ഐ.എൻ.എസ്. വിക്രമാദിത്യ – നമ്മുടെ വിമാന വാഹിനി : ഒരു പടക്കപ്പലിൻ്റെ ചരിത്രം..

എഴുത്ത് – ഋഷിദാസ്.

ഇപ്പോൾ ലോകത്ത് നിലവിലുള്ള വിമാനവാഹിനികളുടെ എണ്ണം ഇരുപതിൽ താഴെയാണ് .അതിൽ പകുതിയും യു എസ് ഇന്റെ വമ്പൻ സൂപർ കാരിയറുകൾ ആണ്. യു എസ് നെ കൂടാതെ പ്രവർത്തന ക്ഷമമമായ വിമാനവാഹിനികൾ ഉള്ളത് റഷ്യ, ഫ്രാൻസ്, ഇന്ത്യ ,ചൈന ഇറ്റലി , സ്പെയിൻ എന്നീ രാജ്യങ്ങൾക്കു മാത്രമാണ് .ഇവയിൽ തന്നെ ഇറ്റലിയുടെയും സ്പയ്നിന്റെയും വിമാനവാഹിനികൾ തുലോം ചെറുതാണ് .തായ്‌ലൻഡ് പോർ വിമാനങ്ങൾ ഇല്ലാത്ത ഒരു ചെറു വിമാനവാഹിനി ഇപ്പോൾ ഒരു ഹെലികോപ്റ്റർ കാരിയർ ആയി ഉപയോഗിക്കുന്നു.ജപ്പാന്റെ ഹെലികോപ്റ്റർ ഡിസ്ട്രോയേറുകൾ ശരിക്കുള്ള വിമാനവാഹിനികൾ ആണെന്നാണ് ചൈനയുടെ ആരോപണം .എന്തൊക്കെയായാലും വിമാന വാഹിനികളുടെ നിർമാണം ഏറ്റവും സങ്കീർണമായ എഞ്ചിനീയറിങ് ദൗത്യങ്ങളിൽ ഒന്നാണ് .അവയുടെ പരിപാലനം വളരെ പണച്ചെലവുള്ളതും ,അവയുടെ സൈനികമായ വിന്യാസം സങ്കീർണവും സൂക്ഷ്മവും ആണ് .

ഐ എൻ എസ് വിക്രാന്ത് ആയിരുന്നു ഇന്ത്യയുടെ ആദ്യ വിമാനവാഹിനി ..ഒരു ചെറിയ ബ്രിട്ടീഷ് വിമാനവാഹിനിയായിരുന്നു അത് .പിന്നീട ഐ എൻ എസ് വിരാട്ട് എന്ന ഒരു വിമാനവാഹിനിയെയും നാം രംഗത്തിറക്കി .ഐ എൻ എസ് വിരാട്ട് ഉം ഒരു പഴയ ബ്രിട്ടീഷ് വിമാനവാഹിനിയെ പരിഷ്കരിച്ചതായിരുന്നു . വിക്രാന്ത്ലും വിരാട്ടിലും താരതമ്യേന ചെറിയ കരുതുകുറഞ്ഞ പോർവിമാനങ്ങൾ മാത്രമേ വിന്യസിക്കാൻ കഴിയുമായിരുന്നുളൂ .അതിനാൽ തന്നെ അവയുടെ പ്രായോഗിക പ്രഹര ശേഷിയും കുറവായിരുന്നു .ഐ എൻ എസ് വിക്രാന്ത് തൊണ്ണൂറുകളിൽ ഡീക്കമ്മീഷൻ ചെയ്യപ്പെട്ടു . അന്നുമുതൽ ഒരു പുതിയ കരുത്തേറിയ വിമാന വാഹിനിക്കുവേണ്ടിയുള്ള തിരച്ചിൽ നാം തുടങ്ങി.

സോവ്യറ്റ് യൂണിയൻ വിമാനവാഹിനി നിർമാണത്തിൽ യു എസ് നു ബഹുദൂരം പിന്നിൽ ആയിരുന്നു .അവരുടെ ആദ്യ ഹെലികോപ്റ്റർ കാരിയർ ആയ മോസ്‌കോവ ഒരു ചെറിയ ഹെലികോപ്റ്റർ കാരിയർ ആയിരുന്നു .വിമാനവാഹിനികളെക്കാളും ഏവിയേഷൻ ക്രൂയ്സർ എന്നുവിളിക്കുന്ന വിമാന വാഹിനിയുടെയും ക്രൂയ്സറിന്റെയും ഒരു ഹൈബ്രിഡ് നിര്മിക്കുന്നതിലേക്ക് USSR തിരിഞ്ഞത് എഴുപതുകളുടെ ആദ്യമായിരുന്നു .കിയെവ് ക്ലാസ് ഏവിയേഷൻ ക്രൂയ്സറുകൾ എന്ന് പേരിട്ട ഈ വിഭാഗത്തിൽ നാല് ഏവിയേഷൻ ക്രൂയ്സറുകൾ ആണ് നിർമ്മിക്കപ്പെട്ടത് .

കിയെവ് ,മിന്സ്ക് ,നോവൊറോസിയാക് ,ബാകൂ എന്നിവയായിരുന്നു ആ ഏവിയേഷൻ ക്രൂയ്സറുകൾ . ഇവയിൽ ബാകൂവിന്റെ പേര്. പിന്നീട് അഡ്മിറൽ ഗ്രോഷ്കോവ് എന്നാക്കി മാറ്റി. നാല്പതിനായിരം ടണ്ണിലധികം വിസ്ഥാപനം ,ഒരു ക്രൂയ്സറിലുള്ള ആയുധസന്നാഹം .പ്രതേകിച്ചു S-300 വ്യോമവേധ സന്നാഹവും ഇരുപത് P -500 ബസാൾട് കപ്പൽ വേധ ക്രൂയിസ് മിസൈലുകൾ അടങ്ങുന്ന അതിശക്തമായ ആയുധങ്ങൾ ഇതായിരുന്നു അഡ്മിറൽ ഗ്രോഷ്‌കോവിലെ പ്രധാന ആയുധങ്ങൾ . .ഇവകൂടാതെയായിരുന്നു അവയിലെ യാക്-38 പോർവിമാനങ്ങൾ . അതിശക്തമായ യുദ്ധയന്ത്രമായിരുന്നു കിയെവ് ക്ലാസ് ഏവിയേഷൻ ക്രൂയ്സറുകൾ.

ദൗര്ഭാഗ്യ വശാൽ സോവിയറ്റ് യൂണിയൻ തൊണ്ണൂറുകളുടെ ആദ്യം തകർന്നടിഞ്ഞു .പിന്തുടർച്ചാരാജ്യമായ റഷ്യക്ക് ഈ വിമാനവാഹിനികളെ നിലനിർത്താനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല .ഒന്നിനെ അവർ ഇരുമ്പുവിലക്കു വിറ്റു രണ്ടെണ്ണത്തിനെ വ്യാജ കമ്പനികളെ ഉപയോഗിച്ച് ചൈന സ്വന്തമാക്കി .ഈ ശ്രേണിയിലെ ഏറ്റവും പുതിയ കപ്പലായ അഡ്മിറൽ ഗ്രോഷ്കോവ് ഒരു ആർട്ടിക് തുറമുഖത്തിൽ ഒതുക്കിയിടപ്പെട്ടു .ആദ്യം മുതെലെ തന്നെ ഇന്ത്യ ഇത് വാങ്ങാൻ താല്പര്യം കാണിച്ചിരുന്നു.

വിലയിലെ ചർച്ചകളിൽ വർഷങ്ങൾ കടന്നുപോയി .ഒടുവിൽ 2004 ൽ .ഏതാണ്ട് ഒരു ബില്യൺ ഡോളറിനു ഗ്രോഷ്കോവിനെ നവവീകരിച് ഇന്ത്യക്കു നൽകാൻ ധാരണയായി. ഇന്ത്യക്ക് ഒരു ഏവിയേഷൻ ക്രൂയ്സറിന്റെ ആവശ്യം ഇല്ലായിരുന്നു .അതിനാൽ ബസാൾട് മിസൈലുകളെ ഒഴിവാക്കി ഫ്ലൈറ്റ് ടെക് വിപുലീകരിച്ചു ഒരു ടേക്ക് ഓഫ് രാം കൂടി ഉൾപ്പെടുത്തി ഒരു ”STOBAR ” (ഷോർട് ടേക്ക് ഓഫ് ബട്ട് അസ്സിസ്റ്റഡ് റിക്കവറി -Short Take-Off But Arrested Recovery- )കാരിയർ ആക്കി ഗ്രോഷ്കോവിനെ മാറ്റാനായിരുന്നു ധാരണ. പക്ഷെ രണ്ടു വര്ഷത്തിനുള്ളിൽത്തന്നെ ഒരു ബില്യൺ ഡോളറിനു പണി പൂർത്തിയാവില്ലെന്ന് ഉറപ്പായി.

2004 ൽ കരാർ 2.3 ബില്യൺ ഡോളറിനു പുതുക്കി .ചില കോണുകളിൽ നിന്നും വിമർശനങ്ങൾ വന്നെങ്കിലും ഒരു പുതിയ കാരിയാറിന് അതിന്റെ പലമടങ്ങു ചെലവ് വരും എന്ന സത്യം എല്ലാ വിമർശനങ്ങളെയും നിശബ്ദമാക്കി. 2014 ൽ നവീകരണം പൂർത്തിയാക്കി ഐ എൻ എസ് വിക്രമാദിത്യയായി ഗ്രോഷ്കോവ് ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. മുപ്പതിലധികം മിഗ്-29K പോർവിമാനങ്ങൾ വഹിക്കുന്ന ഐ എൻ എസ് വിക്രമാദിത്യ ഇപ്പോൾ യു എസ് സൂപർ കാരിയറുകൾ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ശക്തമായ ഒരു വിമാന വാഹിനിയാണ്. നമ്മുടെ ആദ്യ വിമാനവാഹിനികളായ INS വിക്രാന്തിനെയും I NS വിരാട്ടിനെയും കാൾ പല മടങ്ങു കരുത്തുറ്റതാണ് ഐ എൻ എസ് വിക്രമാദിത്യ യും അതിലെ ആയുധ സന്നാഹങ്ങളും.

ദീർഘമായ ചർച്ചകളുടെയും നവീകരണത്തിലെ പ്രതിസന്ധിയുടെയും കാലത് പലതവണ നമ്മുടെ മാധ്യമങ്ങൾ ഐ എൻ എസ് വിക്രമാദിത്യക്ക് എതിരെ പ്രചണ്ഡമായ പ്രചാരണം നടത്തിയിട്ടുണ്ട്. ആരോപണങ്ങൾ ഭയന്ന് പദ്ധതി ഉപേക്ഷിച്ചിരുന്നുവെങ്കിൽ ഐ എൻ എസ് വിക്രമാദിത്യ പോലെ അതിശക്തമായ ഒരായുധം ഇന്ന് നമ്മുടെ പക്കൽ ഉണ്ടാവുമായിരുന്നില്ല. ഐ എൻ എസ് വിക്രമാദിത്യ വളരെ ചെലവേറിയ ഒരു വിമാന വാഹിനി ആണെന്നാണ് ഒരു ദശകം മുൻപ് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. പക്ഷെ സത്യം വളരെ വിദൂരമായിരുന്നു. ഒരു പുതിയ വിമാനവാഹിനിയുടെ രണ്ടിലൊന്നോ മൂന്നിലൊന്നോ വിലക്കാണ് ഐ എൻ എസ് വിക്രമാദിത്യയെ നാം സ്വന്തമാക്കിയത്. പത്തുകൊല്ലം മുൻപ് അപവാദം പ്രചരിപ്പിച്ചവർ ഇപ്പോൾ ഐ എൻ എസ് വിക്രമാദിത്യക്ക് അപദാനങ്ങൾ പാടുകയാണ്. ഇനിയും ഒരു നാല് ദശാബ്ദം ഐ എൻ എസ് വിക്രമാദിത്യ നമ്മുടെ സമുദ്രങ്ങളുടെ കാവൽക്കാരനായി റോന്തു ചുറ്റും.