തേനീച്ച നിറഞ്ഞ ജിലേബികളും, സന്താൾ ഗ്രാമത്തിലെ നല്ലവരായ നാട്ടുകാരും; ഒരു ജാർഖണ്ഡ് ഓർമ്മ…

വിവരണം – Nisha Ponthathil.

ഓരോ പുതിയ സ്ഥലത്തു പോകുമ്പോളും അവിടുത്തെ ഭക്ഷണം കഴിക്കാറുണ്ട്. പക്ഷെ, അന്ന് താമസിച്ചിരുന്ന ജാർഖണ്ഡിലെ ആ ചെറിയ ഹോട്ടലിൽ ഉണ്ടായിരുന്നത് ‘പൊഹ’ എന്ന് പേരുള്ള അവിലുകൊണ്ടുണ്ടാക്കുന്ന പ്രാതൽ മാത്രമായിരുന്നു. അവിലിനോട് വലിയ താല്പര്യമൊന്നും തോന്നാത്തതുകൊണ്ടും പോകുന്ന വഴിയിലെവിടെയെങ്കിലും തനതായ ജാർഖണ്ഢ് ഭക്ഷണം ലഭിക്കും എന്ന പ്രതീക്ഷകൊണ്ടും പൊഹയെ മാറ്റിനിർത്തി.

മഹാശ്വേതാ ദേവിയെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായി അവർ സഞ്ചരിച്ചിരുന്ന വഴികളിലൂടെ അവരുടെ കഥാപാത്രങ്ങളെ തേടി ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്‌ഗഢ്, ബീഹാർ എന്നിവിടങ്ങളിലൂടെ ഇതുപോലൊരു ജൂലൈ മാസത്തിൽ നടത്തിയ യാത്രയിലെ ഒരു ദിവസമായിരുന്നു അത്. അതിരാവിലെ പോകേണ്ടിയിരുന്നത് സന്താൾ എന്ന ആദിവാസി വിഭാഗങ്ങൾ താമസിക്കുന്ന ഒരു ഗ്രാമത്തിലേക്കാണ്. വളരെ ചെറിയ സിറ്റിയായ ജാർഖണ്ഡിൽ നിന്നും ദൂരത്തുള്ള ആ ഗ്രാമത്തിലേക്ക് പോകുന്നവഴിക്കൊന്നും വൃത്തിയുള്ള കഴിക്കാൻ കിട്ടുന്ന ഇടങ്ങളൊന്നും കണ്ടില്ല.

വണ്ടി മെയിൻ റോഡിൽ നിന്നും ചെറിയ ഗ്രാമങ്ങളിലൂടെ യാത്രതുടങ്ങി. വീതികുറഞ്ഞ പൊട്ടിപൊളിഞ്ഞ റോഡിൻറെ ഇരു വശങ്ങളിലും ദാരിദ്ര്യത്തിന്റെ കൊടുമുടിയിൽ ജീവിക്കുന്ന നിസ്സഹായരായ മനുഷ്യർ. മിക്കതും വീടുപോലെ തോന്നിക്കുന്ന ഒരു കൂടാരംമാത്രം. അതിനടുത്തായി കീറിപ്പറിഞ്ഞ വസ്ത്രങ്ങളിൽ അഴുക്കിൽ കിടന്നു കളിക്കുന്ന കുഞ്ഞുങ്ങൾ, മുറ്റതിട്ടിരിക്കുന്ന കയറു കട്ടിലിൽ ഉങ്ങാനിട്ടിരിക്കുന്നപോലെ കിടക്കുന്ന പുരുഷന്മാർ, കുഞ്ഞുങ്ങളുടെ തലയിൽ നിന്നും പേനിനെ പിടിക്കുന്ന അകാലത്തിൽ വാർദ്ധക്യം ബാധിച്ച പട്ടിണി കോലങ്ങളായ സ്ത്രീകൾ. കാഴ്ചകൾക്ക് വലിയ മാറ്റമൊന്നുമില്ലാതെ പുതിയ ഗ്രാമങ്ങൾ. ഒരിടത്തും ഭക്ഷണം കിട്ടുന്ന ലക്ഷണമില്ല.

അങ്ങനെ, കുറച്ചൂടി പോയപ്പോൾ എന്തോ കഴിച്ചുകൊണ്ട് സൊറ പറഞ്ഞു മൺ ഗ്ലാസ്സുകളിൽ നിന്നും ചൂടുചായ ഊതി കുടിക്കുന്ന പുരുഷന്മാരെ കണ്ട് അടങ്ങിക്കിടന്ന വിശപ്പ് ഉണർന്നു. കടയുടെ മുന്നിലെ വലിയ പാത്രത്തിൽ ചുവന്ന നിറത്തിൽ പൊക്കത്തിൽ അടുക്കി വെച്ചിരിക്കുന്ന എന്തോ സാധനമാണ് അവർ കഴിക്കുന്നത്. അടുത്തുചെന്നു നോക്കിയപ്പോളാണ് മനസിലായത് സംഗതി ജിലേബിയാണ്, അതാണത്രേ അവരുടെ പ്രാതൽ. മധുരം ഒട്ടും ഇഷ്ടമല്ലാത്ത ഞാൻ പിന്തിരിഞ്ഞു നടന്നു.

സമയം കടന്നു പോയി. അടുത്ത ഗ്രാമം, അടുത്ത കവല. പൊറോട്ടയും ബീഫുമൊന്നുമില്ലേലും ഒരു പൊഹയെങ്കിലും കിട്ടും, മനസ്സ് പറഞ്ഞു. എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ടു വീണ്ടും വലുതും ചെറുതുമായ ജിലേബിക്കടകൾ മാത്രം. 2 മണി കഴിഞ്ഞപ്പോളേക്കും വിശപ്പ് സഹിക്കാൻ വയ്യാതെ ജിലേബിയെങ്കിൽ ജിലേബി എന്ന് കരുതി ഒരു കടയിൽ നിർത്തി ഒരു ചായയും ജിലേബിയും പറഞ്ഞു. എന്നിട്ടു, ഒരു ജിലേബി വാങ്ങി വായിലേക്ക് വെച്ചതും ചുണ്ടത്തു സൂചി കൊണ്ട് ഒരു കുത്തിയത്പോലൊരു തോന്നൽ.

ഒന്ന് ഞെട്ടി ജിലേബിയിലേക്കു നോക്കിയപ്പോൾ, അതാ ഇറങ്ങി വരുന്നു ഒരു മുഴുത്ത തേനീച്ച. കടയിൽ അടുക്കി വെച്ചിരിക്കുന്ന ജിലേബികളിൽലേക്ക് നോക്കുമ്പോൾ തേനീച്ചക്കൂട്ടിലേതുപോലെ ജിലേബിക്കുള്ളിൽനിന്നും ഇറങ്ങിവരുന്ന മറ്റു തേനീച്ചകൾ. പിന്നെ, ഒന്നും നോക്കാതെ തിരിഞ്ഞോടി. അടുത്ത ജിലേബിക്കടയെത്തി. വണ്ടിനിർത്തി സൂക്ഷിച്ചു നോക്കിയപ്പോൾ അതിലും തേനീച്ചകൾ. അവറ്റകളുടെ കുത്തുകൊള്ളാതെ കുറച്ചു പടമെടുത്തു സ്ഥലം കാലിയാക്കി.

വൈകുന്നേരത്തോടെ, കാടിനടുത്തായി നല്ല വൃത്തിയുള്ള ചെറിയൊരു സന്താൾ ഗ്രാമത്തിലെത്തി. സ്ത്രീകൾ അരിയും എന്തൊക്കെയോ കാട്ടുകിഴങ്ങുകളും ചേർത്ത് പേരറിയാത്ത ഒരു ഭക്ഷണം ഉണ്ടാക്കുന്നുണ്ടായിരുന്നു. വേണോ എന്ന് ചോദിക്കേണ്ട താമസം, ചാണകം മെഴുകിയ തറയിൽ ഏതോ കാട്ടുചെടിയുടെ ഇലയിൽ വിളമ്പിത്തന്ന ഭക്ഷണം ഞാൻ രുചിയോടെ കഴിച്ചുതുടങ്ങി. മഹാശ്വേതാ ദേവിയുടെ കഥകളിൽ പലപ്പോഴും പരാമർശിക്കപ്പെട്ട മഹുവ മരത്തിൽ നിന്നും ഉണ്ടാക്കിയ രുചികരമായ കള്ളും കുടിക്കാൻ തന്നു.

“ഞാൻ മരിച്ചാൽ എന്നെ ദഹിപ്പിക്കരുത്, പകരം കുഴിച്ചിട്ടു അതിനു മുകളിൽ ഒരു മഹുവ ചെടി നടണം. ഈ ഭൂമിക്കു കൊടുക്കാൻ എന്റെ കൈയ്യിൽ മറ്റൊന്നുമില്ല എൻറെ ശരീരം മാത്രമേയുള്ളു” എന്ന് പറഞ്ഞ, ആളുകൾ ദീദിയെന്നു സ്നേഹത്തോടെ വിളിച്ച മഹാശ്വേതാ ദേവി ഇന്ത്യ കണ്ട വെറുമൊരു എഴുത്തുകാരി മാത്രമായിരുന്നില്ല, ഒരു വലിയ മനുഷ്യ സ്‌നേഹികൂടിയായിരുന്നു എന്ന് ആ യാത്ര എനിക്ക് മനസിലാക്കിത്തന്നു…