ജസ്വന്ത് സിംഗ് റാവത്; മരിച്ചിട്ടും ജീവിക്കുന്ന അപൂർവം ചിലരിൽ ഒരാൾ

ഇതൊരു പട്ടാളക്കാരന്റ ജീവിതകഥയാണ്. ഓരോ രാഷ്ട്രസ്നേഹിയും അറിയേണ്ടത്. മഹാവീരചക്രം മരണാനന്തര ബഹുമതിയായി ലഭിച്ച ഗർവാൾ റൈഫിളിലെ നാലാം സേനാവിഭാഗത്തിൽ പെട്ട ഒരു കാലാൾപ്പടയാളി ആയിരുന്നു റൈഫിൾമാൻ ജസ്വന്ത് സിംഗ് റാവത്. 1962 ലെ ഇന്തോ-ചൈന യുദ്ധത്തിലെ വീരനായകനായിരുന്നു റൈഫിൾ മാൻ ജസ്വന്ത് സിംഗ് റാവത്.

ഇന്ത്യയും ചൈനയും തമ്മിൽ നടന്ന അതിർത്തി തർക്കത്തെ തുടർന്നുള്ള യുദ്ധമായിരുന്നു അത്. 1962 ഒക്ടോബർ 20-നാണ് ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് പ്രവേശിച്ചത്. നവംബർ 21-ന് തിരിച്ചു പോവുകയും ചെയ്തു. ചെറിയ ചെറിയ കൈയേറ്റങ്ങളിലൂടെ മൂർചിച്ച പ്രശ്നം 1959-ലെ തിബെത്ത് പ്രക്ഷോഭത്തെത്തുടര്ന്ന് ദലൈലാമയ്ക്ക് ഇന്ത്യ അഭയം കൊടുത്തതോടെ വഷളായി, 1962-ല് യുദ്ധത്തില് കലാശിക്കുകയാണു ചെയ്തത്.

നവംബർ 17-നു നടന്ന ചൈനയുടെ ആസൂത്രിതമായ ആക്രമണത്തില് ഇന്ത്യക്ക് പുറകോട്ട് പോകേണ്ടിവന്നു. യുദ്ധത്തിൽ പരാജയമേറ്റുകൊണ്ടിരുന്ന ഇന്ത്യൻ സൈന്യത്തോട് തവാങ് പോസ്റ്റിൽ നിന്നും പിൻവാങ്ങുവാൻ നിർദ്ദേശം ലഭിച്ചു.ജസ്വന്ത് സിംഗ് പിന്തിരിയാൻ മനസ്സില്ലായിരുന്നു.സമുദ്ര നിരപ്പിൽ നിന്നും പതിനായിരം അടി(3000 മീറ്റർ) ഉയരത്തിലെ തണുത്തുറഞ്ഞ യുദ്ധഭൂമിയിൽ ജസ്വന്ത് സിംഗും സഹായത്തിനായി സേല,നൂറ(ഇന്ന് അവിടേക്കുള്ള വഴി സേല പാസ്സ് എന്നും പ്രധാനപാത നൂറ എന്ന പേരിലുമാണ് അറിയപ്പെടുന്നത്.) എന്ന മോൺപ്പ വിഭാഗത്തിൽ പെട്ട രണ്ട് പെൺകുട്ടികളും മാത്രം ശേഷിച്ചു.. മലമുകളിൽ സ്ഥാപിച്ചിട്ടുള്ള ബങ്കറിൽ നിന്നും നിരന്തരം വെടി ഉതിർത്തുകൊണ്ട് ജസ്വന്ത് ശക്തമായ പ്രതിരോധ നിര ഉയർത്തി. വിവിധ സ്ഥലങ്ങളിൽ ആയുധങ്ങൾ സ്ഥാപിച്ചു കൊണ്ട് പല ദിശകളിൽ നിന്നും അദ്ദേഹം ആക്രമണം നടത്തി. മലമുകളിൽ ഒരു കൂട്ടം പട്ടാളക്കാർ ഉണ്ടെന്ന് ചൈനീസ് പട്ടാളത്തെ കബളിപ്പിക്കാൻ ഇത് സഹായിച്ചു.

നീണ്ട എഴുപത്തി രണ്ടു മണിക്കൂർ ശത്രുരാജ്യത്തോട് അദ്ദേഹം പൊരുതി നിന്നു. അവസാനം ജസ്വന്തിനു മലമുകളിലേക്ക് റേഷൻ എത്തിയ്ക്കുന്ന ആളെ ചൈനീസ് പട്ടാളം പിടികൂടുകയും,ഒരു പട്ടാളക്കാരൻ മാത്രമേ അവിടെ ശേഷിക്കുന്നുള്ളൂ എന്ന് മനസ്സിലാക്കുകയും ചെയ്തു. ചൈനീസ് പട്ടാളം മുകളിലെത്തി ആക്രമണം നടത്തി. അവിടെ വെച്ചുള്ള ഗ്രനേഡ് ആക്രമണത്തിൽ സേല കൊല്ലപ്പെട്ടു. നൂറയെ പട്ടാളം പിടിച്ചു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ജസ്വന്ത് സിംഗ് സ്വയം നിറയൊഴിച്ചു. കലിയടങ്ങാത്ത ചൈനീസ് പട്ടാളം ജസ്വന്ത് സിംഗിന്റെ തലവെട്ടിയെടുത്ത് ചൈനയിലേയ്ക്ക് കൊണ്ട് പോയി. യുദ്ധത്തിൽ ഏതാണ്ട് 26000 ചതുരശ്ര മൈൽ സ്ഥലം ചൈന കൈയ്യടക്കുകയും നവംബർ 21നു ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്തു. ഒറ്റയ്ക്കുള്ള പോരാട്ടത്തിൽ ജസ്വന്ത് സിംഗ് മുന്നൂറിൽ പരം ചൈനീസ് പട്ടാളക്കാരെ വധിച്ചു.

പിന്നീട് വെടിനിർത്തലിനു ശേഷം ജസ്വന്ത് സിംഗിന്റെ ധീരതയിൽ മതിപ്പ് തോന്നിയ ചൈനീസ് കമാന്റർ, ആ ധീരജവാന്റെ ഒരു വെങ്കല പ്രതിമയുണ്ടാക്കി, വെട്ടിയെടുത്ത തലയോടൊപ്പം ഇന്ത്യക്ക് കൈമാറി. അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിൽ നിന്നും 25 കി.മീ അകലെ നുരനാംഗിൽ ആർമി ‘ജസ്വന്ത് ഘർ’ എന്ന പേരിൽ ഒരു സ്മാരകം പണിതു. ചൈന നൽകിയ വെങ്കല പ്രതിമ അതിൽ സ്ഥാപിച്ചു. ജസ്വന്തിന്റെ സാന്നിധ്യം അവിടെ ഇന്നും ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അന്നു മുതൽ ജസ്വന്ത് സിംഗിനെ പരിചരിയ്ക്കുവാൻ അഞ്ചു ആർമി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. സിനോ-ഇന്ത്യൻ അതിർത്തി (സേല പാസ്സ്) വഴി കടന്നു പോകുന്ന ഏതൊരു പട്ടാളക്കാരനും അത് എത്ര ഉന്നതനായാലും ജസ്വന്ത് സിംഗിനു ശ്രദ്ധാഞ്‌ജലി അർപ്പിച്ചിട്ടേ പോകാറുള്ളൂ. ഇന്നു സിനോ-ഇന്ത്യൻ അതിർത്തിൽ ‘ബാബ ജസ്വന്ത് സിംഗ് രാവത്തിനെ’ ഒരു ആരാധനാമൂർത്തിയയാണു കാണുന്നത്.

അവിടെയുള്ള പട്ടാളക്കാർക്കിടയിൽ ജസ്വന്ത് സിംഗ് ഇന്നും ജീവിക്കുന്നു.ബാബയുടെ സാന്നിധ്യം അവിടെ ഇന്നും ഉണ്ടെന്ന് അവർ വിശ്വസിക്കുന്നു. മരിച്ചിട്ടും മരിയ്ക്കാത്ത ആ ധീരജവാനെ ഇരുപത്തിനാലു മണിക്കൂറും പരിചരിയ്ക്കുവാൻ അഞ്ചു ആർമി ഉദ്യോഗസ്ഥരുണ്ട് ജസ്വന്ത് സിംഗിനു വേണ്ടി അതിരാവിലെ കൃത്യം 4.30നു ചായ, 9 മണിക്ക് പ്രഭാതഭക്ഷണം, രാത്രി 7 മണിക്ക് അത്താഴം എന്നിവയൊരുങ്ങുന്നു. ബാബയുടെ ഷൂ പോളീഷ് ചെയ്തു വയ്ക്കുകയും, കിടക്കമടക്കി വയ്ക്കുകയും, യൂണിഫോം തയ്യാറാക്കി വയ്ക്കുകയും ചെയ്യുന്നു. ജസ്വന്ത് സിംഗിന്റെ പേരിൽ വരുന്ന കത്തുകൾ കൊണ്ട് കൊടുക്കുകയും അദ്ദേഹം അത് വായിച്ചിരിക്കുമെന്ന വിശ്വാസത്തിൽ പിറ്റേദിവസം കത്തുകൾ എടുത്ത് മാറ്റുകയും ചെയ്യുന്നു. എന്നിങ്ങനെ ചിട്ടകൾക്ക് ഒരു വീഴ്ചയും ഇല്ലാതെ നടക്കുന്നു. ഇവിടെയുള്ള പട്ടാളക്കാർ ബാബയെ പരിചരിക്കുക മാത്രമല്ല അപകടസാദ്ധ്യത നിറഞ്ഞ ആ മലനിരകളിലൂടെ യാത്രചെയ്യുന്ന യാത്രക്കാരെ സഹായിക്കുകയും ചായയും ലഘുഭക്ഷണവും നൽകുകയും ചെയ്യുന്നു.

ജസ്വന്ത് സിംഗ് ഉപയോഗിച്ചിരുന്ന വസ്തുക്കളെല്ലാം ഒരു മുറിയിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അദ്ദേഹത്തിനു വന്ന കത്തുകൾ, വിവാഹ ക്ഷണക്കത്തുകൾ അങ്ങനെ വർഷങ്ങളായി ജസ്വന്ത് സിംഗിന്റെ പേരിൽ വരുന്നതെല്ലാം സൂക്ഷിച്ചു വെച്ചിരിക്കുന്നു. ജസ്വന്ത് സിംഗിന്റെ മരണശേഷവും അദ്ദേഹത്തിന് എട്ട് ഉദ്യോഗക്കയറ്റങ്ങൾ ലഭിച്ചു. മരണപ്പെടുമ്പോൾ റാഫിൾമാൻ പദവിയിലുണ്ടായിരുന്ന അദ്ദേഹത്തിനു ഇപ്പോൾ മേജർ ജനറൽ പദവിയാണുള്ളത്. ശമ്പളം,അവധി തുടങ്ങി ജീവിച്ചിരിക്കുന്ന ഒരു പട്ടാള ജനറലിനു വേണ്ട എല്ലാ പതിവു പരിചരണങ്ങളും ജൻവന്ത് സിംഗിന് ഇപ്പോഴും ലഭിക്കുന്നു. ജസ്വന്ത് ഘറിന്റെ അകത്തുചെന്നാൽ ഭിത്തിയിൽ ജസ്വന്തിന്റെ ഏറ്റവും അടുത്ത അവധി അപേക്ഷയും, അതിന്റെ അനുമതിയും കാണാം.

ബന്ധുമിത്രാദികളുടെ വിശേഷദിവസങ്ങളിൽ ജസ്വന്തിന്റെ പേരിൽ ഷണകത്തുകൾ വരും. ഡ്യൂട്ടിയിലുള്ള പട്ടാളക്കാർ അവദിക്കുള്ള അപേക്ഷ നൽകും. ജസ്വന്ത്സിങ്ങിന്റെ അവധി അപേക്ഷ ഒരിക്കലും നിരസിക്കപ്പെടാറില്ല. വിശേഷങ്ങൾ നടക്കുന്ന സ്ഥലത്തിന്റെ അടുത്തുള്ള പട്ടാള പോസ്റ്റിൽനിന്നും ചടങ്ങു നടക്കുന്ന ദിവസം ജസ്വന്ത്സിങ്ങിന്റെ ഒരു പൂർണ്ണകായ ചിത്രം രണ്ടു പട്ടാളക്കാർ കൊണ്ടുചെല്ലും. ചടങ്ങ് കഴിയുമ്പോൾ അത് തിരികെ കൊണ്ടുവരും. വാർഷിക അവധിയിലും അങ്ങനെതന്നെ ചെയ്യുന്നു. ആ ദിവസങ്ങളിൽ ജസ്വന്തിനു വേണ്ടി ഭക്ഷണം തയ്യാർ ചെയ്യപ്പെടില്ല. രേഖകളിൽ ജനറൽ ജസ്വന്ത് സിംഹ് 1962 ലെ യുദ്ധത്തിൽ കൊല്ലപ്പെട്ടു. എങ്കിലും, ജീവിച്ചിരിയ്ക്കുന്ന ഒരു പട്ടാള ജനറലിനു കിട്ടേണ്ട എല്ലാ ബഹുമാനവും നൽകി ഭാരതാംബയുടെ വീരപുത്രനെ ഇൻഡ്യൻ ആർമി ഇന്നും പരിചരിയ്ക്കുന്നു.

കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.