ഇൻഡിഗോ എയർലൈൻസിൻ്റെ ചരിത്രം ഇങ്ങനെ

യാത്രക്കാരുടെ എണ്ണത്തിലും, വിമാനങ്ങളുടെ എണ്ണത്തിലും ഇന്ത്യയിലെ ഏറ്റവും മികച്ച എയർലൈൻ കമ്പനിയാണ് ഇൻഡിഗോ എയർലൈൻസ്. ഇൻഡിഗോയുടെ ചരിത്രവും വിശേഷങ്ങളുമാണ് ഇനി പറയുവാൻ പോകുന്നത്.

ഇന്റർഗ്ലോബ് എന്റർപ്രൈസസ് കമ്പനിയുടമയായ രാഹുൽ ഭാട്ടിയയും, അമേരിക്കൻ NRI ആയ രാകേഷ് ഗാംഗ്വാളും ചേർന്ന് പുതിയ ഒരു വിമാനക്കമ്പനി തുടങ്ങുവാൻ ധാരണയായി. അങ്ങനെ ഇരുവരും ചേർന്ന് ഇൻഡിഗോ എന്ന പേരിൽ എയർലൈൻ കമ്പനി ആരംഭിച്ചു. രാഹുൽ ഭാട്ടിയയുടെ ഇൻറർഗ്ലോബിനു 51.12 ശതമാനം ഓഹരികളും, ഗാങ്ങ്വാലിൻറെ വിർജീനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ സീലം ഇൻവെസ്റ്റ്മെന്റിനു 47.88 ശതമാനം ഓഹരികളുമാണ് കൈവശം വച്ചിരുന്നത്.

2006 പകുതിയോടെ പ്രവർത്തനങ്ങൾ ആരംഭിക്കണം എന്ന ലക്ഷ്യത്തോടെ ഇൻഡിഗോ 2005 ജൂൺമാസത്തിൽ 100 എയർബസ് A 320-200 വിമാനങ്ങൾക്ക് ഓർഡർ നൽകി. ഒരുവർഷത്തിനു ശേഷം 2006 ജൂലൈ മാസത്തിൽ ഇൻഡിഗോയ്ക്ക് ആദ്യത്തെ വിമാനം ഡെലിവറി ലഭിക്കുകയും ചെയ്തു. 2006 ഓഗസ്റ്റ് നാലാം തീയതി ഇൻഡിഗോ തങ്ങളുടെ ആദ്യത്തെ വിമാനസർവീസ് ആരംഭിച്ചു. ന്യൂഡൽഹിയിൽ നിന്നും ഗുവാഹത്തി വഴി ഇൻഫാലിലേക്ക് ആയിരുന്നു ആദ്യ സർവ്വീസ്.

പിന്നീട് മുൻപ് ഓർഡർ ചെയ്തതു പ്രകാരം ഇൻഡിഗോയുടെ ഫ്‌ലീറ്റിലേക്ക് എയർക്രാഫ്റ്റ്‌കൾ വന്നു ചേർന്നുകൊണ്ടിരുന്നു. അതിനനുസരിച്ച് അവർ ഇന്ത്യയിലെ വിവിധ ലക്ഷ്യകേന്ദ്രങ്ങളിലേക്ക് തങ്ങളുടെ സർവ്വീസ് വ്യാപിപ്പിക്കുകയും ചെയ്തു. ചുരുങ്ങിയ സമയംകൊണ്ട് ഇൻഡിഗോയ്ക്ക് യാത്രക്കാരുടെയിടയിൽ മികച്ച സ്വീകരണം ലഭിക്കുകയുണ്ടായി. ഇതോടെ 2010 ൽ എയർ ഇന്ത്യയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ എയർലൈൻ എന്ന പദവി ഇൻഡിഗോ കരസ്ഥമാക്കി. അന്ന് ഒന്നും രണ്ടും സ്ഥാനങ്ങളിൽ കിംഗ് ഫിഷറും, ജെറ്റ് എയർവെയ്സും ആയിരുന്നു ഉണ്ടായിരുന്നത്.

പ്രവർത്തനമാരംഭിച്ച് അഞ്ചു വർഷങ്ങൾക്കു ശേഷം 2011 ൽ ഇൻഡിഗോയ്ക്ക് ഇന്റർനാഷണൽ റൂട്ടുകളിൽ സർവ്വീസ് നടത്തുവാനുള്ള അനുമതി ലഭിച്ചു. ഇതോടെ ഏകദേശം 15 ബില്യൺ US ഡോളർ മുടക്കി ഇൻഡിഗോ 180 എയർബസ് A320 വിമാനങ്ങൾക്കു കൂടി ഓർഡർ നൽകുകയുണ്ടായി. 2011 സെപ്റ്റംബർ ഒന്നാം തീയതി ഇൻഡിഗോ തങ്ങളുടെ ആദ്യത്തെ അന്താരാഷ്ട്ര സർവ്വീസ് ആരംഭിച്ചു. ന്യൂഡൽഹിയിൽ നിന്നും ദുബായിലേക്ക് ആയിരുന്നു ഇൻഡിഗോയുടെ ആദ്യത്തെ ഇന്റർനാഷണൽ സർവ്വീസ്.

2012 ആയതോടു കൂടി ഇൻഡിഗോയ്ക്ക് സ്വന്തമായ വിമാനങ്ങളുടെ എണ്ണം 50 ആയി. 2012 മാർച്ചിൽ ഇൻഡിഗോ ഇന്ത്യയിലെ ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന എയർലൈൻ എന്ന പദവി നേടുകയും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർലൈൻ എന്ന നിലയിലെത്തുകയും ചെയ്തു. ആ വർഷം ആഗസ്ത് മാസത്തിൽ, മാർക്കറ്റ് ഷെയറുകളുടെയും മറ്റും അടിസ്ഥാനത്തിൽ ജെറ്റ് എയർവേയ്‌സിന്റെ ഞെട്ടിച്ചുകൊണ്ട് ഇൻഡിഗോ ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻ കമ്പനിയായി മാറി.

2013 ൽ ഇൻഡിഗോ ഏഷ്യയിലെ, എളുപ്പത്തിൽ വളരുന്ന രണ്ടാമത്തെ ബഡ്‌ജറ്റ്‌ എയർലൈൻ കമ്പനിയായി മാറി. ഇന്തോനേഷ്യൻ കമ്പനിയായ ലയൺ എയർ ആണ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. പ്രവർത്തനങ്ങൾ വിപുലീകരിച്ചതോടെ 2014 ൽ ഏഷ്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബഡ്‌ജറ്റ്‌ എയർലൈനായി ഇൻഡിഗോ മാറി.

2015 ഓഗസ്റ്റിൽ ഇൻഡിഗോ 250 എയർബസ് A320 Neo വിമാനങ്ങൾക്ക് ഒന്നിച്ച് ഓർഡർ നൽകിയത് എയർബസ് കമ്പനിയുടെ തന്നെ ചരിതത്തിലെ ഏറ്റവും വലിയ സിംഗിൾ ഓർഡറായി മാറി. പിന്നീട് 2019 ഒക്ടോബറിൽ 300 എയർബസ് A320 Neo വിമാനങ്ങൾക്ക് ഒന്നിച്ച് ഓർഡർ നൽകി തങ്ങളുടെ തന്നെ റെക്കോർഡ് ഇൻഡിഗോ മറികടന്നു.

ഇന്ന് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ബഡ്‌ജറ്റ്‌ എയർലൈനാണ്‌ ഇൻഡിഗോ. മികച്ച ബഡ്ജറ്റ് എയർലൈനിനുള്ള ധാരാളം അവാർഡുകൾ ഇൻഡിഗോ എയർലൈൻസ് കരസ്ഥമാക്കിയിട്ടുണ്ട്.

ഹരിയാനയിലെ ഗുഡ്ഗാവിലാണ് ഇൻഡിഗോയുടെ ഹെഡ്ക്വാർട്ടേഴ്‌സ്. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളമാണ് ഇൻഡിഗോ എയർലൈൻസിൻറെ പ്രധാന ഹബ്. 23000 ത്തലധികം ജീവനക്കാർ ഇന്ന് ഇൻഡിഗോയിൽ ജോലി ചെയ്യുന്നുണ്ട്.

1500 ഓളം വിമാന സർവ്വീസുകൾ ഇന്ന് ദിവസേന ഇൻഡിഗോ നടത്തുന്നുണ്ട്. ഏകദേശം 63 ഓളം ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും, 24 ഓളം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും ഇൻഡിഗോയുടെ വിമാനങ്ങൾ പറക്കുന്നു. എയർബസ് A320-200, A320 Neo, A321 Neo, ATR72 എന്നിവയാണ് ഇൻഡിഗോ തങ്ങളുടെ സർവ്വീസുകൾക്കായി പ്രധാനമായും ഉപയോഗിക്കുന്ന എയർക്രാഫ്റ്റുകൾ.

ഇന്ത്യയിൽ ബഡ്‌ജറ്റ്‌ എയർലൈനുകൾ വേറെയുണ്ടെങ്കിലും ഇൻഡിഗോയെപ്പോലെ വളർച്ച മറ്റാർക്കും അവകാശപ്പെടാനാകില്ല. സാധാരണക്കാരുടെ ആകാശയാത്രാ സ്വപ്‌നങ്ങൾ സഫലീകരിച്ചുകൊണ്ട് ഇൻഡിഗോ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്…