ടെക് ലോകവും ഫോൺ പ്രേമികളും ഏറെ ആകാംഷയോടെയും പ്രതീക്ഷയോടെയും കാത്തിരുന്നതാണ് ആപ്പിൾ ഐഫോണിൻ്റെ പുതിയ പതിപ്പായ ഐഫോൺ 12 ൻ്റെ വിപണിയിലേക്കുള്ള ചുവടുവെപ്പ്. iPhone 12 Mini, iPhone 12, iPhone 12 Pro, iPhone 12 Pro Max എന്നിങ്ങനെ നാല് വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ഐഫോൺ പ്രേമികൾ ഇപ്പോൾ ദുബായിലേക്ക് ഒരു ട്രിപ്പ് പോകുവാനുള്ള തയ്യാറെടുപ്പിലാണ്. അതും ഇതും തമ്മിലെന്താണ് ബന്ധമെന്നു സംശയം തോന്നാം. സ്വാഭാവികം.
ഇന്ത്യയിൽ ഐഫോൺ 12 പ്രോയ്ക്ക് (128GB) 1,19,000 രൂപയാണ് വില. എന്നാൽ ദുബായിലാകട്ടെ, ഇതിന് 4199 ദിർഹമാണ്. അതായത് ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ 84,000 രൂപ. ഇന്ത്യയിലേക്കാൾ 35000 രൂപ കുറവാണ് ദുബായിൽ. എന്തുകൊണ്ടാണ് ഇന്ത്യയിൽ ഇത്രയും വിലക്കൂടാൻ കാരണം? കഴിഞ്ഞ മാർച്ചിൽ മൊബൈൽഫോണുകളുടെ GST 12 ശതമാനത്തിൽ നിന്നും 18 ശതമാനമാക്കി ഉയർത്തിയിരുന്നു. അതിനുപുറമെ 20% ഇറക്കുമതി തീരുവയും, 2% സെസ്സും കൊടുക്കണം.
അപ്പോൾ ഐഫോൺ വാങ്ങുവാനുദ്ദേശിക്കുന്നവർ ചെയ്യേണ്ട കാര്യമെന്തെന്നാൽ ദുബായിലേക്ക് ഒരു വിസയും ഫ്‌ളൈറ്റ് ടിക്കറ്റുമൊപ്പിച്ച് നേരെ അവിടെച്ചെന്നിറങ്ങി ഐഫോൺ കുറഞ്ഞ വിലയ്ക്ക് വാങ്ങി, ദുബായ് ഒക്കെ ഒന്നു കറങ്ങിയടിച്ചു തിരികെ വിമാനം കയറാം. അവിടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടെങ്കിൽ കുറച്ചു ദിവസം അവരോടൊപ്പം നിന്ന് അവധിക്കാലമെന്നോണം അടിച്ചുപൊളിക്കുകയും ചെയ്യാം. ദുബായിൽ ക്വാറന്റൈൻ ഇല്ലാത്തതിനാൽ അതും ലാഭം. കൂടാതെ അവിടെ ടൂറിസമോക്കെ ഓപ്പണുമാണ്.
കൊച്ചിയിൽ നിന്നും ദുബായിലേക്ക് റിട്ടേൺ അടക്കം ഏകദേശം 16000 രൂപയോളമാണ് ഇപ്പോഴത്തെ ഫ്‌ളൈറ്റ് ടിക്കറ്റ് നിരക്കുകൾ. പിന്നെ വിസ എടുക്കണമെങ്കിൽ 5000 – 6000 രൂപയോളവുമാകും. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയിൽ ഒരു കടയിൽച്ചെന്ന് ഐഫോണും വാങ്ങി തിരികെ വീട്ടിലേക്ക് പോകുന്നതിനു പകരം അതേ തുക ചെലവാക്കിയാൽ ഐഫോൺ പർച്ചേസിനൊപ്പം ഒരു കിടിലൻ ഫോറിൻ ട്രിപ്പ് കൂടി യാഥാർഥ്യമാക്കാം.
ഐഫോൺ പ്രോ എടുക്കുന്നത് അമേരിക്കയിൽ നിന്നുമാണെങ്കിൽ ഇന്ത്യയിലേതിനേക്കാൾ 40,000 രൂപയാണ് കുറവ്. എന്നാൽ ദുബായിൽ പോയി വരുന്നതുപോലെ നമുക്ക് അമേരിക്കയിൽ പോയി വരാൻ കഴിയില്ലല്ലോ. അതുകൊണ്ട് നമുക്ക് നമ്മുടെ ദുബായ് തന്നെ ശരണം.
ഈ പോസ്റ്റ് വായിച്ചുകഴിയുമ്പോൾ എന്തുകൊണ്ടാണ് ഇന്ത്യൻ വിപണിയ്‌ക്കെതിരെ പോസ്റ്റ് ഇട്ടതെന്നു നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഒരിക്കലും നമ്മുടെ രാജ്യത്തെ വിപണിയ്ക്ക് എതിരല്ല. പക്ഷേ ഇത്തരത്തിൽ ഭീമൻ നികുതികൾ ചുമത്തിയാൽ പുറത്തു നിന്നും ഇന്ത്യയിലേക്കുള്ള കള്ളക്കടത്തുകൾ വ്യാപകമായി കൂടുകയും അതുമൂലം സർക്കാരിന് കൂടുതൽ നഷ്ടമുണ്ടാകുകയും ചെയ്യും. അതിനേക്കാൾ നല്ലതല്ലേ കുറച്ചു കുറവാണെങ്കിലും മാന്യമായ നികുതി ഈടാക്കുന്നത്. എന്തായാലും ഐഫോൺ പ്രേമികൾക്കായി ദുബായ് – ഐഫോൺ പാക്കേജുകളുമായി ടൂറിസ്റ്റ് ഏജൻസികളും രംഗത്തിറങ്ങിയിട്ടുണ്ട് എന്നതാണ് വസ്തുത.