ളൂ. പോർട്ടർമാരുടെ മുഖഭാവം പരോക്ഷമായി എനിക്ക് കാണാം. വെരി അൺപ്ളസന്റ്റ്.
പറഞ്ഞുറപ്പിച്ച 200 രൂപ നീട്ടി. ഉടനെ പ്രതികരണം വന്നു “പാഞ്ച് സൗ.” അത് മുഠാളത്തരമാണെന്ന് എനിക്കറിയാം. ഇന്ത്യയിലെന്നല്ല വിദേശത്തായാലും ആരുടെയും മുഠാളത്തരം വകവച്ചു കൊടുക്കുന്ന മനസ്സല്ല എന്റ്റേത്. (ചുമ്മാ.. ഭീരുവായ ഒരു സാധു മനുഷ്യൻ. മനസ്സ് അങ്ങനെ പലതും പറയും. തല്ലു കൊണ്ടാൽ വേദനിക്കുന്നത് ശരീരത്തിനല്ലേ!).
പക്ഷെ ആ സമയത്ത് ഞാൻ കടന്നു പോകുന്ന പ്രത്യേക മാനസ്സികാവസ്ഥ പരിഗണിച്ച് അയാൾ പറഞ്ഞ 500 രൂപ ജാക്കറ്റിന്റ്റെ പോക്കറ്റിൽ നിന്നെടുത്ത് അയാളുടെ നേരെ നീട്ടി. ഇത്തിരി ഇളിഭ്യതയോടെ ആ പണം വാങ്ങി എനിക്ക് ശുക്രിയായും പറഞ്ഞു പെട്ടെന്ന് അവിടെ നിന്നും അവർ നിഷ്ക്രമിച്ചു. വൈഫും അനന്തിരവളും വരുന്നോയെന്ന് നോക്കി. അവർ ഇല്ലെങ്കിൽ ട്രെയിൻ നീങ്ങും മുമ്പേ ലെഗെജുമായി പുറത്തിറങ്ങണമെന്ന് പുത്രൻമാർക്ക് നിർദ്ദേശവും കൊടുത്തിരുന്നു.
സമയം 11:25, ഞാൻ അനന്തിരവളുടെ ഫോണിലേക്ക് വിളിച്ചു. വൈഫിന്റ്റെ സ്വരം “ഞങ്ങൾ ട്രെയിനിന് അടുത്തെത്തി.” ഹാവൂ ആശ്വാസമായി. ട്രെയിൻ പതിയെ ഉരുണ്ടു തുടങ്ങി. ഞാൻ ഫോണിൽ പറഞ്ഞു. “നിങ്ങൾ ഏതെങ്കിലും കംപാർട്മെന്റ്റിൽ കയറുക. അടുത്ത സ്റ്റേഷനിൽ മാറിക്കയറാം.” ഉരുണ്ടു തുടങ്ങിയ ട്രയിൻ ഒന്നു ബ്രേക്ക് ചെയ്തപോലെ. ഞാൻ പുറത്തേക്ക് വലിഞ്ഞു നോക്കി. രണ്ടു മൂന്നു കോച്ചുകൾക്ക് പിന്നിലായി വൈഫും അനന്തിരവളും ഓടിവരുന്നു. ട്രെയിൻ വീണ്ടും ഉരുണ്ടു തുടങ്ങുന്നതിന് മുമ്പ് അവർ ആ കംപാർട്മെന്റ്റിലേക്ക് കയറി. പിന്നീട് കംപാർട്മെന്റ് കോറിഡോർ വഴി ഞാൻ നിന്ന കംപാർട്മെന്റ്റിലെത്തി. അപ്പോഴേക്കും ട്രെയിൻ ശരിക്കും ഉരുണ്ടു തുടങ്ങിയിരുന്നു.
അവർ വല്ലാതെ ആധിപിടിച്ചിരുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ അകമേ ആശ്വാസം കൊണ്ടു. എങ്കിലും ഫോൺ മറന്നു വച്ച് യാത്രയിൽ പൊല്ലാപ്പുണ്ടാക്കിയ എന്റെ വൈഫിനോട് എനിക്ക് കടുത്ത ദേഷ്യമുണ്ടായി. ആ നീരസം എന്റെ മുഖത്ത് നിഴലിച്ചു കിടന്നു. ഞാൻ അവളോട് മിണ്ടുകയോ നോക്കുകയോ ഒന്നും ചെയ്തില്ല. ട്രെയിൻ ഇന്ദ്രപ്രസ്ഥത്തിന്റ്റെ പുരാണസ്ഥലികൾ താണ്ടി, നഗരത്തിരക്കുകൾ താണ്ടി പോകുകയാണ്. മനസ്സ് ശാന്തമായപ്പോളാണ് വൈഫ് പഹാട്ഗഞ്ജിലേക്കും തിരിച്ചുമുള്ള അവരുടെ യാത്ര വിവരിച്ചത്. തുടക്കത്തിൽ ഞാൻ നിസ്സംഗമായി കേട്ടിരുന്നു.
ഏറ്റവുമൊടുവിൽ ന്യൂദെൽഹി റയിൽവേ സ്റ്റേഷന് മുന്നിലെ സിഗ്നലിൽ കുടുങ്ങിയ അവർ ഓട്ടോയിൽ നിന്നും മൂന്നാം നമ്പർ പ്ളാറ്റ്ഫോമിലേക്ക് ഓടുകയായിരുന്നു. മൂന്നാമത്തെ പ്ളാറ്റ്ഫോമിലേക്കുള്ള സ്റ്റെയർകെയ്സ് അടഞ്ഞു കിടക്കുന്ന വിവരമൊന്നും അവർ അറിഞ്ഞു കൂടാ. ആരെക്കെയോ പ്ളാറ്റ്ഫോമിലേക്കുള്ള വഴികൾ പറഞ്ഞു കൊടുത്തു. എവിടെയൊക്കെയോ വഴികൾ തെറ്റി. വീണ്ടും പുതിയ വഴികൾ. ഒടുവിൽ ട്രെയിന്റ്റെ പ്ളാറ്റ്ഫോമില്ലാത്ത വശത്തെത്തി.
എ.സി കംപാർട്മെന്റ്റുകളുടെ ആ വശത്തെ ഡോറുകൾ എല്ലാം പൂട്ടിയ നിലയിൽ. ഓരോ ഡോറിലും വലിഞ്ഞു കയറി മുകളിലെത്തുമ്പോൾ ഡോർ പൂട്ടിയ നിലയിൽ. അവസാനം തളർന്നു അവശയായ അനന്തിരവൾക്ക് പിറ്റിൽ നിന്നും വളരെ ഉയരമുള്ള ട്രെയിന്റ്റെ ഡോറിലേക്ക് വലിഞ്ഞു കയറുവാൻ പറ്റില്ലായെന്നു പറഞ്ഞു. ഒടുവിൽ അവിടെ നിന്ന ക്ളീനിംഗ് ജീവനക്കാരികൾ പറഞ്ഞു കൊടുത്തു. അതേ പിറ്റിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ട്രയിനിലൂടെ അപ്പുറത്തെ പ്ളാറ്റ്ഫോമിലിറങ്ങി അടുത്തുള്ള മറ്റൊരു ഓവർപാസ് വഴി മൂന്നാം പ്ളാറ്റ്ഫോം ഭാഗത്തെത്താൻ.
ഒടുവിൽ അവർ ഏതൊക്കെയോ കൺസ്ട്രക്ഷൻ സ്ട്രക്ചറുകൾക്ക് ഇടയിലൂടെ ഊർന്നിറങ്ങി. ഓവർപാസിലേക്ക് കയറി. അതുവഴി ഓടിയാണ് ട്രെയിനിൽ എത്തിച്ചേർന്നത്. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ എനിക്ക് പാവം തോന്നി. ഞാൻ സ്റ്റേഷനിൽ നിന്ന് അനുഭവിച്ചതിനേക്കാൾ കൂടുതൽ അവർ രണ്ടാളും ഓടിയലഞ്ഞ് അനുഭവിച്ചെന്ന് എനിക്ക് ബോധ്യമായി. അവളോട് ദേഷ്യവാക്കുകൾ ഒന്നും പറയാതിരുന്നത് എത്ര നന്നായെന്നും തോന്നി.
യാത്രയിലെ അപ്രതീക്ഷിതമായ ഒരു കടമ്പ കടന്നതിൽ. അതും ഒരു ചെറിയ കടമ്പ. അത് എവറസ്റ്റിന്റ്റെ ബെയ്സ് ക്യാമ്പിൽ എത്തിയ പോലത്തെ ഒരു ചെറിയ ഫീൽ എനിക്ക് ന്യൂദെൽഹി സ്റ്റേഷനിൽ വച്ചേ തന്നിരുന്നു. ഇപ്പോൾ അവളുടെ വിവരണം കൂടി കേട്ടപ്പോൾ ആ ഫീലിന്റ്റെ തീവ്രത പിന്നെയും കൂടി. എവറസ്റ്റിന്റ്റെ ഫസ്റ്റ് ക്യാമ്പിലെത്തിയ പോലെ ഒരു ഫീൽ.
NB – ന്യൂദെൽഹി റയിൽവേ സ്റ്റേഷനാണ് ഇന്ത്യയിലെ ഏറ്റവും തിരക്ക് കൂടിയ രണ്ടാമത്തെ സ്റ്റേഷൻ. ദിവസവും 4.5 ലക്ഷം യാത്രക്കാർ. 400 ട്രെയിൻ സർവീസുകൾ. 16 പ്ളാറ്റ്ഫോമുകൾ.