നിനച്ചിരിക്കാതെ വീണ്ടും തകർത്താടിയ പ്രളയത്തിൽ നിന്നും കേരളം വീണ്ടും കരകയറുകയാണ്, കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഒറ്റക്കെട്ടായി. ധാരാളം ആളുകൾക്കാണ് വീടും സ്വത്തുമൊക്കെ സെക്കൻഡുകൾ കൊണ്ട് നഷ്ടമായിരിക്കുന്നത്. നാടിൻറെ പലഭാഗങ്ങളിൽ നിന്നും ഇവരെ കൈപിടിച്ചുയർത്തുവാൻ സഹായഹസ്തങ്ങൾ നീണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സഹായഹസ്തം ഒരു യുവതിയുടേതാണ്.
തനിക്കു സ്വന്തമായുള്ള 25 സെൻറ് സ്ഥലത്തിൽ നിന്നും 20 സെൻറ് സ്ഥലം പ്രളയത്തിൽ വീട് നഷ്ടമായ അഞ്ചു കുടുംബങ്ങൾക്ക് വീതിച്ചു നൽകുവാനൊരുങ്ങിക്കൊണ്ടാണ് ജിജി എന്ന ഈ യുവതി കേരളക്കരയുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. ജിജിയുടെ സഹപാഠി റൂബി സജ്നയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ എല്ലാവരെയും അറിയിച്ചത്.
റൂബിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… “20 cent സ്ഥലം 5 പേർക്ക്. പ്രളയത്തിൽ സർവ്വതും നഷ്ട്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്കായി 20 cent സ്ഥലം മനസ്സറിഞ്ഞ് മാറ്റിവയ്ക്കുകയാണ് എന്റെ സഹപാഠിയായ ജിജി. ഒരുപാടൊന്നുമുണ്ടായിട്ടല്ല. ഒരുപാട് നൻമ നിറഞ്ഞ മനസ്സുള്ളത് കൊണ്ട് മാത്രം.
ഇല്ലായ്മയുടെ കുടുംബാന്തരീക്ഷത്തിൽ നിന്നും ഇന്നിന്റെ ധന്യതയിലേക്ക് അവൾ വളർന്നത് ഒരു പാടു യാതനകളോടുള്ള പോരാട്ടത്തിലൂടെയായിരുന്നു. മുഴുപ്പട്ടിണിയുടെ മൂർദ്ധാവിൽ നിൽക്കുമ്പോഴും അവളുടെ കണ്ണുകളിൽ കണ്ടിരുന്ന ആ പ്രതീക്ഷകളുടെ തിളക്കം ഇന്നവൾ പടവെട്ടി യാധാർത്ഥ്യമാക്കിയിരിക്കുകയാണ്. അതിൽ നിന്നും ഒരു പങ്ക് ദുരിതബാധിതർക്ക് നൽകാൻ അവൾ തീരുമാനിച്ചതിൽ ഒട്ടും അൽഭുതപ്പെടാനില്ല..
അതിനൊക്കെ ഒരു പാട് മുകളിലാണ് അവളുടെ ഹൃദയവിശാലത. സ്വന്തമായി വാങ്ങിയ 25 സെന്റ് ഭൂമിയിൽ നിന്നും 5 സെന്റ് മാത്രം സ്വന്തം ഉപയോഗത്തിനെടുത്ത് ബാക്കിയുള്ള 20 സെൻറും ദുരിതബാധിതർക്ക് വീതിച്ചു നൽകുവാൻ തയ്യാറായിരിക്കുകയാണ് ജിജി. ഈ തീരുമാനം കഴിഞ്ഞ ദിവസം എന്നെ വിളിച്ച് പറയുകയും ബഹുമാന്യനായ നിലമ്പൂർ MLA ശ്രീ PVഅൻവറിനോട് ഞാൻ ഈ വിവരം ചർച്ച ചെയ്യുകയുമുണ്ടായി. അദ്ദേഹം ജിജിയുടെ വലിയ മനസ്സിനു നന്ദി പറഞ്ഞ് കൊണ്ട് ജിജിയുമായി സംസാരിച്ച് തുടർ നടപടികളിലേക്ക് കടക്കും.
ഒരുപാടു നന്മ മനസ്സുകൾ എന്റെ നിലമ്പൂരിലേയ്ക്ക് സഹായ ഹസ്തങ്ങളുമായി കടന്നു വരുന്നുണ്ട്. ഓരോ നാണയത്തുട്ടുകളും ഏറെ വിലപ്പെട്ടതുമാണ്. എങ്കിലും പട്ടിണികൊണ്ട് പള്ളയൊട്ടിയ ജിജിയെന്ന എന്റെ ആ പഴയ പാവാടക്കാരിയുടെ ഹൃദയവിശാലതയോളം വിലമതിക്കുന്ന ഒന്നും എന്റെ നാടിനു ലഭിക്കില്ലെന്നു തന്നെ ഞാൻ കരുതുന്നു.
മുത്തേ… അഞ്ചു കുടുംബങ്ങളുടെ കൺകണ്ട ദൈവമായ നീ മാറുമ്പോൾ എനിക്കും തോന്നുന്നെടീ നിന്നോട് വല്ലാത്ത ഒരു ആരാധന….”