വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.
കത്തുന്ന വേനൽച്ചൂടിൽ നിന്ന് നിങ്ങൾക്ക് മനസ്സും ശരീരവും തണുപ്പിക്കണോ? തികച്ചും ഗ്രാമ അന്തരീക്ഷമായ പ്രദേശം, പ്രകൃതി മനോഹരമായ ഒരിടം എന്ന് കൽച്ചിറ നാടിനെ വിശേഷിപ്പിക്കാം. വൃത ശുദ്ധിയുടെ പുണ്യ റമ്ദാൻ നാളിലേ യാത്ര യാത്രകളുടെ മൊഞ്ചൻ Sahir Shan വേനൽ ചൂടിൽ നിന്നും കുറച്ച് സമയം രക്ഷപ്പെടാൻ ഞങ്ങൾ കൽചിറ ആറ്റിൽ എത്തി.
ഏകദേശം നൂറിലധികം സഞ്ചാരികൾ തടയണിയിലെ പളുങ്ക് പോലത്തെ വെള്ളത്തിൽ കുളിക്കാനായി എത്തിയിട്ടുണ്ട് നീണ്ട ഒരു ക്യൂ തന്നെയാണ് ഇവിടെ കാണാൻ കഴിയുന്നത് . “ടോക്കൺ എടുക്കേണ്ടി വരുമോ സാഹിറേ മച്ചാനെ?” കൊല്ലം ജില്ലയിലെ കുടവട്ടൂർ ഉള്ള കൽചിറ ആറ്റിലെ തടയാണയാണിത്. അടുത്ത കാലത്തായി സോഷ്യൽ മീഡിയ വഴിയാണ് ഈ സ്ഥലം പ്രസിദ്ധമായത്. ഇവിടുത്തെ തണുത്ത വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നതിന്റെ സുഖം ഒന്ന് വെറെ തന്നെയാണ്.
ഞായറാഴ്ച ആയതിനാൽ തിരക്ക് വളരെ കൂടുതലുമാണ് . തടയണിലെ വെള്ളത്തിൽ ആർത്തുല്ലസിച്ച് കുളിക്കുന്നവർ, കുളി കഴിഞ്ഞ് മടങ്ങുന്നവർ. ഇളം കാറ്റ് വന്ന് കാതിൽ ഒരു മന്ത്രം ഉരുവിട്ടതും, എന്റെ വലതു കാൽ പാദം കൽച്ചിറ ആറ്റിലെ തണുത്ത വെള്ളത്തിൽ വെച്ചതും, ഓളങ്ങൾ എന്തൊക്കെയോ പിറു പിറുത്തതും, എന്റെ കൈ കുമ്പിള്ളിൽ പവിഴ വെള്ളത്തുള്ളികൾ കോരിയെടുത്ത് ആ മുത്ത് മണികൾ മുഖത്തെ തഴുകിയ നിമിഷങ്ങളും ഇപ്പോഴും ഹൃദയത്തിനുള്ളിലുണ്ട്.
ടിക് ടോക് യുഗമായതിനാൽ അതിന്റെ സംഘാടകർ അവരുടെ ജോലി വളരെ ഭംഗിയായി നദി കരയിൽ ചെയ്യുന്നത് കണ്ടു നിന്നു. നിൻ മൊഴി കേട്ടാൽ കരയുടെ മാറിൽ ഹിറ്റായ പാട്ടിലാണ് ഓരോത്തരുടെയും വീഡിയോ ചിത്രീകരണം. ആറിന് അരികിലായതുകൊണ്ടാവാം ഞാൻ ഒരു ചെറിയ മൂളി പാട്ടിലേക്ക് പോയി. ശ്ശേ നമ്മടെ പാട്ടേ.. ലാലേട്ടനും തബുവും അഭിനയിച്ച ഗാന ഗന്ധർവൻ യേശുദാസും ചിത്രയും ആലപിച്ച “ആറ്റിറമ്പിലെ കൊമ്പിലേ.. തത്തമേ കിളി തത്തമേ.. ഇല്ലാ കഥ ചൊല്ലാതടി ഓല വാലി…” പക്ഷേ പെട്ടന്നാണ് മൂളി പാട്ടിന് തിരിശ്ശില വീണത്.
“ആരും കുളിക്കണ്ട..” സിംഹ ഗർജനം പോലെയുള്ള ആ ശബ്ദം കേട്ട് എല്ലാം നിശ്ശബ്ദമായി. എന്താ കാരണം ഞാൻ മച്ചാനോട് ആരാഞ്ഞു. മുസ്ലീം പള്ളിയുടെ അടുത്താണല്ലോ നമ്മുടെ വെള്ളച്ചാട്ടം. അടുത്തിടയായി മദ്യപാനം, സ്ത്രീകളുമായി മോശമായ രീതികളിൽ കുളിക്കാനെത്തുക, നദിയിലെ ജലം മലിനപ്പെടുത്തുക തുടങ്ങിയ കലാപരിപാടികൾ നടക്കുന്നതിനാലാണ് ഈ പ്രദേശത്തെ ഗ്രാമവാസികൾ കുളിക്കാൻ തടയുന്നതത്രേ. പിന്നീട് എടുത്ത് പറയേണ്ട കാര്യം നദിയോട് ചേർന്ന് ഉള്ള വളരെ മനോഹരമായ ഒരു മസ്ജിദ് കൂടി ഉണ്ട് ഇവിടെ. നോമ്പ് കാലമായതിനാൽ ഇവിടെ ശാന്തമായ ഒരു അന്തരീക്ഷം കൂടിയാണ്. കൽചിറ ഔലിയ മഖാം പള്ളിക്ക് തൊട്ടു താഴെയാണ് നമ്മുടെ വർണ്ണനാതീതമായ തടയണ സ്ഥിതി ചെയ്യുന്നത്.
എന്റെ മനസ്സിലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ഒന്ന് ഓർത്താൽ കൽചിറ നിവാസികൾ പറയുന്നതിലും കാര്യമുണ്ട്. നിങ്ങൾ കുളിച്ചോളു പക്ഷേ അത് ഈ നദിയെ മലിനപ്പെടുത്തിയാവരുത് എന്ന് മാത്രം. ഉടനെ സാഹീർ മച്ചാൻ പോവാം നമ്മുക്ക് എന്നായി. പക്ഷേ ടാ എനിക്ക് കുളിക്കണം എന്റെ നെറുകയിൽ തടയണിയിലെ മുത്ത് മണികൾ വീഴണം… മച്ചാനെ പിന്നീട് ആവാടാ… ശരി അവനെ വിഷമിപ്പിക്കണ്ട എന്ന തീരുമാനത്തിൽ എത്തിച്ചേർന്നു ഞാൻ. ഞങ്ങൾ കൽച്ചിറ വെള്ളച്ചാട്ടത്തിനോട് തല്ക്കാലം യാത്ര മൊഴി ചൊല്ലി പിരിഞ്ഞു.
ഒരിക്കൽ നിന്നിലേ ആഴങ്ങളിലേക്ക് ഞാൻ വരും നിന്നെ അറിയും. കാത്തിരിപ്പിന്റെ സുഖമുണ്ടല്ലോ അത് ഒന്ന് വെറെ തന്നെയാണ്. എന്റെ സുഹൃത്തുക്കളെ ഒഴിവു സമയം നിങ്ങൾ ഇങ്ങോട്ട് പൊന്നോളൂ. പക്ഷേ ഓർക്കുക, ചിന്തിക്കുക, പ്രവർത്തിക്കുക.. ജലം അമൂല്യമാണ് അത് പാഴാക്കരുത്. അതു പോലെ തന്നെ പ്രദേശവാസികൾക്ക് അസൗകര്യം ഉണ്ടാക്കരുത്. പരിസ്ഥിതിയെ സംരക്ഷിച്ച് യാത്ര ചെയ്യുക. പ്രകൃതിരമണീയമായ കൽചിറ വെള്ളച്ചാട്ടത്തെ സംരക്ഷിക്കുക .
വലുതും ചെറുതുമായ പാറക്കൂട്ടങ്ങൾ ഉള്ള പ്രദേശമാണെങ്കിലും, വലിയ അപകട സാധ്യത ഇല്ല എന്നിരുന്നാലും നദിയിൽ ഇറങ്ങി കുളിക്കുന്നതിന് മുമ്പ് മുൻ കരുതലുകൾ എടുക്കുക. ഈ കടുത്ത വേനലിലും നദിക്ക് നല്ല ഒഴുക്കുമുണ്ട്. നീന്തൽ വശമുള്ളവർക്ക് ഇറങ്ങി കുളിക്കാം. എത്തിച്ചേരാവുന്ന മാർഗം : കൊല്ലം – കുണ്ടറ – പെരുമ്പുഴ – നെടുമൺ കാവ് – കുടവട്ടൂർ – കൽച്ചിറ പള്ളി.