ജെയിംസ് ബോണ്ട് എന്ന് കേൾക്കുമ്പോൾ നമുടെ മനസ്സിൽ എത്തുന്നത് സിനിമയും ആക്ഷൻ രംഗങ്ങളും ഒക്കെയാണ് . സിനിമകളിലും കഥകളിലും കേട്ടിട്ടുള്ള ജെയിംസ് ബോണ്ട് ശരിക്കും ആരാണ്? എങ്ങനെയാണ് ഈ കഥാപാത്രത്തിന്റെ പിറവി?
1953-ൽ ബ്രിട്ടിഷ് സാഹിത്യകാരനായ ഇയാൻ ഫ്ലെമിങ് സൃഷ്ടിച്ച ഒരു കുറ്റാന്വേഷണ കഥാപാത്രമാണ് 007 എന്ന കോഡ് നാമത്തിലറിയപ്പെടുന്ന ജെയിംസ് ബോണ്ട്. മികച്ച ബുദ്ധി രാക്ഷസനും തികഞ്ഞ പോരാളിയുമാണ് ബോണ്ട്. ബ്രിട്ടീഷ് ചാരസംഘടനയ്ക്കുവേണ്ടി ലോകം മുഴുവൻ യാത്ര ചെയ്ത് ശത്രുക്കളുടെ പദ്ധതികൾ തകർക്കാനായി ഈ അപസർപ്പക കഥാപാത്രം തന്റെ കഴിവുകൾ ഉപയോഗിക്കുന്നു. ബോണ്ടിനെ കേന്ദ്ര കഥാപാത്രമാക്കി ഫ്ലെമിങ് 12 നോവലുകളും രണ്ട് ചെറുകഥാ സമാഹാരങ്ങളും രചിച്ചു. 1962-ൽ ഡോ. നോ എന്ന ചിത്രത്തിൽ ആരംഭിച്ച സിനിമാ ചരിത്രത്തിലെ ഏറ്റവും കാലം നീണ്ടു നിന്നതും ഏറ്റവുംധികം ലാഭം നേടിയതുമായ ചലച്ചിത്ര പരമ്പരയും ഈ കഥാപാത്രത്തെ ആധാരമാക്കിയുള്ളതാണ്.
1964-ൽ ഫ്ലെമിങ്ങിന്റെ മരണത്തിനുശേഷം കിങ്സ്ലി ആമിസ് (റോബർട്ട് മർക്കം എന്ന പേരിൽ), ജോൺ പിയേഴ്സൺ, ജോൺ ഗാർഡ്നർ, റെയ്മണ്ട് ബെൻസൺ, സെബാസ്റ്റ്യൻ ഫോക്സ് തുടങ്ങിയ എഴുത്തുകാർ ജെയിംസ് ബോണ്ട് നോവലുകളെഴുതി. കൂടാതെ ക്രിസ്റ്റഫർ വുഡ് രണ്ട് തിരക്കഥകൾ നോവലാക്കുകയും ചാർളി ഹിഗ്സൺ ചെറുപ്പക്കാരനായ ബോണ്ടിനേക്കുറിച്ച് ഒരു പരമ്പര രചിക്കുകയും ചെയ്തു. മറ്റ് അനൗദ്യോഗിക ബോണ്ട് കൃതികളും പുറത്തിറങ്ങിയിട്ടുണ്ട്.
ഇഒഎൻ പ്രൊഡക്ഷന്റെ പരമ്പരയിൽ ഇതേവരെ 24 ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. 2015 നവംബർ 20ന് പുറത്തിറങ്ങിയ സ്പെക്ടർ ആണ് ഇവയിൽ ഏറ്റവും പുതിയത്. ഇവകൂടാതെ ഒരു അമേരിക്കൻ ടെലിവിഷൻ പരമ്പരയും ബോണ്ടിനെ ആധാരമാക്കി പുറത്തിറങ്ങിയിട്ടുണ്ട്. റേഡിയോ നാടകങ്ങൾ, കോമിക്സ്, വീഡിയോ ഗെയിമുകൾ എന്നീ മാദ്ധ്യമ രൂപങ്ങളിലും ബോണ്ട് കേന്ദ്ര കഥാപാത്രമായിട്ടുണ്ട്.
ഇതുവരെ ഇറങ്ങിയിട്ടുള്ള ജെയിംസ് ബോണ്ട് ചിത്രങ്ങൾ : 1962 ഡോ. നോ, 1963 ഫ്രം റഷ്യ വിത്ത് ലൗ, 1964 ഗോൾഡ്ഫിംഗർ, 1965 തണ്ടർബോൾ, 1967 യു ഓൺലി ലിവ് റ്റ്വൈസ്, 1969 ഓൺ ഹെർ മജെസ്റ്റീസ് സീക്രട്ട് സെർവീസ്, 1971 ഡയമണ്ട്സ് ആർ ഫോറെവെർ, 1973 ലിവ് ആൻഡ് ലെറ്റ് ഡൈ, 1974 ദ മാൻ വിത്ത് ഗോൾഡൻ ഗൺ, 1977 ദ സ്പൈ ഹു ലവ്ഡ് മി, 1979 മൂൺറേക്കർ, 1981 ഫോർ യുവർ ഐസ് ഓൺലി, 1983 ഒക്റ്റോപസി, 1985 എ വ്യൂ റ്റു കിൽ, 1987 ദ ലിവിംഗ് ഡേ ലൈറ്റ്സ്, 1989 ലൈസൻസ് റ്റു കിൽ, 1995 ഗോൾഡൻഐ, 1997 റ്റുമോറോ നെവർ ഡൈസ്, 1999 ദ വേൾഡ് ഈസ് നോട്ട് ഇനഫ്, 2002 ഡൈ അനദർ ഡേ, 2006 കാസിനോ റൊയാലേ, 2008 ക്വാണ്ടം ഓഫ് സൊളേസ്, 2012 സ്കൈഫാൾ, 2015 സ്പെക്റ്റർ.