അഭിനന്ദിക്കാതെ വയ്യ.. ഈ സഹോദരിയെ..ഒപ്പം ഇവർക്കു സഹായങ്ങൾ ചെയ്ത KSRTC കോതമംഗലം ജീവനക്കാരെയും..
ഇന്നു (18-08-2019) രാവിലെ 7 മണിക്ക് KSRTC കോതമംഗലം ഡിപ്പോയിൽ നിന്നും, ഇത്തവണ പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച നിലമ്പൂരിലേക്ക് സാധനങ്ങളുമായി ഒരു ഫാസ്റ്റ് പാസഞ്ചർ ബസ് പുറപ്പെട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോതമംഗലം ഡിപ്പോയിലെ കളക്ഷൻ പോയിന്റ് വഴി സമാഹരിച്ച സാധനങ്ങൾ ഇന്ന് വൈകുന്നേരത്തോടെ നിലമ്പൂർ കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുക എന്നതായിരുന്നു ലക്‌ഷ്യം.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആനവണ്ടിപ്രേമികൾ സംഘടിച്ചുകൊണ്ട് നിലമ്പൂരിലേക്കും വയനാട്ടിലേക്കും കെഎസ്ആർടിസി ബസ്സുകളിൽ ദുരിതബാധിതർക്കായുള്ള സഹായ വസ്തുക്കൾ എത്തിച്ചിരുന്നു. ഇപ്പോഴും ഓരോരുത്തരും എത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാൽ കോതമംഗലം ഡിപ്പോയിൽ ഇതിനെല്ലാം നേതൃത്വം വഹിച്ചത് ഒരു യുവതി ആയിരുന്നു എന്നതാണ് വ്യത്യസ്തമായ ഒരു കാര്യം.
കോതമംഗലം സ്വദേശിനിയായ ജെസ്സിൻ എന്ന യുവതിയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നേതൃത്വം വഹിച്ചുകൊണ്ട് ശ്രദ്ധ നേടുന്നത്. ഒരു കട്ട ആനവണ്ടി പ്രേമി കൂടിയായ ജെസ്സിന്റെ ഭർത്താവ് മനോഷ് ഒരു കെഎസ്ആർടിസി ജീവനക്കാരൻ കൂടിയാണ്.
കളക്ഷൻ സെന്ററിൽ സാധനങ്ങൾ ശേഖരിക്കുന്നതു മുതൽ ബസിൽ കയറ്റി വിടുന്നത് വരെയുള്ള കാര്യങ്ങളെല്ലാം ഈ സഹോദരി ഒറ്റക്കാണ് ചെയ്തത്. സാധനങ്ങൾ വാങ്ങി കൊണ്ടുവരാനും ബസിൽ കയറ്റി വിടാനും സഹായിക്കുവാൻ കോതമംഗലം ഡിപ്പോയിലെ നല്ലവരായ ജീവനക്കാരും കൂടെയുണ്ടായിരുന്നു. കൂടെ സഹായത്തിനായി അധികമാളുകൾപോലും ഇല്ലാതെ ഇത്രയും ചെയ്ത ഈ സഹോദരി ഒരു ഹീറോ തന്നയല്ലേ?
സാധാരണ ആണുങ്ങളെയാണ് ആനവണ്ടി പ്രേമികളായി മിക്കയാളുകളും കണ്ടിട്ടുള്ളത്. എന്നാൽ ഇപ്പോൾ മനസ്സിലായില്ലേ ആനവണ്ടി പ്രേമത്തിനും, സഹായഹസ്തങ്ങൾ നീട്ടുന്നതിനും ആൺ-പെൺ എന്ന വ്യത്യാസം ഇല്ലെന്ന്. കഴിഞ്ഞ വർഷവും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ജെസ്സിൻ തൻ്റെ സാന്നിധ്യം അറിയിച്ചിരുന്നു. തൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയുമായി കൂടെയുള്ളത് ഭർത്താവ് മനോഷ് ആണെന്ന് ജെസ്സിൻ പറയുന്നു.
ഇത്രയും വായിച്ചപ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരാൾ വിചാരിച്ചാൽ പോലും നമുക്ക് സഹായങ്ങൾ ചെയ്യുവാൻ സാധിക്കും. അതുകൊണ്ട് ദുരിതക്കയത്തിൽ ഒറ്റപ്പെട്ടുപോയ നമ്മുടെ സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങാകുവാൻ നിങ്ങളെല്ലാം, നിങ്ങളാൽ കഴിയുന്ന വിധത്തിൽ പ്രവർത്തിക്കുക. അത് നമ്മുടെ കടമയാണ്.
ഒറ്റയ്ക്ക് ഇത്രയും സഹായങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് ബസ്സിൽ കയറ്റി ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയയ്ക്കുവാൻ മുൻകൈയെടുത്ത ജെസ്സിൻ എന്ന ആ സഹോദരിയ്ക്ക് ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നു. ഒപ്പം ജെസ്സിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു നൽകിയ കെഎസ്ആർടിസി കോതമംഗലം ഡിപ്പോയിലെ എ.ടി.ഓ, മറ്റു ജീവനക്കാർ, സംഭാവനകൾ നൽകിയ നന്മ നിറഞ്ഞ വ്യക്തിത്വങ്ങൾ… എല്ലാവർക്കും നന്ദി… ഒരു ബിഗ് സല്യൂട്ട്…