ചരിത്രം ഉറങ്ങുന്ന ആൻഡമാനിലെ കാലാപാനി അഥവാ സെല്ലുലാർ ജയിൽ

ആൻഡമാനില്‍ വരുന്ന ഏതൊരാളും കണ്ടിരിക്കേണ്ട ഒരു ചരിത്ര സ്മാരകമാണ് കാലാപാനി എന്നറിയപ്പെടുന്ന വലിയ സെല്ലുലാര്‍ ജെയില്‍. ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളെ തടവിൽ പാർപ്പിക്കുന്നതിനായി ബ്രിട്ടീഷുകാർ 1906-ൽ -പണി കഴിപ്പിച്ച ജയിലാണ് ഇത്. 698 ജയിലറകളാണ് ഇവിടെയുള്ള ഇവിടെ വി.ഡി. സാവർക്കർ ഉള്‍പ്പെടെയുള്ള സ്വാതന്ത്ര സമര സേനാനികൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കാലാപാനി എന്ന സിനിമ എല്ലാവരും കണ്ടിട്ടില്ലേ? അതില്‍ കാണിക്കുന്ന അതേ ജയില്‍ തന്നെയാണിത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളെ മനുഷ്യത്വമർഹിക്കാത്ത വിധം ക്രൂരമായി പീഡിപ്പിച്ചിരുന്ന സ്ഥലമായതിനാലാണ് ഇതിനെ കാലാപാനി എന്നു വിളിച്ചിരുന്നത്. ഓരോ ഭാരതീയനും ഇവിടെ വന്നു കഴിഞ്ഞാല്‍ ഈ ജയിലില്‍ കുറച്ചു സമയം ചെലവഴിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. എത്ര കഷ്ടപ്പെട്ടിട്ടാണ് നമ്മുടെ നാടിനു സ്വാതന്ത്ര്യം ലഭിച്ചതെന്ന കാര്യം നമ്മളെ ഓര്‍മ്മിപ്പിക്കുകയാണ് കാലാപാനി എന്ന ഈ ജയില്‍ സമുച്ചയം.

1979 ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജ്ജി ദേശായിയാണ് ഈ ജയിലിനെ ഒരു ചരിത്ര സ്മാരകമാക്കി നിലനിര്‍ത്തുവാനായിട്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ആ തീരുമാനത്തെ തുടര്‍ന്നാണ്‌ ഈ ജയില്‍ ഇന്നും പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ടുള്ളത്. ഈ ജയിലിലേക്ക് പ്രവേശിക്കുന്നതിനുള്ള ടിക്കറ്റ് ചാര്‍ജ്ജ് 30 രൂപയാണ്. ക്യാമറ ഉപയോഗിക്കുവാനായി 200 രൂപയും കൊടുക്കണം. ജയിലിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ നമുക്ക് കാനാന്‍ സാധിക്കുന്നത് ഒരു മ്യൂസിയം ആണ്. ഇവിടത്തെ മുഴുവന്‍ ചരിത്രവും സംഭവങ്ങളും ചിത്രങ്ങളായും എഴുത്തുകളായും നിര്‍മ്മിതികളായും ഈ മ്യൂസിയത്തില്‍ കാണുവാന്‍ സാധിക്കും. ജയിലില്‍ തടവുകാര്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയും ഈ മ്യൂസിയത്തില്‍ നമുക്ക് കാണാം. ഇവിടത്തെ എല്ലാ കാര്യങ്ങളും കൂടുതലായി മനസ്സിലാക്കണം എന്നുള്ളവര്‍ക്ക് ഇവിടെ ഗൈഡിന്‍റെ സഹായം ലഭ്യമാണ്. 200 രൂപയാണ് ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ സംസാരിക്കുന്ന ഗൈഡിന്റെ ചാര്‍ജ്ജ്.

ഇതിനുള്ളില്‍ കയറുന്ന മലയാളികള്‍ തീര്‍ച്ചയായും കാലാപാനി സിനിമയിലെ രംഗങ്ങള്‍ ഓര്‍ക്കും എന്നുറപ്പാണ്. ഇനി നിങ്ങള്‍ ആ സിനിമ കണ്ടിട്ടില്ലെങ്കില്‍ ഈ വീഡിയോ കണ്ടതിനു ശേഷം കാലാപാനി ഒന്നു കാണുക. അതില്‍ കാണിച്ചിരിക്കുന്ന സംഭവങ്ങള്‍ എല്ലാം തന്നെ സത്യമായ കാര്യമാണ്. എങ്കിലും സിനിമയില്‍ കാണിച്ചതിലും അപ്പുറം ആയിരുന്നിരിക്കണം ഈ ജയിലുകളിലെ തടവുകാര്‍ നേരിട്ട പീഡനങ്ങള്‍. മ്യൂസിയവും പിന്നിട്ട് ഉള്ളിലേക്ക് കടന്നാല്‍ സ്വതന്ത്ര ജ്യോതി എന്നു പേരുള്ള രണ്ടു കെടാവിളക്കുകള്‍ കാണാം. ജീവന്‍ ബലിയര്‍പ്പിച്ച സ്വാതന്ത്ര്യസമരഭടന്മാരുടെ സ്മരണയില്‍ ജ്വലിച്ച് നില്‍ക്കുന്ന ദീപശിഖ.

സ്വാതന്ത്ര്യ സമര സേനാനികളുടെ സമരവീര്യം തകർക്കാനായി 1896 ൽ നിർമ്മാണമാരംഭിച്ച്‌ 1906 ൽ പൂർത്തിയായ, ബ്രിട്ടീഷുകാർ പണി കഴിപ്പിച്ച ജയിലാണ്‌ ഇത്. ഈ ജയിലില്‍ ഒരു തവണ എത്തപ്പെട്ടാല്‍ പിന്നീട് പുറംലോകം കാണുക എന്നത് അസാധ്യമായിരുന്നു. ഇനി അഥവാ ജയില്‍ ചാടണം എന്നു വിചാരിച്ചാലോ? ചുറ്റും കടലല്ലേ? പോരാത്തതിന് ദ്വീപുകളില്‍ അന്നുണ്ടായിരുന്ന നരഭോജികളായ ചില വിഭാഗം മനുഷ്യരും. ഇതിനെയെല്ലാം അതിജീവിച്ച് പുറത്തു കടക്കുക എന്നത് ആര്‍ക്കും സാധ്യമായിരുന്നില്ല. വളരെയധികം യാതനകള്‍ അനുഭവിച്ചിട്ടുണ്ട് ഇവിടത്തെ തടവുകാര്‍ എന്നു അവിടെ സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും മനസ്സിലാകും. വിചിത്രമായ ശിക്ഷാ രീതികളായിരുന്നു ബ്രിട്ടീഷുകാര്‍ ഇവിടെ നടപ്പിലാക്കിയിരുന്നത്. എണ്ണയ്ക്കായി ചക്ക് ആട്ടിയിരുന്നത് ഒരുതരത്തില്‍ ഇവിടത്തെ ഒരു ശിക്ഷ തന്നെയായിരുന്നു. ചക്കിന്‍റെ പിടിയില്‍ നല്ല ഭാരമുള്ള കട്ട തൂക്കിയിടുമായിരുന്നു. ഇത്തരത്തില്‍ ഭാരത്തിലുള്ള കട്ട കൂടി വലിക്കേണ്ടി വരുമ്പോള്‍ ആട്ടുന്നവര്‍ക്ക് കഠിനമായ നടുവേദന ഉണ്ടാകുകയും തല്‍ഫലമായി സ്പീഡ് കുറയാതെ അവര്‍ ചക്ക് ആട്ടുകയും ചെയ്യും. ഇത്തരത്തില്‍ എണ്ണയുടെ ഉല്‍പ്പാദനം കൂട്ടുവാന്‍ സാധിച്ചിരുന്നു.

മുക്കാലിയില്‍ കെട്ടി ചാട്ടവാറു കൊണ്ട് അടിക്കുക, നഖം പിഴുതെടുക്കുക, മലം കലക്കിക്കുടിപ്പിക്കുക, പട്ടിണിക്കിടുക തുടങ്ങിയവ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് വെറും ശിക്ഷാ വിധികളായിരുന്നില്ല, അവര്‍ക്കതൊക്കെ നേരമ്പോക്കുകള്‍ കൂടിയായിരുന്നു. ഇവിടത്തെ തടവുകാരെ തിരിച്ചറിയുവാനായി അവരുടെ കഴുത്തില്‍ ഇരുമ്പ് കൊണ്ടുള്ള ഒരു വളയം ധരിപ്പിക്കുമായിരുന്നു. ദ്വീപിലെ കാടുകളില്‍ പണിയെടുപ്പിക്കാന്‍ കൊണ്ടുപോകുന്ന തടവുകാരെ ഈ ഇരുമ്പിനായി അവിടെയുണ്ടായിരുന്ന കാട്ടുവാസികള്‍ കൊല്ലുന്നതും സാധാരണയായിരുന്നു.

തടവുകാരെ തൂക്കി കൊല്ലുന്നതിനു വേണ്ടിയുള്ള കയര്‍ നിര്‍മ്മിച്ചിരുന്നതും തടവുകാര്‍ തന്നെയായിരുന്നു എന്നത് ഇതുവരെ നമ്മള്‍ അറിയാത്ത ഒരു കാര്യമായിരുന്നു. ഇത് ഒരു ജീവന്‍ എടുക്കുവാന്‍ ആണെന്നും ചിലപ്പോള്‍ തന്‍റെ ജീവന്‍ തന്നെയാകാം എന്നും ഈ കയര്‍ നിര്‍മ്മിക്കുന്നയാള്‍ക്ക് തോന്നിക്കാണണം. ഓര്‍ക്കുമ്പോള്‍ വളരെ വിഭ്രാന്തിയുളവാക്കുന്ന ഒരു കാര്യമാണിത്. ഓരോരുത്തർക്കും ദിവസം നിശ്‌ചയിച്ച്‌ കൊടുത്തിട്ടുള്ള ജോലിയിൽ കുറവ്‌ വരുത്തിയാൽ ജയിൽ മുറ്റത്ത്‌ നിർത്തി പ്രാകൃതമായി ചാട്ടവാർ കൊണ്ട്‌ അടിച്ച്‌ ശിക്ഷിക്കുമായിരുന്നു. എന്തെങ്കിലും തരത്തില്‍ ബ്രിട്ടീഷുകാരെ എതിര്‍ത്തു സംസാരിക്കുന്നവരേയും ഇതുപോലെ കെട്ടിയിട്ട് അവരുടെ പുറത്ത് ക്രൂരമായി അടിക്കുമായിരുന്നു. ഇത്തരത്തില്‍ അടിക്കുന്നത് ഇന്ത്യക്കാര്‍ തന്നെയായിരുന്നു എന്നതാണ് വിചിത്രമായ ഒന്ന്. കാരണം ബ്രിട്ടീഷുകാരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങികൊടുക്കുകയും അവരുടെ വാലാട്ടിപ്പട്ടികളെപ്പോലെ ജീവിക്കുകയും ചെയ്തിരുന്നവരെ ‘ചമാന്താര്‍’ എന്ന വിഭാഗത്തില്‍പ്പെടുത്തുകയും അവരെ ഉപയോഗിച്ച് മറ്റുള്ള ഇന്ത്യക്കാരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. ഇത്തരക്കാര്‍ക്ക് നീല നിറത്തിലുള്ള യൂണിഫോമായിരുന്നു നല്‍കിയിരുന്നത്. കാലാപാനി സിനിമയില്‍ കൊച്ചിന്‍ ഹനീഫ ചെയ്ത കഥാപാത്രം ഇത്തരത്തില്‍ ഉള്ളതാണ്.

രാജ്യസ്നേഹത്തിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇവിടത്തെ തടവുകാര്‍ക്ക് ശിക്ഷയുടെ കടുപ്പം നിശ്ചയിച്ചിരുന്നത്. രാജ്യസ്നേഹികളായ തടവുകാരുടെ കയ്യും കാലുകളും ഒക്കെ ഒരു ഇരുമ്പ് കഷണം ഉപയോഗിച്ച് ബന്ധിക്കുമായിരുന്നു. ഇത്തരത്തില്‍ ബന്ധനസ്ഥനായവര്‍ക്ക് ശരിക്കും ചലിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ഈ ശിക്ഷ കിട്ടിയവര്‍ക്ക് രാജ്യസ്നേഹംവും വിപ്ലവ വീര്യവും കുറയുകയാണെങ്കില്‍ അവരെ അതിലും കുറഞ്ഞ രീതിയിലുള്ള ബന്ധനത്തില്‍ ആക്കുമായിരുന്നു. ഇരുമ്പ് കഷണത്തിന്‍റെ സ്ഥാനത്ത് ചങ്ങലകളായി മാറും എന്നതാണ് പ്രത്യേകത. ഇത്തരത്തില്‍ വിലങ്ങുകളണിയിച്ച മൂന്നു പ്രതിമകള്‍ സന്ദര്‍ശകര്‍ക്ക് മനസ്സിലാക്കാനായി ഇവിടെ ഇന്ന് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒരു നിലക്കും സമരവീര്യം തകർക്കാൻ പറ്റാത്ത സമര സേനാനികളെയാണ് ഇത്തരത്തില്‍ പീഡിപ്പിചിരുന്നത്. ധീര പോരാളികളെ ബ്രിട്ടീഷുകാർക്ക്‌ പല വിധത്തിലും ദ്രോഹിക്കാൻ സാധിച്ചുവെങ്കിലും അവരുടെ മനോവീര്യവും ദേശക്കൂറും ചോർത്താൻ ബ്രിട്ടീഷുകാർക്ക്‌ സാധിച്ചില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം.

ഈ പീഢനങ്ങളെല്ലാം സഹിച്ച് വളരെ വീറോടെ വീണ്ടും പ്രതികരിക്കുന്ന അതിശക്തരായ തടവുകാരെ അവസാനം തൂക്കിക്കൊല്ലുകയാണ് ചെയ്തിരുന്നത്. തടവുകാരില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചവരെ അവരുടെ അവസാന നാളുകളില്‍ പ്രത്യേകം സെല്ലുകളിലേക്ക് മാറ്റി പാര്‍പ്പിക്കുമായിരുന്നു. തൂക്കിക്കൊല്ലുന്ന സ്ഥലത്തിനു തൊട്ടടുത്തു തന്നെയായിരുന്നു ഈ സെല്ലുകള്‍. വളരെ ഇടുങ്ങിയ സെല്ലുകള്‍ ആയിരുന്നു ഇവ.സൂര്യപ്രകാശം പോലും വ്യക്തമായി കടക്കാത്ത തരത്തിലാണ് ഇവയുടെ നിര്‍മ്മാണം. ഇതില്‍ നിന്നാല്‍ അപ്പുറത്ത് ആളുകളെ തൂക്കിക്കൊല്ലുന്ന ദൃശ്യങ്ങള്‍ കാണുവാന്‍ സാധിക്കുമായിരുന്നു. ഇതൊന്നും സഹിക്കവയ്യാതെ ചിലരൊക്കെ ഈ സെല്ലുകളില്‍ സ്വയം തൂങ്ങി മരിച്ചിട്ടുണ്ട്. വാതിലുകളിലെ കമ്പികളിലും മറ്റുമാണ് അവര്‍ തൂങ്ങി മരിച്ചത്. ഇന്ന് ഈ സെല്ലുകളൊക്കെ സന്ദര്‍ശകര്‍ക്ക് കയറി കാണുവാനുള്ള അനുവാദമുണ്ട്. ഇതിനുള്ളില്‍ കയറിയാല്‍ ഇപ്പോഴും നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ഹൃദയത്തുടിപ്പുകള്‍ കേള്‍ക്കുവാന്‍ സാധിക്കും. ഭാരത് മാതാ കീ ജയ്‌ എന്ന വിളി മുഴങ്ങി കേള്‍ക്കും..

ഇന്ന് തൂക്കി കൊല്ലുന്ന സ്ഥലം മതിലൊക്കെ കെട്ടി സംരക്ഷിച്ചിട്ടുണ്ട് എങ്കിലും അക്കാലത്ത് ഇവിടം ഒരു തുറന്ന പ്രദേശം ആയിരുന്നത്രെ. തൂക്കിക്കൊല്ലുന്ന ദൃശ്യങ്ങള്‍ ജയിലിനുള്ളിലെ ആളുകള്‍ക്ക് വ്യക്തമായി കാണുക എന്നതായിരുന്നു ഇതുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. മറ്റുള്ള തടവുകാര്‍ക്ക് ഉള്ളില്‍ ഭീതിയുണ്ടാക്കുകയും അതുവഴി അവരെ അനുസരിപ്പിക്കുകയും ചെയ്യാം എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ കണക്കുകൂട്ടല്‍. ഒരേസമയം മൂന്നു പേരെ തൂക്കിലേറ്റുവാന്‍ ഇവിടെ സാധിക്കുമായിരുന്നു. മുഖം കറുത്ത തുണികൊണ്ട് മൂടി ഒരു ലിവര്‍ വലിച്ചാല്‍ മൂന്നുപേരുടെയും മൃതശരീരങ്ങള്‍ താഴെയുള്ള മുറിയിലെത്തും. ഇവിടെ നിന്നുള്ള പ്രത്യേക വാതിലിലൂടെ മൃതശരീരങ്ങള്‍ പുറത്തേക്ക മാറ്റുകയാണ് ചെയ്തിരുന്നത്. എന്നാല്‍ തൂക്കിക്കൊല്ലല്‍ കൂടാതെ ചില കൊലപാതകങ്ങളും നടന്നിരുന്നു. അത്തരത്തില്‍ കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ ഈ ദ്വീപിനു തൊട്ടടുത്തുള്ള റോസ് ഐലന്ഡ് എന്നു പേരുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്ന ദ്വീപിലേക്ക് പോകുന്ന വഴിയില്‍ കല്ലുകെട്ടി കടലില്‍ താഴ്ത്തുമായിരുന്നു. റോസ് ഐലന്‍ഡിലേക്ക് ഇപ്പോള്‍ ബോട്ട് മാര്‍ഗ്ഗം പോകാവുന്നതാണ്.കടലിന്‍റെ സ്വഭാവം അനുസരിച്ചായിരിക്കും ഇവിടേക്കുള്ള യാത്രകള്‍.

തടവുകാര്‍ക്ക് പരസ്പരം കാണാനോ ആശയവിനിമയം നടത്താനോ പറ്റാത്ത വിധത്തില്‍, ഒന്നിന്റെ പിറകുവശം മറ്റൊന്നിനെ അഭിമുഖീകരിക്കുന്ന വിധത്തില്‍, പ്രത്യേകമായി രൂപകല്‍പ്പന ചെയ്താണ് ഇവിടെ ഓരോ ബ്ലോക്കുകളും പണിതിരിയ്ക്കുന്നത്. സെല്ലുല്ലാര്‍ ജയിലിന്‍റെ പൂര്‍ണ്ണരൂപം ജയിലിനുള്ളില്‍ത്തന്നെ സന്ദര്‍ശകര്‍ക്ക് കാണുവാനായി ചെറു നിര്‍മ്മിതിയായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ ഒരു ഭാഗം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുണ്ടായ പ്രകടനത്തില്‍ ആളുകള്‍ പൊളിച്ചുമാറ്റിയിരുന്നു. കൂടാതെ മറ്റൊരു ഭാഗം പിന്നീട് ഇവിടെ മെഡിക്കല്‍കോളേജ് നിര്‍മ്മാണത്തിനായും പൊളിച്ചുമാറ്റി. ചരിത്ര സ്മാരകമായി മാറ്റിയതിനുശേഷമാണ് ഈ ജയില്‍ കൂടുതല്‍ സംരക്ഷണത്തോടെ നിലനിര്‍ത്തിയത്.

ജയിലിലെ മൂന്നാമത്തെ നിലയില്‍ ഒരു സെല്ലിന് സവര്‍ക്കര്‍ സെല്‍ എന്ന പേരു നല്കിയിരിക്കുന്നതായി കാണാം. ഇവിടത്തെ എയര്‍പോര്‍ട്ടിനും വീര്‍ സവര്‍ക്കറുടെ പേരാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകനും, കവിയും, എഴുത്തുകാരനുമായിരുന്നു വിനായക് ദാമോദർ സാവർക്കർ. 1911 ജൂലായ് 4 നു സവർക്കറെ ആൻഡമാൻ നിക്കോബാർ തടവറയിലേക്ക് അയച്ചു. ആദ്യ ആറു മാസം പൂർണ്ണമായും ഏകാന്ത തടവാണ് സവർക്കർക്ക് വിധിച്ചത്. 1921 വരെ 10 വർഷം സവർക്കർ ആൻഡമാനിലെ തടവറയിലും പിന്നീട് 3 വർഷം രത്‌ന ഗിരിയിലെ ജയിലിലും അങ്ങനെ 13 വർഷക്കാലം തടവുശിക്ഷ അനുഭവിച്ചു. പിന്നീട് ഇദ്ദേഹത്തിന്‍റെ ശിക്ഷ ബ്രിട്ടീഷുകാര്‍ ഇളവുചെയ്ത് തിരികെ അയയ്ക്കുകയായിരുന്നു. ഇത്തരത്തില്‍ ഇവിടെ നിന്നും പുറത്തു വന്ന സവര്‍ക്കര്‍ ആണ് ഇവിടത്തെ ജീവിതവും പീഡനവും എല്ലാം എഴുതി പുറംലോകത്തെ അറിയിച്ചത്. സവര്‍ക്കര്‍ കിടന്നിരുന്ന സെല്ലില്‍ അദ്ദേഹത്തിന്‍റെ ച്ഛായാചിത്രവും തടവുകാലത്ത് അദ്ദേഹം ഉപയോഗിച്ചിരുന്ന പാത്രങ്ങളും ഒക്കെ ഇന്നും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തടവുകാര്‍ക്ക് ഭക്ഷണം കഴിക്കുവാനായി കൊടുത്തിരുന്ന പാത്രങ്ങള്‍ ചെമ്പ് കൊണ്ടുണ്ടാക്കിയിട്ടുള്ളവയാണ്. ഇതിനു പിന്നില്‍ ക്രൂരമായ മറ്റൊരു കാര്യം കൂടിയുണ്ട്. ചെമ്പ് പാത്രത്തില്‍ ഭക്ഷണം ഇട്ടുകഴിഞ്ഞാല്‍ അത് വേഗം കഴിക്കണം. ഇല്ലെങ്കില്‍ അത് കോപ്പര്‍ റിയാക്ഷന്‍ എന്ന രസപ്രവര്‍ത്തനത്താല്‍ വിഷമയമായിത്തീരും. എന്തൊരു ക്രൂരതയാണെന്ന് ഓര്‍ക്കണേ.

ഇവിടെ വസിച്ചിരുന്ന തടവുകാരുടെ വിവരങ്ങള്‍ സെന്‍ട്രല്‍ ബ്ലോക്കില്‍ ഫലകങ്ങളിലായ് കൊത്തിവച്ചിരിട്ടുണ്ട്. മറ്റൊരു സ്ഥലത്തും ഇത്തരത്തില്‍ തടവുകാരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടിട്ടില്ല. സെല്ലുല്ലാര്‍ ജയിലിന്‍റെ വാച്ച് ടവറിനു മുകളില്‍ നിന്നും നോക്കിയാല്‍ ചുറ്റിനും കണ്ണെത്താ ദൂരത്തോളം കടലാണ്. അവിടെ വീശുന്ന കടല്‍ക്കാറ്റ്‌ പോലും പറയുന്നത് മരണത്തിന്‍റെയും നൊമ്പരത്തിന്റെയും കഥയാണ്‌.

സെല്ലുലാര്‍ ജയിലില്‍ സന്ദര്‍ശകര്‍ക്കായി ദിവസവും സന്ധ്യകഴിഞ്ഞ് ഒരു ലൈറ്റ് ആന്റ് സൗണ്ട് ഷോ നടത്തുന്നുണ്ട്. ഈ ലേസര്‍ഷോയിലൂടെ ജയിലിന്റെ ചരിത്രവും സംഭവപരമ്പരകളും ആകര്‍ഷകമായി ആവിഷ്‌കരിക്കുന്നു. എല്ലാറ്റിനും സാക്ഷിയായി ജയില്‍ മുറ്റത്ത് നിലകൊള്ളുന്ന ആല്‍മരം കഥ പറയുന്ന രീതിയിലാണ് ഈ ഷോ അവതരിപ്പിക്കുന്നത്. ഇവിടെ സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും ഈ ലേസര്‍ഷോ കൂടി കാണുവാന്‍ ശ്രമിക്കേണ്ടതാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്‍റെ കറുത്ത അദ്ധ്യായങ്ങള്‍ വിളയാടിയ ഈ ജയിലില്‍ നിന്നും സന്ദര്‍ശനത്തിനു ശേഷം പുറത്തിറങ്ങുമ്പോള്‍  ഏതൊരു ഭാരതീയന്‍റെയും ഉള്ള് വിങ്ങിപ്പൊട്ടും. ഭാരതത്തിന്‍റെ മോചനത്തിനായി നമ്മുടെ രാജ്യക്കാര്‍ സഹിച്ച ക്രൂരതയും പീഡനവും ത്യാഗവും സര്‍വ്വോപരി ധീരദേശാഭിമാനികളുടെ അചഞ്ചലമായ രാജ്യസ്‌നേഹവും ഒക്കെ മനസ്സില്‍ ഒരു വിങ്ങലായി അവശേഷിക്കും. മുഷ്ടി ചുരുട്ടി കൈ മുകളിലേക്ക് ഉയര്‍ത്തി ഒരു തവണ നമുക്ക് ഏറ്റുവിളിക്കാം – “ഭാരത്‌ മാതാ കീ ജയ്‌..”