വിവരണം – ശാരി സനൽ.
നമ്മുടെ രാജ്യത്ത് തീവണ്ടി ഓടാൻ തുടങ്ങിയിട്ട് ഇന്നത്തേക്ക് (16-04-2020) 167 വർഷമായി. ഇന്ന് നിശ്ചലമായി കിടക്കുന്ന ഓരോ തീവണ്ടികളും കുറിച്ച് ഓർത്തപ്പോൾ ചില ഓർമ്മകൾ എഴുതാൻ തോന്നുന്നു.
ആദ്യത്തെ തീവണ്ടി യാത്ര കോഴിക്കോട്ടേക്ക് ആയിരുന്നു. കടലുണ്ടി എന്ന് പറയുന്ന സ്ഥലം. ചെറുപ്പത്തിലെ ആദ്യ ആ യാത്രയ്ക്ക് ഒരുപാട് കൗതുകങ്ങൾ ഉണ്ടായിരുന്നു. ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. പുറത്തു കേൾക്കുന്ന ശബ്ദം പോലെയാവും ഉള്ളിൽ കയറിയാലും എന്നായിരുന്നു ധാരണ ഒരു അനക്കം തട്ടാതെ നമ്മളെ കൊണ്ടു പോകുന്നല്ലോ, ഇവിടെ ടാങ്ക് ഒന്നും കാണുന്നില്ലല്ലോ, വെള്ളം എവിടെ നിന്നായിരിക്കും അങ്ങനെ എന്തൊക്കെ ചോദ്യങ്ങളായിരുന്നു മനസ്സിൽ…
പിന്നീട് കുടുംബത്തോടൊപ്പം സുഹൃത്തുക്കൾക്കൊപ്പം തനിച്ചും കുറെ യാത്രകൾ.. സ്വപ്നം കാണാൻ ഏറ്റവും നല്ലത് തീവണ്ടിയാത്ര ആണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാണാറുമുണ്ട്. പുറത്തേക്ക് നോക്കി സൈഡ് സീറ്റിൽ ഇരിക്കുമ്പോൾ മുന്നിലൂടെ മാറി പോകുന്ന പല കാഴ്ചകൾ. ചില വീടിന്റെ മുന്നിൽ നിന്ന് കുട്ടികൾ ഒരു പരിചയമില്ലാത്ത നമ്മളെ നോക്കി കൈവീശി കാണിക്കുമ്പോൾ നമ്മുടെ ഉള്ളിൽ വിരിയുന്ന ഒരു ചിരിയുണ്ട്.
ഒരു പരിചയവും ഇല്ലാത്ത ആളുകൾ എത്ര പെട്ടെന്നാണ് ട്രെയിനിൽ അടുക്കുന്നത്, വിശേഷങ്ങൾ പങ്കു വയ്ക്കുന്നത്. വേറെ എവിടെയും ഇത്ര വേഗത്തിൽ മനുഷ്യർ പരസ്പരം സംസാരിക്കുന്നത് കണ്ടിട്ടില്ല. പത്രവും മാഗസിനും ഒക്കെ ആരുടെയെങ്കിലും കയ്യിൽ കണ്ടാൽ ഒരു ആശ്വാസമാണ്. അവരുടെ വായന കഴിയാൻ കാത്തിരിക്കും. ഇത് തിരിച്ചും സംഭവിച്ചിട്ടുണ്ട്.
ഇതൊക്കെ രസം ആകുന്നത് ആസ്വദിക്കാൻ പറ്റുന്നത് നമ്മൾ സീറ്റിൽ ആണെങ്കിൽ മാത്രമാണ്. നിന്ന് യാത്ര ചെയ്ത അനുഭവവും ഉണ്ട്. കാലുകുത്താൻ പോലും സ്ഥലമില്ലാത്ത അത്ര തിരക്കിൽ നിൽക്കുമ്പോൾ ഈ പറഞ്ഞതൊന്നും മനസ്സിന്റെ ഏഴയലത്തുപോലും വരില്ല.
പിന്നെ എല്ലാം ഓരോ അനുഭവങ്ങളാണ്. ഓരോ തിരിച്ചറിവാണ്. നമ്മളെ രൂപപ്പെടുത്തുന്നതിൽ ഓരോ യാത്രയ്ക്കും വലിയ പങ്കുണ്ട്. നിങ്ങൾക്ക് എന്തൊക്കെയാണ് ഇപ്പോൾ മനസ്സിൽ ഓർമ്മ വരുന്നത്? ഏതെങ്കിലും ഒരു ഓർമ്മ മനസ്സിൽ തെളിഞ്ഞിട്ടുണ്ട് എങ്കിൽ സന്തോഷം.
ഇതുവരെ ഒരു തീവണ്ടിയിൽ യാത്ര ചെയ്യാത്ത ആരെങ്കിലും ഉണ്ടാവുമോ? ഉണ്ടാവും ആയിരിക്കും അല്ലേ.. അങ്ങനെയുള്ളവരോട് പറയാനുള്ളത് അതും അറിയണം. ഒരനുഭവവും നിസ്സാരമല്ല. വിചാരിച്ചാൽ നടക്കാത്തത് എന്തെങ്കിലുമുണ്ടോ? യാത്രയിൽ മനസ്സിലേക്ക് ഓടി വരുന്ന ഒരു പാട്ടുണ്ട്. “പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം..”
പിന്നെയും പിന്നെയും നമുക്ക് പോകണം ഇപ്പോഴത്തെ സാഹചര്യങ്ങൾ എല്ലാം മാറി എല്ലാം തെളിഞ്ഞു വരുന്ന ഒരു ദിവസം. ആ ചൂളം വിളിക്കായി നമുക്ക് കാത്തിരിക്കാം. ഒരിക്കൽ കൂടി കൂകൂ തീവണ്ടിക്ക് പിറന്നാൾ ആശംസകൾ..