വിവരണം – അജിത് കുമാർ.
യാത്ര, അത് എന്നും ഒരു ഹരമാണ്. ഇന്ത്യ എന്ന മഹാരാജ്യം ഒരിക്കലെങ്കിലും ഒന്ന് കാണുവാൻ, ജോസഫ് അലക്സ് തേവള്ളിപ്പറമ്പിൽ (ദി കിംഗ്) പറഞ്ഞ പോലെ ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാൻ ഒരിക്കലെങ്കിലും ഒന്ന് യാത്ര ചെയ്യണം എന്ന് വിചാരിച്ച് നടന്ന എത്ര വർഷങ്ങൾ. ചെറിയ സേവിംഗ്സ് അതിനായി നടത്തുമ്പോഴും ഈ സ്വപനം മാത്രം നടക്കാതെ മാറി നിന്നു. ശേഖരിച്ചവ വേറെ എന്തിനേലും വേണ്ടി ചിലവകുമ്പോ ആ പ്രതീക്ഷകൾ വേണ്ടെന്ന് വച്ച് പഠനവും ജോലിയുമായി മുന്നോട്ട് പോയി കൊണ്ടിരുന്നു. സ്കൂൾ കാലഘട്ടത്തിൽ ടൂർ പോവതിരുന്ന.. കോളേജ് സമയത്ത് ഒരിക്കൽ മാത്രം ചെറിയ ടൂർ പോയിരുന്ന എന്നാൽ ഒരു ജിപ്സി സ്വപ്നം മനസ്സിൽ പേറി നടന്ന കാലങ്ങൾ.
അങ്ങനെ അവസാന ജോലി റിസൈൻ ചെയ്തത് ആ പഴയ ചെറിയ സവിങ്സ് ആയി രാജ്യം കാണാൻ തയ്യാർ എടുത്തു. അവിടെയും വന്നു അടുത്ത അവശ്യം.. ഉണ്ടായിരുന്നതിൽ പകുതി ചിലവായി. ചിലവായി എന്നു പറഞ്ഞാലും കുറെ ഒന്നും ഇല്ല, അവസാനം മിച്ചം വന്നത് ഒരു 15000 രൂപ ആണ്. എന്നാലും നമ്മടെ കുറച്ച് ജിന്ന് കളുടെ Prashobh I, Niyog Krishna, Parvez Elah,i Nabeel Lalu, Babz Sager ഓരോ കുറിപ്പുകളുടെ ആ നേരിപ്പോട് അങ്ങ് മനസ്സിൽ വച്ച് ഒരു പോക്കങ്ങു പോയി. ഈ യാത്രയെ പറ്റി അറിയാവുന്നവർ ലക്ഷങ്ങളുടെ കണക്കുകൾ പറഞ്ഞു.. ആരോടും ബജറ്റ് എത്ര എന്നോ എത്ര ദിവസം എന്നോ പറഞ്ഞില്ല. എല്ലാം അങ്ങ് മൂളി കേട്ടു. ഒരു വിശ്വാസം അപ്പോൾ ഉള്ളിലുണ്ടായിരുന്നു.
യാത്ര ചെയ്യാൻ ഒരു തുടക്കം ആണ് വേണ്ടത്. ഒരു ധൈര്യം. അത് സ്വയം ഉണ്ടാക്കി എടുക്കണം. ഒരു ക്വോട്ട് പറയുന്ന പോലെ “Travel is never a matter of money but of courage”. ഒന്നും നോക്കിയില്ല ആരോടും പറഞ്ഞുമില്ല വീട്ടിൽ അമ്മ, അച്ഛൻ, ചേട്ടൻ, ഏട്ടത്തി എന്നിവരുടെ സമ്മതം വാങ്ങി. അമ്മയുടെ സമ്മതം കിട്ടാൻ കുറച്ച് ബുദ്ധിമുട്ടി. എന്നാലും സമ്മതിച്ചു. പിന്നെ ഉണ്ടായിരുന്നത് ആവശ്യമുള്ള ഐറ്റംസ് പാക്ക് ചെയ്യുക എന്നുള്ളത്. ആദ്യ ലോങ് ട്രാവൽ ആണ് എന്താണ് വേണ്ടത് അതൊക്കെ യൂട്യൂബ് വിഡിയോ നോക്കി കുറെ ഒക്കെ മനസ്സിലാക്കി. കുറച്ച് ലഗ്ഗേജ് ഭാരമാണ് പാടുള്ളൂ. ഒരു 2 ജോഡി പാന്റ്സ്, ടീഷർട്ട് എടുത്തു. കുറച്ച് മെഡിസിൻ – അധികം ഒന്നുമില്ല 4 പാരസെറ്റാമോൾ, വിക്‌സ് അത്രേം ഉണ്ടായൊള്ളു. കയ്യിൽ ഉള്ള ചെറിയ ബഡ്ജറ്റ് നിന്നും പിന്നേം പർച്ചേസ് ചെയ്യാൻ പറ്റില്ലല്ലോ. അതിനാൽ വീട്ടിൽ ഉള്ള ചെറിയ ഒരു കത്തി, കത്രിക, പൽപ്പൊടി അങ്ങനെ കുറച്ച് സാധനങ്ങൾ എടുത്തു.
ഇറങ്ങാൻ നേരം അമ്മ വക ഒരു 5 ദിവസം കഴിഞ്ഞ് അങ്ങ് വന്നേക്കണം എന്ന്. ഓകെ മൂളി ഇറങ്ങി. ചേട്ടൻ ആലുവ റെയിൽവേ സ്റ്റേഷനിൽ കൊണ്ടു വന്നാക്കി. അവിടെ നിന്നു കന്യാകുമാരി ആണ് ലക്ഷ്യം. നമ്മുടെ ഐഡിയയിൽ ട്രെയിൻ സെക്കൻഡ് ക്ലാസ്സ് (general) ടിക്കറ്റെ ഒള്ളു. പോണ വഴി ചേട്ടൻ വക ഒരു 2000 രൂപ തന്നു. എന്നു എന്റെ കയ്യിലെ പൈസ തീരുന്നോ അപ്പോ തിരിച്ച് വരാൻ ഉള്ള ടിക്കറ്റിനുള്ള കാശ്. അങ്ങനെ 12 ഡിസംബർ 2018 യാത്ര തുടങ്ങി. ഡയറക്ട് ട്രെയിൻ കിട്ടാത്തതിനാൽ നാഗർകോവിൽ സ്റ്റേഷൻ ടിക്കറ്റ് എടുത്തു. നേരം വെളുപ്പിനെ അവിടെ എത്തി. അവിടെ സ്റ്റേഷനിൽ കുറച്ച് നേരം നിന്ന് അടുത്ത ബസ് സ്റ്റാൻഡിലേക്ക് വച്ച് അലക്കി. വെളിച്ചം ആയിട്ടില്ല.
എവിടെ പോയാലും ഗൂഗിൾ മാപ് ആണല്ലോ നമ്മുടെ സഹചാരി. അവിടെ അറിയാവുന്ന തമിഴിൽ കന്യാകുമാരി ബസ് എതെന്ന് ചോദിച്ച് മനസിലാക്കി. സൺറൈസ് മുൻപേ അവിടെ എത്തിപെട്ടു. അവിടെ സൺറൈസ് കണ്ട് അടുത്തോക്കെ ചുറ്റി കണ്ട് തിരുച്ചിറപ്പള്ളി എന്ന ത്രിച്ചിക്ക് യാത്ര തിരിക്കണം. ഉണ്ടായിരുന്ന ഒരു കാൻവാസ് ഷൂ ആ സമയം ചെറിയൊരു പണി തന്നു. പിന്നീട് അത് മാറ്റി ഒരു 450 രൂപക്ക് ഒരു ലോക്കൽ ചെരുപ്പ് വാങ്ങി യാത്ര തുടർന്നു. വേറെ ഒന്നും അല്ല ഈ യാത്രയിൽ ഓട്ടോറിക്ഷാ ഉപയോഗം കുറവാണ്. അതിനാൽ കൂടുതലും നടന്നാണ് ചെറിയ ദൂരം പിന്നിട്ടിരുന്നത്. ഷൂ പണി തന്നപ്പോൾ കാൽ വേദന തുടങ്ങിയിരുന്നു. പണ്ട് കോളേജ് ടൈമിൽ പറ്റിയ ഒരു ആക്സിഡന്റ് അതിന്റെ അനന്തര ഫലം ലെഗ്മെന്റ് സ്ട്രെച്ച്. എന്നാലും ദൂരം കുറെ സഞ്ചരിക്കാൻ ഉള്ളതല്ലേ കാര്യമാക്കിയില്ല. കാര്യം പറഞ്ഞാ ഒരു റണ്ണിംഗ് ഷൂ ഒക്കെ വാങ്ങണം എന്നു ഉണ്ടർന്ന് പക്ഷേ കുറഞ്ഞ ബജറ്റ് അതൊക്കെ അങ്ങ് മാറ്റി നിർത്തി.
ട്രിച്ചി ശ്രീ രംഗനാഥൻ ടെമ്പിൾ ആണ് അടുത്ത ലക്ഷ്യം. അവിടെ അടുത്ത് തന്നെ റോക് ഫോർട്ട് കൂടെ ചെന്ന് കണ്ട്. ഒരു കുന്ന് പാറക്കല്ലിൽ ശിവ ഗണപതി ക്ഷേത്രങ്ങൾ. അവിടെനിന്ന് നോക്കിയാൽ തിരുച്ചിറപ്പള്ളി മുഴുവൻ കാണുവാൻ സാധിക്കും. അടുത്ത ദിവസം അമ്പലങ്ങളുടെ നാടായ തഞ്ചാവൂർ ചെന്നെത്തി. ബിഗ് ടെമ്പിൾ ഒരു സൗത്ത് ഇന്ത്യൻ ശിലകലകളുടെ മുഖപ്രതീകം ആയി അങ്ങനെ നിലകൊള്ളുന്നു. മേൽക്കൂരയിൽ ചെയ്തിരിക്കുന്ന ചിത്രങ്ങൾ കാലങ്ങളെ അതിജീവിച്ച് അങ്ങനെ തന്നെ നിൽക്കുന്നു. അതൊക്കെ കാണുമ്പോൾ നമ്മൾ ഇപ്പോ ഉപയോഗിക്കുന്ന വർഷാ വർഷം അടിക്കുന്ന പെയിന്റിന്റെ ഗുണമേന്മ എത്രത്തോളം കുറവാണ് എന്ന് മനസ്സിലാവുന്നത്.
സോളോ ട്രാവൽ ആയതിനാൽ സമയം കൂടുതൽ ലാഭം ആണ്. ഓരോ തീരുമാനങ്ങളും എന്നെ മാത്രം അനുസരിച്ചിരിക്കും. മാർത്ത പാലസും ബെൽ ടവറും ബ്രിട്ടീഷ് ഓർമ്മകൾ ആയി നിലകൊള്ളുന്നു. പിന്നീട് പോയ ഫ്രഞ്ച് കൊളോണിയൽ ചരിത്രം ഉറങ്ങുന്ന പോണ്ടിച്ചേരി. പോണ്ടിച്ചേരി നിന്നു ECR വഴി ചെന്നൈ സെന്ററൽ റയിൽവെ സ്റ്റേഷനിൽ അവിടെ നിന്ന് ആന്ധ്ര ട്രെയിൻ എടുത്തു. അങ്ങനെ തമിഴ്നാട് നിന്നു ആന്ധ്ര പ്രദേശ് എത്തി ചേർന്നു. വന്നെത്തിയ റയിൽവെ സ്റ്റേഷൻ ആണ് ടാടിപട്രി. നേരെ പോയത് ആന്ധ്ര ഗൂട്ടി ഫോർട്ട്, രവദുർഗ് എന്നുകൂടി പേരുള്ള ഒരു വലിയ മലക്കു മുകളിൽ ഉള്ള ചരിത്രം കുറെ പറയാൻ ഉള്ള കോട്ട.
ആന്ധ്രയിൽ ഹിന്ദി, തമിഴ് പറഞ്ഞു നോക്കി. ലോക്കല് ആളുകൾക്ക് അതൊന്നും അറിയില്ല. പിന്നീട് ആംഗ്യ ഭാഷിൽ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി. ആനന്ദപുരം ആണ് ഗുട്ടി ഫോർട്ട് പോവാൻ ഉള്ള മൈൻ സ്ഥലം. ആന്ധ്ര കണ്ടതിൽ കൂടുതൽ ട്രാവൽ ആയിരുന്നു. ബസ് പിടിച്ച് വഴി തെറ്റി അങ്ങോട്ടും ഇങ്ങോട്ടും സൂര്യകാന്തി പാടങ്ങളുടെ നടുവിലൂടെ ഉള്ള യാത്ര. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, അതിലെ പോലുള്ള സ്ഥലങ്ങൾ. ബൈക്ക് റൈഡ് പോവാൻ പറ്റിയ സ്ഥലങ്ങൾ. അടുത്ത ദിവസം ഹൈദരബാദ്, സ്വാദിഷ്ടമായ ബിരിയാണിയുടെ നാട്. അവിടെ നിർത്താതെയുള്ള യാത്രക്ക് ഒരു ഇടവേള ഇട്ട് ഓയോ റൂമിൽ ഒരു ഹോട്ടൽ ബുക്ക് ചെയ്തു.
ഈ യാത്രയുടെ ബജറ്റിൽ 5000 രൂപ ചിലാവായത് ഹോട്ടൽസ് എടുത്താണ്. മൊത്തത്തിൽ ഒരു 8 ഹോട്ടലിൽ താമസിക്കേണ്ടി വന്നിട്ടുണ്ട്. നല്ല കണ്ടിഷണിൽ ഉള്ള കാലിന്റെ ഗുണങ്ങൾ. ഒരു 4 ദിവസങ്ങൾ കൂടുമ്പോൾ റെസ്റ്റ് എടുക്കാൻ റൂം എടുക്കേണ്ടി വന്നിട്ടുണ്ട്. അപ്പോ നമ്മടെ ഹൈദരബാദ്, ചാർമിനാർ അടുത്തുള്ള മക്ക മസ്ജിദ്, ചൗമഹല്ല പാലസ്. അവിടെ പാരഡൈസ് ഹോട്ടൽ നല്ല അസൽ ഹൈദരാബാദ് ബിരിയാണി കഴിച്ച് അവിടെനിന്നും യാത്ര തിരിച്ചു. പോവാൻ ഉള്ളത് ഛത്തീസ്ഗഡ്, ഡയറക്ട് ട്രെയിൻ കിട്ടാനില്ല ഹൈദരബാദ് നിന്നു നഗ്പുർ, മഹാരാഷ്ട്ര വന്നു. എവിടെ ഒന്ന് കറങ്ങിയ ശേഷം ഛത്തീസ്ഗഡ് എത്തി. അടുത്തുള്ള അട്ടറാക്ക്ഷൻസ് നോക്കുമ്പോൾ ആണ് ഛത്തീസ്ഗഡ്, ജാർഖണ്ഡ് കാണുവാൻ കാര്യമായി ഒന്നും തന്നെ ഇല്ല എന്ന് മനസ്സിലാവുന്നത്. പിന്നെയും ഉള്ളത് മൂന്നാമത്തെ വിഭജനമായ ഉത്തരാഖ്ഡിൽ ആണ്.
ഒരു ദിവസം ഛത്തീസ്ഗഡ് നിന്ന് അടുത്ത ദിവസം ഒറീസ എത്തി. പോകും വഴി 4 ബീഹാറി പയ്യന്മരെ പരിചയപ്പെട്ടു. അവരുടെ കൂടെ അപരിചിതരെ വിശ്വസിച്ച് മുഴുവൻ ദിവസം അവരുടെ കൂടെ പുരി ബീച്ച്, ജഗന്നാഥ ക്ഷേത്രം എന്നിവ പോയി കണ്ടൂ. ഒരു സെൽഫീ എടുത്ത് അവരെ അവിടെ വിട്ട് നേരെ പശ്ചിമ ബംഗാളിൽ. കാലാവസ്ഥ മാറ്റം അവിടെ മുതൽ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. തണുപ്പ് കാൽ വേദന കൂട്ടാൻ സഹായിച്ചു. അവിടെ നിന്ന് വാങ്ങിയ വോളിനി സ്പ്രേ കുറച്ച് കൂടി ആയുസ്സ് നീട്ടി തന്നു യാത്രയുടെ.
ഇതിനിടക്ക് പറയാൻ മറന്ന കാര്യം, ട്രാവൽ രാത്രി സമയമായതിനാൽ ഉറക്കം ട്രെയിനിൽ തന്നെ ആയിരുന്നു. നേരത്തെ സ്റ്റേഷൻ എത്തിയാൽ സ്റ്റേഷൻ റെസ്റ്റ് റൂമിൽ കിടക്കും. അവിടെയും കയ്യിൽ പുതക്കാൻ നല്ല ഒരു കമ്പിളി അങ്ങനെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 350 രൂപയുടെ ഒരു പഴയ ജാക്കറ്റ് ആണ് ഈ 4-6 ഡിഗ്രീ തണുപ്പ് മാറ്റാൻ ഉപയോഗിച്ചിരുന്നത്. ചെവിയിൽ തണുപ്പ് കേറത്തിരിക്കൻ ഹെഡ്ഫോൺ ഉപയോഗിക്കുന്നതാണ് നല്ലത് എന്ന് പഠിപ്പിച്ച അനുഭവങ്ങൾ. വലിയ റയിൽ വേ സ്റ്റേഷനിൽ വെയ്റ്റിംഗ് റൂം കിട്ടാതപ്പോൾ പുറത്ത് ഭിക്ഷ യാചിക്കുന്നവരുടെ കൂടെ കിടന്ന രാത്രികൾ. അതൊക്കെ യാത്രയുടെ രസം കൂട്ടുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇതെല്ലാം ഒറ്റക്കുള്ള യാത്രകൾക്ക് മാത്രം തരാൻ കഴിയുന്ന ചില കാര്യങ്ങളാണ്.
അപ്പോ നമ്മുടെ വെസ്റ്റ് ബംഗാൾ കാഴ്ചകൾ, നീണ്ടു നിവർന്നു കിടക്കുന്ന റയിൽവെ സ്റ്റഷനിൽ നിന്നും അടുത്തുള്ള ഹൗറ യിലേക്ക്. ഹൗറ ബ്രിഡ്ജിൽ നിന്നും സൂര്യോദയം ഫോൺ ക്യാമറയിൽ പകർത്തിയത്. മലിനമായി കിടന്ന ഹോഗ്ലി നദി ഇപ്പോൽ ആളുകൾ ക്ലീൻ ചെയ്യുന്ന പ്രവർത്തികൾ, നമ്മുടെ പ്രകൃതി തന്ന മനോഹാരിത നശിക്കാതിരിക്കൻ എന്തെങ്കിലും ചെയ്യുന്നു എന്ന് കാണുമ്പോൾ സന്തോഷം നൽകും. വെസ്റ്റ് ബംഗാൾ കാഴ്ചകൾ കാണുവാൻ അന്നേക്ക് അവിടെ ഒയോ റൂം ബുക്ക് ചെയ്ത്, ഹോട്ടൽ ഓണെരുമായി ഇന്ത്യയെ പറ്റി സംസാരിച്ചതും യാത്രികൻ ആണെന്ന് അറിഞ്ഞ നിമിഷത്തിൽ അനുഭവങ്ങൾ പങ്കിടുവാൻ സമയം കണ്ടെത്തിയതും എല്ലാം പുതിയ അനുഭവങ്ങൾ നൽകുന്നതാണ്.
വെസ്റ്റ് ബംഗാളിൽ നിന്നും നോർത്ത് ഈസ്റ്റ് ആണ് ലക്ഷ്യം വച്ചെങ്കിലും എങ്ങിനെ എത്തിപെടും എന്ന് സംശയം ആയിരുന്നു. ഗൂഗിൾ അവിടെയും സഹായഹസ്തം നീട്ടി. New jalpaiguri, gate way to north east. ട്രെയിൻ പിടിച്ച് സ്റ്റേഷൻ എത്തി. വായിച്ചറിഞ്ഞതിൽ ജോയ് ട്രെയിൻ ഉണ്ട് അവിടെ നിന്ന്. ടിക്കറ്റ് കൗണ്ടർ ചോദിച്ചപ്പോ ടിക്കറ്റ് ഇല്ല എന്ന്. പിന്നീടാണ് മനസ്സിലായത് ജോയ് ട്രെയിൻ 1500 രൂപ കൂടുതൽ പൈസ കൊടുക്കണം എന്ന്. പിന്നെ എവിടെ നിന്നില്ല, ഇറങ്ങി നടന്നു സിലിഗുരി വരെ. താരതമ്യേന ചൂട് കൂടുതൽ ഉള്ള സ്ഥലം. പോവേണ്ടത് ഡാർജിലിംഗ്. ബസ് സ്റ്റാൻഡ് പോയി നോക്കി. ബസ് ഉണ്ട് പക്ഷേ കുറവാണ്. വെയിറ്റ് ചെയ്തത് ബസിൽ കേറി. അല്ലെങ്കിൽ പുറത്ത് ടാറ്റ സുമോ ഒക്കെ ഓടുന്നുണ്ട്. ബസിൽ കേറി യാത്ര തുടങ്ങി, 103രൂപ ആണ് ടിക്കറ്റ്. ബസിൽ ചൈനക്കാരെ പോലെയുള്ള ആളുകൾ. കൾച്ചർ അവിടെ മുതൽ നല്ല പോലെ മാറുന്നു. വെസ്റ്റേൺ കൾച്ചർ ഇഷ്ടപ്പെടുന്ന ഡാർജിലിംഗ് ജനത. ഒരു 3 മണിക്കൂർ കൊണ്ട് അവിടെ എത്തി.
Kurseong മുതൽ തണുപ്പ് അങ്ങ് കേറി തുടങ്ങി. ഡാർജിലിംഗ് എത്തിയപ്പോൾ ഉച്ച കഴിഞ്ഞിരുന്നു. കടകൾ അടച്ച് തുടങ്ങിയിരിക്കുന്നു. കടകൾക്ക് മുൻപിൽ തീ കൂട്ടി ചൂട് കായുന്ന ആളുകൾ. അവിടെയും ആ തണുപ്പത്ത് പുറത്ത് കിടന്നാൽ നേരം വെളുക്കുമ്പോൾ എന്തേലും തീരുമാനം ആവുമെന്നതിനൽ ഒരു റൂം 600 രൂപക്ക് എടുത്തു. എത്തിയ ദിവസം മഞ്ഞ് മൂടിക്കിടക്കുന്ന മലകൾ. നമ്മുടെ പഴയ ജാക്കറ്റ് ഇട്ട് കടിച്ച് പിടിച്ച് ആ രാത്രി കഴിച്ച് കൂട്ടി. രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ ആണ്, ജീവിതത്തിലെ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ കാഴ്ച്ച കാണാൻ കഴിഞ്ഞത്. മഞ്ഞ് മാറി പ്രഭാത സൂര്യന്റെ കിരങ്ങൾ തഴുകി അങ്ങനെ നിൽക്കുന്നു, Mt. Kanchenjunga. തണുപ്പ് മാറ്റാൻ ആണോ ആ വെള്ള പുതപപിനടിയിൽ ഒളിച്ചിരിക്കുന്നത് എന്ന് തോന്നി പോവും. DSLR ഒന്നും കയ്യിൽ ഇല്ലാത്തതിനാൽ പറ്റാവുന്ന രീതിയിൽ കുറെ ഫോട്ടോസ് വീഡിയോസ് അങ്ങ് എടുത്തു.
അവിടെ നിന്നും തിരിച്ച് സിലിഗുരി എത്തി. സിക്കിം ഗങ്ങ്ടോക് ആണ് അടുത്തത്. ട്രാൻസ്പോർട്ട് കുറവായതിനാൽ ബജറ്റ് നോക്കേണ്ടത്തിനാൽ അടുത്ത ട്രാവൽ നിന്നിലേക്ക് എന്ന് നോർത്ത് ഈസ്റ്റ്നോട് പറഞ്ഞ് ബിഹാർ യാത്ര തിരിച്ചു. ബിഹാറിലെ പട്ന ഇസ്കോൺ, പട്ന ഫോർട്ട്, ബുദ്ധ സ്മൃതി പാർക് ഇരുന്ന് അടുത്ത സ്ഥലത്തേക്ക്. അധികം വിവരണങ്ങൾ ഇടാൻ എഴുത്ത് അത്ര ശീലം ഇല്ലാത്തതിനാൽ കഴിയുന്നില്ല. മനസിലാക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇൗ സമയങ്ങളിൽ കാലിൽ നീര് വന്നുതുടങ്ങി. റെസ്റ്റ് എടുക്കേണ്ടത് അത്യാവശ്യം ആയി തുടങ്ങിയിരുന്നു. പക്ഷേ വേദനകൾ യാത്രക്ക് മുന്നിൽ തോറ്റു തുടങ്ങിയിരുന്നു. ഉത്തർപ്രദേശ്, പുണ്യ നദികളുടെ കാശി വാരണാസി പ്രയാഗ്രജ് എന്നിവ ഉൾപെട്ട ഈസ്റ്റ് സൈഡും ടാജ് മഹൽ ആഗ്ര ഉൾപെട്ട വെസ്റ്റ് സൈഡും. കാശി രാത്രി പൂജകളും അഗോരി കളും. അവിടെ നിന്നും മഹാ കുംഭമേള എന്ന സ്വപ്നം കൂടി ഉരുത്തിരിഞ്ഞു.
വാരണാസി നിന്നും ആഗ്ര എത്തി. താജ്മഹൽ കാണുക എന്നതായിരുന്നു ലക്‌ഷ്യം. വന്നെത്തിയത്തും ഗൈഡ്സ് വന്നു പൊതിഞ്ഞു. അവരെ ഒഴിവാക്കി നടന്നു അകത്തു കേറി. ഷാജഹാൻ തന്റെ ബീവിയുടെ ഓർമ്മക്ക് പണി കഴിപ്പിച്ച അത്ഭുതം നോക്കി അതിന്റെ അരികിൽ കുറച്ച് നേരം ചിലവിട്ട്, അതെ ഷാജഹാൻ തടവിലാക്കപ്പെട്ട ആഗ്ര ഫോർട്ട് കണ്ട് എവിടെ നിന്നും നോയിട ബസ് പിടിച്ചു. നിർത്താതെ ഉള്ള യാത്രയിൽ ഡൽഹി ഒരു ബന്ധു വീട്ടിൽ താങ്ങാൻ അവസരം കിട്ടി. ഡൽഹി, ഇന്ത്യയുടെ ക്യാപിറ്റൽ. താമസിക്കാൻ ഇടം കിട്ടിയതിനാൽ ലോട്ടസ് ടെമ്പിൾ, ഇന്ത്യ ഗേറ്റ്, റെഡ് ഫോർട്ട്, നാഷണൽ മ്യൂസയം, ഖുതുബ മിനാർ, അഗ്രസെന് കി ബായിലി, നിസ്സാമുദ്ദീൻ ദർഗാഹ്, മതുര, ഗോവർദ്ധൻ പർവ്വതം എന്നിവ കാണുവാൻ സാധിച്ചു.
ഹിമാചൽ പ്രദേശിലെ തണുപ്പ് -36 ഡിഗ്രീ ഒക്കെ അയത് കയ്യും വീശി വന്ന എനിക്ക് പോവാൻ കുറച്ച് ബുദ്ധിമുട്ടായി. ഇതറിഞ്ഞ് ഡൽഹി ബന്ധുക്കൾ ഒരു ജാക്കറ്റ്, ഗ്ലൗസ്, മേടിച്ച് തന്നു. അതിന്റെ ബലത്തിൽ ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡ്, ഹിന്ദു മതവിശ്വാസത്തിന്റെ പുണ്യസ്ഥലങ്ങൾ നിലകൊള്ളുന്നു. ഹരിദ്വാർ, ഋഷികേശ്, ഗംഗാ, കേദാർനാഥ്, ബദ്രിനാത്, ഗംഗോത്രി. ഇതിൽ ഹരിദ്വാർ, ഋഷികേശ് പോവുവാൻ സാധിച്ചു. ഗംഗയുടെ തീരത്ത് 3 km നടന്നു നീങ്ങി. ഗംഗാ ഇപ്പോൾ നല്ല പരിശുദ്ധിയോടു കൂടി ഒഴുകുന്നു. ആരും ചെരിപ്പ് ഇട്ട് ഇറങ്ങാറില്ല. ചിലർ ഗംഗ ജലം കുടിക്കുന്നത് കാണാം.
അവിടെ നിന്ന് പോയത് നേരെ അമൃത്സർ, പഞ്ചാബ്. ഗോൾഡൺ ടെമ്പിൾ, സിക്ക് മതക്കാരുടെ മക്ക മദീന പോലെ. അതിരാവിലെ അവിടെ എത്തി റയിൽവെ സ്റ്റേഷനിൽ നിന്ന് നടന്നു. പഞ്ചാബ് റോഡ് സൈഡ് ഇപ്പോഴും നനഞ്ഞു കിടക്കുന്നു, വേറെ ഒന്നും അല്ല പുള്ളോവർ റോഡ്‌സൈഡിൽ ആണ്. അതിന്റെ അടുത്ത് തന്നെ ജാലിയൻവാലാ ഭാഗ്, അമർ ജ്യോതി എന്നിവ കാണാം. ബ്രിട്ടീഷ് ക്രൂരത ഇപ്പോഴും ആ ചുമരുകളിൽ കാണപ്പെടുന്നു. 379 വിലമതിക്കാനാവാത്ത ജീവനുകൾ ആണ് അവിടെ പൊലിഞ്ഞു പോയത്. രക്ഷപെടാൻ ചാടിയ കിണറിൽ ഇപ്പോളും ആ ശ്വാസംമുട്ടൽ അനുഭവപ്പെടും.
പഞ്ചാബിൽ നിന്നും പോയത് രാജസ്ഥാൻ ജയ്പൂർ, കോട്ടകൾ ശാസ്ത്ര നിർമിതികൾ. രജ്പുതർ തങ്ങളുടെ നാടിനെ എങ്ങനെ അറിവിന്റെ പാതയിലേക്ക് നയിച്ചിരുന്നത് എന്നത് അവിടുത്തെ നിർമിതികൾ നിന്നു വായിച്ചെടുക്കാൻ സാധിക്കുമായിരുന്നു. ഒരേപോലെ ഉള്ള കടകൾ കൊണ്ട് സുലഭമായ രജവീധി. ഹവാ മഹൽ, നഹർഗാഹ് ഫോർട്ട്, ജന്റർ മാന്റർ. ഇവ ഒക്കെ അതിനു ഉദാഹരണം. അവിടുന്ന് മധ്യഭാഗം ആയ മധ്യപ്രദേശ്, മരുഭൂമികൾ കൊണ്ട് സമ്പന്നമായ തങ്ങളുടെ പൈതൃകം സുക്ഷിക്കാത്ത ജനത. ചരക്കു നീക്കത്തിനു ഒട്ടകങ്ങളെ ഉപയോഗിക്കുന്നത് നമ്മൽ സൗത്ത് ഇന്ത്യൻസിന് ഒരു പുതുമയുള്ള കാഴ്ചയാണ്. ഗാന്ധി ഹോൾ, ബോളിയ സർകാർ കി ഛത്രി, കൃഷ്ണ പുര ഛട്രി, ഛാട്രി ബാഗ്, ഇതൊക്കെ പൊടി പിടിച്ച് കാലയവനികയ്ക്കുള്ളിൽ മറയാരായി നിൽക്കുന്നു.
പിന്നീട് പോയത് ഗുജറത്ത്, ഫ്രണ്ട് ഉള്ളതിനാൽ അഹമ്മദാബാദ് എത്തി. കുറച്ച് ഇൻഡസ്ട്രി സൈറ്റിൽ ഒക്കെ പോയി വഡോദര കറങ്ങിയ വന്നു. നാട്ടിലേക്ക് ഉള്ള ഒരു ഗഡിയെ കൂട്ടി നേരെ മഹാരാഷ്ട്ര അജന്ത- എല്ലോറ ഗുഹകൾ കാണുവാൻ ജാൽഗൺ സ്റ്റേഷൻ വന്നു ബസ് പിടിച്ച് അജന്ത എത്തി. അജന്ത കണ്ട് ഔറംഗബാദ് ബസിൽ വട്ടം നിന്ന് കേറി ഫുളംബ്രി ഇറങ്ങി 30km ഓട്ടോ 40 രൂപക്ക് എല്ലോറ എത്തി. എല്ലോറ ഒരു മഹാ നിർമിതി തന്നെയാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട ഒന്ന്. അവിടെ നിന്ന് ഔറംഗബാദ് റയിൽവെ സ്റ്റേഷനിൽ നിന്ന് നേരെ മുംബൈ ഛത്രപതി ശിവാജി ടെർമിനൽ. 2008 ഇന്ത്യ കണ്ട വലിയ ഒരു അറ്റാക്ക് നടത്തിയ സ്ഥലങ്ങൾ. ടാജ് ഹോട്ടൽ, മറൈൻ ഡ്രൈവ്, ഒബറോയ് ഹോട്ടൽ കണ്ട് മംഗലാപുരം വഴി 12 ഡിസംബർ 2018 തുടങ്ങിയ യാത്ര 14ജനുവരി 2019 ആലുവ അവസാനിപ്പിച്ചു.
കണ്ടതിനേക്കൾ കൂടുതൽ ഇനീം കാണുവാൻ ഉണ്ടെന്ന് മനസ്സിലാക്കിയ യാത്ര. ഒറ്റക്ക് യാത്ര ചെയ്യുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ എന്ന് മനസ്സിലാക്കിയ യാത്ര. നമ്മളെ ചുറ്റി നിൽക്കുന്ന ആളുകളുടെ കവചത്തിൽ നിന്നും വിട്ട് ജീവിക്കാൻ പഠിപ്പിച്ച ചെറിയ യാത്ര. ഈ യാത്ര ഒരിക്കലും അവസാനിക്കുന്നില്ല. ഇതൊരു തുടക്കം മാത്രമായി കാണുന്നു…