കെഎസ്ആർടിസി ബസ്സിൽ കൊടുംകാട്ടിലൂടെ ഒരു രാത്രിയാത്ര പോകാം…

ഒത്തിരിയാളുകൾ എന്നും ഞങ്ങളോട് സംശയം ചോദിക്കുന്ന ഒന്നാണ് രാത്രി കാട്ടിലൂടെയുള്ള കെഎസ്ആർടിസി ബസ് സർവ്വീസ് ഏതൊക്കെയാണെന്നും ഏതു ബസ്സിൽ കയറിയാലാണ് വന്യജീവികളെ കാണുവാൻ സാധിക്കുക എന്നുമൊക്കെ. ഇതിനെല്ലാം ഉത്തരം ഈ ലേഖനം തരും എന്ന് വിശ്വസിക്കുന്നു. വന്യജീവികളെ കണ്‍കുളിര്‍ക്കെ കണ്ട് ആസ്വദിക്കാനായിട്ടുള്ള ഒരു കെ.എസ്.ആര്‍.ടി.സി യാത്രയെ കുറിച്ച് പറയാം.

കോഴിക്കോടന്‍ സ്റ്റാന്‍ഡില്‍ നിന്നും വൈകീട്ട് 5 മണിക്ക്പുറപ്പെടുന്ന കോഴിക്കോട് – മൈസൂര്‍ ഫാസ്റ്റ് പാസ്സഞ്ചറില്‍ കയറി താമരശ്ശേരി ചുരത്തിലൂടെ അസ്തമയ സൂര്യനെയും കണ്ട് ചരിത്ര മുറങ്ങുന്ന വയനാടിന്‍റെ കുളിര്‍ക്കാറ്റു കൊണ്ട് ഒരു യാത്ര.. ഒരുപാട് വിഭവങ്ങള്‍ ഈ യാത്രയില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. രാത്രി യാത്ര നിരോധനമുള്ള മുത്തങ്ങയിലും ബന്ദിപ്പുരിലും മുതുമാലയിലും എല്ലാം സഞ്ചരിക്കുവാന്‍ നമ്മുടെ ചില കൊമ്പന്മാര്‍ക്ക് സ്പെഷ്യല്‍ പെര്‍മിഷന്‍ ഉണ്ട്. രാത്രിയിലെ നിശബ്ദതയില്‍ വനത്തിനുള്ളിലൂടെ യാത്ര ചെയ്യാന്‍ ഇത്രയും സൗകര്യം നമ്മുടെ സ്വന്തം കെ.എസ്.ആര്‍.ടി.സി ഒരുക്കിയിട്ടുണ്ട് എന്ന കാര്യം മറക്കണ്ട.

രാത്രി 9 മണിക്ക് അടയ്ക്കുന്ന മുത്തങ്ങ ചെക്ക്‌ പോസ്റ്റിലൂടെ പോവുന്ന അവസാന വാഹനമാണ് നമ്മുടെ ഈ കോഴിക്കോട്-മൈസൂര്‍ ഫാസ്റ്റ് പാസഞ്ചർ. കാട്ടിൽ കയറിക്കഴിഞ്ഞാൽ ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ നമുക്ക് ഒരുപാട് മൃഗങ്ങളെ കാണാം. ഇതില്‍ മാനുകളും ആനയും കാട്ടുപോത്തും സുലഭം. 8.30 ന് മുത്തങ്ങ വനത്തില്‍ കയറുന്ന ബസ്‌ 9.30 ഓടെ ഗുണ്ടല്‍പ്പേട്ട് എത്തുന്നു. ഇവിടെ ഭക്ഷണം കഴിക്കാനുള്ള സമയമുണ്ട്. അരമണിക്കൂര്‍ വിശ്രമത്തിന് ശേഷം വീണ്ടും യാത്ര തുടരും മൈസൂരിലേക്ക്. പഴയകാല രാജകുടുംബങ്ങളുടെ ഔദ്യോഗിക വസതിയായിരുന്ന മൈസൂരിലേക്ക് തന്നെ. രാത്രി 11.30 യോടെ മൈസൂര്‍ സ്റ്റാന്‍ഡില്‍ ഈ ബസ് എത്തിച്ചേരും.

ഒരു ദിവസം മൈസൂർ ഒക്കെ കറങ്ങാൻ ആണ് പ്ലാൻ എങ്കിൽ ആണ് അവിടെ തങ്ങാം. അതല്ല ഒരു ദിവസത്തെ കെഎസ്ആർടിസി ബസ് യാത്രയാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ തിരിച്ചു ബംഗളൂരു-തൃശൂർ സൂപ്പര്‍ ഡീലക്സ് എയര്‍ ബസ്‌ ഉണ്ട്. വെളുപ്പിന് 1.45 ഓടെ മൈസൂരില്‍ എത്തുന്ന ഈ ബസ് പുലര്‍ച്ചെ 3.30 മണിയോടെ ബന്ദിപ്പുര്‍ വനത്തില്‍ കയറും. പിന്നീട് ഏകദേശം ഒന്നര മണിക്കൂര്‍ വനയാത്ര. ഡ്രൈവറെയും കണ്ടക്ടറെയും കമ്പനിയാക്കിയാല്‍ മുന്നില്‍ ഇരുന്നു കാഴ്ചകളെല്ലാം നന്നായി ആസ്വദിച്ചു യാത്ര ചെയ്യാം. ഒപ്പം കടുവ, പുലി, ആന തുടങ്ങിയ മൃഗങ്ങളെ കണ്ടിട്ടുള്ള ജീവനക്കാരുടെ അനുഭവങ്ങളും കേള്‍ക്കാം.

ഈ യാത്ര കൊണ്ട് ബന്ദിപ്പൂർ – മുതുമല കാടുകളുടെ രാത്രി സൗന്ദര്യം ആസ്വദിക്കുവാൻ കൂടിയുള്ള ഒരു അസുലഭ നിമിഷമായിരിക്കും നിങ്ങൾക്ക് ലഭിക്കുക. ആനയും കാട്ടുപോത്തും മാനുകളും എല്ലാം മിക്കവാറും യാത്രകളില്‍ കാണുവാന്‍ സാധിക്കുമെങ്കിലും കരടിയും കടുവയും ഒക്കെ ഭാഗ്യമുള്ളവര്‍ക്കേ ദര്‍ശനം നല്‍കൂ. വെളുപ്പിന് നാലുമണിയോടെ വനാതിര്‍ത്തി കടക്കുന്ന ബസ്‌ നാടുകാണി, വഴിക്കടവ് വഴി പിന്നീട് നിലമ്പൂരിലേക്ക് ആണ് പോകുന്നത്.

പുലര്‍ച്ചെ 5 – 5.30 മണിയോടെ ഈ ബസ് നിലമ്പൂരിൽ എത്തും. നിങ്ങൾക്ക് തൃശൂർ ഭാഗത്തേക്കാണ് പോകുന്നതെങ്കിൽ ആ ബസ്സിൽത്തന്നെ യാത്ര തുടരാം. അതല്ല കോഴിക്കോട് ഭാഗത്തേക്കാണ് എങ്കിൽ നിലമ്പൂരില്‍ ഇറങ്ങിയശേഷം അവിടെ നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്സുകളില്‍ കയറിയും പോകാം.

ഇങ്ങനെ ഒരു ദിവസത്തെ ഉറക്കം മാറ്റി വച്ചാല്‍ ഒരു നല്ല ഓര്‍മകളുള്ള ഒരു യാത്ര സ്വന്തമാക്കാം. എങ്ങനെയുണ്ട്? അടിപൊളിയല്ലേ? ഇനി ഈ യാത്രയ്ക്കിടയിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ബസ്സുകളിൽ സീറ്റുകൾ റിസേര്‍വ് ചെയ്തു പോവുന്നതാണ് നല്ലത്. കോഴിക്കോട് – മൈസൂര്‍ ഫാസ്റ്റ് പാസ്സഞ്ചറില്‍ 1, 2 നമ്പര്‍ സീറ്റും ബംഗളൂരു-നിലമ്പുര്‍ സൂപ്പര്‍ ഡീലക്സ് എയര്‍ ബസ്സില്‍ 2 ആം നമ്പര്‍ സീറ്റും റിസേര്‍വ് ചെയ്യുക. ഡീലക്സ് യാത്രയില്‍ കണ്ടക്ടരോട് ചോദിച്ച് മുന്നില്‍ ഇരിക്കാനുള്ള അനുവാദവും പിന്നീട് വാങ്ങാം. ഇതുകൊണ്ടുള്ള ഗുണങ്ങള്‍ എന്താന്നു വച്ചാല്‍ മുന്‍പിലുള്ള കാഴ്ചകള്‍ ഒരു മറവുമില്ലാതെ കാണുവാനുള്ള അവസരം ലഭിക്കും എന്നതാണ്.

കോഴിക്കോട് – മൈസൂര്‍ ഫാസ്റ്റ് പാസ്സഞ്ചറില്‍ 204 രൂപയും തിരിച്ച് ബംഗളൂരു- തൃശൂർ സൂപ്പര്‍ ഡീലക്സ് എയര്‍ ബസ്സില്‍ 267 രൂപയുമാണ്‌ (നിലമ്പൂർ വരെയുള്ള ചാർജ്ജ് ആണിത്) ടിക്കറ്റ്‌ നിരക്ക്. ഇനിയൊന്നും ആലോചിക്കണ്ട ഒരു യാത്രയ്ക്ക് തയ്യാറെടുത്തു കൊള്ളൂ… എല്ലാവര്‍ക്കും ശുഭയാത്ര നേരുന്നു.

KSRTC ബസ്സുകളുടെ വിശദമായ സമയ വിവരങ്ങള്‍ക്ക്: www.aanavandi.com സന്ദർശിക്കുക.

വിവരങ്ങൾക്ക് കടപ്പാട് – രഞ്ജിത്ത് ചെമ്മാട്, ആനവണ്ടി ട്രാവൽ ബ്ലോഗ്.