അനുന്മത്തനായ ആത്‌മീയ ആചാര്യൻ, കറ കളഞ്ഞ പ്രകൃതി സ്‌നേഹി എന്നീ നിലകളിൽ പ്രസിദ്ധി നേടിയ സദ്ഗുരു എന്ന് അറിയപ്പെടുന്ന ജഗ്ഗി വാസുദേവ് രൂപം നൽകിയ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ഇഷ ഫൌണ്ടേഷൻ. കോയമ്പത്തൂരിനടുത്ത് വെള്ളിയാംഗിരി മലകളുടെ താഴ്വരയിലാണ് 13 ഏക്കർ സ്ഥലത്ത് സദ്ഗുരുവിന്റെ ആശ്രമം സ്ഥിതി ചെയ്യുന്നത്. ’ഇഷാ യോഗാ സെന്റർ’ എന്ന പേരിലുള്ള ആശ്രമം 1993 ലാണ് സ്ഥാപിക്കുന്നത്.
കോയമ്പത്തൂരിന്റെ തിരക്കുകളിൽ നിന്നും മാറി ഏകദേശം മുപ്പതോളം കിലോമീറ്റർ ദൂരത്തായാണ് ഇഷാ യോഗാ സെന്റർ. കോയമ്പത്തൂരിൽ നിന്ന് ഉക്കടം വഴി പേരൂർ, ശിരുവാണി റോഡിലൂടെ പോകുക. ഇതുവഴി പോയിക്കഴിഞ്ഞാൽ ഇരുട്ടുകുളത്തിൽ നിന്ന് വലത്തോട്ട് 8 കിലോമീറ്റർ അകലെയാണ് ആശ്രമം. വഴി പറഞ്ഞത് കേട്ടു നിങ്ങൾ പേടിക്കേണ്ട. ധ്യാനലിംഗ യോഗി ക്ഷേത്രത്തിലേക്കുള്ള വഴി കൃത്യമായി കാണിച്ചു തരുന്ന സൈൻ ബോർഡുകൾ ഇവിടേക്കുള്ള വഴിനീളെ കാണാം. ഇഷായോഗയിലേക്കുള്ള റോഡിനിരുവശവും കാഴ്ചകളുടെ പൂരമാണ്. പരമശിവൻ തപസ്സു ചെയ്തു എന്ന ഐതിഹ്യം നിലനിൽക്കുന്ന വെള്ളിയങ്കിരി കുന്നുകളുടെ മടിത്തട്ടിലാണ് ഈ ആശ്രമം. യോഗയുടെ അനന്ത സാദ്ധ്യതകൾ ലോകത്തിന്റെ മുൻപിൽ തുറന്നു കാട്ടുകയാണ് ഇഷ ഫൌണ്ടേഷന്റെ ലക്ഷ്യം. ഇഷാ യോഗ സെന്ററിന്റെ വിശാലമായ ആശ്രമത്തിൽ കൂടി ഒന്ന് ചുറ്റിയടിച്ചു വരുമ്പോൾ ഒരു പോസറ്റീവ് എനർജി അനുഭവപ്പെടുക തന്നെ ചെയ്യുന്നു. നിരവധിയാളുകളാണ് ഇവിടെ സന്ദർശകരായി എത്തുന്നത്.
ലോകത്തില്‍ വെച്ചുതന്നെ ശിവഭഗവാന്റെ ഏറ്റവും വലിയ അർദ്ധകായ പ്രതിമയാണ് കോയമ്പത്തൂരിലെ ഈ ഇഷ ഫൗണ്ടേഷൻ കേന്ദ്രത്തിലുള്ളത്. ആദിയോഗി പ്രതിമ എന്നാണു ഇത് അറിയപ്പെടുന്നത്. 34.24 മീറ്റർ ഉയരവും (112അടി) 44.9 മീറ്റർ നീളവും , 24.99 മീറ്റർ വീതിയുമുണ്ട് കാസ്റ് അയേൺ കൊണ്ട് നിർമിച്ച ഈ അർദ്ധകായ പ്രതിമക്ക്. നേപ്പാളിൽ സ്ഥിതി ചെയ്യുന്ന 144 അടി ഉയരമുള്ള കൈലാസനാഥ് ശിവ പ്രതിമയാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ. രണ്ടാം സ്ഥാനത്ത് കർണാടകത്തിലെ മുരുഡേശ്വറിൽ സ്ഥിതി ചെയ്യുന്ന 123 അടി ഉയരമുള്ള ശിവ പ്രതിമയും.. എന്നാൽ ഇവയെല്ലാം തന്നെ പൂർണ്ണകായ പ്രതിമകളാണ്. ഇവിടത്തെ പ്രതിമയുടെ 112 അടി ഉയരം എന്നത് 112 മാർഗങ്ങളെയാണ് സൂചിപ്പിക്കുന്നത്. 2017 ഫെബ്രുവരി 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിമ അനാവരണം ചെയ്തത്. ഇത്രയും വലിയ ആ പ്രതിമയുടെ മുഖത്ത് കാണുന്ന ശാന്തത അനല്‍പ്പമായ നിര്‍വൃതി ശരിക്കും നേരിട്ട് കാണുക തന്നെ വേണം.
സാധാരണ ജനങ്ങളിലേക്ക് യോഗയുടെ ഒരു പാട് നല്ല കാര്യങ്ങളിലേക്ക് തുടക്കം കുറിക്കുക എന്നൊരു ഉദ്ദേശം കൂടിയുണ്ട് ഈ ആശ്രമത്തിന്. യോഗയിലൂടെ അവബോധമുയർത്താനുതകുന്ന പ്രോഗ്രാമുകളുടെ ഒരു പരമ്പര തന്നെ ഇവിടെ നടത്തുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയിലെ എക്കണോമിക് & സോഷ്യൽ കൗൺസിൽ പോലെയുള്ള അന്താരാഷ്ട്ര സംഘടനകളുമായും ഇഷാ ഫൌണ്ടേഷൻ സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഇവിടെ എല്ലാ മതവിഭാഗത്തിൽപ്പെട്ടവർക്കും പ്രവേശനമുണ്ട്.
ധ്യാനലിംഗം
ധ്യാനലിംഗം ഒരു യോഗക്ഷേത്രവും ധ്യാനസ്ഥലവുമാണ്. 1999 ജൂൺ 23 – ന് ധ്യാനലിംഗം പൂർത്തിയാകുകയും നവംബർ 23 – ന് പൊതു ജനങ്ങൾക്കായി തുറക്കുകയും ചെയ്തു. ക്ഷേത്രം എന്നു കേൾക്കുമ്പോൾ ഇത് ഹിന്ദുക്കൾക്ക് മാത്രമുള്ളതാണെന്നു വിചാരിക്കേണ്ട. ഒരു പ്രത്യേക മതത്തിലോ വിശ്വാസപ്രമാണത്തിലോ അധിഷ്ടിതമല്ലാത്ത ഒരു ധ്യാനസ്ഥലമാണ് ധ്യാനലിംഗ ക്ഷേത്രം. 76 അടി വ്യാസമുള്ള, ചുടുകട്ടയും ബലപ്പെടുത്തിയ ചെളിയും മാത്രമുപയോഗിച്ചു നിർമിച്ചിരിക്കുന്ന അർധഗോളാകൃതിയിലെ ഒരു മകുടം ഗർഭഗൃഹത്തെ ആവരണം ചെയ്യുന്നു. ഇതിന്റെ രൂപകൽപ്പനയ്ക്കായി സ്റ്റീലോ കോൺക്രീറ്റോ ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സാന്ദ്രതകൂടിയ കറുത്ത ഗ്രാനൈറ്റിനാൽ നിർമിച്ചിരിക്കുന്ന ലിംഗത്തിന് 13′ 9″ പൊക്കമുണ്ട്. മുന്നിലെ പ്രവേശനകവാടത്തിനടുത്തുള്ള സർവമതസ്തംഭം ഏകത്വത്തിന്റെ അടയാളമായി നില കൊള്ളുന്നു. ഹിന്ദു, മുസ്ലിം, ക്രിസ്തു, സിക്ക്, ജൈന, താവോ, സൗരാഷ്ട്ര, ജൂത, ബുദ്ധ, ഷിന്റോ മതങ്ങളുടെ ശില്പങ്ങളും അടയാളങ്ങളും അതിന്മേൽ കൊത്തിയിട്ടുണ്ട്.
സ്വന്തം വാഹനങ്ങളിൽ വരുന്നവർക്കായി വലിയൊരു പാർക്കിംഗ് ഗ്രൗണ്ട് ഇവിടെ ഒരുക്കിയിട്ടുണ്ട്. പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ഏകദേശം മുക്കാൽ കിലോമീറ്ററോളം ദൂരമുണ്ട് ആശ്രമത്തിലേക്ക്. ഇത്രയും ദൂരം നടക്കുവാൻ വയ്യെങ്കിൽ കാളവണ്ടിയിൽ പോകുവാനുള്ള സൗകര്യവും ഇവിടെ റെഡിയാണ്. ഇതിനു പ്രത്യേകം ചാർജ്ജ് കൊടുക്കണം. വണ്ടി വലിക്കുന്ന കാളകള്‍ നല്ല ആരോഗ്യമുള്ളവയും ഭംഗിയുള്ളവയുമാണ്. അവ വഴിയില്‍ ഇടുന്ന ചാണകം പോലും അപ്പപ്പോള്‍ മാറ്റാന്‍ അവിടെ ആളുകൾ ഉണ്ട്. മൊത്തത്തിൽ വളരെയേറെ വൃത്തിയുള്ള ഒരു പ്രദേശം തന്നെയാണിവിടം. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് ഇവിടേക്ക് ബസ്സിൽ യാത്രചെയ്തു വരാവുന്നതാണ്.കോയമ്പത്തൂർ ഗാന്ധിപുരം ടൗൺ ബസ് സ്റ്റാൻഡിൽ നിന്ന് ആശ്രമത്തിലേയ്ക്ക് തമിഴ്‌നാട് സർക്കാരിന്റെ ബസ് സർവീസുകളുണ്ട്. ഓർക്കുക – ബസ്_നമ്പര്‍_14D. സമയവിവരങ്ങൾ – From Gandhipuram to Isha Yoga : 05:30 AM, 07:10 AM, 08:50 AM, 10:30 AM, 12:10 PM, 02:00 PM, 03:50 PM, 05:30 PM, 07:00 PM, 09:15 PM. #From_Isha to Gandhipuram : 05:30 AM, 07:10 AM, 08:50 AM, 10:30 AM, 12:10 PM, 02:00 PM, 03:50 PM. കേരളത്തിൽ നിന്നും കോയമ്പത്തൂരിലേക്ക് KSRTC യുടെ ബസ്സുകൾ ധാരാളമായി സർവ്വീസ് നടത്തുന്നുണ്ട്. സമയവിവരങ്ങൾ അറിയുവാനായി www.aanavandi.com സന്ദർശിക്കാവുന്നതാണ്.
ഇവിടെ വരുന്നവർ ഒരു കാര്യം പ്രത്യേകം ഓർക്കുക. ഇതൊരു ടൂറിസ്റ്റു കേന്ദ്രമല്ല. ആർമ്മാദിക്കാനും എൻജോയ് ചെയ്യുവാനുമൊക്കെയായി മാത്രം ഇവിടേക്ക് വരരുത്. ഫ്രീക്കന്മാർ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണേ.. പിന്നെ ആശ്രമത്തിനകത്ത് ഫോട്ടോഗ്രാഫി അനുവദിക്കുന്നില്ല. ഉള്ളിലെ കാഴ്ചകൾ മനസ്സിന്റെ മെമ്മറി കാർഡിൽ സൂക്ഷിക്കുവാനുള്ളതാണ്. അത് അങ്ങനെ തന്നെ സൂക്ഷിക്കുക. സന്ദർശകർക്ക് ഭക്ഷണം കഴിക്കുന്നതിനായി ആശ്രമ കോംബൗണ്ടിനുള്ളിൽ കാന്റീനുകൾ ഉണ്ട്. വളരെ രുചികരമായ ഭക്ഷണമാണ് ഇവിടെ നിന്നും ലഭിക്കുക.
ശനി,ഞായർ കൂടാതെ പൊതു അവധി ദിവസങ്ങളിലും ഇവിടെ താരതമ്യേന തിരക്ക് വളരെ കൂടുതലായിരിക്കും. അതുകൊണ്ട് കഴിവതും സന്ദർശനത്തിനായി ബാക്കിയുള്ള ദിവസങ്ങൾ തിരഞ്ഞെടുക്കുക. ഒരു തവണ ഇവിടെ ഒന്ന് സന്ദർശിച്ചാൽ ജീവിതത്തിലെ എല്ലാ ടെൻഷനുകൾക്കും ഒരു ശമനം വരികയും മനസ്സിന് ഒരു പോസിറ്റിവ് എനർജ്ജി ലഭിക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്. വേണമെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ..