കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo.

എഴുത്ത് – വിനു പൂക്കാട്ടിയൂർ.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന രാമചന്ദ്രൻ. രാമചന്ദ്രനെ തടയാൻ പാഞ്ഞടുക്കുന്ന കടുവ. എന്ത് ചെയ്യണമെന്നു തീരുമാനിക്കാൻ പോലും സമയമില്ലാത്ത മുഹൂർത്തം. ഒരുനിമിഷം വൈകിയാൽ എല്ലാം തീരും. കൂട്ടാനക്കുത്തിനു സാക്ഷിയാകേണ്ടിവന്നല്ലോ എന്നൊരു ഉൾക്കിടിലത്തോടെ ആളുകൾ മുഖം തിരിച്ചു. എന്നാൽ കുതിച്ചെത്തിയ കടുവ രാമനും കർണ്ണനും ഇടയിൽ ചാടിവീണു. ഒരുജീവന്മരണപ്രയോഗം. രാമചന്ദ്രൻ ആനയായിരുന്നെങ്കിൽ വേലായുധേട്ടൻ കടുവയായിരുന്നു. ആ പ്രയോഗത്തിൽ കർണ്ണനു കിട്ടിയത് സ്വന്തം ജീവനും രാമചന്ദ്രന് തെറ്റിയത് അവന്റെ ലക്ഷ്യവും.

കണ്ടമ്പുള്ളി ബാലനാരായണൻ ആനകേരളത്തിലെ മഹാമേരുവായി നിറഞ്ഞാടുന്ന കാലം. ലക്ഷണത്തികവുകളുടെ അളവുകോലുകൾക്കതീതമായി അസാധ്യഉയരവും അതിനേക്കാൾ ഉയർന്ന തലയെടുപ്പും കൊണ്ട് പൂരപ്പറമ്പുകളിൽ പ്രൗഢിയുടെ പ്രതീകമായ് ഉദിച്ചുനിന്നിരുന്ന സമയം. അളവും തലയെടുപ്പുമുള്ള മറ്റേതെങ്കിലും ആന വന്നാലും കണ്ടമ്പുള്ളി വല്ല്യാനയുടെ ചെവിയ്ക്കു താഴെ മാത്രം അവയുടെ ശിരസ്സെത്തിയിരുന്ന കാലം. വടക്കാഞ്ചേരിക്കടുത്തുള്ള അത്താണി ശ്രീ കുറ്റിയങ്കാവ് പൂരമഹോത്സവത്തിനു തിരുത്തിപ്പറമ്പ് വിഭാഗത്തിന്റെ തിടമ്പേറ്റാൻ ബാലനാരായണൻ വരുന്നു. ബാലന്റെ വലത്തേക്കൂട്ടു നിൽക്കാൻ രാമചന്ദ്രനും ഒപ്പം കടുവ വേലായുധേട്ടനും. മറുവിഭാഗമായ മിണാലൂർ ദേശത്തിന്റെ കോലമെടുക്കാൻ മനിശ്ശേരിയിലെ കർണ്ണനും.

ഉത്സവത്തിന്റെ എഴുന്നെള്ളിപ്പ്. തിരുത്തിപ്പറമ്പ് ദേശത്തിന്റെ തിടമ്പേറ്റി പ്രതാപിയായി നിൽക്കുന്ന ആനകളിലെ അതികായൻ കണ്ടമ്പുള്ളി ബാലനാരായണൻ. വലത്തേക്കൂട്ട് രാമചന്ദ്രൻ. മിണാലൂർ വിഭാഗത്തിന്റെ തിടമ്പേറ്റി തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന മനിശ്ശേരി കർണ്ണൻ. അടുത്തടുത്തു നിൽക്കുന്ന ബാലനാരായണനും രാമനും തമ്മിൽ പ്രകടമായ വ്യത്യാസം. രാമനിൽ അന്ന് വേലായുധേട്ടന് ഒറ്റച്ചട്ടമാണ്. രാമചന്ദ്രനെ നിലവിൽ നിർത്തിക്കാനുള്ള ശ്രമത്തിലാണ് കടുവ. എന്നാൽ രാമചന്ദ്രനുണ്ടോ നില്കുന്നു? വെറുതെ തലയും താഴ്ത്തിനിൽപ്പാണ് രാമൻ. തലയെടുപ്പിനുവേണ്ടി കൂടുതൽ സമ്മർദ്ദതന്ത്രങ്ങൾ പ്രയോഗിക്കുക എന്നത് കടുവയുടെ രീതിയല്ല. ഒരളവിൽ കൂടുതൽ നിർബന്ധിക്കാനും നിവൃത്തിയില്ല. കാരണം ആന രാമനാണ്.

ഏതാനും നിമിഷങ്ങൾ കഴിഞ്ഞുപോയി. ആശാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് രാമചന്ദ്രന് മനസ്സിലായി. ചിട്ടയായ അഭ്യാസങ്ങളിലൂടെ താൻ നേടിയടുത്ത തലയെടുപ്പിന്റെ മാസ്മരിക പ്രഭാവങ്ങൾ അവന്റെ മനസ്സിൽ പ്രതിഫലിച്ചു. ചെവിയതാ വീശിയടിക്കുന്നു, നടയതാ ഉറപ്പിക്കുന്നു, അമരങ്ങളതാ ഊന്നുന്നു, ശിരസ്സതാ ഉയരുന്നു. അത് വരെ ബാലനാരായണനെയും കർണ്ണനെയും മാത്രം നോക്കിനിന്നവരുടെ മിഴികൾ രാമചന്ദ്രനിലേക്ക്. അവിശ്വസനീയമായ ആ കാഴ്ച്ച കണ്ട് ആളുകൾ ആവേശത്തോടെ ആർത്തുവിളിച്ചു. രാമചന്ദ്രന്റെ നടയ്ക്കരികിൽ നിന്നിരുന്ന കടുവ കാര്യമറിയാൻ മുന്നോട്ട് കയറിനിന്നുനോക്കി. സാക്ഷാൽ ബാലനാരായണനെക്കാൾ മുകളിലാണ് തന്റെ രാമചന്ദ്രന്റെ ശിരസ്സ്. അതൊരു തുടക്കമായിരുന്നു. ആനകേരളത്തിലെ രാമനെന്ന രാജാവിന്റെ ഉദയം. അതും കടുവ-രാമചന്ദ്രൻ കൂട്ടുകെട്ടിൽ പിറവിയെടുത്ത രാജസൂയം.

ഒരിക്കൽ പാലക്കാട്‌ ഭാഗത്തെ ഒരു പരിപാടിക്കിടയിൽ കടുവയുടെ സഹായിയായ പാപ്പാൻ രാമചന്ദ്രനോട് ഒരു ചെറിയ കുരുത്തക്കേട് കാണിച്ചു. ആനയ്ക്ക് അതിഷ്ടമായില്ല. അവൻ അയാൾക്ക് നേരെ തിരിഞ്ഞു. രാമന്റെ സ്വഭാവമറിയാവുന്ന അയാൾ ജീവനും കൊണ്ടോടി. എന്നാൽ രാമനുണ്ടോ വിടുന്നു, അവനും പുറകെ പാഞ്ഞു. ആനയ്ക്ക് പുറകെ ആളുകളും. ചട്ടക്കാരൻ ഓടിയോടി പാലക്കാട്‌ ഗാന്ധി ബസാർ റോഡിലെ ഒരു ബിൽഡിങ്ങിലേക്ക് ഓടിക്കയറി. പണിപൂർത്തിയാകാത്തൊരു കെട്ടിടമായിരുന്നു അത്. എന്നാൽ ചട്ടക്കാരന്റെ പുറകെ രാമനും ഒന്നാം നിലയിലേക്കോടിക്കയറി. പുറകെയെത്തിയ ആളുകൾ കണ്ടത് ഒന്നാം നിലയിൽ തുമ്പിയും പൊക്കി നിൽക്കുന്ന രാമനെയാണ്. അപകടമൊന്നും സംഭവിക്കുന്നതിന് മുൻപേ ആനയെ അനുനയിപ്പിച്ചു താഴെയിറക്കി. അതും കടുവയുടെ നേതൃത്വത്തിൽ തന്നെ. ഈ സംഭവത്തിനു ശേഷം രാമചന്ദ്രന് “തട്ടിൻപുറം ആന” എന്നൊരു വിളിപ്പേരും കിട്ടി.

ഒരാനയെ നല്ല ശീലങ്ങൾ പരിശീലിപ്പിക്കുന്നതും ചീത്ത ശീലങ്ങൾ പഠിപ്പിക്കുന്നതും ചട്ടക്കാരൻ തന്നെയാണ്. ധൈര്യവും കൗശലവും മനക്കട്ടിയും തീരുമാനം എടുക്കുന്നതിനുള്ള മികവും ചട്ടക്കാർക്ക് വേണം. അതിലുപരി ആന ഒരു വന്യമൃഗമാണെന്നിരിക്കെ ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ അപാരമായ നിരീക്ഷണപാടവവും ശ്രദ്ധയും ഒരു ചട്ടക്കാരന് അത്യന്താപേക്ഷികമായി വേണ്ടതാണ്. വർഷങ്ങളോളം കരയിലെ ഏറ്റവും വലിയ ജീവിയുമായി സഹവസിച്ചതിന്റെ അനുഭവസമ്പത്തിൽ, അവയുടെ ചൂര് മാറിയാൽ തന്നെ ഉൾക്കോളിന്റെ ലക്ഷണവും വാട്ടവുമെല്ലാം വേലായുധേട്ടൻ മുൻകൂട്ടി മനസ്സിലാക്കിയിരുന്നു.

ഇടഞ്ഞ ആനകളെ തന്റെ ധൈര്യവും കൗശലവും മെയ് വഴക്കവും കൊണ്ട് തളയ്ക്കാൻ വേലായുധേട്ടനോളം മികവ് അന്നൊന്നും ആർക്കുമുണ്ടായിരുന്നില്ല. ഇന്നും അത്‌ അങ്ങെനെത്തന്നെ. ഒരാനപ്പുറത്തു നിന്ന് മറ്റൊരാനയുടെ പുറത്തേക്കെല്ലാം ക്ഷണനേരം കൊണ്ട് കടുവയെപ്പോലെ ചാടിവീണ് അവയെ നിയന്ത്രിച്ച സന്ദർഭങ്ങൾ. കൈവിട്ട ശ്രീനിവാസനെ കൗശലം കൊണ്ട് കടുവ കെട്ടിലാക്കിയതും, പിന്നീട് വേലായുധേട്ടനെയും മുട്ടിയുരുമ്മി ഉത്സവപ്പറമ്പുകളിലെത്തുന്ന ശ്രീനിയുമെല്ലാം അന്നത്തെ പതിവുകാഴ്ച്ചകളായിരുന്നു. താടമുട്ടിയൊലിക്കുന്ന വേളയിൽപ്പോലും വേലായുധേട്ടൻ ശ്രീനിവാസനുമായി അടുത്തിടപഴകുമായിരുന്നു.

ആനയുമായുള്ള ജീവന്മരണപോരാട്ടത്തിനിടയിൽ മിക്കപ്പോഴും വേലായുധേട്ടന് പരിക്കേറ്റിരുന്നു. ഒരിക്കൽ അഭിരാമി എന്ന് പേരുള്ള പിടിയാനയിൽ നിന്ന് വീണു നട്ടെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചു. അതോടെ രണ്ടു കാലും ഇരുവശങ്ങളിലേക്ക് തൂക്കിയിടാൻ കഴിയാതായി. പിന്നീട് ആനപ്പുറത്ത് ഒരേവശങ്ങളിലേക്ക് രണ്ടുകാലും വച്ചാണ് ഇരുന്നിരുന്നത്. എന്നിരുന്നാലും ആന തെറ്റിയെന്ന വാർത്തയറിഞ്ഞാൽ ശാരീരികമായ അസ്വസ്ഥതകൾപ്പോലും കാര്യമാക്കാതെ അദ്ദേഹം ഓടിയെത്തുമായിരുന്നു. ഒരിക്കൽ കുന്നംകുളം ഭാഗത്തെ പ്രശസ്തരായ ഒരു തറവാട്ടുകാർക്ക് ആനയെ വാങ്ങിക്കണം. അതിനായി ബീഹാറിലെത്തി. നല്ലൊരാനയെ കണ്ടെത്താനായി വേലായുധേട്ടനെയും അവർ കൂടെ കൊണ്ടുപോയിരുന്നു. വൈകാതെ ഒരു സുന്ദരൻ കൊമ്പനെ കണ്ടെത്തി നല്ലൊരു സംഖ്യ അഡ്വാൻഡും നൽകി.

എന്നാൽ അതിന്റെ കാര്യങ്ങൾ നോക്കിനടത്തിയിരുന്ന അവിടുത്തെ ആനപ്പണിക്കാരന് ആനയെ വിൽക്കുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല. കച്ചവടം ഉറപ്പിച്ചു എന്നറിഞ്ഞതോടെ അയാൾ ആരുമറിയാതെ ആനയുടെ കെട്ടഴിച്ചുവിട്ടു. ആനയാകട്ടെ കാടുകയറിയും പോയി. വൈകാതെ ഈ സംഭവങ്ങളൊന്നുമറിയാതെ കടുവയും കൂട്ടരും ആനയെ കൊണ്ടുപോകാനായെത്തി. പക്ഷെ ആനയില്ല. ആന കെട്ടുംപൊട്ടിച്ച് കാടുകയറിയെന്നു ബീഹാറിയായ ഉടമസ്ഥൻ. നല്ലൊരു തുക അഡ്വാൻസായി നേരത്തെ കിട്ടിയതിനാൽ ആനയെ തിരക്കാനൊന്നും അയാൾ മെനക്കെട്ടിരുന്നുമില്ല. ആറ്റുനോറ്റ് ആനയെ വാങ്ങാനാഗ്രഹിച്ച് ബീഹാറിലെത്തി ഉള്ള പണവും നൽകി. എന്നാൽ ആനയുമില്ല തോട്ടിയുമില്ല. ആകെ സങ്കടകരമായ അവസ്ഥ. എന്നാൽ സകലരെയും ഞെട്ടിച്ചുകൊണ്ട് ആനപോയ വഴിയേ കടുവ കാട്ടിലേക്ക് കുതിച്ചു.

കാടുകയറിയ ആനയെത്തേടി ഘോരവനത്തിലേക്കോടുന്ന വേലായുധേട്ടനെ കണ്ട് കൂടെ വന്നവർപ്പോലും സ്തബ്ധരായി. കടുവയിൽ നിന്നും അങ്ങെനെയൊരു നീക്കം ആരും പ്രതീക്ഷിച്ചതുമല്ല. ആനയെ കേരളത്തിലേക്ക് കൊണ്ടുപോകാൻ വന്ന മദിരാശികളിലൊരുവൻ ആനയെത്തേടി കാടുകയറിയ വാർത്ത മുതലാളിയായ സേട്ജിയുടെ കാതുകളിലുമെത്തി. സേട്ജിയും ശിങ്കിടികളും ആ വാർത്തയറിഞ്ഞു തലതല്ലിച്ചിരിച്ചു. ആനയെവാങ്ങാനെത്തിയവരാകട്ടെ ആകെ നിരാശരായി. ആനയുമില്ല ഉള്ളപണമെല്ലാം നഷ്ടപ്പെടുകയും ചെയ്തു. കൂടെ വന്ന കടുവയെയാകട്ടെ കാണാനുമില്ല.

എന്നാൽ പിന്നീട് സകലരെയും അമ്പരപ്പിക്കുന്ന വരവായിരുന്നു കടുവയുടേത്. കാടുകയറിയ കടുവ അതിനുള്ളിൽ വച്ച് തന്നെ ഭാഷപോലും അറിയാതെ ആനയെ മെരുക്കി അതിന്റെ പുറത്തു കയറി കാടിറക്കി കൊണ്ടുവന്നു. ഒരു വശത്തേക്ക് കാൽരണ്ടും വച്ച് ഒരു കുസൃതിച്ചിരിയുമായി ആനപ്പുറത്തേറിവരുന്ന കടുവയെക്കണ്ട ആളുകൾ അത്യത്ഭുതത്തോടെ അതിലേറെ അവിശ്വസനീയതയോടെ നോക്കിനിന്നു. ഈ സംഭവത്തിൽ ഏറ്റവും ഞെട്ടിയത് സേട്ജി ആയിരുന്നു. ആനയെ മെരുക്കാൻ ഭാഷയൊന്നും ഒരു പ്രശ്നമേയല്ലന്ന് കടുവ പറഞ്ഞതോടെ അയാൾ അന്തംവിട്ടു നിന്നുപോയി. അങ്ങനെ കടുവ കാട് കയറി കൊണ്ടുവന്ന ഗജവീരനാണ് കൊണാർക്ക് ഗണപതി.

ഒരുകാര്യം ഉറപ്പാണ്, അന്ന് കടുവയെ ബീഹാറിലേക്കു കൊണ്ടുപോയില്ലായിരുന്നുവെങ്കിൽ ഗണപതിയെന്ന ആനച്ചന്തത്തെ മലയാളികൾക്കൊരിക്കലും കാണുവാൻ കഴിയുമായിരുന്നില്ല. ആനപ്പണിയിൽ കടുവയുടെ മിടുക്കുകൾ കേട്ടറിഞ്ഞ തമിഴ്നാട് വനംവകുപ്പ് അവിടുത്തെ സേവനത്തിനായി വേലായുധേട്ടനെ ക്ഷണിച്ചു. പഴനിയിലെ ഒന്ന് രണ്ടു പിടിയാനകളെയും അദ്ദേഹം അവിടെപ്പോയി പരിപാലിച്ചു.

മൂന്നു വർഷത്തിലൊരിക്കൽ നടക്കുന്ന പാലക്കാട് വടക്കന്തറ വേല. കൊണാർക്ക് ഗണപതിയേയും കൊണ്ട് വേലായുധേട്ടൻ വന്നു. രണ്ടാമനായി ഒരു ചെറുപ്പക്കാരനും. വേലായുധേട്ടന്റെ കാലിനു പരിക്കേറ്റിരുന്ന സമയമായിരുന്നതിനാൽ സർവ്വകാര്യങ്ങളും രണ്ടാമൻ തന്നെ നോക്കേണ്ട അവസ്ഥ. വടക്കന്തറയിൽ കടുവയുടെ ഇഷ്ടക്കാർ ഒത്തിരിപ്പേരുണ്ട്. അക്കൂട്ടത്തിൽപ്പെട്ട ഒരാളുടെ വീട്ടിൽ കാലത്തുള്ള ‘സ്വീകരണവും’ കഴിഞ്ഞിരിക്കുകയാണ് വേലായുധേട്ടൻ. ആന അമ്പലത്തിൽ ശീവേലി എടുത്തുനിൽക്കുന്നു. ആനയുടെ സ്വഭാവത്തിൽ എന്തൊക്കെയൊ പന്തികേട്. വീടുകളിലെ സ്വീകരണം കഴിഞ്ഞു വരുംവഴി ആനയുടെ ധൃതിയിലുള്ള പോക്കിന്റെ കാര്യങ്ങളും മറ്റും അറിഞ്ഞു.

ശീവേലി നടന്നുകൊണ്ടിരിക്കുന്നു. കടുവ ആനയുടെ ഇടത്തെ നടയ്ക്കരിക്കരികിൽ ഒരു കസേരയിട്ട് ഇരുന്നു. പരിചയക്കാരോടെല്ലാം ചിരിച്ചു അഭിവാദ്യം ചെയ്യുന്നു. രണ്ടാമനാകട്ടെ ആനയുടെ വലത്തേ നടയുടെ പുറകിൽ ഇരിക്കുകയാണ്. കാണുന്നവർക്കെല്ലാം ആന അൽപ്പം അസ്വസ്ഥനാണെന്നു തോന്നി. ആന ഇടയ്ക്കിടയ്ക്ക് അമരം ഇലച്ചുകൊണ്ടിരിക്കുന്നു. രണ്ടാമൻ ഇതുകണ്ട് അമരം പുറകിലേക്ക് ഒന്നിച്ചു ശരിയാക്കാൻ വെറുതെ ശ്രമിക്കുന്നുമുണ്ട്. മുൻപിൽ ഇരിക്കുന്ന കടുവയെ ആന ഒന്നുരണ്ടു തവണ നടകൊണ്ടു മെല്ലെതള്ളി. മൂന്നാമതും ഇതാവർത്തിച്ചപ്പോൾ മെല്ലെ എഴുന്നേറ്റു ആനയുടെ കണ്ണിലേക്കൊന്നു നോക്കി. ആന ചെവി വട്ടം പിടിച്ചു അനങ്ങാതെ നിൽക്കുകയാണ്. പൊട്ടിത്തെറിക്കു തൊട്ടുമുൻപിലുള്ള ശാന്തത.

കാര്യം മനസിലായ കടുവ തോട്ടിയെടുത്തു. ആ നേരം കൊണ്ട് ആന മുന്നിലേക്ക് ചാടി. ആന മാനത്തു കണ്ടാൽ കടുവ മനസ്സിൽ കാണും എന്ന പ്രയോഗം അരക്കിട്ടുറപ്പിച്ചു വേലായുധേട്ടൻ തൊട്ടിക്കുടക്കിയതോടെ ആന പിന്നെ അനങ്ങിയില്ല. ആന കടുവയുടെ കൈകളിൽ ഭദ്രം. ആരും ഒന്നും അറിഞ്ഞതുപോലും ഇല്ല. ആനയുടെ മനസ്സ് വായിച്ചറിഞ്ഞു ഉചിതമായ തീരുമാനങ്ങൾ ക്ഷണം നേരം കൊണ്ട് പ്രാവർത്തികമാകുന്നത്തിൽ അഗ്രഗണ്യനായിരുന്നു വേലായുധേട്ടൻ.

കാട്ടിൽ ആനയ്‌ക്കൊപ്പം ബലാബലം നിൽക്കുന്ന മൃഗമാണ് കടുവ.!അതിനാലാകണം നിമിഷനേരം കൊണ്ട് കൊലകൊല്ലികളെ വരുതിയിലാക്കിയിരുന്ന വേലായുധേട്ടന് “കടുവ” എന്ന വിശേഷണം പൂമുള്ളി നമ്പൂതിരി നൽകിയത്. പൂക്കോടൻ ശിവനെന്ന പുലിക്കുട്ടിയെയും കൊണ്ട് കടുവ വേലായുധേട്ടൻ നടക്കുന്ന സമയം. പട്ടാമ്പിക്കടുത്തു ഞാങ്ങാട്ടിരിയിലെ ഒരു പരിപാടിക്കിടയിൽ, ഊണുകഴിക്കുകയായിരുന്ന വേലായുധേട്ടൻ മംഗലാംകുന്ന് ഗണപതിയെ കാണുന്നു. ചില ചട്ടക്കാർ അവസാന ഉരുള വച്ച് കൊടുക്കുന്നത് ആനയുടെ വായിലായിരിക്കും. അതൊരു സ്നേഹബന്ധത്തിന്റെ അടയാളമാണ്. അവസാന ഉരുള കുഴച്ചു രണ്ടാക്കി പാകപ്പെടുത്തി കടുവ എഴുന്നേറ്റു. ഒരെണ്ണം പൂക്കോടനും ബാക്കിയുള്ളത് ഗണപതിക്കും അതാണ് ഉദ്ദേശം.

ശിവന് ഉരുളകൊടുത്ത ശേഷം വേലായുധേട്ടൻ ഗണപതിയുടെ അടുത്തെത്തി. എന്നാൽ മറ്റൊരാന കഴിച്ചതിന്റെ ബാക്കി (ഫലത്തിൽ എച്ചിൽ) കഴിക്കുന്ന പ്രകൃതം ഗണപതിക്കില്ലായിരുന്നു. അതിനാൽ ഗണപതിയാന അത്‌ കഴിക്കാൻ വിസമ്മതിച്ചു. ഇതെല്ലം കണ്ടുനിന്ന ഗണപതിയുടെ ചട്ടക്കാരൻ ശങ്കരേട്ടൻ, കടുവയിൽ നിന്നും ഉരുളവാങ്ങി പൂക്കോടന്റെ വായിൽ വച്ചുകൊടുത്തു. ശിവന് അന്ന് ചോരതിളക്കുന്ന പ്രായം. ഒപ്പം നല്ല വാശിയുള്ള പ്രകൃതവും. ഉരുളകിട്ടിയതും പൂക്കോടൻ അടുത്തനിമിഷം കൊമ്പിനടിച്ചു. ഇട മാത്രം പൂട്ടിയ ശിവൻ, ശങ്കരേട്ടനെ ലക്ഷ്യമാക്കി മുന്നോട്ട്. തൊട്ടിക്കുടക്കുവാൻ കുതിച്ചെത്തിയ വേലായുധേട്ടനെ ആന കുടഞ്ഞിട്ടു.

ഈ തക്കം നോക്കി ശങ്കരേട്ടൻ ഓടി ഗണപതിയുടെ നടയ്ക്കരികിൽ ചെന്നു നിന്നു. പൂക്കോടൻ വിടുമോ, ചട്ടക്കാരനെ ലക്ഷ്യമാക്കി ഗണപതിയുടെ അടുത്തേക്ക്. എന്തും സംഭവിക്കാം, ഈ കാഴ്ച്ചകണ്ടു നിൽക്കുന്നവർ ശ്വാസമടക്കിപ്പിടിച്ചു നിൽക്കുകയാണ്. പെട്ടെന്നാണ് പടക്കം പൊട്ടുന്നൊരു ശബ്ദമെല്ലാവരും കേട്ടത്. നോക്കുമ്പോഴതാ ഒരു കെട്ടു പനങ്കൈ ഒന്നാകെ വാരിയെടുത്തു പൂക്കോടൻ ശിവന്റെ പെരുമുഖത്തേക്കു ആഞ്ഞടിക്കുന്ന ഗണപതിയെയാണ്. ആ പ്രയോഗത്തിൽ വേച്ചുപോയ പൂക്കോടനെ പാഞ്ഞടുത്ത കടുവ വരുതിയിലും പിന്നീട് കെട്ടിലുമാക്കി. ഒരു യാഥാർത്ഥ ചട്ടക്കാരന്റെ ധീരത.

ആനകളിൽ അതിബുദ്ധിമാൻമാരും ബുദ്ധിമാൻമാരുമുണ്ടെന്നാണ് കടുവയുടെ അഭിപ്രായം. ഒരാനയെ നല്ലതും ചീത്തയുമെല്ലാം പഠിപ്പിക്കുന്നത് ചട്ടക്കാരൻ തന്നെയാണ്. വേലായുധേട്ടന്റെ കാലത്ത് പലകാരണങ്ങൾ കൊണ്ട് അദ്ദേഹം അഴിച്ചു നടത്താത്ത ആനകൾ കുറവായിരുന്നു. കോങ്ങാട് കുട്ടിശ്ശങ്കരന്റെ ഇടച്ചട്ടക്കാരനായിരുന്ന കാലത്ത് ഒരുരാത്രി മുഴുവൻ ആനപ്പുറത്ത് കഴിച്ചുകൂട്ടിയ സംഭവങ്ങൾവരെ ഉണ്ടായിട്ടുണ്ട്.

ആനകളുമായുള്ള ജീവന്മരണ പോരാട്ടത്തിനിടയിൽ പലപ്പോഴായി അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. ഓടിയാത്ത അസ്ഥികളോ ചതയാത്ത ശരീരഭാഗങ്ങളോ ഉണ്ടായിരുന്നില്ല. 2010 ഡിസംബർ 31 ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ കടുവ വേലായുധേട്ടൻ എന്നെന്നേക്കുമായി ആനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. നെന്മാറ രാമേട്ടൻ, കാവടി നാരായണേട്ടൻ തുടങ്ങി നിരവധി അഗ്രഗണ്യരായ ശിഷ്യൻമാരും അനവധി ആരാധകരും വേലായുധേട്ടന് സ്വന്തമായിരുന്നു. മകൾ ബിന്ദുവിനെയും ആനപ്പണി അഭ്യസിപ്പിച്ചിരുന്നു.

ചങ്കൂറ്റത്തിന്റെയും സാഹസികതയുടെയും ബുദ്ധിയുടെയും സൂക്ഷ്മതയുടെയും പര്യായമായ വേലായുധേട്ടന്റെ വീരഗാഥകൾ ഇന്നും ആനകേരളത്തിൽ നിറഞ്ഞുനിൽക്കുന്നു. ആനകൾ ഉള്ളകാലം വരെ ആ കഥകളുടെ ചങ്ങലകിലുക്കം തുടരുക തന്നെ ചെയ്യും. (അവസാനിച്ചു).