ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ടെസ്റ്റിംഗ് സെന്റര്‍ വരുന്നൂ

മോട്ടോര്‍ വാഹന വകുപ്പിന് കീഴില്‍ സംസ്ഥാനത്ത് ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ടെസ്റ്റിംഗ് ട്രാക്ക് കം ഡ്രൈവര്‍ കോച്ചിംങ് സെന്റര്‍ ഉടന്‍ ആരംഭിക്കുന്നു. പദ്ധതിയ്ക്ക് 35.42 കോടി രൂപയുടെ ഭരണാനുതി ലഭിച്ചിട്ടുണ്ട്. ടെസ്റ്റിംഗ് ട്രാക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തിന് പുറത്ത് ജോലി തേടി പോകുന്നവര്‍ക്ക് അനായാസമായി ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള സൗകര്യം ലഭ്യമാകും. മലപ്പുറത്ത് 30 ഏക്കര്‍ സ്ഥലത്താണ് പുതിയ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ടെസ്റ്റിംഗ് സെന്റര്‍ നിര്‍മ്മാണം ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്.

2017 സെപ്തംബറില്‍ കേരള സന്ദര്‍ശനത്തിനെത്തിയെ എമിറേറ്റ്‌സ് ഓഫ് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുമായി നടത്തിയ ചര്‍ച്ചയില്‍ ഷാര്‍ജയിലെ നിമയവ്യവസ്ഥയ്ക്കും അന്തര്‍ദേശീയ നിലവാരത്തിലും കേരളത്തില്‍ ഒരു ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് കോച്ചിംഗ് സെന്റര്‍ ആരംഭിക്കുന്നതിന് തത്വത്തില്‍ ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് നടത്തിയ പഠനത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, അസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സ് അനായാസമായി ലഭിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കുന്ന തരത്തിലുള്ള പരിശീലനം ലഭ്യമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പുതിയ സെന്ററില്‍ തിയറി ട്രെയിനിംഗ് ക്ലാസ് റൂമുകള്‍, ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനുള്ള ട്രാക്ക്, അന്തരാഷ്ട്ര നിലവാരം ഉറപ്പുവരുത്തുന്നതിനായി വാഹന യാര്‍ഡ്, ഗ്യാരേജ് പാര്‍ക്കിംഗ്, പാരലല്‍ പാര്‍ക്കിംഗ് തുടങ്ങിയവും റോഡ് ടെസ്റ്റിന്റെ ഭാഗമായി യു ടേണ്‍, റൗണ്ട് എബൗട്ട്, 6 ട്രാക്ക് ലൈന്‍ തുടങ്ങിയവയും നിര്‍മ്മിക്കും.
ടെസ്റ്റിംഗ് സെന്ററിനായി അന്താരാഷ്ട്ര നിലവാരമുള്ള ക്ലാസ് മുറികള്‍ സജ്ജീകരിക്കുന്നതിനായി മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് & റിസര്‍ച്ചില്‍(ഐ.ഡി.ടി.ആര്‍) നിലവിലുള്ള സംവിധാനം പരിഷ്‌ക്കരിക്കും.

ട്രാക്ക്, യാര്‍ഡ്, റോഡ് ടെസ്റ്റ് എന്നിവ നടത്തുന്നതിനായി INKEL Ltd ന്റെ ഉടമസ്ഥതയിലുള്ള 30 ഏക്കര്‍ സ്ഥലമാണ് വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. ഗവണ്‍മെന്റ് ഓഫ് എമിറേറ്റ്‌സ് ഷാര്‍ജയുടെ സഹായത്തോടെ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ് ഇവിടെ പരിശീലനം നേടുന്നവര്‍ക്ക് നല്‍കുന്നതിനും, ഓവര്‍സീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് (ODEPEC), നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (NSDC), മറ്റ് വിദേശ തൊഴില്‍ ദാതാക്കള്‍ തുടങ്ങിയവ മുഖാന്തരം ജോലി ലഭിക്കുന്നതിനുള്ള റിക്രൂട്ടിംഗ് സഹായം നല്‍കുന്നതിനും പുതിയ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് സെന്റര്‍ വഴി സാധിക്കുമെന്ന് കരുതുന്നു.

കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കും ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിംഗ് ഉള്ള മറ്റ് രാജ്യങ്ങളിലേക്കും ഡ്രൈവിംഗ് ജോലി തേടി പോകുന്നവര്‍ക്ക് നിലവില്‍ അവിടുത്തെ ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നതിന് വളരെ പ്രയാസമനുഭവിക്കുന്നുണ്ട്. അതിനാല്‍ തന്നെ തൊഴിലവസരങ്ങള്‍ പലതും നഷ്ടമാകുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ പുതിയ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ടെസ്റ്റിംഗ് സെന്റര്‍ പ്രാവര്‍ത്തികമാകുന്നതോടെ ഇതിന് പരിഹാരമാകും.

കടപ്പാട് – ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജ്.