വിവരണം – Akhil Surendran Anchal.
ഗിന്നസിലേക്ക് പറന്നുയർന്ന പക്ഷിശ്രേഷ്ഠൻ ജടായു ഇതാ ജടായുപാറയിൽ വീണ്ടും അവതാരം ചെയ്തിരിക്കുന്നു. ലോകത്തിലെ #ഏറ്റവുംവലിയപക്ഷിശില്പം ജടായൂ. അതെ എന്റെ നാട് കൊല്ലം ജില്ലയിൽ ചടയമംഗലത്താണ് ജടായു പാറ. അഭിമാന നിമിഷങ്ങൾ ഇനി എന്റെ പ്രിയപ്പെട്ട സഞ്ചാരി പ്രേമികൾക്കായി യാത്രയുടെ അനുഭവ കുറിപ്പ് ചുവടെ ചേർക്കുന്നു . എന്റെ മനസ്സിനെ തൊട്ട യാത്ര അതിനാൽ വാക്കുകൾക്കും കാഴ്ചയ്ക്കും അപ്പുറമാണ് ജടായു പാറയിലെ മഹാഅത്ഭുത വിശേഷങ്ങൾ .
സമുദ്രനിരപ്പില്‍ നിന്നു 750 അടി ഉയരത്തിലുള്ള കൂറ്റന്‍ പാറക്കെട്ടിലാണ് ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പമായ ജടായു പക്ഷി ശില്പം ഒരുങ്ങിയിരിക്കുന്നത് . സാഹസിക പാര്‍ക്കും കേബിള്‍കാര്‍ സഞ്ചാരവും റോക്ക് ട്രക്കിങ്ങുമെല്ലാം ചേര്‍ന്നതാണ് കൊല്ലം ജില്ലയിലെ ചടയമംഗലത്തെ ജടായു വിനോദസഞ്ചാരപദ്ധതി. മലയാളത്തിലെ ആദ്യത്തെ ഓസ്കാർ നോമിനേഷൻ സിനിമ ആയ ഗുരു, അന്നും ഇന്നും നമ്മുടെയേല്ലാം മനസ്സിൽ ഇടം നേടിയ താര രാജാവ് ശ്രീ ലാലേട്ടന്റെ സിനിമ. അതുപോലെ തന്നെ വീണ്ടും ഒരു മഹാ അത്ഭുതമായി സംവിധായകന് ശ്രീ രാജീവ് അഞ്ചൽ. അദ്ദേഹമാണ് ജടായു പദ്ധതിയുടെയും സൃഷ്ഠാവ്.
പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ കേബിള്‍ കാറിലൂടെ സഞ്ചരിച്ചാണ് നമ്മൾ ജടായു അത്ഭുത ശില്പത്തിനടുത്ത് എത്തിചേരുന്നത് . സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നു ഇറക്കുമതി ചെയ്ത കേബിള്‍കാര്‍ സംവിധാനമാണ് ഇതിന് ഉപയോഗിക്കുന്നത്. കേബിള്‍ കാറിലൂടെയെത്തുന്ന സഞ്ചാരിയെ കാത്തിരിക്കുന്നത് ശില്പത്തിനുള്ളിലെ അത്ഭുതക്കാഴ്ചകള്‍. കൂറ്റന്‍ ശില്പത്തിനുള്ളിലേക്ക് ഒരു സമയം ഒട്ടേറെ സഞ്ചാരികള്‍ക്ക് കടന്നുചെല്ലാം. ത്രേതായുഗത്തിലെ രാമായണകഥയുടെ മായികാനുഭവമാണ് ഇവിടെ സഞ്ചാരിയെ കാത്തിരിക്കുന്നത്. പൂര്‍ണമായും ശീതീകരിച്ച പക്ഷിയുടെ ഉള്‍വശത്തുകൂടി സഞ്ചരിച്ച് കൊക്കുവരെ ചെല്ലാം. തുടര്‍ന്ന് പക്ഷിയുടെ കണ്ണിലൂടെ പുറത്തെ കാഴ്ചകള്‍ കാണാം. പക്ഷിയുടെ ഇടത്തേക്കണ്ണിലൂടെ ദൂരെ അറബിക്കടലും വലത്തേക്കണ്ണിലൂടെ സമീപ ദൃശ്യങ്ങളും കാണാന്‍ കഴിയും.തുടര്‍ന്ന് ശില്പത്തിനുള്ളില് തന്നെ രാവണ-ജടായു യുദ്ധത്തിന്റെ 6ഡി തിേയറ്റര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പാറക്കെട്ടും താഴ്വാരങ്ങളും നിറഞ്ഞ ജടായുവിലൂടെ രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ട്രെക്കിങ്ങാണ് മറ്റൊരു പ്രധാന ആകര്‍ഷണം. കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത റോക്ക് ട്രക്കിങ്ങിനുള്ള അവസരമാണ് ഇവിടെയുള്ളത്. ഇതുകൂടാതെ അഡ്വഞ്ചര്‍ പാര്‍ക്കും ഒരുക്കിയിട്ടുണ്ട്. ഹെലികോപ്ടര്‍ യാത്രയും ഈ പദ്ധതിയുടെ ഭാഗമാണ്.
12 വര്‍ഷങ്ങള്‍ക്കൊണ്ട് രൂപപ്പെടുത്തിയതാണ് ജടായു ടൂറിസം പദ്ധതി . രണ്ടാംഘട്ടംകൂടി പൂര്‍ത്തിയാകുമ്പോള്‍ പദ്ധതി പൂര്‍ണമായും സഞ്ചാരികള്‍ക്ക് സ്വന്തമാകും. ജടായു-രാവണയുദ്ധം ജടായുപ്പാറയില്‍ വെച്ചാണ് നടന്നതെന്നാണ് വിശ്വാസം. വെട്ടേറ്റു വീണ ജടായുവിനെ ഓര്‍മപ്പെടുത്തും വിധമാണ് ശില്പം. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട് പക്ഷിശില്‍പത്തിന്. വെട്ടേറ്റുവീണ ജടായുവിന്റെ കൊക്ക് പാറയില്‍ ഉരഞ്ഞ് രൂപപ്പെട്ടുവെന്ന് കരുതുന്ന പദ്മതീര്‍ഥക്കുളം ഇവിടെയുണ്ട്. പിന്നീട് ശ്രീ സീത ദേവിയെ അന്വേഷിച്ചെത്തിയ ശ്രീ രാമന് കാണുന്നത് വെട്ടേറ്റുകിടക്കുന്ന ജടായുവിനെ ആണ്. ഇവിടെ വെച്ച് ജടായുവിന് മോക്ഷം നല്‍കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. ഈസമയം ശ്രീരാമന്റെ പാദമുദ്ര ജടായുപ്പാറയില്‍ പതിഞ്ഞെന്നും സങ്കല്പമുണ്ട്. ജടായു പാറയിൽ നിൽക്കുമ്പോൾ മറ്റേതോ ഭൂമിയിൽ നിൽക്കുന്നതു പോലെയാണു തോന്നുന്നത്. ത്രേതായുഗത്തിൽ വിവരിക്കുന്ന സംഭവങ്ങൾ ഇത്രയും സ്പഷ്ടമായി കലിയുഗത്തിൽ തെളിവുകൾ സഹിതം കാണുന്നത് വളരെ അപൂർവമാണ്.
ത്രേതായുഗത്തിൽ നിന്ന് കലിയുഗത്തിലേക്കുള്ള ഈ യാത്ര യഥാർഥത്തിൽ െകഎസ്ആർടിസി ബസിലൂെടയായിരുന്നു. ശിൽപകലാ വിദ്യാർഥിയായിരുന്ന ശ്രീ രാജീവ് അഞ്ചലിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് യാത്രയ്ക്കിടയിൽ ആ ചോദ്യം എന്നും പ്രചോദിപ്പിച്ചിരുന്നു. സമുദ്രനിരപ്പിൽ നിന്ന് ആയിരത്തോളം അടി ഉയരത്തിൽ നിൽക്കുന്ന ജടായു പാറയിൽ എന്തുകൊണ്ട് ഒരു ജടായു ശില്പം നിർമിച്ചുകൂടാ? മറുപടിയില്ലാത്ത ചോദ്യമായി ആ സ്വപ്നം രാജീവ് അഞ്ചൽ എന്ന കലാകാരന്റെ മനസിൽ കിടന്നു ഒരുപാടു കാലം. പിന്നീട് സിനിമയുടെ ലോകത്തായി ശ്രീ അഞ്ചൽ രാജീവിന്റെ യാത്രകൾ. . ആ സമയത്താണ് സംസ്ഥാന ടൂറിസം വകുപ്പ് ജടായു പാറയ്ക്കു മുകളിൽ ഒരു ശിൽപം നിർമിക്കുന്നതിനെക്കുറിച്ചുള്ള സാധ്യതകൾ അന്വേഷിക്കുന്നത്. ഏറ്റവും മികച്ച ശിൽപമാതൃക അവതരിപ്പിച്ച ശ്രീ രാജീവ് അഞ്ചലിനെത്തന്നെ സർക്കാർ ആ ഉദ്യമം ഏൽപ്പിച്ചു.
ജടായു ത്രേതായുഗത്തിൽ തുടങ്ങി വച്ച െചറുത്തുനിൽപ്പിന്റെ തുടർച്ചയാണ് ഈ ശിൽപം. സാർഥകമായ ഒരു സന്ദേശം നൽകാൻ കഴിഞ്ഞു എന്നതാണ് ജടായുശിൽപത്തിന്റെ ഏറ്റവും വലിയ സവിേശഷത. ശിൽപിയായ ശ്രീ രാജീവ് അഞ്ചൽ പറഞ്ഞുതുടങ്ങി. “സർക്കാരിന്റെ ഭാഗത്തു നിന്നുള്ള സഹായവും ചില നല്ല മനുഷ്യരുെട ഇടപെടലും കൊണ്ടാണ് എനിക്ക് ശിൽപം യാഥാർഥ്യമാക്കാൻ കഴിഞ്ഞത്.” ഭ്രമാത്മകമായ കാഴ്ചകൾ എന്നും ഇഷ്ടമായിരുന്നു ശ്രീ രാജീവ് അഞ്ചലിന്. ഓസ്കറിന്റെ പടിവാതിൽക്കൽ വരെ അദ്ദേഹം പോയത് ഇത്തരം കാഴ്ചകളുമായാണ്. ആ കാഴ്ചകളുടെ മറ്റൊരു ആവിഷ്കരണമാണ് ജടായുവിലൂെട അദ്ദേഹം ലക്ഷ്യമിടുന്നത്.
ജടായുവിന്റെ പുനർജന്മം : വനവും താഴ്വരകളും വള്ളിപ്പടർപ്പുകളും നിറഞ്ഞ പ്രകൃതിയുടെ നൈസർഗികത അതുപോലെ നിലനിർത്തിക്കൊണ്ടു നിർമിച്ച ടൂറിസമാണ് ജടായുവിലേത്. 250 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുള്ള ശിൽപത്തിന്റെ ഉൾവശത്ത് പതിനയ്യായിരം ചതുരശ്ര അടിയുള്ള മന്ദിരം പോലെയാണ്. ആധുനിക ഡിജിറ്റൽ ഓഡിയോ വിഷൻ മ്യൂസിയമാണ് ശിൽപത്തിനുള്ളിൽ ചിത്രീകരിച്ചിരിക്കുന്നത്. രാവണനും ജടായുവും തമ്മിലുള്ള ആകാശയുദ്ധത്തിന്റെ അദ്ഭുതദൃശ്യമാണ് ഇവിടെ ആവർത്തിച്ചു കാണിക്കുന്നത്. ജടായുവിന്റെ വലത്തെ കണ്ണിലൂെട നോക്കിയാൽ ദൂരെ അറബിക്കടലിന്റെ വന്യമായ നീലിമ ദർശിക്കാം. ഇടത്തേകണ്ണിലൂെട നോക്കിയാൽ സമീപ ദ്യശ്യങ്ങൾ ലഭ്യമാകും. ജടായുവിന്റെ ഒരു ശിൽപ ചിറകിൽ രാമായണകഥ അനുഭവവേദ്യമാക്കുന്ന തിയറ്റർ ഒരുക്കിയിരിക്കുന്നു.
പാറയുടെ ഉപരിതലത്തിൽ നിന്ന് വീണ്ടും ഇരുനൂറ്റി അമ്പതടി ഉയരത്തിലാണ് ശിൽപം നിർമിച്ചിരിക്കുന്നത്. രണ്ടു വഴികളിലൂടെയാണ് ശിൽപത്തിനടുത്തേക്ക് എത്താൻ കഴിയുന്നത്. റോപ്പ് വേയും, വാക്വേയും. തെക്കേ ഇന്ത്യയിലെ അത്യാധുനിക കേബിൾ കാർ സവാരിയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. സ്വിറ്റ്സർലാൻഡിൽ നിന്നും ഇറക്കുമതി ചെയ്ത റോപ് –വേ സിസ്റ്റമാണ് ഇവിടെ ഉപയോഗിക്കുന്നത്. 8 പേർക്ക് ഇരിക്കാവുന്ന 16 കാറുകളാണ് ഉള്ളത്. ഒരു മണിക്കൂറിനുള്ളിൽ 500 പേരെ ഈ കാറുകൾ മുകളിലെത്തിക്കും. ഗ്ലാസ് കവർ ചെയ്ത കാറിനുള്ളിൽ ഇരുന്നുള്ള യാത്ര ആകാശത്ത് െതന്നി നടക്കുന്നതുപോലെ തോന്നിക്കും. ‘ഇന്ത്യയിലെ ടൂറിസം കേന്ദ്രങ്ങളിലെ മികച്ച റോപ്പ് വേ എന്ന പേര് ജടായു പാറയ്ക്ക് അവകാശപ്പെടാം.
ജടായു ശിൽപത്തിലേക്കുള്ള രണ്ടാമത്തെ വഴിയാണ് വാക്ക് േവ. ഏകദേശം ഒന്നര കിലോമീറ്ററാണ് ദൂരം. മലയിടുക്കുകളും കാടും കൽപ്പടവുകളും കയറിയിറങ്ങിയുള്ള യാത്രയാണിത്. പാറക്കെട്ടുകൾക്കിടയിലൂെട യാത്ര െചയ്യുമ്പോൾ തോന്നും ഏതോ കൊടുങ്കാട്ടിലൂെടയാണ് ഈ വഴി കടന്നുപോകുന്നതെന്ന്. ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത ഏറെക്കുറെ നീണ്ടു കിടക്കുന്ന കൽപ്പടവുകളാണ്. പണ്ട് കേരളത്തിൽ നിലവിലുണ്ടായിരുന്ന ‘കുരുക്ക്കെട്ട്’ എന്ന സങ്കേതം ഉപയോഗിച്ചാണ് ഈ കൽപ്പടവുകൾ പണിതിരിക്കുന്നത്. മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് നിയന്ത്രിക്കാതെ, സിമന്റ്്, അൽപം പോലും ഉപയോഗിക്കാതെ ഒരു കല്ലിനെ മറ്റൊരു കല്ലിൽ കുരുക്കിയിട്ട് കെട്ടുന്ന ഈ അപൂർവ പടിക്കെട്ടുകൾ , 25 വയസ്സുക്കാരനായ എന്നിൽ കൗതുകമുണർത്തി. അറുപതിനായിരത്തോളം പാറക്കല്ലുകൾ ഒറ്റയ്ക്ക് മിനുക്കിയെടുത്താണ് മൂന്നുവർഷം കൊണ്ട് ഈ അദ്ഭുതം സാധിച്ചത്. ‘എല്ലാം ശ്രീ രാമന്റെ അനുഗ്രഹം, ജടായുവിന്റെ കൃപയും.
ഒരു പാറ പോലും പൊട്ടിക്കാതെയാണ് ജടായു ടൂറിസം നടപ്പാക്കിയിരിക്കുന്നത്. ഒറ്റപ്പെട്ടു നിൽക്കുന്ന പാറക്കൂട്ടങ്ങൾ ധാരാളമുണ്ട് ഇവിടെ. ഈ പാറക്കൂട്ടങ്ങൾക്കകത്ത് പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന വൻഗുഹകളും പടർന്നു പന്തലിച്ചു നിൽക്കുന്ന വൻമരങ്ങളും ഔഷധസസ്യങ്ങളുമുണ്ട്. പ്രകൃതി ഒരുക്കിയ ഈ ഗുഹകളെ അതേപടി നിലനിർത്തിക്കൊണ്ടുള്ള പാരമ്പര്യ ചികിത്സാരീതി പിന്തുടരുന്ന ഹിലീംഗ് കേവുകളുണ്ട്. പാറക്കൂട്ടങ്ങളെയാണ് റിസോർട്ടുകളായി മാറ്റിയിരിക്കുന്നത്. നൂറ്റാണ്ടുകൾക്കു മുമ്പേ ഗുഹകൾക്കുള്ളിൽ വച്ചു നൽകിയിരുന്ന ആയുർവേദസിദ്ധ ചികിത്സാരീതികളാണ് ഇവിടെയും. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ കേവ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. നമ്മുടെ ആയുർവേദ പാരമ്പര്യത്തിൽ ഇത്തരം ചികിത്സാരീതികൾ നിലവിലുണ്ടായിരുന്നു. പിന്നീട് ഗുഹകളിൽ മനുഷ്യർ താമസിക്കാതായതോടെ ഈ രീതികൾ ഇല്ലാതായത്. പല ചികിത്സകളും നല്ല ഫലം കിട്ടുന്നവയാണ്. പരിചിതമല്ലാത്ത പുതിയൊരു സങ്കൽപമാണ് ഇതുവഴി തുറന്നു വരുന്നത്.
കഴിഞ്ഞ രണ്ടു ദിവസമായി ശരിക്കും ത്രില്ലടിച്ചു ജീവിക്കുകയായിരുന്നു ഞാൻ കാരണം ഒരു അഡ്വഞ്ചർ നടത്തണം. അപ്പോഴാണ് തൊട്ടടുത്ത് കൈ എത്തുന്ന ദൂരത്തെ ജടായുവിലെ അഡ്വഞ്ചർ മനസ്സിൽ ഓടിയെത്തിയത് . പറയാതെ വയ്യ കൂട്ടുക്കാരെ ജടായുവിലെ അഡ്വഞ്ചർ ടൂറിസം സോൺ വളരെ ആകർഷകമാണ്. പാറക്കൂട്ടങ്ങൾക്കിടയിൽ കിഴ്ക്കാംതൂക്കായ പാറച്ചെരുവുകളിലൂെട സിപ്പ് ലൈൻ യാത്ര, റോക്ക് ക്ലൈംബിങ്, ലോ റോപ്പ് ആക്റ്റിവിറ്റീസ് തുടങ്ങിയ സാഹസങ്ങൾക്കുള്ള പ്രത്യേക സൗകര്യവുമുണ്ട്. പാറക്കൂട്ടങ്ങൾക്കിടയിൽ പണിതിരിക്കുന്ന തണ്ണീർപന്തലുകളും വഴിയമ്പലങ്ങളും കോട്ട കൊത്തളങ്ങളും മറ്റും മറ്റേതോ കാലഘട്ടത്തിൽ എത്തിയ പ്രതീതി ഉണ്ടാക്കുന്നു. മെട്രോ നഗരങ്ങളിൽ പരിചിതമായ ‘പെയിന്റ്ബാൾ’ എന്ന കായികവിനോദത്തിനുള്ള സൗകര്യം പ്രകൃതി സുന്ദരമായ പശ്ചാത്തലത്തിൽ ഇവിടെ ഒരുക്കിയിരിക്കുന്നു. അതുപോലെ കമാൻേഡാ െനറ്റ്, ബർമാ ബ്രിഡ്ജ് തുടങ്ങി നിരവധി സാഹസങ്ങളുമുണ്ട്.
എടുത്ത് പറയേണ്ട ഒരു ക്ഷേത്രമുണ്ട് ഇവിടെ കോദണ്ഡ രാമക്ഷേത്രം. ജടായു ടൂറിസം നിലവിൽ വരുന്നതിനു നൂറ്റാണ്ടുകൾ മുമ്പുതന്നെ ഇവിടെ ആരാധനയുണ്ടായിരുന്നു. ജടായുവിനും ശ്രീ രാമനും പ്രത്യേക പൂജകൾ നടത്തിയിരുന്നു. പിന്നീടാണ് കോദണ്ഡരാമ വിഗ്രഹം സ്ഥാപിച്ചതും ക്ഷേത്രം ഉണ്ടായതും. ഇപ്പോൾ ക്ഷേത്രം പുനർനിർമാണം പുരോഗമിക്കുന്നു. ജടായുശിൽപം സർക്കാർ അംഗീകൃത ടൂറിസം പദ്ധതിയായി നിൽക്കുമ്പോൾ തന്നെ പാറയ്ക്കു മുകളിലുള്ള കോദണ്ഡ രാമക്ഷേത്രത്തിന്റെ ചുമതല നാട്ടുകാർ ഉൾപ്പെട്ട ഒരു ട്രസ്റ്റിനാണ്. ക്ഷേത്രത്തിലേക്ക് പാറയിടുക്കിനിടയിലൂെട പരമ്പരാഗത വഴിയുണ്ട്.
ലോകത്തിെല ഏറ്റവും വലിയ പക്ഷിശിൽപ്പം എന്ന ബഹുമതിയിലേക്ക് എത്തിയിരിക്കുന്നു ജടായുശിൽപം. ലോകടൂറിസം ഭൂപടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ശിൽപങ്ങളെ പരിചയപ്പെടുത്തുന്ന ഹ്രസ്വചിത്രത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ജടായുശിൽപമാണ്. കാഴ്ചകൾ ഇവിടെ അവസാനിക്കുന്നില്ല. സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്ന പുഷ്പകവിമാനങ്ങൾ ഇവിടെ ഇപ്പോഴും വട്ടമിട്ടു പറക്കുന്നുണ്ട്. എന്നാൽ സ്വന്തം ജീവൻ പോലും കാര്യമാക്കാതെ രക്ഷിക്കാനടുക്കുന്ന ജടായു പക്ഷികൾ എത്രയുണ്ട് നമുക്കിടയിൽ ഓർക്കുക .സന്ദർശിക്കുക ഈ ലേകവിസ്മയത്തെ തൊട്ട് അറിയുക.
എന്റെ സഞ്ചാരി സുഹൃത്തുക്കൾക്കായി ജടായു പാറയിലേക്ക് എത്തുന്നതിനുള്ള വഴിയും മറ്റ് ആവിശ്യമായ വിലപ്പെട്ട വിവരങ്ങളും ചുവടെ ചേർക്കുന്നു. തിരുവനന്തപുരം –കൊട്ടാരക്കര എം.സി. റോഡിലാണ് ചടയമംഗലം. എൻഎച്ച് വഴി വരുന്നവർ കൊല്ലം– തിരുവനന്തപുരം റോഡിൽ പാരിപ്പള്ളിയിൽ നിന്നു ചടയമംഗലത്തേക്കു തിരിയണം. െകാച്ചിയിൽ നിന്നു 177 കിലോമീറ്റർ ദൂരം. വർക്കലയാണ് തൊട്ടടുത്ത െറയിൽവേ സ്റ്റേഷൻ, നാൽപതു കിലോമീറ്റർ ദൂരം. തിരുവനന്തപുരം െതാട്ടടുത്ത വിമാനത്താവളം.
ചടയമംഗലത്ത് കെ. എസ്. ആർ.ടി.സിയുടെ ബസ് സ്റ്റാൻഡ് ഉണ്ട്. ബസ് സ്റ്റാൻഡിൽ നിന്നും ജടായുപാറയിലേക്ക് ഒന്നരകിലോമീറ്റർ ദൂരം. ചടയമംഗലം, കൊട്ടാരക്കര, നിലമേൽ, കിളിമാനൂർ തുടങ്ങിയവയാണ് തൊട്ടടുത്ത പട്ടണങ്ങൾ. ഇവിടെ താമസസൗകര്യങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9072588713 എന്ന നമ്പറിൽ ബന്ധപ്പെടാം. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വഴി മാത്രമാണ് ജടായു എര്‍ത്ത് സെന്ററിലേക്ക് എത്താനാക്കുക. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് ഈ വെബ്സൈറ്റ് വഴിയാണ് – www.jatayuearthscenter.com.