പാമ്പുകളുടെ കൂടെ ജീവിക്കുന്നവരുടെ ഗ്രാമം

പാമ്പ് എന്ന് കേട്ടാൽ പേടിക്കുന്നവരാണ് മിക്കവരും. എന്നാൽ പാമ്പുകളുടെ കൂടെ വസിക്കുന്ന ഗ്രാമീണർ ഉണ്ടെങ്കിലോ അദ്ഭുതം തന്നെ. അങ്ങനെ ഒരു കൂട്ടർ ഉണ്ട് പശ്ചിമ ബംഗാളിൽ .
പശ്ചിമബംഗാളിലെ ബുർദ്വാൻ ജില്ലയിലെ പോസ്ലോ, ചോട്ടാ പോസ്ലോ, പൽസാന, ബോഡോ മോസുരു, പൽസാന്റോള, മൊസുരു എന്നീ ഗ്രാമങ്ങളാണ് പാമ്പുകളെ സ്വന്തം വീട്ടുകാരെ പോലെ കാണുന്നവർ.

ഇവിടെ ജനിക്കുന്ന ചെറിയ കുട്ടികൾ പോലും പിച്ചവയ്ക്കുന്നത് ഈ പാമ്പുകൾക്കൊപ്പമാണ്. ഒരു വീട്ടിൽ കുറഞ്ഞത് രണ്ടു പാമ്പെങ്കിലും കാണും. ദൈവതുല്യമായാണ് ഗ്രാമവാസികൾ പാമ്പിനെ കാണുന്നത്. സ്ത്രീകൾ പാചകം ചെയ്യുമ്പോൾ അടുക്കളയിലും അലമാരകളിലുമൊക്കെ കയറിയിറങ്ങാറുണ്ടിവർ. തിരക്കേറിയ പൊതുനിരത്തുകളിൽ പാമ്പുകൾ പതിവായി സഞ്ചരിക്കാറുണ്ട്. ഇതെല്ലാം ഈ ഗ്രാമങ്ങളിലെ പതിവു കാഴ്ചകൾ മാത്രമാണ്.

ഉഗ്രവിഷമുള്ള ഒരു പാട് പാമ്പുകൾ ഈ ഗ്രാമങ്ങളിൽ ഉണ്ടെങ്കിലും അവർക്ക് കടിയേറ്റാൽ വിഷമേൽക്കില്ല. അതിന് പിന്നിലുമുണ്ട് ഒരു കഥ. പണ്ട് ഈ ഗ്രാമത്തിൽ ബാഹുലും ലാഹിന്ദറും എന്ന് പേരായ രണ്ട് ദമ്പതികൾ ഇവിടെ താമസിച്ചിരുന്നു. ഒരിക്കൽ ലാഹിന്ദറിന് പാമ്പുകടി ഏൽക്കുകയും ബാഹുലന്റെ പ്രാർത്ഥനമൂലം ആ വിഷം പോകുകയും അവിടത്തെ സർപ്പ ദേവതയായ മാൻഷക്കിന് തന്റെ വിഷം മുഴുവൻ നഷ്ടമാവുകയും ചെയ്തു.

ലാഹിന്ദറിന്റെ ജീവൻ തിരികെ നൽകാം. പകരം തന്റെ വിഷം നൽകണo എന്ന നിബന്ധനയോടെ മാൻഷക്ക് അയാൾക്ക് ജീവൻ തിരികെ കൊടുത്തു. വിഷം തിരികെ നൽകിയപ്പോൾ ബാഹുല പറഞ്ഞു ആ വിഷം ഒരിക്കലും തന്റെ ഗ്രാമത്തിലുള്ളവരുടെ മേൽ പ്രയോഗിക്കരുതെന്ന്. ഇതുകൊണ്ടാണത്രെ ഇവിടത്തുകാർക്ക് വിഷമേൽക്കാത്തത്. എന്നിരുന്നാലും ഇവിടെ ആളുകൾക്ക് പാമ്പുകടിയൊക്കെ ഏൽക്കുന്നുണ്ട്. പക്ഷേ ഇതുവരെ ആരും മരണപ്പെട്ടിട്ടില്ല എന്നതാണ് സത്യം.

ഏകദേശം 500 വർഷത്തോളം പഴക്കം കാണും ഈ ഗ്രാമങ്ങളിൽ മനുഷ്യരും പാമ്പുകളും സമാധാനപരമായ ജീവിതം നയിക്കാൻ തുടങ്ങിയിട്ട്. ഈ ഗ്രാമങ്ങളിൽ എത്ര പാമ്പുകളുണ്ടെന്നതിന് കൃത്യമായ കണക്കുകളില്ല. എങ്കിലും ആയിരത്തിലധികം വരുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.

ഇവിടുത്തെ പാമ്പുകളും മനുഷ്യരുമായുള്ള അപൂർവ സൗഹൃദത്തേക്കുറിച്ചറിഞ്ഞ് നിരവധി വിദഗ്ദ്ധർ ഇവരെക്കുറിച്ചു പഠിക്കാനെത്തിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ പാമ്പുകളെ ഒന്നു തൊടാൻ പോലും പുറത്തുള്ളവരെ ഇവർ അനുവദിക്കാറില്ല.

സാധാരണ പാമ്പുകടിയേറ്റാൽ ഉടനെ ആശുപത്രിയിൽ ചികിത്സ തേടുകയാണ് ആളുകൾ ചെയ്യുന്നതെങ്കിലും, എപ്പോളെങ്കിലും പാമ്പുകടിച്ചാൽ അടുത്തുള്ള കുളത്തിൽ പോയി കാൽ കഴുകി വന്ന് ഒരു ദിവസം ഉപവസിക്കുകയാണ് ഇവിടത്തുകാർ ചെയ്യുന്നത്. പാമ്പുകളിൽ ഉഗ്ര വിഷമുണ്ടെങ്കിലും എന്തുകൊണ്ട് വിഷം ഏൽക്കുന്നില്ല എന്ന ചോദ്യം ഇപ്പോളും ബാക്കിയാണ്.

കടപ്പാട് – Shanoop Vengad, Manorama Online.