വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.
പൊളിച്ചല്ലോ പൊളിച്ചല്ലോ പൊളിച്ചല്ലോ… ഇന്നാ പിടിച്ചോ ഒരു ഗജ ഗംഭീരൻ ചിക്കൻ പെരട്ട്, ഒപ്പം കട്ടയ്ക്ക് നില്ക്കുന്ന ചിക്കൻ തോരനും. ഇതാണ് മക്കളെ നല്ല ഒന്നാതരം കലർപ്പില്ലാത്ത നാടൻ ചിക്കൻ പെരട്ട്. രുചിയിൽ ഞാൻ ഇത് വരെ കഴിച്ച എല്ലാ വമ്പന്മാരോടും മുട്ടി നില്ക്കും. അതിനൊത്തൊരു ചിക്കൻ തോരനും. ഇതിന് മുമ്പ് രണ്ട് സ്ഥലത്ത് നിന്നാണ് ഇത്ര നല്ല ചിക്കൻ തോരൻ കഴിച്ചത്. അതിനോട് ഇതും ചേർത്തു വയ്ക്കാം.
റെസ്റ്റോറന്റിന്റെ നാമധേയം കൈരളി. മണക്കാട് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ആറ്റുകാലിലോട്ട് പോകുന്ന റോഡിന്റെ നേരെ എതിർവശത്ത്. ഹലാൽ ആണോ എന്ന് ചോദിച്ചപ്പോൾ 100% ഹലാൽ എന്ന് പറഞ്ഞിട്ടുണ്ട്.
കുടംബസമേതമാണ് ആദ്യം ചെന്നത്. കഴിക്കാൻ പുട്ട്, ഇടിയപ്പം, പെറോട്ട, ചപ്പാത്തി എന്നിവയാണ് മേടിച്ചത്. പലഹാരങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചം. ഒരു കുറ്റവും പറയാനില്ല. പുട്ട് ഒക്കെ എന്താ സോഫ്റ്റ്. അത് പോലെ ഇടിയപ്പമൊക്കെ വളരെ നല്ലത്. കഴിക്കാൻ, പാഴ്സലടക്കം ഇലയിലാണ് തരുന്നത്. എല്ലാം നല്ല വൃത്തിയുണ്ട്. വളരെ നല്ല പെരുമാറ്റവും സർവീസും.
സ്ഥിരത അഥവാ consistency ചെക്ക് ചെയ്യാൻ ഇന്നും പോയി മരിച്ചിനി, ചിക്കൻ പെരട്ട് പാഴ്സൽ വാങ്ങി വീട്ടിൽ കൊണ്ട് വന്നു കഴിച്ചു. വീണ്ടും പൊളിച്ചേ. മരിച്ചിനിയുടെ കൂടെ കിട്ടിയ ചമ്മന്തി. അതും പൊളിച്ചു. വില വിവരം: നാടൻ ചിക്കൻ പെരട്ട് 250 ഗ്രാമിന് രൂപ 130, നാടൻ ചിക്കൻ തോരൻ 250 ഗ്രാമിന് 120 രൂപ, ചപ്പാത്തി: Rs 8, പെറോട്ട 10, ഇടിയപ്പം 7, പകുതി അരി പുട്ട് 15, മരിച്ചിനി ഇളക്കിയത് 30.
2019 സെപ്റ്റംബർ 29 നാണ് കൈരളി ഹോട്ടൽ ആരംഭിച്ചത്. 24 പേർക്ക് വിശാലമായി ഇരിക്കാം. ഉച്ചയ്ക്ക് 60 രൂപയുടെ ഊണുണ്ട്. സ്പെഷ്യലായി ചിക്കൻ പെരട്ടും ചിക്കൻ തോരനും ഉച്ച മുതലേ കാണും. കറികളായി ഇതു രണ്ടും മാത്രമാണുള്ളത്. രണ്ടും തനി നാടൻ ആണ്. നാടൻ വിട്ടൊരു കളിയില്ല. ഇടയ്ക്ക് ക്രിസ്മസ് ന്യൂ ഇയർ സമയത്ത് നാടൻ കിട്ടാത്തത് കാരണം രണ്ട് ദിവസം അടച്ചിട്ടിരുന്നു.
റെഡിമെയ്ഡ് മസാലകൾ ഇല്ല. മസാലകളെല്ലാം വാങ്ങിച്ച് പൊടിച്ചെടുത്ത് ഹോട്ടലിൽ തന്നെയാണ് തയ്യാറാക്കുന്നത്. വെളിച്ചെണ്ണ മില്ലിൽ നിന്ന് നേരിട്ട് എടുക്കുകയാണ് ചെയ്യുന്നത്. ആകപ്പാടെയൊള്ളാരു പോരായ്മ ഇരുചക്ര വാഹനമാണെങ്കിൽ വളരെ കുറച്ച് സ്ഥലം ഉണ്ട് പാർക്ക് ചെയ്യാൻ. അല്ലെങ്കിൽ അപ്പറത്തും ഇപ്പറത്തുമായി സ്ഥലം കണ്ടു പിടിക്കേണ്ടി വരും.
എന്തായാലും രുചിയും ക്വാളിറ്റിയും ഉള്ളത് കൊണ്ട്, നടന്നായാലും പോകണം എന്നാണ് എന്റെ പക്ഷം. അപ്പോൾ കൂട്ടുകാരേ ചെല്ലുക ആർമാദിക്കുക. പ്രവർത്തന സമയം : ഉച്ചയ്ക്ക് 12:30 മുതൽ രാത്രി 11:00 മണി വരെ. കൂടാതെ യൂബർ ഈറ്റ്സ്, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങി ഓൺലൈനിലും ലഭ്യമാണ്. വിലാസം – കൈരളി റെസ്റ്റോറന്റ്, നാരായണ നിലയം, വിഴിഞ്ഞം റോഡ്, അട്ടക്കുളങ്ങര, തിരുവനന്തപുരം.