INB TRIP : എറണാകുളത്തു നിന്നും ഫ്‌ളാഗ് ഓഫിന് ശേഷം ആനക്കട്ടിയിലുള്ള SR ജങ്കിൾ റിസോർട്ടിലേക്ക്

കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നിന്നുള്ള ഫ്ലാഗ് ഓഫ് ചടങ്ങുകൾക്കും യാത്രയയപ്പിനും ശേഷം ഞങ്ങൾ ഹൈവേയിലേക്ക് കയറി യാത്രയായി. ഞങ്ങളുടെ കൂടെ സുഹൃത്തും ആനക്കട്ടിയിലെ എസ്.ആർ.ജംഗിൾ റിസോർട്ട് മാനേജരുമായ സലീഷേട്ടൻ ഉണ്ടായിരുന്നു. യാത്രയുടെ ആദ്യ ദിവസം രാത്രി ആനക്കട്ടിയിൽ എസ്.ആർ.ജംഗിൾ റിസോർട്ടിൽ തങ്ങുവാനായിരുന്നു ഞങ്ങളുടെ പ്ലാൻ. ഉച്ചയ്ക്ക് ആയിരുന്നു ഞങ്ങൾ യാത്ര തുടങ്ങിയത്. അതുകൊണ്ടാണ് അധിക ദൂരം സഞ്ചരിക്കാതെ കോയമ്പത്തൂർ വഴി പോയിട്ട് അനക്കട്ടിയിൽ തങ്ങുവാൻ പ്ലാൻ ഇട്ടത്.

കാറിൽ നിറയെ ലഗേജുകളും മറ്റും ഉണ്ടായിരുന്നതിനാൽ പിന്നിലെ സീറ്റിൽ സലീഷേട്ടൻ വളരെ കഷ്ടപ്പെട്ടായിരുന്നു ഇരുന്നിരുന്നത്. അങ്ങനെ വൈറ്റിലയും പിന്നിട്ട് ഇടപ്പള്ളി എത്തിയപ്പോൾ ഞങ്ങൾ ഇടപ്പള്ളി പള്ളിയിൽ കയറി നേർച്ചയിട്ട് പ്രാർത്ഥിക്കുകയുണ്ടായി. താൻ പാതി ദൈവം പാതി എന്നാണല്ലോ. ഞാൻ അങ്ങനെയൊക്കെ വിശ്വസിക്കുന്ന ഒരാളാണ്. കൂടെയുണ്ടായിരുന്ന എമിലും അങ്ങനെ തന്നെ. അങ്ങനെ ഞങ്ങൾ ഇടപ്പള്ളിയും പിന്നിട്ട് വീണ്ടും യാത്ര തുടർന്നു.

ചാലക്കുടിയിൽ വെച്ച് സുഹൃത്തായ ശബരി തമ്പിയെ കണ്ടുമുട്ടി. ഞങ്ങൾ അതുവഴി പോകുന്നതറിഞ്ഞു യാത്രാമംഗളങ്ങൾ ആശംസിക്കുവാൻ വന്നതാണ് ശബരി. ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചിട്ടില്ലാതിരുന്നതിനാൽ ഞങ്ങളുടെ ട്രിപ്പ് തുടങ്ങി ആദ്യത്തെ ലഞ്ച് ശബരിയോടൊപ്പം ആയിരുന്നു. ഭക്ഷണത്തിനു ശേഷം ഞങ്ങൾ ശബരിയോട് യാത്ര പറഞ്ഞുകൊണ്ട് വീണ്ടും തൃശ്ശൂർ ലക്ഷ്യമാക്കി നീങ്ങി. പാലിയേക്കര ടോളിലെ തിരക്കുകളും കടന്നുകൊണ്ട് ഞങ്ങൾ തൃശ്ശൂരിലേക്ക് കടന്നു. തൃശ്ശൂരിൽ ‘റെഡ്ബാന്ഡ് റേസിംഗ്’ എന്നു പേരുള്ള കാർ പെർഫോമൻസ് ട്യൂണിങ് ഒക്കെ ചെയ്യുന്ന വർക്ക്ഷോപ്പിൽ ഒന്നു കയറി. മറ്റൊന്നിനുമായിരുന്നില്ല ഞങ്ങളുടെ ഇക്കോസ്പോർട്ടിന്റെ 2,3 ഗിയറുകൾക്ക് അൽപ്പം പവർ കുറവ് ഫീൽ ചെയ്തിരുന്നത് ക്ലിയർ ചെയ്യുവാൻ വേണ്ടിയായിരുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിച്ചു പവർ എല്ലാം കൂട്ടി ഞങ്ങൾ അവിടെ നിന്നും വീണ്ടും യാത്ര തുടർന്നു.

കുതിരാൻ എത്തിയപ്പോൾ അൽപ്പം തിരക്ക് അനുഭവപ്പെട്ടു. ഓവർടേക്കിംഗ് പാടില്ല എന്നെഴുതി വെച്ചിട്ടുണ്ടെങ്കിലും അവിടെ പ്രൈവറ്റ് ബസ്സുകൾ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി കുത്തിക്കയറിപ്പോകുന്നത് കണ്ടു. എല്ലാം അനുസരിച്ചു ലൈനായി പോയിരുന്ന ഞങ്ങളെയെല്ലാം മണ്ടന്മാരാക്കി ബസ് ഡ്രൈവർമാർ. എന്താല്ലേ? കുതിരാൻ ക്ഷേത്രത്തിൽ നേർച്ചയിട്ടതിനു ശേഷം ഞങ്ങൾ പാലക്കാട് ജില്ലയിലേക്ക് പ്രവേശിച്ചു.

പാലക്കാട് ജില്ലയിലേക്ക് കയറിയതോടെ റോഡ് വളരെ മികച്ചതായി കാണപ്പെട്ടു. പോകുന്ന വഴിയിൽ ഞങ്ങളെ മിക്കയാളുകളും തിരിച്ചറിയുകയുണ്ടായി. എല്ലാവരും ഞങ്ങൾക്ക് യാത്രാമംഗളങ്ങൾ ഓട്ടത്തിൽത്തന്നെ നേരുന്നുണ്ടായിരുന്നു. ഞങ്ങളും അവരോട് തിരിച്ച് ആശംസകൾ അറിയിക്കുകയുണ്ടായി. അങ്ങനെ ഞങ്ങൾ കേരള – തമിഴ്‌നാട് ബോർഡറായ വാളയാറിൽ എത്തിച്ചേർന്നു. വാളയാർ അതിർത്തിയിൽ വെച്ച് ഞങ്ങൾ ചില കാര്യങ്ങൾ പ്രതിജ്ഞയെടുത്തു. അവയിൽ പ്രധാനപ്പെട്ടവ ഇവയായിരുന്നു – അമിതവേഗത ഉപേക്ഷിക്കുക, മിതമായ സ്പീഡ് Maintain ചെയ്യുക, മറ്റുള്ളവരുമായി യാതൊരുവിധ കശപിശകൾക്കോ വാക്കേറ്റത്തിനോ മുതിരാതിരിക്കുക, കേരളം വിടുന്നതോടെ മലയാളി എന്നുള്ള എല്ലാവിധ അഹങ്കാരങ്ങളും ന്യായങ്ങളും ബോർഡറിൽത്തന്നെ ഉപേക്ഷിക്കുക.

അങ്ങനെ അൽപ്പം വിഷമത്തോടെയാണെങ്കിലും ഞങ്ങൾ കേരള അതിർത്തി കടന്നു തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരും കടന്നു ഞങ്ങൾ അനക്കട്ടിയിലേക്കുള്ള റൂട്ടിലേക്ക് കയറി. അപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. രാത്രിയോടെ ഞങ്ങൾ അനക്കട്ടിയിലെ എസ്.ആർ.ജംഗിൾ റിസോർട്ടിൽ എത്തിച്ചേർന്നു. റിസോർട്ടിലെ രാത്രി കാഴ്ചകളെല്ലാം ഞങ്ങൾ കണ്ടുനടന്നു. അതിനുശേഷം നല്ല അടിപൊളി ഡിന്നറും ഞങ്ങൾ കഴിച്ചു. നല്ല യാത്രാക്ഷീണം ഉണ്ടായിരുന്നതിനാൽ റിസോർട്ടിൽ ഞങ്ങൾക്കായി തയ്യാറാക്കിയിരുന്ന റൂമിലേക്ക് ഉറങ്ങുവാനായി ഞങ്ങൾ നീങ്ങി. ഇനി നാളെ വീണ്ടും ഇവിടെ നിന്നും യാത്ര തുടരേണ്ടതാണ്. ബാക്കി വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ കാണാം.

Our Sponsors: 1) Dream Catcher Resort, Munnar: 97456 37111. 2) SR Jungle Resort, Anakkatti: 89739 50555 3) Goosebery Mens Apparel: http://goosebery.co.in. 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication,  Penta Menaka, Kochi.