ജംഷെദ്‌ജി എന്ന ജെ.ജെ.യും മുംബൈ ആസാദ്‌ മൈതാനവും

ലേഖകൻ – Siddieque Padappil.

ബോംബെ നഗരത്തിലെ അധോലോക രാജാക്കന്മാരെ പറ്റി ആവശ്യത്തിലധികം കേട്ടിട്ടുള്ളവരാണ്‌ നമ്മൾ. തട്ടിപ്പും ഉഡായിപ്പും മറ്റും നടത്തി അനുചിതമായ മാർഗ്ഗത്തിലൂടെ പണം സമ്പാദിച്ച ഡോണുകളെ പറ്റി. സ്വന്തം സ്ഥാനം നിലനിർത്താൻ വെട്ടും കൊലയും കുടിപ്പകയും നടത്തി അണ്ടർ വേൾഡിൽ കഴിയുന്നവരെ പോലും വീരാധനയോട്‌ നോക്കി കാണുകയും അവരുടെ ചരിത്രങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന നമുക്ക്‌ ബോംബെയിലെ ഈ നന്മയുടെ, ഈ മനുഷ്യസ്നേഹിയുടെ ചരിത്രം ഇഷ്ടപ്പെടുമോ ആവോ.

1987 ൽ സച്ചിൻ-കാംബ്ലി കൂട്ടുകെട്ട്‌ അടിച്ചെടുത്ത 546 റൺസ്‌ പിറന്ന ബോംബെയിലെ ആസാദ്‌ മൈതാൻ എന്ന ക്രിക്കറ്റ്‌ ഗ്രൗണ്ടിനെ പറ്റി അറിയില്ലേ. ജിംഖാന ഗ്രൗണ്ട്‌ എന്ന് അറിയപ്പെട്ടിരുന്ന ഈ 25 ഏക്കർ സ്ഥലം 1931 ൽ സ്വാതന്ത്യ സമരത്തോടനുബന്ധിച്ച്‌ ഗാന്ധിജി ഇവിടെ നടത്തിയ മഹാ ആന്ദോളന് ശേഷമാണ്‌ ‘ആസാദ്‌ മൈതാൻ’ എന്ന് അറിയപ്പെട്ടു തുടങ്ങിയത്‌. ഇന്നും മുംബൈ നഗരത്തിലെ കൗമാരക്കാർ ക്രിക്കറ്റിലെ ആദ്യബാല പാഠം പഠിക്കാനെത്തുന്നത്‌ ഈ ആസാദ്‌ മൈതാനത്ത്‌ തന്നെ. മഹാരഷ്ട്ര മന്ത്രാലയ (സെക്രട്ടറിയേറ്റ്‌)ക്ക്‌ പിറകിലായി ബോംബെയിലെ കണ്ണായ സ്ഥലത്തെ വരുന്ന ഈ മൈതാനം 1838 ൽ ജംഷെദ്‌ജി ജിജീബോയ്‌ എന്ന വലിയ മനുഷ്യൻ കാശ്‌ കൊടുത്ത്‌ വാങ്ങി പൊതുജനങ്ങൾക്കായി വിട്ട്‌ നൽകിയ ചരിത്രം തങ്കലിപികളിൽ എഴുതി വെക്കേണ്ടതായിരുന്നു.

ബോംബെയിലെ കന്നുകാലികൾ റോഡിൽ അലഞ്ഞ്‌ നടക്കാൻ അനുവാദമില്ലായിരുന്ന 1820 കാലഘട്ടത്തിൽ പശുക്കൾക്ക്‌ മേയാനായി മാത്രം അന്ന് Camp Ground എന്ന് വിളിച്ചിരുന്ന ഇന്നത്തെ ഈ ആസാദ്‌ മൈതാനം ബ്രുട്ടീഷുകാർ വിട്ടു നൽകിയിരുന്നു. പക്ഷേ, 1822 മുതൽ ഇവിടെ മേയാൻ വിടുന്ന പശുക്കളുടെ ഉടമകൾ ബ്രിട്ടീഷ്‌ ഗവൺമെന്റിലേക്ക്‌ ഒരു നിശ്ചിത തുക അടക്കണമായിരുന്നു. പാലിന്ന് വേണ്ടി പശുക്കളെ വളർത്തുന്ന ഉടമകൾക്ക്‌ ഇത്‌ വലിയ ഒരു ഭാരമായി തീർന്നു. പതിയെ പതിയെ പശു വളർത്തലിൽ നിന്ന് പലരും വിട്ട്‌ നിൽക്കാൻ തുടങ്ങി. 1838 ആയപ്പോഴെക്കും പാവപ്പെട്ട പശു ഉടമകളുടെ കഷ്ടത മനസ്സിലാക്കിയ ജംഷെദ്‌ജി ബ്രിട്ടീഷുകാരിൽ നിന്ന് 20,000 രൂപയ്‌ക്ക്‌ ഈ സ്ഥലം വിലക്ക്‌ വാങ്ങുകയും നഗരത്തിലെ പശുക്കൾക്ക്‌ മേഞ്ഞ്‌ നടക്കാനായി വെറുതെ വിട്ടു നൽകുകയും ചെയിതു. പശുക്കൾ മേയുന്ന പുൽമേടിനെ ‘ചാർണി’ എന്നാണ്‌ ഹിന്ദിയിൽ പറയാർ. മൈതാനത്തിന്ന് തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷന്റെ പേർ ഇന്നും ‘ചാർണി റോഡ്‌’ എന്നാണ്‌.

ജെ. ജെ. എന്ന ചുരുക്ക പേരിൽ അറിയപ്പെട്ട ഇദ്ദേഹം ചെയിത മൊത്തം ധാനധർമ്മങ്ങൾക്ക്‌ ചിലവാക്കിയ കാശിന്റെ മൂല്യം ആയിരം കോടി രൂപയ്‌ക്ക്‌ മേലേ വരുമെന്നാണ്‌ സാമ്പത്തിക വിദഗ്ദർ കണക്കാക്കിയിട്ടുള്ളത്‌. അദ്ദേഹം ബോംബെയിലും പരിസരങ്ങളിലുമായി സ്ഥാപിച്ച്‌ നൽകിയ മൊത്തം 126 ചാരിറ്റി സ്ഥാപനങ്ങളുടെ ഇന്നത്തെ ഭൂമി മൂല്യം മാത്രം തിട്ടപ്പെടുത്തി കാണിക്കാൻ പതിനാലക്ക കാൽകുലേറ്റർ മതിയാവില്ല എന്നും പറയുന്നു. ആസാദ്‌ മൈതാൻ, ജെ. ജെ. ആശുപത്രി, മെഡിക്കൽ കോളേജ്‌, ജെ. ജെ. ധർമ്മശാല, മാഹിം കോസ്‌വേ ബ്രിഡ്‌ജ്‌ തുടങ്ങി ഈ പേജിലൊന്നും ഒതുങ്ങാതെ ആ പട്ടിക നീണ്ട്‌ പോവും. അനാഥനായി ജനിച്ച്‌, സ്കൂളിൽ പോകാൻ പോലും അവസരം ലഭിക്കാതെ സ്വപ്രയത്നത്തിലൂടെ നേരായ മാർഗ്ഗത്തിലൂടെ കച്ചവടം ചെയിത്‌ സമ്പാദിച്ചതിന്റെ സിംഹഭാഗവും ചാരിറ്റിക്ക്‌ വേണ്ടി ചിലവിട്ട ബോംബെയുടെ കാണപ്പെട്ട ദൈവമായിരുന്നു ജംഷെദ്‌ജി.

നെയ്‌ത്ത്‌ തൊഴിലാളി ജീജിബോയ്‌ ടെയും ഭാര്യ ജീവിഭായ്‌ യുടെയും മകനായി 1783 ജൂലൈ 15 ന്നായിരുന്നു ജംഷെദ്‌ ജനിക്കുന്നത്‌. സൗത്ത്‌ മുംബൈയിലെ ഇന്നത്തെ ക്രാഫോർഡ്‌ മാർക്കറ്റിന്റെ അടുത്തായിരുന്നു വീട്‌. വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്‌ടപ്പെട്ട ജംഷെദിനെ വളർത്തിയത്‌ ‘ഫ്രംജി ബാട്ട്‌ലി വാല’ എന്ന അമ്മാവനായിരുന്നു. നഗരത്തിലെ കമ്പനികളിലേക്ക്‌ ഒഴിഞ്ഞ കുപ്പികൾ (ബാട്ട്‌ലി) എത്തിച്ച്‌ കൊടുക്കുന്ന കച്ചവടമായിരുന്നു അയാൾ ചെയിതിരുന്നത്‌. വളരെ ചെറുപ്രായത്തിൽ തന്നെ അമ്മാവന്റെ കച്ചവടത്തിൽ സഹായിച്ച്‌ തുടങ്ങിയ ജംഷെദ്‌ മൂന്ന് വർഷം കൊണ്ട്‌ കച്ചവടത്തിന്റെ ബാലപാഠങ്ങൾക്കൊപ്പം ഇംഗ്ലീഷും ഗുജറാത്തി ഭാഷയും കൂടെ കണക്കുകളും സ്വായത്തമാക്കി.

തൊട്ടടുത്ത വീട്ടിലെ കുട്ടികളൊക്കെ സ്കൂളിൽ പോകുമ്പോൾ ദാരിദ്ര്യം കൊണ്ട്‌ പ്രാഥമിക വിദ്യഭ്യാസം പോലും നേടാൻ പറ്റാത്തതിൽ കുട്ടിക്കാലത്ത്‌ ഞാൻ വേദനിച്ചിരുന്നുവെന്ന് അദ്ദേഹം പിൽക്കാലത്ത്‌ പറഞ്ഞിട്ടുണ്ട്‌. 1756 കളിൽ ചൈനയിലേക്ക്‌ കച്ചവട യാത്ര നടത്തി വിജയിച്ച ഇന്ത്യയിലെ ആദ്യ പാഴ്‌സിയായ ‘ഹിർജി റെഡിമണി’ യുടെ വീരകഥകളിൽ ആകൃഷ്ടനായ ജംഷെദിലും ചൈനയിലേക്ക്‌ കച്ചവട യാത്ര നടത്താൻ ആഗ്രഹമുണ്ടായി. കച്ചവട വസ്തുക്കൾ വാങ്ങാനായും യാത്രയ്‌ക്ക്‌ വേണ്ട ചിലവിനുമായി 40,000 രൂപ കടമായി സംഘടിപ്പിച്ച്‌ പതിനേഴാം വയസ്സിൽ ക്രി. വ. 1800 ൽ ചൈനയിലേക്ക്‌ യാത്ര തിരിച്ചു. ബോംബെയിൽ നിന്ന് കൽക്കത്തയിലേക്ക്‌ പോയ ജംഷെദ്‌ അവിടെ നിന്ന് കച്ചവട ചരക്കുമായി കപ്പൽ മാർഗ്ഗമാണ്‌ ചൈനയിലെത്തിയത്‌.

ആദ്യ കച്ചവടയാത്രയിൽ തന്നെ സ്വപ്നതുല്ല്യ ലാഭം നേടിയ ജംഷെദ്‌ അടുപ്പിച്ച്‌ നാൽ വട്ടം ചൈനയിലേക്ക്‌ കച്ചവട യാത്ര നടത്തിയിട്ടുണ്ട്‌. ഓരോ യാത്രയും ഭാഗ്യങ്ങളാണ്‌ ജംഷെദിന്ന് സമ്മാനിച്ചത്‌. പരുത്തിയും ഓപിയവുമായിരുന്നു ജംഷെദ്‌ ചൈനയിലേക്ക്‌ കച്ചവടച്ചരക്കായി കൊണ്ട്‌ പോയത്‌. ബ്രിട്ടീഷ്‌ ഇന്ത്യയിൽ അക്കാലത്ത്‌ ഓപിയം നിരോധിച്ചിരുന്നില്ല. മരുന്നുകൾക്കും മറ്റും ഉപയോഗിക്കാറുണ്ടായിരുന്ന ഒരു ഔഷധ ചെടി മാത്രമായിരുന്നു അക്കാലത്ത്‌ ഓപിയം. മൂന്നാം യാത്രയ്‌ക്ക്‌ ശേഷം ജംഷെദ്‌ സ്വന്തമായി ഒരു കപ്പൽ തന്നെ വാങ്ങിയിരുന്നു. നാലാം യാത്രയ്‌ക്ക്‌ ശേഷം നാൽപതാം വയസ്സിൽ തിരിച്ചെത്തിയ ജംഷെദ്‌ തന്റെ പേരിന്റെ കൂടെ ജി എന്ന് ചേർത്തു ജംഷെദ്‌ജിയായി. അമ്മാവനെ പങ്കാളിയായി ചേർത്ത്‌ കച്ചവടവുമായി ബോംബെയിൽ തന്നെ കഴിച്ചു കൂടി. ഇതിനിടയ്‌ക്ക്‌ അമ്മാവൻ ഫ്രംജിയുടെ മകൾ അവ്വാ ഭായി‌ യെ വിവാഹം കഴിച്ചിരുന്നു. അക്കാലത്ത്‌ ഇന്ത്യയിലെ തന്നെ ഏറ്റവും ധനാഢ്യനായ ജംഷെദ്‌ജിയ്‌ക്ക്‌ ഇരുപത്‌ മില്ല്യൺ രൂപയുടെ ആസ്തിയുണ്ടായിരുന്നു. അമ്മാവന്റെ മരണശേഷം ബോംബെയിലെ കച്ചവടത്തിൽ മുഹമ്മദലി റോഗ്‌, മോത്തി ചന്ദ്‌ അമിത്‌ ചന്ദ്‌ എന്നീ രണ്ട്‌ പേരെ കൂടി പങ്കാളികളാക്കി. കച്ചവടത്തിൽ വൻവിജയമായിരുന്നു ജംഷെദ്‌ജി.

ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുമായി വളരെ നല്ല ബന്ധത്തിലായിരുന്ന ജംഷെദ്‌ജി യുടെ സുഹൃത്തുക്കളായിരുന്നു ബോംബെ ഗവർണർമാരിൽ പലരും. വിക്‌ടോറിയ രാജ്ഞിയുടെ ആദ്യ ‘നൈറ്റ്‌ പദവി’ (ബാറൻ) നേടിയ ഇന്ത്യക്കാരനായി മാറി ജംഷെദ്‌ജി. കച്ചവടത്തോടൊപ്പം സാമൂഹ്യ സേവന പ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തങ്ങളും നിർലോഭമായി നടത്തി വന്നു. അക്കാലത്ത്‌ ഒന്നര ലക്ഷം രൂപ സ്വയം ചിലവിട്ട്‌ ബോംബെയിലെ നാഗ്‌പാഡ റോഡിൽ തുടക്കമിട്ട ‘ജെ. ജെ. ധർമ്മശാല’ ഏഷ്യയിലെ തന്നെ ആദ്യ വൃദ്ധസദനമായിരുന്നു. നിരാലംബരായ ജനങ്ങൾക്ക്‌ പാർപ്പിടവും വസ്ത്രവും ഭക്ഷണവും നൽകി 160 വർഷങ്ങൾക്ക്‌ ശേഷം ഇന്നും നടത്തി വരുന്ന സേവന സ്ഥാപനമാണ്‌ ജെ. ജെ. ധർമ്മശാല. തെക്കൻ‌ ബോംബെയിലെ ബൈക്കല്ലയിൽ ബ്രിട്ടീഷ്‌ സർക്കാരിന്റെ സഹകരണത്തോടെ 1845 ൽ തുടങ്ങിയ ജെ. ജെ. ഹോസ്‌പിറ്റലിന്നും മെഡിക്കൽ കോളേജിന്നും വേണ്ട ഫണ്ട്‌ നൽകിയതും വേറെയാരുമല്ല.

പാവങ്ങളായ സ്ത്രീകളെ അധിവസിപ്പിക്കാനുള്ള ചാരിറ്റി സ്ഥാപനം, നിരവധി സ്കൂളുകൾ, ആർട്‌സ്‌ കോളെജുകൾ, സൂറത്തിലും നവ്‌സാരിയിലും പൂനയിലും ഹോസ്‌പിറ്റലുകൾ, നഗരത്തിലെങ്ങും കിണറുകളും ശുദ്ധജല കുളങ്ങളും മറ്റും സ്ഥാപിച്ച്‌ ഒട്ടനവനധി ജനപ്രയോജന പദ്ധതികൾ സ്വന്തം സമ്പാദ്യത്തിൽ നിന്ന് ചിലവിട്ട്‌ ബോംബെ നിവാസികൾക്ക്‌ കൺകണ്ട ദൈവമായി മാറാൻ ജംഷെദ്‌ജിക്ക്‌ മാത്രമേ സാധിച്ചിട്ടുള്ളൂ.

പൂനയിലെ രണ്ട്‌ പുഴകളിൽ ഡാം സ്ഥാപിച്ച്‌ ജലസേചന വിപ്ലവവും ജംഷെദ്‌ജി നടത്തിയിട്ടുണ്ട്‌. മാഹിം ദ്വീപിൽ നിന്ന് മദ്ധ്യ, ദക്ഷിണ ബോംബെയ്‌ക്ക്‌ വരാൻ വേണ്ടി അക്കാലത്ത്‌ റോഡ്‌ മാർഗ്ഗം ഉണ്ടായിരുന്നില്ല. മാഹിമിൽ നിന്ന് ബോംബെയിൽ എത്താൻ കടത്ത്‌ തോണി മാത്രമായിരുന്നു ഏക ആശ്രയം. കടത്തു ബോട്ടുകൾ മറിഞ്ഞുള്ള അപകടം സർവ്വസാധാരണയായപ്പോൾ ജംഷെദ്‌ജിയുടെ മനസ്സലിഞ്ഞു. 1845 ൽ ഒന്നര ലക്ഷം രൂപ സ്വയം ചിലവിട്ട്‌ നിർമ്മിച്ച മാഹിം കോസ്‌വേ പാലത്തിന്ന് തന്റെ ഭാര്യയുടെ പേർ ചാർത്തി. എണ്ണിയിലൊടുങ്ങാത്ത ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി ബോംബെ നിവാസികളുടെയും രാജ്യത്തിന്റെ മൊത്തം ജനങ്ങളുടെയും ഹൃദയത്തിൽ പ്രതിഷ്ട നേടിയ മഹാൻ സർ ജംഷെദ്‌ജി ജിജീബോയ്‌ 75 ആം വയസ്സിൽ 1859 ഏപ്രിൽ 14 ന്ന് ബോംബെയിൽ വെച്ച്‌ മരണപ്പെട്ടു.