വിവരണം – വിഷ്‌ണു എ.എസ്.നായർ.
ചില നഗരങ്ങൾ അങ്ങനെയാണ്. ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളും രുചികളും കൊണ്ട് പലപ്പോഴും നമ്മെ മാടി വിളിക്കാറുണ്ട്. കേരളത്തിന്റെ ‘അയലോക്കമായ’ തമിഴ്നാട് രുചികളുടെ വ്യത്യസ്തതയ്ക്ക് പേരു കേട്ടതാണ്. തിരുന്നെൽവേലി ഹൽവാ, കോവിൽപെട്ടി കടലമിഠായി, ശ്രീവെല്ലിപുത്തൂർ പാൽഗോവ, മണെപ്പാറയ് മുറുക്ക്, ദിണ്ടുക്കൽ ബിരിയാണി, തൂത്തുക്കുടി മാക്രോണി, ഊട്ടി വർക്കി അങ്ങനെ അനവധി നിരവധി നാവിൽ കപ്പലോട്ടുമാർ വിഭവങ്ങൾ തമിഴ്നാടിനു സ്വന്തമെങ്കിലും ‘മധുരൈ ജിഗർതണ്ട’ അതൊരു അഡാർ സംഭവമാണ്.
കഴിഞ്ഞ രണ്ടു വർഷങ്ങളായി തമിഴ്‌നാട്ടിൽ ജോലി ചെയ്യുന്നതിനാൽ പല സ്ഥലങ്ങളിൽ നിന്നും അതായത് ഉദ്ദേശം 30 ൽ കൂടുതൽ സ്ഥലങ്ങളിൽ നിന്നു ഈ ജിഗർതണ്ട എന്ന സംഭവം കുടിച്ചിട്ടുണ്ട്. ജിഗർതണ്ടയുടെ അമരക്കാരായ മധുരൈ ‘ഫേമസ് ജിഗർതണ്ട’ കടയിൽ നിന്നും തുടങ്ങിയാൽ മുരുകൻ അണ്ണാച്ചിയുടെ 20 രൂപയുടെ ജിഗർതണ്ട വരെ കുടിച്ചിട്ടുണ്ട്. വില 20 രൂപ മുതൽ ചിലതിന് 180 രൂപ വരെ. വീട്ടിലുണ്ടാക്കുന്ന ഭായ് ഐസ്ക്രീമിനു പകരം കമ്പനി വക വാനില ഐസ്ക്രീമും, കലക്ക് പാലും വച്ചുള്ള ജിഗർതണ്ട കുടിച്ചു ഇസ്തിരിയിടപ്പെട്ടിട്ടുമുണ്ട്.
അങ്ങനെ നാട്ടിലെത്തിയാൽ കുടുംബത്തോടൊപ്പം ജിഗർതണ്ട എങ്ങനെ സേവിക്കും എന്ന ആശയ്ക്കുഴപ്പത്തിലിരുന്നപ്പോഴാണ് Priya Kolassery എന്ന ഹോം ഷെഫ് ഈ സംഭവവും കൊണ്ട് നാട്ടിലിറങ്ങിയ വിവരം അറിയുന്നത്. ഞാൻ കഴിച്ചിട്ടുള്ളത്തിൽ വച്ചേറ്റവും പ്രിയപ്പെട്ട കേക്കുകളിൽ ഒന്നായ ‘മാംഗോ മുസ്സേ’ കേക്കിന്റെ അനുഭവമുള്ളതിനാൽ കൈപ്പുണ്യത്തിന്റെ കാര്യത്തിൽ ലവലേശം സംശയമുണ്ടായിരുന്നില്ല.. പോരട്ടെ അഞ്ചു ജിഗർതണ്ട..
ചരിത്രം പറയാത്തൊരു കളിക്കും ഞാനില്ല. അത് കൊണ്ട് അതും കൂടെ പറഞ്ഞേക്കാം. ഈ വിഭവം പ്രശസ്തമായത് തമിഴ്നാട്ടിലാണെങ്കിലും ഇതിന്റെ ഉത്ഭവം മുഗളൻമാർക്കിടയിൽ നിന്നാണ് എന്നാണ് വയ്പ്പ്. വിജയനഗര സാമ്രാജ്യത്തിന്റെ അധഃപതനത്തോടെ തമിഴ്‌നാട് ലക്ഷ്യമാക്കി നീങ്ങിയ മുഗൾപടയുടെ ഇടയിൽ നിന്നാണ് ജിഗർതണ്ട തമിഴ്‌നാട്ടിൽ എത്തിയത് എന്ന് വായിച്ചറിവ്. അല്ലേലും പേരിലെ ഹിന്ദി-ഉർദു ചുവ ആ വാദത്തെ തീർത്തും ശെരിവയ്ക്കുകയും ചെയ്യുന്നു. അതല്ല തമിഴ്‌നാട്ടിലേക്ക് കുടിയേറിയ ഹൈദരാബാദ് സ്വദേശികളായ മുസ്ലീം നിവാസികളുടെ കൈപ്പുണ്യമാണ് ഇന്ന് നാം രുചിക്കുന്ന ജിഗർതണ്ട തമിഴ്നാട്ടിലെത്തിയത് എന്ന വാദവും നിലവിലുണ്ട്. ഉള്ളം (ശരീരം) തണുപ്പിക്കുന്നത് എന്നർത്ഥം വരുന്ന ജിഗർ (ശരീരം) + ഠണ്ട(തണുപ്പ്) യാണ് പിന്നീട് ജിഗർതണ്ടയായി മാറിയതെന്നു പറയപ്പെടുന്നു…
അങ്ങനെ ഒരു നാൾ പ്രിയ ചേച്ചിയുടെ വീട്ടിൽ പോയി ജിഗർതണ്ട വാങ്ങി. ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും. സംഭവം കിടുക്കാച്ചി. ഒരു പക്ഷേ ഞാൻ കഴിച്ചിട്ടുള്ളതിൽ മുരുഗൻ അണ്ണാച്ചിയുടെ ജിഗർതണ്ടയോട് കട്ടയ്ക്ക് നിൽക്കുന്ന സാധനം. തലേദിവസം കുതിർത്ത അൽമണ്ട് പിസിന്, അതിലേക്ക് നന്നാറി സിറപ്പ് പിന്നെ നല്ല തണുത്ത കട്ടി പാൽ ഏറ്റവും മുകളിൽ വീട്ടിലുണ്ടാക്കിയ ‘ഭായ്’ ഐസ്‌ക്രീം ഇവയൊക്കെ ചേർന്ന നല്ല അഡാർ ഐറ്റം. അറജ്ജം പുറജ്ജം കിടുക്കാച്ചി.
വിചാരിക്കുന്നത് പോലെയല്ല, കുറച്ച് പ്രയാസമുള്ള ഒരു പരിപാടിയാണ് ഈ ജിഗർതണ്ട നിർമ്മാണം, ചേരുവകൾ തലേ ദിവസമേ തയ്യാറാക്കി വച്ചാലെ നാം പ്രതീക്ഷിക്കുന്ന രുചി ഈ വിഭവത്തിന് ലഭിക്കാറുള്ളൂ. നമ്മൾ എല്ലാംകൂടി ചേർക്കുന്നത് മാത്രമേ കാണാറുള്ളൂ. ആ ഐസ്ക്രീമിന്റെ രുചി പറഞ്ഞറിയിക്കാൻ വയ്യ. ഒടുക്കത്തെ രുചി. അത് മാത്രം വാങ്ങിക്കഴിച്ചാലോ എന്നുപോലും ചിന്തിച്ചു പോയി. അത്രയ്ക്ക് നാവിലൊട്ടുന്ന രുചി.
ആകെയൊരു വ്യത്യാസം എന്നത് മുരുഗൻ അണ്ണാച്ചിയുടെ ഇഡ്ഡലി കടയിൽ അൽമണ്ട് പിസിന് പകരം കടൽ പാസി എന്നൊരു സംഭവമാണ് ഉപയോഗിക്കുന്നത്. ഒരു മാതിരി കഞ്ഞിവെള്ളത്തിന്റെ പാട പോലിരിക്കും ആ സംഭവം. അവിടെയല്ലാതെ വേറെ ഒരിടത്തും ഞാൻ കടൽ പാസി ഉപയോഗിച്ചു കണ്ടിട്ടില്ല. പിന്നെയുള്ളത് മധുരൈ ജിഗർതണ്ട ചിലയിടത്ത് മണ്ടയ്ക്ക് പിടിക്കുന്ന മധുരമാണ് പായസം കലക്കി വച്ചിരിക്കുന്നത് പോലിരിക്കും പക്ഷേ അത്തരം ദുശ്ശീലങ്ങളൊന്നും കവടിയാർ ജിഗർതണ്ടയ്ക്കില്ല.
ആകെയൊരു ദുരൂഹത തോന്നിയത് നന്നാറിയുടെ ചുവ പ്രിയ ചേച്ചിയുടെ ജിഗർതണ്ടയിൽ മുന്നിട്ട് നിന്നോ എന്നൊരു സംശയമാണ്. സാധാരണ ഗതിയിൽ അങ്ങനെയുള്ളൊരു അനുഭവം ഉണ്ടായിട്ടില്ല. ഒരു കാര്യം ഉറപ്പ് തരാം മധുരൈ ജിഗർതണ്ടയോട് 100 % നീതി പുലർത്തുന്ന ഒരു ജിഗർതണ്ടയാണ് പത്മനാഭന്റെ പിള്ളേർക്കായി പ്രിയ ചേച്ചി തയ്യാറാക്കിയിരിക്കുന്നതെന്നു ലവലേശം സംശയം വേണ്ട. സംഭവം ഭീകര ‘റിച്ചാണ്’. ഒറ്റയൊരെണ്ണം കുടിച്ചാൽ മതി വിശപ്പും ദാഹവും “അങ്ങോട്ട് മാറി നിലക്ക്” എന്ന് പറയും.
കൊലൈസ് – മറ്റൊരു കിടുക്കാച്ചി ഐറ്റം. വാങ്ങിയത് രണ്ടു ഫ്ലേവറുകൾ. മാമ്പഴവും തണ്ണിമത്തനും. മാമ്പഴം വേറെ ലെവൽ. ഒറിജിനൽ കോട്ടുക്കോണം മാമ്പഴത്തിന്റെ കടിച്ചീമ്പി കഴിക്കുമ്പോൾ അതിന്റെ ചാർ ഒലിച്ചിറങ്ങുമ്പോൾ ചുണ്ട് കോടി വലിച്ചെടുക്കുന്നൊരു പതിവുണ്ട്. അപ്പോഴുള്ളൊരു രുചിയുണ്ട്. അതേ തനത് രുചി. ഐസ് അലിഞ്ഞിറങ്ങുമ്പോൾ നമുക്ക് കാണാം നല്ല കട്ടിയുള്ള മാങ്ങാച്ചാർ പിന്നെ ഒറിജിനൽ മാങ്ങയുടെ നാരുകളും. മറ്റു കോലൈസ്സുകൾ കഴിക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിച്ചാൽ മനസ്സിലാകും. അവസാനമാകുമ്പോഴേക്കും നിറമെല്ലാം മങ്ങി രുചിയില്ലാത്ത വെറും ഐസിൽ നക്കുന്ന ഒരു പ്രതീതിയാണ്. പഴച്ചാറിന്റെ കൂടെ പുറത്തുനിന്നും വെള്ളം ചേർക്കുന്നതിന്റെ ഫലമാണത്.
എന്നാൽ ഈ കോലൈസ്സിൽ അങ്ങനെയൊരു സംഭവമേയില്ല. പുറത്തു നിന്നുള്ള വെള്ളമോ പഞ്ചസാരയോ ഇതിൽ ചേർത്തിട്ടില്ല. ഞാൻ ഇതുവരെ കഴിച്ചിട്ടുള്ള കോലൈസ്സുകളിൽ ഏറ്റവും കിടുക്കാച്ചിയെന്നു ഉറപ്പിച്ചു പറയാം. തണ്ണിമത്തൻ ഫ്ലേവർ അതിലും കിടിലം.. മുറിച്ച തണ്ണിമത്തൻ തണുപ്പിച്ച് കുരു കളഞ്ഞിട്ട് കഴിച്ചാൽ എങ്ങനിരിക്കും അത് തന്നെ ഇവിടെയും. അത്രയ്ക്ക് കിടിലം. അത്രയ്ക്ക് തന്മയത്വം. ജീവിതത്തിൽ പലപ്പോഴും കുറ്റബോധവും നഷ്ടബോധവും തോന്നിയിട്ടുണ്ടെങ്കിലും ഈ കോലൈസ്സ് തീർന്നപ്പോൾ പോലുള്ള നഷ്ടബോധം ഇതു വരെ ഉണ്ടായിട്ടില്ല… സത്യം.
വിലവിവരം : ജിഗർതണ്ട 100 Rs,, മാമ്പഴ കോലൈസ്സ് – 50 Rs, തണ്ണിമത്തൻ കോലൈസ്സ് – 50 Rs. ഇതൊക്കെ കഴിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെയൊക്കെ പറയണോ എന്ന് ചോദിക്കുന്നവരോട് ഒരു തവണ കഴിച്ചു നോക്കുക. ജിഗർതണ്ട ചിലപ്പോൾ ചിലർക്ക് അത്ര ഇഷ്ടമായില്ലെന്നു വരാം പക്ഷേ ‘കോലൈസ്’ അത് വേറെ ലെവൽ സംഭവമാണ്. അത് ഞാൻ ഗ്യാരന്റി. പിന്നെ ഹോംഷെഫ്മാർ ഉണ്ടാക്കുന്ന സംഭവങ്ങൾക്ക് ഒരിത്തിരി രുചി കൂടുതലാണ്. വിശ്വസിക്കാം. അറിഞ്ഞുകൊണ്ടൊരു തെറ്റ് കാണിക്കില്ല. അന്നമൂട്ടുന്നവർ നേരും നെറിയും ഉള്ളവരാണ്. അത്രേ പറയാനുള്ളൂ. ലൊക്കേഷൻ – കുറവങ്കോണം (Trivandrum), First Cry Baby Shop ന് സമീപം.