പാക്കിസ്ഥാൻ യാത്രയ്ക്ക് ശേഷം ഞങ്ങൾ നേരെ പോയത് ഡൽഹിയിലേക്ക് ആയിരുന്നു. ഡൽഹിയിൽ കറങ്ങിത്തിരിഞ്ഞതിനു ശേഷം ഞങ്ങൾ പിന്നീട് പോയത് ഉറുദു ബസാർ റോഡിലേക്ക് ആയിരുന്നു. ഡൽഹി ജുമാ മസ്ജിദ് കാണുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ.
ഡൽഹി ഇലക്ഷനു മുൻപുള്ള സമയമായിരുന്നു അത്. മസ്ജിദിലേക്ക് പോകുന്നതിനിടയിൽ ഏതോ സ്ഥാനാർഥി പോലീസ് അകമ്പടിയോടെ വോട്ട് അഭ്യർത്ഥിക്കുവാനായി ആളുകൾക്കിടയിൽ നടക്കുന്ന കാഴ്ച കണ്ടു. പുള്ളി പിന്നീട് ജയിച്ചോ ഇല്ലയോ എന്നറിയില്ല.
അങ്ങനെ ഞങ്ങൾ അവിടെ സമീപത്തായുള്ള ഡൽഹി ജുമാ മസ്ജിദിൽ എത്തിച്ചേർന്നു. ഈ മസ്ജിദ് മസ്ജിദ്-ഇ-ജഹാൻ നുമാ, ജമാ മസ്ജിദ്, ജാമി മസ്ജിദ്, ജാമിയ മസ്ജിദ് എന്നിങ്ങനെയും പൊതുവെ അറിയപ്പെടുന്നു. 644-56 കാലയളവിൽ മുഗൾ ചക്രവർത്തി ഷാ ജഹാനാണ് ഈ പള്ളി പണി തീർത്തത്. ഷാ ജഹാൻ ദില്ലിയിലെ തന്റെ പുതിയ തലസ്ഥാനനഗരമായ ഷാജഹാനാബാദിലെ (ഇന്നത്തെ ഓൾഡ് ഡൽഹി) നമസ്കാരപ്പള്ളിയായാണ് ഇത് പണിതത്. ഇന്ത്യയിലെ അറിയപ്പെടുന്ന മുസ്ലിം പള്ളികളിൽ ഒന്നാണിത്.
ഇതിന്റെ നിർമ്മാണത്തിന് നേതൃത്വം നല്കിയത് സാധുള്ള ഖാൻ എന്നു പേരുള്ള ഷാജഹാന്റെ പ്രധാനമന്ത്രിയായിരുന്നു. അന്നത്തെ കാലത്ത് ഒരു മില്യൺ രൂപയാണ് ഇതിന്റെ നിർമ്മാണത്തിനായി ചെലവാക്കിയത്.
മസ്ജിദിൽ പ്രവേശിക്കുന്നതിന് ഫീസുകൾ ഒന്നുംതന്നെയില്ല. പക്ഷേ ക്യാമറ ഉപയോഗിക്കുവാൻ 300 രൂപയുടെ ടിക്കറ്റ് എടുക്കേണ്ടതായുണ്ട്. അതുപോലെ തന്നെ മസ്ജിദിനകത്ത് ടിക്ടോക് വീഡിയോകൾ എടുക്കുവാൻ പാടില്ല എന്ന് പ്രത്യേകം എഴുതി വെച്ചിട്ടുള്ളതായി കണ്ടു. ധാരാളമാളുകൾ മസ്ജിദിലും പരിസരങ്ങളിലുമായി ഉണ്ടായിരുന്നു. മസ്ജിദ് കോംബൗണ്ടിൽ ഒരിടത്തു നിന്നാൽ അകലെയായി പ്രശസ്തമായ റെഡ്ഫോർട്ട് ദർശിക്കുവാൻ സാധിക്കും.
മസ്ജിദിലെ കാഴ്ചകൾ കണ്ടതിനു ശേഷം ഞങ്ങൾ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി. പുറത്താണെങ്കിൽ റിക്ഷാവാലകളുടെ പൂരമായിരുന്നു. റോഡിലെല്ലാം ആളുകളും, വാഹനങ്ങളുമൊക്കെയായി നല്ല തിരക്ക്.വഴി ക്രോസ്സ് ചെയ്യുവാൻ തന്നെ ഞങ്ങൾ നന്നായി ബുദ്ധിമുട്ടി. എങ്ങും ശബ്ദമുഖരിതം… വല്ലാത്തൊരു വീർപ്പുമുട്ടൽ ആയിരുന്നു അനുഭവപ്പെട്ടത്.
വഴിയ്ക്കിരുവശവും പലതരത്തിലുള്ള കച്ചവട സ്ഥാപനങ്ങൾ ഉണ്ടായിരുന്നു. ചില പഴയ കെട്ടിടങ്ങളിലൊക്കെ ആളുകൾ താമസിക്കുന്നുണ്ടെന്നു ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. ഒരിടത്ത് ആളുകളുടെ ക്യൂ കണ്ട് എന്താണെന്നു നോക്കുവാനായി ഞങ്ങൾ ചെന്നു. അവിടെ ഭക്ഷണം വിതരണം ചെയ്യുകയായിരുന്നു. സൗജന്യമാണെന്നു തോന്നുന്നു. പാവങ്ങളായ ആളുകൾ അത് വാങ്ങി അവിടെത്തന്നെ നിലത്തിരുന്നുകൊണ്ട് കഴിക്കുന്ന കാഴ്ച വളരെ ദയനീയമായിരുന്നു. ചിലരൊക്കെ അഭയാർത്ഥികളെപ്പോലെ ഭക്ഷണത്തിനായി കാത്തിരിക്കുന്നു. വിദേശികളടക്കമുള്ള ധാരാളം സഞ്ചാരികൾ വരുന്ന സ്ഥലമാണിത്. ഈ കാഴ്ചകളൊക്കെ അവരുടെ മനസ്സിൽ നമ്മുടെ രാജ്യത്തെക്കുറിച്ച് എന്തു തോന്നിപ്പിക്കും…
അങ്ങനെ പലതരത്തിലുള്ള സന്തോഷകരവും വിഷമകരവുമായ കാഴ്ചകളൊക്കെ കണ്ടുകൊണ്ട് ഞങ്ങൾ ആ തെരുവിലൂടെ നടന്നു. ചില തട്ടുകടകളിൽ കയറി ഞങ്ങൾ വ്യത്യസ്തമായ വിഭവങ്ങൾ രുചിക്കുവാനും മടിച്ചില്ല. നടന്നുനടന്നു ക്ഷീണിച്ചപ്പോൾ ഞങ്ങൾ ഒരു സൈക്കിൾ റിക്ഷയിൽക്കയറി യാത്രയായി. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റിക്ഷയിലായിരുന്നു ഞങ്ങൾ കയറിയത്. എന്റമ്മോ ആ ഒരു യാത്രയെക്കുറിച്ച് ഒന്നും പറയേണ്ട, അമ്മാതിരി പോക്കായിരുന്നു.
ന്യൂഡൽഹിയിൽ ആധുനിക കാലത്തിന്റെ മുഖച്ഛായ കാണാമെങ്കിലും പുരാന ഡൽഹി പേരു പോലെ തന്നെ പഴയ രീതിയിൽ തന്നെയാണ് എല്ലാം. സൈക്കിൾ റിക്ഷകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ഇവിടെ തന്നെ. ഒടുവിൽ ഞങ്ങളുടെ സൈക്കിൾ റിക്ഷായാത്ര അവസാനിച്ചത് മെട്രോ സ്റ്റേഷനിലായിരുന്നു. അങ്ങനെ ഓൾഡ് ഡൽഹി തെരുവുകളിലെ കറക്കമെല്ലാം കഴിഞ്ഞു ഞങ്ങൾ മെട്രോയിൽ കയറി ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ സ്ഥിതി ചെയ്യുന്ന ഏരിയ ലക്ഷ്യമാക്കി നീങ്ങി.