മൂന്നാറിൽ നിന്നും കൊച്ചി വഴി ഞങ്ങളുടെ ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ ട്രിപ്പ് ഫ്‌ളാഗ് ഓഫ്..

ഏറെനാളത്തെ എന്റെ ആഗ്രഹമായിരുന്നു സ്വന്തം കാറിൽ നാട്ടിൽ നിന്നും നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലേക്കുള്ള യാത്ര. വളരെക്കാലത്തെ പരിശ്രമങ്ങൾക്ക് ശേഷം ഞങ്ങൾ യാത്ര പുറപ്പെടുവാൻ തയ്യാറായി. യാത്രയ്ക്കായി എനിക്ക് കൂട്ടുകിട്ടിയത് എറണാകുളം സ്വദേശിയും സുഹൃത്തുമായ എമിലിനെ ആയിരുന്നു. ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന എമിൽ രണ്ടുമാസത്തോളം ശമ്പളമില്ലാതെ ലീവ് എടുത്തിട്ടാണ് ഈ യാത്രയ്ക്ക് തയ്യാറായിരിക്കുന്നത്. കൂടാതെ മറ്റൊരു കാര്യം കൂടിയുണ്ട്, എമിൽ ചെറിയൊരു സിനിമാ നടനും കൂടിയാണ് കെട്ടോ.

എൻ്റെ സ്വന്തം ഫോർഡ് ഇക്കോസ്പോർട്ട് കാറിലാണ് ഞങ്ങളുടെ യാത്ര പ്ലാൻ ചെയ്തത്. യാത്രയ്ക്ക് മുന്നോടിയായി എറണാകുളം കണ്ടെയ്‌നർ റോഡിലുള്ള കൈരളി ഫോർഡിൽ കാറിന്റെ സർവ്വീസുകളും മറ്റു അറ്റകുറ്റപ്പണികളും ഒക്കെ നടത്തുകയുണ്ടായി. വളരെ നല്ല രീതിയിൽത്തന്നെ അവർ കാർ റെഡിയാക്കി തന്നു. കൂടാതെ ഓഫ്‌റോഡ് യാത്രകൾ ചെയ്യേണ്ടതിന്റെ ആവശ്യകത മുൻനിർത്തി കാറിന്റെ ടയറുകളെല്ലാം എറണാകുളത്തെ തന്നെ DBS Automotive തയ്യാറാക്കി തരികയുണ്ടായി.

അങ്ങനെ ഞങ്ങൾ കാത്തിരുന്ന ആ ദിനം വന്നെത്തി. എൻ്റെയും ടെക് ട്രാവൽ ഈറ്റ് ചാനലിന്റെയും എല്ലാ വളർച്ചയ്ക്കും കാരണമായ മൂന്നാറിൽ നിന്നുമായിരുന്നു ഞങ്ങൾ യാത്രയാരംഭിക്കുവാൻ തീരുമാനിച്ചത്. ഇതിനായി മൂന്നാർ ഡ്രീം കാച്ചർ റിസോർട്ടുകാർ അവിടെ ഒരു ഫ്ലാഗ് ഓഫ് പരിപാടി അറേഞ്ച് ചെയ്തു. അന്നേദിവസം രാവിലെ റെസ്റ്റോറന്റിലേക്ക് ചെന്ന ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി. അവിടെയൊക്കെ ഫ്ലാഗ് ഓഫ് പ്രമാണിച്ച് ഞങ്ങളുടെ ചിത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നു. എന്തായാലും ഞങ്ങൾക്ക് അത് വൻ സർപ്രൈസ് ആയി മാറി.

അത് കൂടാതെ അന്നേദിവസം റിസോർട്ടിലെ ജീവനക്കാരെല്ലാം ഞങ്ങളുടെ ചിത്രങ്ങൾ പതിച്ച ടീഷർട്ട് ആയിരുന്നു ഇട്ടിരുന്നത്. വളരെ മനോഹരമായ ഒരു ഫ്ലാഗ് ഓഫ് ചടങ്ങ് അവർ ഞങ്ങൾക്കായി ഒരുക്കിത്തന്നു. അങ്ങനെ അവർ സന്തോഷത്തോടെ ഞങ്ങളെ യാത്രയാക്കി. അങ്ങനെ മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് ഞങ്ങൾ യാത്രയാരംഭിച്ചു. ഇനി എറണാകുളത്ത് ലേമെറിഡിയൻ ഹോട്ടലിൽ വെച്ച് Tech Travel Eat മീറ്റപ്പും ഒപ്പം ഒഫീഷ്യൽ ഫ്‌ളാഗ് ഓഫ് ചടങ്ങും ഉണ്ട്. അതിനായി ഞങ്ങളെല്ലാം ഹോട്ടലിൽ രാവിലെ 9.30 നു തന്നെ എത്തിച്ചേർന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് അവിടെ ഫ്‌ളാഗ് ഓഫ് ചടങ്ങ് പ്ലാൻ ചെയ്തിരിക്കുന്നത്.

ഞങ്ങൾ ഹോട്ടലിൽ എത്തിയപ്പോൾ എൻ്റെ ഭാര്യ ശ്വേത, അനിയൻ അഭിജിത്, എമിലിന്റെ ഭാര്യ അഞ്ചു തുടങ്ങി ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ധാരാളം ആളുകൾ അവിടെ എത്തിച്ചേർന്നിരുന്നു. എല്ലാവരും ചേർന്ന് ഞങ്ങൾക്ക് കൊണ്ടുപോകേണ്ടതായിട്ടുള്ള സാധനങ്ങൾ പാക്ക് ചെയ്തു വണ്ടിയിൽ വെക്കുവാൻ ഹെൽപ്പ് ചെയ്യുകയുണ്ടായി. അങ്ങനെ പത്തുമണിയോടെ ഞങ്ങൾ ലേ മെറിഡിയൻ ഹോട്ടലിലെ കോൺഫറൻസ് ഹാളിൽ ഒത്തുചേർന്നു. 150 ൽപ്പരം ആളുകൾ മീറ്റിൽ പങ്കെടുത്തിരുന്നു. അവരുമായി യാത്രയുടേതുൾപ്പെടെ പല കാര്യങ്ങളും പങ്കുവെക്കുവാൻ എനിക്കു സാധിച്ചു. അതിനിടയിൽ Tech Travel Eat വീഡിയോകളിൽ നിന്നുള്ള ചില ചോദ്യങ്ങൾ ഞാൻ ചോദിക്കുകയും അതിനു കൃത്യമായ ഉത്തരങ്ങൾ നൽകിയവർക്ക് ടീഷർട്ടുകൾ സമ്മാനമായി നല്കുകയുമുണ്ടായി.

മീറ്റ് കഴിഞ്ഞു ചായകുടിയ്ക്ക് ശേഷം പിന്നെ എല്ലാവരുമൊത്തുള്ള ഫോട്ടോ ഷൂട്ട് ആയിരുന്നു. വളർന്നു വരുന്ന ധാരാളം വ്ലോഗേഴ്സിനെ എനിക്ക് പരിചയപ്പെടുവാൻ സാധിച്ചു. അവർക്കു പിന്തുണയോടൊപ്പം വേണ്ട നിർദ്ദേശങ്ങളെല്ലാം ഞാൻ നൽകുകയും ചെയ്തു. ഫോട്ടോഷൂട്ടിനു ശേഷം എല്ലാവരും ഫ്‌ളാഗ് ഓഫ് ചടങ്ങിനായി ഹാളിനു വെളിയിലേക്കിറങ്ങി. എൻ്റെ ഭാര്യ ശ്വേതയും എമിലിന്റെ ഭാര്യ അഞ്ജുവും ചേർന്നായിരുന്നു ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചത്.

കൊച്ചി മുതൽ കോയമ്പത്തൂർ, ആനക്കട്ടി വരെ ഞങ്ങളുടെ കൂടെ സുഹൃത്തും അനക്കട്ടിയിലെ എസ്.ആർ.ജംഗിൾ റിസോർട്ട് മാനേജരുമായ സലീഷേട്ടൻ ഉണ്ടായിരുന്നു. ഞങ്ങളുടെ അന്നേദിവസത്തെ താമസം സലീഷേട്ടന്റെ കൂടെ എസ്.ആർ. ജംഗിൾ റിസോർട്ടിൽ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്. അങ്ങനെ ഞങ്ങൾ മൂന്നുപേരും ചേർന്നു നോക്കി ലെ മെറിഡിയൻ ഹോട്ടലിൽ നിന്നും യാത്രതുടങ്ങി. യാത്രയുടെ ബാക്കി വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ..

Our Sponsors: 1) Dream Catcher Resort, Munnar: 97456 37111, 2) SR Jungle Resort, Anakkatti: 89739 50555, 3) Goosebery Mens Apparel. 4) Rotary Club Kochi United, 5) DBS Automotive: 97452 22566, 6) Kairali Ford: 81380 14455.

Special Thanks to : 1) Le Meridien, Kochi,  2) Redband Racing, Thrissur, 3) Nexus Communication, Penta Menaka, Kochi.