പാകിസ്ഥാനിലെ ഗുരുദ്വാരാ ദർബാർ സാഹിബ് ന്റെ വിശേഷങ്ങൾ

സിഖ് മത സ്ഥാപകനായ ഗുരു നാനക് 550 വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച സിഖുകാരുടെ ആദ്യത്തെ ഗുരുദ്വാര ഇപ്പോൾ പാകിസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്. ഗുര്‍ദാസ്‌പൂരിലെ ദേര ബാബ നാനാക്കിലാണ്‌ ഗുരുദ്വാര ശ്രീ ദര്‍ബാര്‍സാഹിബ്‌ സ്ഥിതി ചെയ്യുന്നത്‌. ആദ്യ സിഖ്‌ ഗുരുവായ ശ്രീ ഗുരു നാനാക്‌ ദേവ്‌ ജിയുടെ ഓര്‍മ്മയ്‌ക്കായി പണികഴിപ്പിച്ചതാണ്‌ ഇത്‌. ജാതി മത ഭേദമന്യേ ഇപ്പോൾ ഏതൊരു ഇന്ത്യാക്കാരനും ഇവിടെ സന്ദർശിക്കുവാനുള്ള അവസരം നമ്മുടെ സർക്കാർ നൽകുന്നുണ്ട്.

ദൈവം സഹായിച്ച് എനിക്ക് അവിടം സന്ദർശിക്കുവാനുള്ള ഭാഗ്യമുണ്ടായി. പാക്കിസ്ഥാൻ എന്നൊക്കെ കേൾക്കുമ്പോൾ നമ്മൾ പൊതുവെ ശത്രുരാജ്യം എന്നാണു മനസ്സിൽ കരുതുക. എന്നാൽ അതിർത്തി കടന്നു അവിടെയെത്തിയ ഞങ്ങളെ ഞെട്ടിച്ചത് അവിടത്തുകാരുടെ പെരുമാറ്റമായിരുന്നു.

ഒട്ടേറെ സുരക്ഷാപ്രശ്‌നങ്ങൾ ഉണ്ടെങ്കിലും ക്യാമറ ഉപയോഗിക്കുന്നതിനു യാതൊരുവിധ വിലക്കുകളും അവിടെയുണ്ടായിരുന്നില്ല. കേരളത്തിൽ നിന്നാണ് വരുന്നതെന്നറിഞ്ഞപ്പോൾ അവിടത്തുകാർക്ക് ഒരു പ്രത്യേക ഇഷ്ടം. സിനിമകളൊക്കെ കാണാറുണ്ട് എന്നും മലയാളികളെക്കുറിച്ച് നല്ല അഭിപ്രായമാണുള്ളതെന്നുമൊക്കെ അവർ പറഞ്ഞു. പാക്കിസ്ഥാനെക്കുറിച്ച് കേട്ടറിഞ്ഞതാണോ നിങ്ങൾക്ക് ഇവിടെ അനുഭവപ്പെട്ടതെന്ന് അവർ ഞങ്ങളോട് നിറഞ്ഞ ചിരിയോടെ ചോദിച്ചു. സത്യമാണ്, രാജ്യങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും മനുഷ്യർ തമ്മിൽ അങ്ങനെയൊരു വേർതിരിവുകൾ ഇല്ലെന്നാണ് ഞങ്ങൾക്ക് അവിടെ ചെന്നപ്പോൾ മനസ്സിലായത്.

ഇന്ത്യൻ സഞ്ചാരികളെപ്പോലെ തന്നെ പാക്കിസ്ഥാനിൽ നിന്നുള്ള സന്ദർശകരും അവിടെ വരുന്നുണ്ട്. നമുക്ക് പാക്കിസ്ഥാനികളെ കാണുമ്പോൾ തോന്നുന്ന ആ ഒരു കൗതുകം അവർക്ക് നമ്മൾ ഇന്ത്യക്കാരെ കാണുമ്പോഴും ഉണ്ട്. പാക്കിസ്ഥാനികളായ ചില സന്ദർശകർ ഞങ്ങളോടൊപ്പം നിന്ന് ഫോട്ടോകൾ എടുക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു. ശരിക്കും അതൊക്കെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങൾ തന്നെയായിരുന്നു.

ഗുരുദ്വാരയ്ക്ക് അടുത്തായി സന്ദർശകർക്കു വേണ്ടി ഒരു ചെറിയ മാർക്കറ്റ് (ഷോപ്പിംഗ് ഏരിയ) തയ്യാറാക്കിയിട്ടുണ്ട്. അവിടം സന്ദർശിക്കുന്നവർക്ക് മാർക്കറ്റിലെ കടകളിൽ നിന്നും വസ്ത്രങ്ങൾ, കീചെയിനുകൾ തുടങ്ങിയവ വാങ്ങാവുന്നതാണ്. പാക്കിസ്ഥാനി സ്പെഷ്യൽ വിഭവങ്ങൾ (സ്നാക്ക്സ്) രുചിക്കണമെങ്കിൽ അവിടെയുള്ള തട്ടുകടയിൽ നിന്നും വാങ്ങിക്കഴിക്കാവുന്നതാണ്.

ഇന്ന് അവിടെ നാം കാണുന്ന ഗുരുദ്വാര ഗുരുനാനാക് സ്ഥാപിച്ച മന്ദിരമല്ല. പണ്ടുണ്ടായ ഒരു വെള്ളപ്പൊക്കത്തിൽ പഴയ ഗുരുദ്വാരയ്ക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും പിന്നീട് അത് പുതുക്കിപ്പണിയുകയായിരുന്നുവെന്നും അവിടെ നിന്നും ഞങ്ങൾക്ക് അറിയുവാൻ സാധിച്ചു.

പാക് അധീനതയിലുള്ള പഞ്ചാബിലെ കർതാർപൂരിൽ ഗുരു നാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദർബാർ സാഹിബും, അതിർത്തിയോട് തന്നെ ചേർന്ന് ഇന്ത്യയിലെ സിഖ് പുണ്യസ്ഥാനമായ ഗുരുദാസ്പൂരിലുള്ള ദേരാ ബാബാ നാനാക്ക് ഗുരുദ്വാരയും പരസ്പരം ബന്ധിപ്പിച്ച് ഇന്ത്യയിലെ തീർത്ഥാടകർക്ക് സന്ദർശനം സാധ്യമാക്കുന്ന ഇടനാഴിയാണ് കർത്താർപൂർ ഇടനാഴി. രവി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കർതാർപൂരിൽ നിന്ന് പഞ്ചാബിലെ ഗുരുദാസ്പൂറിലേക്ക് നാല് കിലോമീറ്റർ നീളമുള്ള തീർത്ഥാടക പാതയാണ് ഈ ഇടനാഴിയുടെ കാതൽ.

സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് തന്റെ ജീവിതത്തിന്റെ അവസാനത്തെ 18 വർഷങ്ങൾ ജീവിച്ചത് ഇന്നത്തെ പാകിസ്താനിലെ കർത്താർപൂർ ഗ്രാമത്തിലാണ്. 1539 ൽ അദ്ദേഹം ജീവൻ വെടിഞ്ഞതും കർതാർപൂറിൽ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ സമാധി സ്ഥിതി ചെയ്യുന്നെന്ന് വിശ്വസിക്കപ്പെടുന്ന ഗുരുദ്വാര ദർബാർ സാഹിബ് ഇവിടെയാണുള്ളത്. രണ്ടരക്കോടിയോളം വരുന്ന സിഖ് വിശ്വാസികൾക്ക് അതീവ പ്രാധാന്യമുള്ള പുണ്യകേന്ദ്രം കൂടിയാണ് നാനാക്ക് സ്ഥാപിച്ച കർതാർപൂർ ഗുരുദ്വാര.

ഇന്ത്യയും പാകിസ്താനും പങ്കിടുന്ന രാജ്യാന്തര അതിർത്തിയിൽ നിന്ന് കേവലം രണ്ട് കിലോമീറ്റർ മാത്രം ദൂരെ മാറിയാണ് കർതാർപൂർ. പാകിസ്താനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ലാഹോറിൽ നിന്ന് 120 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കർതാർപൂറിലേക്ക് സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം സിഖ് മതവിശ്വാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം തന്നെ പലപ്പോഴും നിഷേധിക്കപ്പെടുകയോ തീർഥാടനം വളരെ സങ്കീർണതകൾ നിറഞ്ഞതായി മാറുകയോ ചെയ്തിരുന്നു.

ഇന്ത്യൻ പഞ്ചാബിലെ ദേരാ ബാബാ നാനാക്ക് ഗുരു ദ്വാരയിൽ നിന്ന് ദൂരദർശനി വച്ച് നാല് കിലോമീറ്റർ അകലെയുള്ള ഗുരു നാനാക്കിന്റെ സമാധിസ്ഥലം ദർശിച്ച് വരികയായിരുന്നു ഇതുവരെ ഇവിടത്തെ സിഖ് വിശ്വാസികൾ.

ഗുരുനാനാക്കിന്റെ ജന്മ സ്ഥലവും സ്ഥിതി ചെയ്യുന്നത് ഇന്നത്തെ പാകിസ്താനിലെ ലാഹോറിനടുത്താണ്. ഭാവിയിൽ പാക് പഞ്ചാബിന്റെ തലസ്ഥാനമായ ലാഹോറിനടുത്തുള്ള ഗുരു നാനാക്കിന്റെ ജന്മസ്ഥലത്തേക്കും കൂടി വിസയില്ലാത്ത യാത്ര അനുവദിക്കപ്പെടുകയാണെങ്കിൽ ചരിത്രം തന്നെയാകും മാറ്റിയെഴുതപ്പെടുക.