വിവരണം – നിജുകുമാർ വെഞ്ഞാറമൂട്.
മലയാള സിനിമയിലെ ഇതിഹാസതാരമായിരുന്ന ജയൻ ഓർമ്മയായിട്ട് 38 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.. ജയൻ മരിക്കുമ്പോൾ ഞാൻ ജനിച്ചിട്ടു കൂടിയില്ല.. എന്നിട്ടും ജയൻ എന്ന നടൻ എന്തുകൊണ്ടാണ് എന്നെപ്പോലുള്ള സിനിമാപ്രേമികൾക്ക് ഇന്നും ഒരു ആവേശമായി നിലനിൽക്കുന്നത്? സാങ്കേതികവിദ്യകൾ അത്രകണ്ട് വികാസം പ്രാപിക്കാത്ത കാലത്ത് മലയാള സിനിമയിൽ അതിസാഹസികരംഗങ്ങളിലുള്ള മികവായിരുന്നു ജയനെ മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്ഥനാക്കിയത്..
ഒരിക്കൽ വിജയിച്ച ഫോർമുല ഒരു മടിയുമില്ലാതെ ആയിരം വട്ടം ആവർത്തിക്കാൻ മടിയില്ലാത്തവരാണ് സിനിമാക്കാർ. ഗാനരംഗങ്ങളിലുള്ള പ്രേംനസീറിന്റെ മികവ് കാരണം അദ്ദേഹത്തിന്റെ സിനിമകളിൽ തലങ്ങും വിലങ്ങും പാട്ടുകളുടെ പ്രളയം തന്നെയായിരുന്നു. അതുകൊണ്ട് ഒട്ടേറെ മികച്ച ഗാനങ്ങൾ മലയാളത്തിനുണ്ടായി എന്നത് നിഷേധിക്കുന്നില്ല. അതുപോലെയായിരുന്നു ജയന്റെ സാഹസിക രംഗങ്ങളും. അഭിനയ മികവിനേക്കാൾ സാഹസിക രംഗങ്ങൾ കുത്തി നിറയ്ക്കാനായിരുന്നു സംവിധായകരും തിരക്കഥാകൃത്തുക്കളും ശ്രമിച്ചത്. ഒടുവിൽ അതുപോലൊരു സാഹസിക രംഗത്തിനിടയിലാണ് ആ ഇതിഹാസത്തെ എന്നെന്നേക്കുമായി നമുക്ക് നഷ്ടമായതും.
ജയന്റെ ഓർമ്മകൾ ഇന്നും അവശേഷിക്കുന്ന കൊല്ലം തേവള്ളിയിലെ പൊന്നച്ചംവീട്ടിലേക്കുള്ള യാത്രയിലാണ് ഞാൻ. ജയന്റെ ജന്മഗൃഹമായ ഓലയിൽ പൊന്നച്ചം വീട്ടിൽ നിന്നാണ് അദ്ദേഹം കോളിളക്കത്തിന്റെ സെറ്റിലേക്ക് അവസാനമായി യാത്രയായത്.
“എനിക്ക് വല്ലാതെ വിശക്കുന്നു കഴിക്കാൻ എന്തുണ്ട്?” “ഒന്നുമില്ല സാർ…” ലഞ്ച് ബോയ് വിഷമത്തോടെ പറഞ്ഞു.. “ഒരു ബിസ്ക്കറ്റ് പോലുമില്ലേ…?” മരണത്തിന്റെ ക്രൂരമായ അദൃശ്യകരങ്ങളിലേക്ക് അപ്രതീക്ഷിതമായി നടന്നടുക്കുന്നതിനു തൊട്ടുമുമ്പ് ജയൻ ഉച്ചരിച്ച അവസാന വാക്കുകളാണിത്. ഷൂട്ടിംഗ് ഉച്ചയ്ക്ക് മുമ്പ് തീരുമെന്ന ധാരണയിൽ ഷൂട്ടിംഗ് സെറ്റിൽ ആർക്കു വേണ്ടിയും ഉച്ചഭക്ഷണം റെഡിയാക്കിയിരുന്നില്ല. പക്ഷേ അപ്രതീക്ഷിത മഴ കാരണം ഷൂട്ടിംഗ് നീണ്ടു.
ഇടയ്ക്കെപ്പോഴോ മഴ തോർന്നു. സംവിധായകൻ ആക്ഷൻ പറഞ്ഞ നിമിഷം ബാലൻ കെ നായരേയും കൊണ്ട് ഹെലികോപ്ടർ ആകാശത്തേക്ക് പറന്നുയർന്നു. നടൻ സുകുമാരൻ ഓടിക്കുന്ന ബൈക്കിനു പുറകിൽ നിന്നും പറന്നുയരുന്ന ഹെലികോപ്ടറിന്റെ ലാൻറിംഗ് പാഡിലേക്ക് ഒരു ചീറ്റപ്പുലിയുടെ ചടുലതയോടെ ചാടിപ്പിടിക്കുന്നു. തൂങ്ങിയുലയുന്ന ജയൻ ഹെലികോപ്ടറിനുള്ളിൽ അനായാസേന കടന്ന് വില്ലനെ കീഴ്‌പ്പെടുത്തുന്നു. സംവിധായകൻ പൂർണ്ണ സംതൃപ്തിയോടെ കട്ട് പറഞ്ഞു.
പക്ഷേ സംവിധായകനടക്കം എല്ലാവർക്കും പൂർണ്ണ സംതൃപ്തി ലഭിച്ച അപകടം പിടിച്ച ആ സാഹസികരംഗം വീണ്ടും ഒരിക്കൽക്കൂടി ചിത്രീകരിക്കാൻ മറ്റാരെങ്കിലും ജയനെ നിർബന്ധിക്കുകയായിരുന്നോ അതോ അദ്ദേഹം സ്വയം തീരുമാനിച്ചതായിരുന്നോ? ആ ചോദ്യത്തിനുത്തരം നിഗൂഢരഹസ്യമായി ഇന്നും തുടരുന്നു. ഒടുവിൽ വിശന്ന വയറുമായി വീണ്ടും ആ ഹെലികോപ്ടർ രംഗത്തിന്റെ റീടേക്കിനായി ജയൻ തയ്യാറെടുത്തു. ഹെലികോപ്ടർ വീണ്ടും മുകളിലേക്ക് പറന്നുപൊങ്ങി. പഴയപോലെ ലാന്റിംഗ് പാഡിലേക്ക് ചാടിത്തൂങ്ങി.
അപ്രതീക്ഷിതമായി ഹെലികോപ്ടർ ഒരുവശത്തേക്ക് ചരിഞ്ഞു. ടാങ്കിൽ നിന്നും ഇന്ധനം പുറത്തേക്കു തെറിച്ചു. 30 അടിയോളം ഉയരത്തിൽ ജയനുമായി പറന്നുയർന്ന ഹെലികോപ്ടർ അതേ വേഗതയിൽത്തന്നെ അതിശക്തിയോടെ നിലത്തേക്ക് വന്നിടിച്ചു. ജയന്റെ നടുവാണ് ആദ്യം നിലത്ത് ശക്തിയോടെ വന്നിടിച്ചത്. ദൂരേക്ക് തെറിച്ചു വീണ ബാലൻ കെ നായരുടെ ഇടതുകാലിനും തലയ്ക്കും മാരകമായി മുറിവേറ്റു. ഈ സമയത്തിനുള്ളിൽ പൈലറ്റ് പുറത്തേക്കു ചാടി ഓടി രക്ഷപ്പെട്ടു.
അപ്രതീക്ഷിതമായി ജയനേയും കൊണ്ട് ഒരിക്കൽക്കൂടി മുകളിലേക്ക് തനിയേ കുതിച്ചുയർന്ന ഹെലികോപ്ടർ രണ്ടാമത്തെ തവണയും തിരികെ തറയിലേക്ക് വന്നിടിച്ചു. ലാന്റിംഗ് പാഡിനുള്ളിൽ കുടുങ്ങിക്കിടന്ന ജയന്റെ തലയിലേക്കാണ് ഇത്തവണ ശക്തിയോടെ വന്നിടിച്ചത്. ജയന്റെ തലയിൽ നിന്നും രക്തം ധാരധാരയായി ഒഴുകി. ഈ കാഴ്ചകൾ കണ്ടു സ്തംഭിച്ചു നിൽക്കുകയായിരുന്നു ഷൂട്ടിംഗ് സെറ്റ് മുഴുവൻ. പ്രൊഡക്ഷൻ കൺട്രോളർ ലാന്റിംഗ് പാഡിനുള്ളിൽ നിന്ന് ജയനെ വേഗത്തിൽ പുറത്തെടുത്തു. ഒരു ചെറിയ ഞരക്കം മാത്രമേ ആ സമയത്ത് ജയന് ഉണ്ടായിരുന്നുള്ളൂ. അതിവേഗം ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിത്തിരയിലെ ആ ഇതിഹാസതാരം അസ്തമിച്ചു കഴിഞ്ഞിരുന്നു.
പ്രപഞ്ചം മുഴുവൻ ഒരു നിമിഷത്തേക്ക് നിശ്ചലമായി. പ്രകൃതിയുടെ കണ്ണുനീർ പോലെ മഴ കോരിച്ചൊരിയുന്നുണ്ടായിരുന്നു. സിനിമാലോകം ഒന്നടങ്കം ഞെട്ടിത്തരിച്ചു. ആ അപ്രിയ സത്യത്തെ പലർക്കും ഉൾക്കൊള്ളാനായില്ല. ജയന്റെ മരണവാർത്തയറിഞ്ഞ അനുജൻ സോമൻ നായർ തളർന്നുവീണു. ആരാധകർ ഒന്നടങ്കം ജയന്റെ വീട്ടിലേക്ക് പൊട്ടിക്കരഞ്ഞു കൊണ്ട് ഓടി. വീടിനു ചുറ്റും കൂടിയ ജനസാഗരത്തെ കണ്ടു പരിഭ്രമിച്ച അമ്മയോട് തൊട്ടടുത്ത മില്ലിന് തീ പിടിച്ചതാണെന്ന് ജയന്റെ അനുജൻ സോമൻ നായർ കള്ളം പറഞ്ഞു. എന്നാൽ സത്യത്തെ എത്രനേരം മൂടിവെയ്ക്കാൻ സാധിക്കും? തന്റെ പൊന്നോമന മകന്റെ മരണവാർത്തയറിഞ്ഞ അമ്മയുടെ മാനസികനില തെറ്റിയിരുന്നു.
ഇതേ സമയം പീരുമേട് ഗസ്റ്റ്ഹൗസിലായിരുന്ന പ്രേംനസീറിനെ മകൻ ഷാനവാസാണ് ജയന്റെ മരണവാർത്ത ഫോൺ ചെയ്തു പറയുന്നത്. തന്റെ ആത്മസുഹൃത്തായ ജയന്റെ മരണവാർത്തയറിഞ്ഞ പ്രേംനസീർ അവിടെ കുഴഞ്ഞു വീണു. സിനിമയിലെ സഹപ്രവർത്തകനും ജീവിതത്തിലെ തന്റെ ആത്മമിത്രവുമായിരുന്ന ജയന്റെ മൃതദേഹത്തിൽ പുഷ്പചക്രമർപ്പിക്കുമ്പോൾ സകലനിയന്ത്രണവും വിട്ടു പൊട്ടിക്കരഞ്ഞു പോയ പ്രേംനസീറിന്റെ ഹൃദയഭേദകമായ കാഴ്ച ഇന്നും പലരും ഓർക്കുന്നു.
ഒരു ദേശീയനേതാവിനു പോലും ലഭിക്കാത്ത അന്തിമോപചാരമാണ് ജയന് ലഭിച്ചത്. പോലീസിന്റെ വമ്പൻ സുരക്ഷാസംവിധാനങ്ങളും ബാരിക്കേഡുകളും തകർത്തെറിഞ്ഞു കൊണ്ട് കനത്ത മഴയെപ്പോലും വകവയ്ക്കാതെ തങ്ങളുടെ ജീവന്റെ ജീവനായ ജയനെ അവസാനമായി ഒരുനോക്ക് കാണുവാനായി തിരമാലകൾ പോലെ ജനസമുദ്രം ആർത്തിരമ്പിക്കൊണ്ടിരുന്നു. ഒരു നാട് മുഴുവൻ പൊട്ടിക്കരയുന്ന അവസ്ഥയായിരുന്നു അന്ന്. ഒടുവിൽ കൊല്ലം മുളങ്കാടകം ശ്മശാനത്തിൽ എത്തിച്ചു. ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ അനുജൻ സോമൻ നായരും അദ്ദേഹത്തിന്റെ അഞ്ച് വയസ്സുകാരൻ മകൻ കണ്ണനും ചേർന്ന് ജയന്റെ ചിതയ്ക്ക് തീ കൊളുത്തി.
പക്ഷേ ചിത കത്തിത്തീരും മുമ്പേ അപ്രതീക്ഷിതമായി ചിതയിലേക്ക് എടുത്തു ചാടിയ ഒരു കൂട്ടം ആരാധകരെ പോലീസ് ശക്തമായി പിടിച്ചു വലിച്ചു മാറ്റിയപ്പോൾ അമൂല്യനിധി പോലെ കൈക്കലാക്കിയ ജയന്റെ അസ്ഥികഷണങ്ങളും ചിതാഭസ്മവുമായി ആരാധകർ ഇരുളിലേക്ക് ഓടിമറഞ്ഞു. ഒടുവിൽ ചിതപൂർണ്ണമായും കത്തിത്തീരും വരെ പോലീസിന്റെ കനത്ത കാവൽ ഉണ്ടായിരുന്നുവെങ്കിലും പിറ്റേ ദിവസം ഉച്ചയോടെ പോലീസ് അവിടം വിട്ട ശേഷം വീണ്ടും കുറേ ആരാധകർ കൂട്ടമായി വന്ന് ജയന്റെ അസ്ഥി കഷണങ്ങളും ചിതാഭസ്മവും ഒക്കെ പൂജാമുറിയിൽ എന്നെന്നും സൂക്ഷിച്ചു വയ്ക്കാനായി എടുത്തു കൊണ്ടുപോയി. ഒടുവിൽ ബന്ധുക്കൾക്ക് ആചാരപ്രകാരം നിമജ്ജനം ചെയ്യാൻ വളരെ കുറച്ച് ചിതാഭസ്മം മാത്രമേ ലഭിച്ചുള്ളൂവെന്നതാണ് സത്യം.
ജയൻ എന്ന താരം അത്രയ്ക്ക് ലഹരിയും ആവേശവുമായിരുന്നു ജനമനസ്സുകളിൽ. തുടർന്ന് അദ്ദേഹത്തിന്റെ അച്ഛന്റെ അസ്ഥിത്തറയ്ക്ക് തൊട്ടടുത്തായി ജയന്റെ അസ്ഥികൾ സ്ഥാപിച്ചു വിളക്ക് കത്തിച്ചു. ഒരു തീർത്ഥാടന കേന്ദ്രത്തിലേക്കെന്ന പോലെ പൊന്നച്ചംവീട്ടിലേക്ക് വർഷങ്ങളോളം ജനലക്ഷങ്ങൾ ഒഴുകിക്കൊണ്ടിരുന്നു. ഒരു സ്മാരകമാക്കി മാറ്റേണ്ടിയിരുന്ന ജയന്റെ ഗൃഹമായ പൊന്നച്ചംവീട് ഇന്ന് ഒരു സ്വകാര്യവ്യക്തിയുടെ കൈവശമാണ്. ജയന്റെ ഓർമ്മകൾ നിലനിൽക്കുന്ന പൊന്നച്ചംവീട്ടിലെ ഉമ്മറത്ത് ഇത്തിരിനേരം ഇരിക്കണമെന്ന ആഗ്രഹത്തോടെയാണ് ഇന്ന് ഇവിടേക്ക് വന്നത്.
സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലായതിനാൽ അകത്തേക്ക് കയറാൻ നന്നേ ബുദ്ധിമുട്ടി. പിന്മാറാൻ തയ്യാറല്ലാത്തതിനാൽ അൽപം സാഹസികമായിത്തന്നെ കയറേണ്ടിവന്നു. വളരെ ശോചനീയമാണ് ഇന്ന് പൊന്നച്ചംവീടിന്റെ അവസ്ഥ. അധികം വൈകാതെ തന്നെ പൊന്നച്ചംവീട് ഇടിച്ചുനിരത്തി ഓർമ്മ മാത്രമാകാനും സാധ്യതയേറെയാണ്. വീട്ടിനു മുന്നിൽ റോഡരികിലായി സ്ഥാപിച്ചിരിക്കുന്ന ജയന്റെ ഒരു പ്രതിമ മാത്രമാണ് പേരിനെങ്കിലും ഒരു സ്മാരകം എന്നു പറയാനായി ഉള്ളത്.
ജയൻ ഒരു ഇതിഹാസമാണ്. നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസം. മരണം എന്ന സത്യത്തിന് ഒരിക്കലും മായ്ച്ചു കളയാനാവില്ല ജയൻ എന്ന വിസ്മയത്തെ. സിനിമ എന്ന പ്രതിഭാസം നിലനിൽക്കുന്നിടത്തോളം കാലം ജനകോടികളുടെ മനസ്സിൽ ജയൻ എന്നും അജയ്യനായി ജീവിക്കുക തന്നെ ചെയ്യും. എങ്കിലും ജയന്റെ മരണം ഇന്നും പലരുടേയും മനസ്സിൽ ഒരു ദൂരൂഹമായി തുടരുന്നതെന്തുകൊണ്ടാവും??
ഫ്ലയിംഗ് ലൈസൻസ് റദ്ദുചെയ്ത, ഉപയോഗശൂന്യമായി കിടന്ന ഹെലികോപ്ടർ ഷൂട്ടിംഗിനുപയോഗിച്ചതും, അപകടകരമായ ഹെലികോപ്ടർ രംഗം അനാവശ്യമായി രണ്ടാമത് റീടേക്ക് എടുത്തതും, റൺവേയിൽ സുരക്ഷയ്ക്കായി വിരിച്ചിരുന്ന മെത്തയും കടന്ന് കോൺക്രീറ്റ് തറയിലേക്ക് ഹെലികോപ്ടർ പറത്തിയതും, ഹെലികോപ്ടറിൽ നിന്നും ചാടി രക്ഷപ്പെട്ട പൈലറ്റ് ഒളിവിൽ പോയത് എന്തിനാണെന്നതിനുമൊക്കെയുള്ള ഉത്തരം 38 വർഷങ്ങൾക്കു ശേഷവും നിഗൂഢരഹസ്യമായി ഇന്നും അവശേഷിക്കുന്നു. അനശ്വരനടൻ ജയന്റെ ഓർമ്മകൾക്ക് ഒരായിരം പ്രണാമം.