വിവരണം – C U Sreeni.
അത്യാവശ്യമായി ജനുവരി 31ന് കോഴിക്കോട് വരെ പോകണമെന്ന് തലേദിവസം വൈകിട്ടാണ് തീരുമാനം ആയത്.അപ്പോൾ തന്നെ ഭാര്യയുടെ മൊബൈലിലേക്ക് നമ്പർ ഒന്ന് കറക്കി.”രണ്ട് ദിവസത്തേക്കുള്ള ഡ്രസ്സ് റെഡിയാക്കിക്കോ ഒന്ന് കോഴിക്കോട് വരെ പോകണം ചിലപ്പോൾ അവിടെനിന്നും കണ്ണൂർക്കും” എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. മാസാവസാനമായതുകൊണ്ട് ചെയ്യേണ്ട കാര്യങ്ങൾ മുഴുവൻ തീർത്ത് 9.30ന് ബാങ്കിൽനിന്നും ഇറങ്ങി.വീട്ടിൽ എത്തിയപ്പോൾ ഭാര്യ വീടിന് പുറത്തിരുന്ന് ഷൂ പോളിഷ് ചെയ്യുന്നതാണ് കണ്ടത്. ഒരു കോളിനോസ് പുഞ്ചിരി സമ്മാനിച്ചിട്ട് അകത്തേക്ക് കയറുമ്പോൾ ഹാളിലെ സോഫയുടെ പുറത്ത് ഡ്രസ്സെല്ലാം സുന്ദരമായി ബാഗിലാക്കി വച്ചിരിക്കുന്നു.തൊട്ടടുത്ത് ക്യാമറാബാഗും.
എന്റെ പുറകെ അകത്തേക്ക് കയറിവന്ന ശ്രീമതിയുടെ വാക്കുകളാണ് എന്നെ പുറകോട്ട് തിരിച്ചത് “കോഴിക്കോട് വരെ പോയിട്ട് എന്തായാലും ചുരം കയാറാതിരിക്കില്ലല്ലോ, പ്രത്യേകിച്ച് ആഴ്ചയുടെ അവസാനം”. എന്റെ മനസിലിരിപ്പ് തിരിച്ചറിഞ്ഞ് എല്ലാം റെഡിയാക്കിവച്ച അവൾക്ക് ഒരു ഷേക്ക് ഹാൻഡ് കൊടുക്കാൻ തോന്നിയെങ്കിലും തൽക്കാലം ഒരു പുഞ്ചിരിയിൽ ഒതുക്കി ക്യാമറാബാഗിന് അടുത്തേക്ക് നടന്നു .അപ്പോൾ ഭാര്യയുടെ അടുത്ത സർപ്രൈസ് “തൽക്കാലം മോൻ പോയി കുളിച്ച് ഭക്ഷണം കഴിച്ചാട്ടെ , ക്യാമറാ ബാറ്ററി ഞാൻ ചാർജ് ചെയ്ത് വച്ചിട്ടുണ്ട്. ”
തള്ളിപ്പോയ കണ്ണുകളെ വീണ്ടും അകത്താക്കിയിട്ട് നേരെ പോയി ഒരു കുളിപാസാക്കി, നല്ല വറുത്ത ചാളയും ചോറും കൂട്ടി ഒരുപിടുത്തം പിടിച്ച് ഇത്തിരി നേരം വിശ്രമിക്കാൻ ഹാളിൽ ചെന്നിരുന്നു. അപ്പൊ ദേ വരുന്നു കുട്ടികുറുമ്പി, “അച്ഛാ വയനാട്ടിൽ നിന്ന് വരുമ്പോ എനിക്ക് ചെന്നായമമ്മിയെ കൊണ്ടുതരണം” എന്ന ആവശ്യമായാണ് കക്ഷിയുടെ വരവ്. പുറകെ നിന്ന് ഭാര്യയുടെ അശരീരിയും ” 3 വയസ്സേ ആയിട്ടുള്ളൂ അച്ഛന്റെ അതേ ഭ്രാന്താണ് മകൾക്കും”. 6 മാസം പ്രായമുള്ളപ്പോൾ കാട് കയറാൻ തുടങ്ങിയതാണ് അവൾ. മറ്റുള്ള കൂട്ടുകാരുടെ കുട്ടികൾ അവധിദിവസം എവിടെ പോകണം എന്ന് ചോദിക്കുമ്പോൾ പാർക്കിൽ പോകണം, ലുലുമാളിൽ പോകണം, ഐസ്ക്രീം കഴിക്കണം എന്നൊക്കെ പറയുമ്പോൾ എന്റെ മാളൂട്ടി പറയുന്നത് വയനാട്ടിൽ പോകണമെന്നാണ്. മാളൂട്ടിയെ കളിപ്പിച്ച് സമയം പോയത് അറിഞ്ഞില്ല. ഏകദേശം 11.30ന് ഉറങ്ങാൻകിടന്ന ഞാൻ 4.30 ന് എഴുന്നേറ്റ് പ്രഭാതകാര്യങ്ങൾ നിർവഹിച്ച് 5.15ന് വീട്ടിൽനിന്നും യാത്രപറഞ്ഞ് ഇറങ്ങി.
രണ്ട് ദിവസത്തെ ഒഫീഷ്യൽ പരിപാടികളൊക്കെ തീർത്തിട്ട് വെള്ളിയാഴ്ച്ച വൈകിട്ടോടെ കണ്ണവംകാട്, ഇരിട്ടി വഴി മാനന്തവാടി പിടിച്ചു.6മണിക്ക് മുന്നേ എത്തിയതിനാൽ ചെക്ക്പോസ്റ്റ് കടക്കാൻ പറ്റി. പക്ഷെ ഇരുട്ട് വീണു തുടങ്ങിയതിനാൽ പോകുന്നവഴി ഒരുമൃഗങ്ങളെയും കാണാൻ പറ്റിയില്ല. ഹാൻഡ്‌പോസ്റ്റിലെത്തി നമ്മുടെ പതിവ് ലോഡ്ജിൽ റൂമെടുത്ത് തൊട്ടപ്പുറത്തെ മലയാളിയായ രാജുച്ചേട്ടന്റെ കടയിൽനിന്ന് രണ്ട് റോബസ്റ്റ് പഴം വാങ്ങി കഴിച്ച് കിടന്നുറങ്ങി.
രാവിലെ 4.30 ന് എഴുന്നേറ്റ് കബനി സഫാരിക്ക് ടിക്കറ്റ് കൗണ്ടറിൽ എത്തിയപ്പോൾ കണ്ട കാഴ്ച തെല്ല് സങ്കടപെടുത്തി. തലേദിവസം ടിക്കറ്റ് എടുത്തവരെ കൂടാതെ 20 പേരോളം പിന്നെയും ക്യൂവിൽ. ക്യൂവിൽ കയറിനിന്നെങ്കിലും ഒരു നാല് പേർക്കുമുന്നേ ടിക്കറ്റ് തീർന്നു. പിന്നീട് ഒന്നും നോക്കിയില്ല വൈകിട്ടത്തെ ടിക്കറ്റിനുവേണ്ടി അവിടെത്തന്നെ കുത്തിയിരുന്നു. ടിക്കറ്റ് കിട്ടാഞ്ഞതിനെക്കാൾ സങ്കടം സഫാരി കഴിഞ്ഞുവന്ന രണ്ട് ബസ്സുകാർക്കും കടുവയെ കാണാൻപറ്റി എന്ന വാർത്തയായിരുന്നു. A സോണിൽ പോയവർക്ക് 2 കടുവയേയും ,B സോണിൽ പോയവർക്ക് ഒരു കടുവയേയും കാണാൻ പറ്റി.
വൈകിട്ടത്തെ ടിക്കറ്റിനുള്ള ക്യൂവിൽ കാലത്തെ തന്നെ കുത്തിയിരുന്നതിനാൽ ആദ്യത്തെ ടിക്കറ്റ് എനിക്ക് കിട്ടി. ടിക്കറ്റ് എടുത്ത് നേരെ റൂമിൽവന്ന് കിടന്നുറങ്ങി. 1 മണിയോടെ വീണ്ടും സഫാരി കൗണ്ടറിലേക്ക്. പോകുന്നവഴി നമ്മുടെ സ്ഥിരം ഹോട്ടലായ മലയാളീ ഹോട്ടലിൽനിന്നും മീൻവറുത്തത് കൂട്ടി ഊണു കഴിച്ചു. നേരത്തെ അവിടെ എത്തിയെങ്കിലും ഞാൻ കണ്ടകാഴ്ച്ച മനസിനെ വല്ലാതെ വിഷമിപ്പിച്ചു. ആദ്യത്തെ 4 റോ സീറ്റുകളിൽ ആരൊക്കെയോ കർചീഫും ജാക്കറ്റും ഊരിയിട്ട് ബുക്ക് ചെയ്ത് വച്ചിരിക്കുന്നു. നമ്മൾ ആദ്യമേ സീറ്റ് ബുക്ക്ചെയ്തതൊക്കെ വെറുതെ ആയി. കുറച്ച് ഈർഷ്യ തോന്നിയെങ്കിലും എന്തുചെയ്യാം അവിടെ കർണാടകക്കാരുടെ അധിപത്യമാണ്. അതുകൊണ്ട് അതിന് തൊട്ടപ്പുറത്തെ സീറ്റിൽ ഒതുങ്ങേണ്ടി വന്നു.
പക്ഷെ അന്ന് സീറ്റ് ബുക്ക് ചെയ്തതിൽ കുറച്ച് മലയാളികൾ ഉണ്ടായിരുന്നു. അവർ വന്ന് ഈ കാഴ്ച കണ്ടപ്പോൾ ജാക്കറ്റൊക്കെ പുറകിലെ സീറ്റിലേക്ക് മാറ്റിയിട്ട് അവിടെ കയറിയിരുന്നു. ആ ഇരുപ്പിന് കുറച്ച്നേരത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടുത്തെ ഫോറസ്റ്റ് ഗാർഡുമാർ എപ്പോഴും കന്നടകാർക്ക് സപ്പോർട്ട് ആണ്. പ്രത്യേകിച്ച് ഫോറസ്റ്റ് ഓഫീസർ ദിവ്യ മാഡം. അവസാനം നമ്മുടെ മലയാളി ചേട്ടന്മാർക്ക് മാറികൊടുക്കലേ തരമുണ്ടായുള്ളൂ. യാത്ര തുടങ്ങിയപ്പോൾതന്നെ വഴക്കും തമ്മിതല്ലും കണ്ടപ്പോഴേ വിചാരിച്ചു ഈ സഫാരി ഒരു നല്ല അനുഭവം ആയിരിക്കില്ലന്ന്.
വിചാരിച്ചപോലെ സംഭവിച്ചു. അവസാനിക്കുന്ന സമയത്ത് ഒരു കടുവയെ പൊട്ടുപോലെ അങ്ങ് ദൂരെ കാണാൻ കഴിഞ്ഞതല്ലാതെ വേറെ മനസ്സിനെ സന്തോഷിപ്പിക്കാൻ ഒന്നും തന്നെ ആ ട്രിപ്പ് സമ്മാനിച്ചില്ല. പിറ്റേ ദിവസം കാലത്തെ സഫാരിക്കുള്ള ടിക്കറ്റ് 3.30ന് സഫാരി പോകുമ്പോൾ തന്നെ കൊടുത്ത് തുടങ്ങുന്നതിനാൽ അത് കിട്ടില്ലായെന്ന് അറിയാമായിരുന്നു. പറഞ്ഞത്പോലെ പിറ്റേ ദിവസത്തെ സഫാരി ടിക്കറ്റ് വൈകിട്ട്തന്നെ തീർന്നു. തിരികെ ലോഡ്ജിലേക്ക് പോരുമ്പോൾ മനസ്സിൽ നിശ്ചയിച്ചു, കാലത്തെ നാഗർഹോളക്ക് പോകാൻ.
പിറ്റേന്ന് 4.45ന് എഴുന്നേറ്റ് നേരെ നമ്മുടെ സ്വന്തം തട്ടകമായ നാഗർഹോളയിലേക്ക്. 6 മണിയോടെ നാഗർഹോളെയിലെത്തി 500 രൂപ കൊടുത്ത് സഫാരി ബുക്‌ചെയ്തു. 200 MM മുകളിൽ ലെൻസിന് 500 രൂപ അധികം കൊടുക്കണമെങ്കിലും അവിടുത്തെ ഫോറസ്റ്റ് ഓഫീസ്സർ ക്യാമറക്ക് ചാർജ്ജ് വാങ്ങിയില്ല. കൃത്യം 6.30 ന് സ്റ്റാർട്ട് ചെയ്ത സഫാരി ടാർ റോഡിൽനിന്നും കാനന പാതയിലേക്ക് കയറിയപ്പോൾ കുറച്ചകലെയായി ഒരു പെൺ മ്ലാവിനെ കാണാൻ സാധിച്ചു. മ്ലാവുകൾ സാധാരണ 6 മുതൽ 10 പേർ വരെയുള്ള കൂട്ടങ്ങളായാണ് കാണുന്നത്. ആണിന് പെണ്ണിനേക്കാൾ പൊതുവെ ശരീരത്തിന് വലിപ്പക്കുറവ് ആയിരിക്കും. കൂടാതെ പ്രായപൂർത്തിയായവക്ക് കൊമ്പും ഉണ്ടാകും. കൂട്ടത്തിൽ കൂടുതൽ പെണ്ണുങ്ങളായിരിക്കും ഉണ്ടാവുക. പൊതുവെ വെള്ളം അടുത്ത് കിട്ടുന്ന കാട്ടുപ്രദേശങ്ങളിൽ ആയിരിക്കും ഇവർ താമസിക്കുക. സാധാരണ ആൺ മ്ലാവുകൾ 6 പെൺ മ്ലാവുകൾ വരെയായി പ്രജനനത്തിൽ ഏർപ്പെടും. പ്രസവ കാലാവധി 9 മാസമാണ്. ഒരു പ്രസവത്തിൽ ഒരു കുഞ്ഞായിരിക്കും ഉണ്ടാവുക. വളരെ അപൂർവ്വമായി രണ്ട് കുഞ്ഞുങ്ങൾ വരെ ഉണ്ടാകും. 2 വയസ്സ് വരെ അവർ അമ്മയോടു കൂടെ ജീവിക്കുന്നു.
അവിടെനിന്നും ഞങ്ങൾ യാത്ര തുടർന്നു. പോകുന്നവഴിയിൽ ഞങ്ങൾക്ക് പതിവ് കാഴ്ചയായ പുള്ളിമാനുകൾ, കാട്ടുപോത്ത്, ആന എന്നിവ ദർശനം നൽകി. പക്ഷെ നാഗർഹോളയിൽ ഞങ്ങൾക്ക് ദർശനം തരുന്ന അവനെ മാത്രം കണ്ടില്ല. സഫാരി വണ്ടി തിരികെ വരുമ്പോൾ അവനെ കാണാഞ്ഞതിൽ തെല്ല് വിഷമം തോന്നിയില്ല. കാരണം കാട് അങ്ങനെയാണ് എനിക്ക്, അന്വേഷിച്ച് ചെല്ലുമ്പോൾ ഒന്നും തരില്ല. പക്ഷെ അപ്രതീക്ഷിതമായി പലതും തരും.
തിരികെ വണ്ടി മൺ റോഡിൽനിന്നും ടാർറോഡിലേക്ക് കയറിയതും ദേ നിൽക്കുന്നു ഞാൻ അന്വേഷിച്ച് നടന്ന ആ കരിമുണ്ടൻ നാണംകുണുങ്ങി. നമ്മുടെ നാഗർഹോളെയുടെ സ്വന്തം Sloth Bear ( തേൻ കരടി). അവൻ ഞങ്ങൾക്ക് ഒരു ദർശനം തന്നിട്ട് നേരെ കാടിനുള്ളിലേക്ക് ഒറ്റയോട്ടം. നാഗർഹോളെ ചെക്ക്പോസ്റ്റ് കാലത്ത് 6 മണിക്ക് തുറക്കുമ്പോൾ തന്നെ കയറിയാൽ മിക്കപ്പോഴും അവനെ നമുക്ക് കാണാം. അവൻ അവിടുത്തെ ഒരു സ്ഥിരം സാന്നിധ്യമാണ്. സാധാരണ പകൽ ഗുഹകളിൽ വിശ്രമിച്ച് സന്ധ്യയോടെ ഇരതേടി ഇറങ്ങലാണ് കരടികളുടെ പതിവ്. ഫലങ്ങളും, ഷഡ്പദങ്ങളും,ചിതലുകളേയും ആഹാരമാക്കുന്ന ഇവറ്റകൾ മരത്തിൽ കയറി വൻതേനും അകത്താക്കാറുണ്ട്. പൊതുവെ ഇവന്മാർ തേൻ കൊതിയന്മാർ ആണ്. അതുകൊണ്ടാണ് ഇവയ്ക്ക് തേൻ കരടി എന്ന പേരുകൂടി ഉള്ളത്. ഇവക്ക് ഉളിപ്പലുകളില്ലാത്തതിനാൽ ആ വിടവിലൂടെ ചിതലുകളെയും ഉറുമ്പുകളെയും വലിച്ചെടുത്ത് അകത്താക്കാൻ കഴിയും. ചിതൽപ്പുറ്റുകൾ പൊട്ടിക്കാൻ ഇവ നീണ്ട നഖങ്ങൾ ഉപയോഗിക്കുന്നു. കടുവയും, പുലിയും, കാട്ടുനായും ഉപേക്ഷിച്ചു പോയ പഴകിയ മാംസവും ഇവ ഭക്ഷിക്കാറുണ്ട്.
നീണ്ട മുഖവും ആടിയാടിയുള്ള നടത്തവും സ്ഥൂലരോമാവൃതമായ ശരീരവും ഉള്ള ഇവക്ക് കാഴ്ച തീരെ കുറവാണ്. ഇവ ഭയപ്പെട്ടാൽ പിൻകാലുകളിൽ ഉയർന്നുനിന്നു കടിക്കുകയോ മാന്തുകയോ ചെയ്യും. ചില ഫോറസ്റ്റ് ജോലിക്കാരായ സുഹൃത്തുക്കൾ പറഞ്ഞു തന്നിട്ടുള്ളത് കാട്ടിലെ അപകടകാരികളായ മൃഗം കരടിയാണ് എന്നാണ്. ഗർഭകാലം 7 മാസവും, ആയുസ്സ് ശരാശരി 45 വർഷവും ആണ്. കുഞ്ഞുങ്ങൾ സാധാരണ അമ്മയുടെ മുതുകിലേറിയാണ് സഞ്ചരിക്കുന്നത്. ജൂൺ – ജൂലായ് മാസങ്ങളിലാണ് തേൻകരടികൾ ഇണ ചേരുന്നത്. ഡിസംബർ – ജനുവരി മാസങ്ങളിൽ ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. ഗർഭകാലം ഏഴുമാസമാണ്. 2 – 3 വർഷം വരെ കുഞ്ഞുങ്ങൾ അമ്മയോടൊപ്പം കഴിയുന്നു.
അവിടെനിന്നും തുടർന്ന യാത്ര ഏകദേശം 10 മിനിറ്റിനുള്ളിൽ ഫോറസ്റ്റ് സ്റ്റേഷനിൽ അവസാനിച്ചു. വീണ്ടും വരും എന്ന ഉറച്ച വിശ്വാസത്തിൽ നാഗർഹോളയോടും വയനാടിനോടും യാത്രപറഞ്ഞ് ചുരമിറങ്ങി.