വിവരണം – Bani Zadar.
“ഓന്റെ അടുത്ത് എമ്പാടും പൈസ ഇണ്ടപ്പ…അതോണ്ടാ അവൻ ഇങ്ങനെ കറങ്ങി നടക്കുന്നത്” “ഹേയ്, അതൊന്നും അല്ല ഓനിക്ക് നല്ല സ്പോൺസേഴ്‌സിനെ കിട്ടിക്കാണും, അങ്ങനെ പോകുന്നതാ.” കുറച്ചു നാളായി കേട്ടു കൊണ്ടിരിക്കുന്ന സ്ഥിരം ഡയലോഗ്സ് ആണ് ഇത് രണ്ടും… സത്യം എന്താണെന്നു വെച്ചാൽ എല്ലാവരെയും പോലെ സാധാരണ രീതിയിൽ ഇവിടെ ദുബൈയിൽ ജോലി ചെയ്തു ജീവിക്കുന്ന ഒരു പ്രവാസി ആണ് ഞാനും, പിന്നെ എല്ലാരും ചെയുന്നത് പോലെ നാട്ടിൽ വലിയ വീടൊന്നും വെക്കാതെ, നാളത്തേക്ക് ഒന്നും കരുതി വെക്കാതെ, ബിസിനസ് എന്ന കെണിയിൽ പെടാതെ,എന്റെ ഏറ്റവും വലിയ ആഗ്രഹമായ ഈ ഊരു ചുറ്റലിൽ ഞാൻ എന്റെ സമ്പാദ്യം മുഴുവൻ ചിലവഴിക്കുന്നു. നല്ല രീതിയിൽ പ്ലാൻ ചെയ്താൽ, നാട്ടിൽ പോകുന്നതിന്റെ ചിലവിൽ നമുക്ക് രണ്ടു ട്രിപ്പ് എങ്കിലും പോവാം. കേൾകുന്നവർക്ക് ഇത് ഒരു മണ്ടത്തരം ആയി തോന്നുമെങ്കിലും, എന്നെ സംബദ്ധിച്ചടിത്തോളം കുടുംബത്തോടപ്പം ഉള്ള ഈ യാത്രകൾ മാത്രമേ അവസാനം ഓർക്കാൻ ബാക്കി ഉണ്ടാവുള്ളു…
ഇനി കുറച്ചു ഐസ്ലാൻഡ് വിശേഷങ്ങൾ പറയാം…!!! പണ്ട് നീലാംസ്‌ട്രോങും കൂട്ടരും ചന്ദ്രനിൽ പോകുന്നതിനു മുൻപ് പരിശീലനം നേടിയത് ഇവിടെ ഐസ്ലാൻഡിൽ വെച്ചായിരുന്നത്രെ, മറ്റു ഗ്രഹങ്ങളുമായി താരതമ്യം ചെയ്യാൻ പറ്റിയതും ഏകദേശം അതെ രീതിയിൽ ഉള്ള സാഹചര്യങ്ങൾ ഉള്ളതുമായ ഭൂമിയിലെ ഏക സ്ഥലം ആയതു കൊണ്ടാണത്രേ അവർ പരശീലനത്തിനു വേണ്ടി ഐസ്ലാൻഡ് തിരഞ്ഞെടുത്തത്. (അല്ലെങ്കിൽ തന്നെ അവന്മാര് ചന്ദ്രനിൽ ഒന്നും പോകാതെ അവിടെ വെച്ച് തന്നെ നടത്തിയ ഒരു പൊറാട്ടു നാടകത്തിന്റെ ഷൂട്ടിംഗ് ആണോ നമ്മൾ ഇന്ന് കാണുന്ന ആ ചന്ദ്രനിൽ പോക്ക് എന്ന് എനിക്ക് പണ്ടേ സംശയം ഇല്ലാണ്ടില്ല). ദുബായിൽ നിന്നും ഫ്ലൈറ്റ് ഒക്കെ മിസ് ആയി അടുത്ത ഫ്ലൈറ്റിനു കഷ്ട്ടപെട്ടു ഡെന്മാർക്കിൽ എത്തി. അവിടെ നിന്നും പിറ്റേന്നു ഒരു കരുണയും കണ്ണിൽ ചോരയും ഇല്ലാത്ത WOW എയർലൈൻസ് എന്ന ഫ്ലൈറ്റിൽ കയറി ഐസ്ലാൻഡിൽ എത്തി. ഇതൊക്കെ നോക്കുമ്പോൾ നമ്മുടെ എയർ ഇന്ത്യ ഒക്കെ എത്രയോ നല്ലതാ.
എയർപോർട്ടിൽ നിന്നും പുറത്തേക് ഇറങ്ങിയപ്പോൾ തന്നെ മനസിലായി ഐസ്ലാൻഡിനെ എന്ത് കൊണ്ടാണ് മറ്റുള്ള രാജ്യങ്ങളിൽ നിന്നും വ്യത്യസ്തം ആക്കുന്നത് എന്ന്. ഒരു മരങ്ങൾ പോലും ഇല്ലാതെ പരന്നു കിടക്കുന്ന ഭൂപ്രദേശം ആയിരുന്നു അവിടെ. ഒരറ്റത്തു നിന്ന് നോക്കിയാൽ മറുവശം കാണാൻ പറ്റുന്ന രീതിയിൽ ആയിരുന്നു. പോരാത്തതിന് ഉയർന്ന കെട്ടിടെങ്ങളും വളരെ കുറവ്. കാർ എടുക്കാൻ പോയപ്പോൾ ആണ് ഒരു വിചിത്രമായ ഒരു ആചാരം കേട്ടത്. സാദാരണ rent a car എടുക്കുമ്പോൾ, ഫുൾ ഇൻഷുറൻസിൽ എല്ലാം കവർ ആകുമായിരുന്നു. ഇവിടെ അവർ പറഞ്ഞത് എന്താണെന്നു വെച്ചാൽ കാറിന്റെ ഡോറിനു മാത്രം ഈ ഇൻഷുറൻസ് ബാധകമല്ല. കാരണം അവിടെ ഉണ്ടാകുന്ന അതിശക്തമായ കാറ്റിൽ കാറിന്റെ ഡോർ തുറക്കുന്ന സമയത് പൊട്ടി പോകാനുള്ള സാധ്യത കൂടുതൽ ആണത്രേ. അവിടെ വരുന്ന കാറുകൾക്ക് ഇതാണ് പോലും ഏറ്റവും കൂടുതൽ അപകടം.
ആദ്യ ദിവസ്സം കാർ ഓടിച്ചപ്പോൾ എനിക്ക് അങ്ങനെ യാതൊന്നും അനുഭവപെട്ടില്ല. രണ്ടാം ദിവസം ഈ കാറ്റിന്റെ ശക്തി ഞാൻ ശെരിക്കും അറിഞ്ഞു. കാറിന്റെ ഡോർ തുറക്കാനും അടക്കാനും ശെരിക്കും പാട് പെട്ടു, അത് കൊണ്ട് കുട്ടിപ്പട്ടാളം ഇറങ്ങിയതും കയറുന്നതും എപ്പോഴും മുന്നിലെ ഡോറിൽകൂടെ ആയിരുന്ന ആദ്യ ദിനം പോയത് ബ്ലൂ ലഗൂണിൽ ആയിരുന്നു. അതിശക്തമായ തണുപ്പിൽ പ്രകൃതിയുടെ വരദാനം പോലെ നല്ല ചൂട് വെള്ളം കിട്ടുന്ന സ്ഥലം ആയിരുന്നു ഈ ബ്ലൂ ലഗൂൺ. യുറോപ്യൻസ് ഒക്കെ തണുപ്പ് സഹിച്ചും ആ വെള്ളത്തിൽ കുളിക്കുന്നുണ്ടായിരുന്നു. രണ്ടു മൂന്ന് ഡ്രസ്സ് ധരിച്ചിട്ടും തണുപ്പ് മാറാത്ത നമ്മൾ ആ ലഗൂണിൽ കുളിക്കാൻ ഒന്നും നിക്കാതെ അവിടെ നിന്നും മടങ്ങി. ഐസ്ലാൻഡിലെ റോഡുകൾ ഒക്കെ നാട്ടിലെ പോലെ വളരെ ചെറുതും 2 way ആയിരുന്നു. പോരാത്തതിന് റോഡിൽ മുഴുവൻ ഐസും.
ഗോൾഡൻ സർക്കിൾ കാണാൻ പോയപ്പോൾ ആയിരുന്നു ഗീസെർ കണ്ടത്. ഭൂമിക്കു താഴെ തിളക്കുന്ന ലാവയും, അതിന്റെ മേലെ നൂറു ഡിഗ്രിയിൽ ചൂടുള്ള വെള്ളം ശക്തമായി മേലേക്ക് അടിച്ചു വരുന്നു. സൾഫേറ്റ് ഉള്ളത് കൊണ്ട് ചീഞ്ഞ മുട്ടയുടെ മണം ആയിരുന്നു ആ വെള്ളത്തിന്. തണുപ്പ് കാരണം കുട്ടിപ്പട്ടാളത്തിന് അധിക നേരം അവിടെ നിക്കാൻ ആയില്ല. പാത്തുവിനെ അവിടെ നിർത്തിയിട്ടു ഞാൻ മക്കളെ കാറിലേക്ക് കൊണ്ട് ചെന്നാക്കി. അപ്പോയെക്കും പാത്തുവിന് ആ ഗീസറിന്റെ മനോഹരമായ ഒരു ഫോട്ടോ പകർത്താൻ സാധിച്ചു. ലോകത്തിൽ തന്നെ പ്രകൃതിയിൽ നിന്ന് തന്നെ ചൂട് വെള്ളവും തണുത്ത വെള്ളവും എടുത്തു ആ രാജ്യം മുഴുവൻ പൈപ്പിൽ കൂടി സപ്ലൈ ചെയുന്ന ഏക രാജ്യം ആണ് ഐസ്ലാൻഡ്.
പല സ്ഥലങ്ങളിലും ഇറങ്ങുമ്പോൾ ഏറ്റവും കൂടുതൽ വെല്ലുവിളി ആയതു കാറ്റു തന്നെ ആയിരുന്നു. പ്രത്യേകിച്ചും കുട്ടിപ്പട്ടാളത്തിന്, ഇതിനു മുൻപ് മൈനസ് ഡിഗ്രി തണുപ്പുള്ള റഷ്യൻ മല നിരകളിൽ കുട്ടിപട്ടാളത്തെയും കൂട്ടി പോയിരുന്നെകിലും ഇത് പോലത്തെ ശക്തമായ തണുത്ത കാറ്റിനെ നേരിടേണ്ടി വന്നിട്ടില്ല. എന്നിട്ടും അതൊന്നും വക വെക്കാതെ കുട്ടിപ്പട്ടാളം കഷ്ട്ടപെട്ടു പല സ്ഥലത്തും നടന്നു നീങ്ങി. രാത്രി വഴിയിൽ കണ്ട ഒരു ഗസ്റ്റ് ഹൊസ്സിൽ താമസിച്ചിട് രാവിലെ നമ്മൾ ഗ്ലാസിയർ ലഗൂൺ ലക്ഷ്യമാക്കി നീങ്ങി. കാറിൽ ഇരുന്നു ഫോണും നോക്കി ഇരുന്ന പാത്തു പെട്ടെന്നു പറഞ്ഞു…”കാർ നിർത്തു” !!! ഞാൻ ചോദിച്ചു “എന്ത് പറ്റി, ഇവിടെ എന്തിനാ നിർത്തുന്നത് ? കാറിൽ നിന്നും ഇറങ്ങി കൊണ്ട് പാത്തു പറഞ്ഞു “ഇവിടെയാണ് ഷാരൂഖാൻ കജോൾ വിമാനം ഉള്ളത്.” സംഭവം ദിൽവാലെ എന്ന സിനിമയിൽ ഒരു പാട്ട് സീൻ ചിത്രീകരിച്ച കാര്യം ആയിരുന്നു പാത്തു ഉദേശിച്ചത്.
കാർ നിർത്തിയ സ്ഥലത്തു നിന്നും വെള്ളവും കറുത്ത മണലും കലർന്ന റോഡിൽ കൂടെ ഒരു മണിക്കൂർ നടന്നു പോയാൽ മാത്രമേ ഈ പറഞ്ഞ ബ്ലാക്ക് ബീച്ചിൽ എത്തുകയുള്ളൂ. കുട്ടിപട്ടാളത്തെയും കൊണ്ട് ഒരു മണിക്കൂർ ആ കാലാവസ്ഥയിൽ അവിടെ എത്തുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം ആയിരുന്നു. അപ്പോഴാണ് ഒരു ചെറിയ വാൻ ശ്രദ്ധയിൽ പെട്ടത്, ഒരു നിശ്ചിത സംഖ്യ കൊടുത്താൽ ആ ബ്ലാക്ക് ബീച്ചിന്റെ അടുത്ത വരെ കൊണ്ട് ചെന്നാക്കും. വേറെ ഒരു വണ്ടിക്കും അങ്ങോട്ടേക്ക് പോകാൻ ഉള്ള അനുവാദം ഉണ്ടായിരുന്നില്ല. അങ്ങനെ ആ വണ്ടിയിൽ കയറി നമ്മൾ ബ്ലാക്ക് ബീച്ചിന്റെ അടുത്തേക് എത്തി. എന്നിട്ടും കുറച്ച അധികം നടക്കാൻ ഉണ്ടായിരുന്നു ബീച്ചിലും ആ വിമാനത്തിന്റെ അടുത്തേക്കും എത്താൻ വേണ്ടി. പണ്ട് ആ വിമാനത്തിന്റെ പെട്രോൾ തീർന്നപ്പോൾ ആ കടൽ തീരത്തു ഇടിച്ചിറക്കിയത് ആയിരുന്നു. ആർക്കും കാര്യമായ അപകടം പറ്റാതെ രക്ഷപെട്ടു. അതിനു ശേഷം ഇന്നും ആ വിമാനം അതേ സ്ഥലത്തു തന്നെ സ്ഥിതി ചെയുന്നു.
ഉച്ച ഭക്ഷണത്തിന്റെ സമയം ആയപ്പോൾ ഗ്ലാസിയർ ലഗൂണിൽ എത്തി. അവിടെ നിന്നും അവരുടെ ലോക്കൽ വിഭവം ആയ ലങ്കോസ്റ്റീൻ കഴിച്ചു. നമ്മുടെ നാട്ടിലെ ചെമ്മീൻ ടൈപ്പ് ആയിരുന്നു ആ ഭക്ഷണം. അവിടെ നിന്നും പോകുമ്പോൾ ആണ് ഒരു കാഴ്ച കണ്ടത്, ഒരു പാലം തകർന്നു കിടക്കുന്നു. വർഷങ്ങൾക്കു മുൻപ് ഒരു കൊടുംകാറ്റിൽ തകർന്നു പോയത് ആയിരുന്നു ആ പാലം. അതിപ്പോൾ വിനോദ സഞ്ചാരികൾ ചിത്രങ്ങൾ ഒക്കെ വരച്ചു ഭംഗി ആക്കി വെച്ചിട്ടുണ്ട്. പാത്തു ആ തകർന്ന പാലത്തിൽ വലിഞ്ഞു കേറാൻ നോക്കിയപ്പോൾ ഞാൻ പറഞ്ഞു, “അഥവാ നീ അവിടെ നിന്നും വീഴുക ആണെകിൽ ഒരു കുരുവിയുടെ ശബ്ദം ഉണ്ടാക്കിയാൽ മതി, ഞാൻ കുട്ടിപട്ടാളത്തെയും കൊണ്ട് ഓടി രക്ഷപ്പെട്ടോളാം.” അതൊന്നും കാര്യം ആകാതെ അവൾ അതിന്റെ മേലെ റിസ്ക് എടുത്തു കയറി. എന്നിട്ട് സൂപ്പർമാൻ നിക്കുന്നത് പോലെ നിന്നിട്ടു ഒരു ഡയലോഗും “ഇനി വേണമെങ്കിൽ ഒരു ഫോട്ടോ എടുത്തോ” എന്ന്. ഫോട്ടോ എടുത്തു ഞാൻ കാറിൽ പോയി ഇരുന്നപ്പോൾ പാത്തു ഒരു സ്ത്രീയെ ആ പാലത്തിൽ കയറ്റാൻ സഹായിക്കുന്നത് കണ്ടു. അത് കഴിഞ്ഞു അവര് ഇറങ്ങിയപ്പോൾ പാത്തുമായി ഒരുപാട് നേരം സംസാരിച്ചു.
കാറിൽ വന്നിട്ട് പാത്തു പറഞ്ഞു, “ആ സ്ത്രീക്ക് ഒരു ചെവി കേൾക്കില്ല. അതുകൊണ്ടു എല്ലാ കാര്യത്തിലും കോൺഫിഡൻസ് വളരെ കുറവാണ്. പാത്തു അതിന്റെ മേലെ വലിഞ്ഞു കയറുന്നത് കണ്ടിട്ടാണ് അവർക്കും ഒരു പ്രചോദനം ആയതു. പാത്തു സാഹായിക്കുക കൂടി ചെയ്തതോടെ അവർ അതിന്റെ മേലെ കയറി ഇറങ്ങി. എന്നിട്ട് പാത്തുനോട് പറഞ്ഞു, “എന്റെ ഈ ട്രിപ്പിലെ മനോഹരമായ കാര്യം ആണ് ഞാൻ ഇപ്പോൾ ചെയ്തത്. അതിനു കാരണം ആയ നിങ്ങളെ ഞാൻ എപ്പോഴും ഓർമിക്കുന്നതാണ്.” ഇത്രയും പറഞ്ഞു നിർത്തീട്ടു പാത്തു എന്നെ നോക്കി പറഞ്ഞു, “നിനക്ക് അല്ലെ എന്നെ തീരെ വില ഇല്ലാത്തതു, ഇപ്പോൾ കണ്ടോ ഞാൻ കാരണം ഒരാളുടെ കോൺഫിഡന്റ് കൂടിയത്.” ഒരു പുളിച്ച ചിരി പാസ് ആക്കി വണ്ടി ഓടിക്കുക അല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല എന്റെ മുന്നിൽ.
ഗുൽഫോസ് എന്ന വെള്ളച്ചാട്ടം കാണാൻ പോയപ്പോൾ കാലാവസ്ഥ മോശം ആയതു കൊണ്ട് ആരും കാറിൽ നിന്നും ഇറങ്ങാതെ ആ വെള്ളച്ചാട്ടവും നോക്കി ഇരുന്നു. തൊട്ടു അടുത്ത കാറിലെ മൂന്നാലു പെൺകുട്ടികൾ പുറത്തേക്ക് ഇറങ്ങാൻ ഉള്ള തയ്യാറെടുപ്പിന് വേണ്ടി ജ്യൂസിൽ മദ്യം കലർത്തി കുടിക്കുന്നത് കണ്ടു. എന്നിട്ടും അവർ പുറത്തിറങ്ങി വെള്ളച്ചാട്ടത്തിന്റെ അടുത്തേക് പോകാൻ പറ്റാതെ തിരിച്ചു വന്നു. അത് കണ്ടിട്ട് ആവേശമായി ഞാൻ പാത്തുനോട് ചോദിച്ചു ഞാൻ ഇറങ്ങിയാലോ എന്ന്? അങ്ങനെ കണ്ണ് മാത്രം വെളിയിൽ കാണിച്ചു ബാക്കി എല്ലാം മൂടി പുതച്ചു ഞാൻ പുറത്തേക് ഇറങ്ങി. കുട്ടിപ്പട്ടാളം കാറിൽ ഇരുന്നു എന്നെ കൈ അടിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ആ ശക്തമായ മഞ്ഞു പെയ്യുന്ന കാറ്റിൽ ഞാൻ ആ വെള്ളച്ചാട്ടത്തിന്റെ അടുത്ത് പോയിട്ടു ഒരു ഫോട്ടോ എടുത്തു തിരിച്ചു വന്നു. അതിന്റെ ഫലം അന്ന് രാത്രി ശെരിക്കും അറിഞ്ഞു. പനി പിടിച്ചു സൈഡ് ആയതു കൊണ്ട് അന്ന് നേരത്തെ കൂടണിഞ്ഞു.
എല്ലാ ദിവസവും രാത്രി പച്ച വെളിച്ചം (നോർത്തേൺ ലൈറ്റ്) തേടി അലഞ്ഞെങ്കിലും കാലാവസ്ഥ മോശം ആയതു കാരണം നിരാശപ്പെടേണ്ടി വന്നു. അഗ്നിപർവ്വതങ്ങൾക്കും ലാവകൾക്കും പേര് കേട്ട ഐസ്ലാൻഡിലെ ഒരു ലാവാ ടണൽ കാണാൻ പോയത് ശെരിക്കും ഒരു അനുഭവം ആയിരുന്നു. ഒരു കിലോമീറ്ററോളം ഉള്ളിലേക്കു നടന്നു നീങ്ങിയാൽ എല്ലാവര്ക്കും ഇരിക്കാൻ ഉള്ള ഒരു സ്ഥലം ഉണ്ട്. അവിടെ എത്തിയാൽ എല്ലാരോടും ലൈറ്റ് ഓഫ് ചെയാൻ പറയും. പിന്നെ പത്തു മിനിറ്റു ഒരു സൗണ്ട് പോലും ഇല്ലാതെ എല്ലാരും ആ കൂരിരുട്ടത്തു ഇരുന്നപ്പോൾ ഉണ്ടായ ആ ഒരു ഫീൽ നമ്മളെ ശെരിക്കും ആദിമ മനുഷ്യന്റെ കാലഘട്ടത്തിലേക്ക് കൊണ്ട് പോകും. അല്ലെങ്കിൽ തന്നെ ഐസ്ലാൻഡിൽ 100 വർഷങ്ങൾക്കു മുൻപ് അവിടെ ഉള്ളവർ താമസിച്ചിരുന്നത് ഇത് പോലെ ഉള്ള ഗുഹകളിൽ ആയിരുന്നു. അവിടത്തെ ടൂർ ഗൈഡ് അതൊക്കെ വിവരിച്ചു തരുമ്പോൾ ആയിരുന്നു അത് സംഭവിച്ചത്, ലാവയുടെ ചൂട് അനുഭവപ്പെടാൻ തുടങ്ങി. അപ്പോയെക്കും പെട്ടെന്നു എന്നെ ആരോ പുറകിൽ നിന്നും വിളിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ അത് പാത്തു ആയിരുന്നു. എന്നിട്ട് എന്നോട് പറഞ്ഞു. “ഇതെന്തു തള്ളലാണ് തള്ളുന്നത് മനുഷ്യാ, ഇതൊക്കെ വായിക്കുന്നവർ അവസാനം ഒലക്ക കൊണ്ട് തലയ്ക്കു അടിക്കും. പറഞ്ഞില്ലെന്നു വേണ്ട.” അങ്ങനെ വന്ന ലാവയെ അതുപോലെ തന്നെ മടക്കി അയച്ചിട്ട് നമ്മളും അവിടെ നിന്നും മടങ്ങി.
പിറ്റേന്നു പുലർച്ചെ ശക്തമായ കാറ്റും മഞ്ഞു വീഴ്ചയും കാരണം അതിസാഹസികമായി എയർപോർട്ടിൽ എത്തിയപ്പോയേക്കും നേരം വൈകിയിരുന്നു. കാലാവസ്ഥ മോശം കാരണം ഫ്ലൈറ്റ് ലേറ്റ് ആയതു തുണച്ചു എന്ന് വേണം പറയാൻ. പച്ച വെളിച്ചം കാണാൻ പറ്റിയില്ലെങ്കിലും, ഐസ്ലാൻഡ് പോലത്തെ ഒരു രാജ്യത്തിലെ ഇത്രയും മോശം കാലാവസ്ഥയിൽ നമ്മുടെ കൂടെ പിടിച്ചു നിന്ന കുട്ടിപ്പട്ടാളത്തിന് മനസ്സിൽ ഒരായിരം നന്ദി പറഞ്ഞു കൊണ്ട് നമ്മൾ ഡെന്മാർക്കിലേക്കു പറന്നുയർന്നു.