വിവരണം – പ്രശാന്ത് കൃഷ്ണ.
കുറച്ചു നാളുകൾക്കു ശേഷമാണ് ഒരു യാത്രപോകാൻ തയാറെടുത്തത്, (09-06-2019) ഇന്ന് രാവിലെ 5 മണിക്ക് ഞങ്ങൾ ഒരു ചെറിയ യാത്ര പോകാൻ ഒരുങ്ങി. ഇന്നലെ രാത്രിമുതൽ തുടങ്ങിയ ചാറ്റൽ മഴ ഞങ്ങളുടെ യാത്രയിൽ വില്ലനാകും എന്ന് ഉറപ്പായിരുന്നു. രാവിലെയും മഴയ്ക്ക് ശമനമില്ല, അല്പം കൂടി കാത്തിരിക്കാൻ ഞങ്ങൾ നിർബന്ധിതരായി, സമയം 7 കഴിയുന്നു മഴ തോരുന്ന ലക്ഷണവുമില്ല. സഹയാത്രികരെ ഓരോരുത്തരെയായി വിളിച്ചു നോക്കി എല്ലാവരും 5 മണി മുതൽ കാത്തിരിപ്പാണ്, അവസാനം യാത്ര മാറ്റിവയ്ക്കാൻ ഞങ്ങൾ നിർബന്ധിതരായി. സത്യത്തിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എനിക്ക് മഴ നനയുന്നതിനു ചില പ്രശ്നങ്ങളുണ്ട് അല്ലെങ്കിൽ നമുക്കെന്ത് മഴ…എന്ത് വെയിൽ…?
സമയം കടന്നുപോകുന്നു. പുറത്തു നല്ല മഴയുണ്ട്. യാത്രപോകാൻ പറ്റാത്തതിന്റെ നിരാശയിൽ ഞാൻ വീടിനകത്തു അസ്വസ്ഥനായി ഇരിക്കുന്നു. ഇപ്പോൾ ഏകദേശം 9 മണിയായി. പുറത്തു മഴയ്ക്ക് അല്പശമനമുണ്ടെന്നു തോന്നുന്നു. ഞാൻ പുറത്തിറങ്ങി. ശരിയാണ് മഴ കുറഞ്ഞിട്ടുണ്ട്. പെട്ടന്ന് അകത്തേക്കോടി ഓരോരുത്തരെയായി വിളിച്ചു. കൃത്യം 9.30 നു നമുക്ക് പോയാലോ എന്ന് ചോദിച്ചു. എല്ലാവരും തയാറാണ്. ഞാൻ പെട്ടന്ന് തന്നെ യാത്രയ്‌ക്കൊരുങ്ങി, നമ്മുടെ പുതിയ ശകടവുമായി പുറത്തേയ്ക്കു..
9.30 ആയിട്ടും ആരും എത്തിയില്ല. ഞാൻ കാത്തുനിന്നു. 10 മണി ആയപ്പോഴേയ്ക്കും എല്ലാവരും എത്തി. ഇത്തവണ അനന്ദു, മനു, സജിൻ, അപ്പു എന്നിവരാണ് സഹയാത്രികർ. ഇതിൽ അപ്പു, സജിൻ എന്നിവർ ഞങ്ങളോടൊപ്പം ആദ്യ യാത്രയാണ്. അങ്ങനെ ഞങ്ങൾ യാത്ര ആരംഭിച്ചു.
തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള നാഗർകോവിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ കേരള – തമിഴ്നാട് അതിർത്തിയിലാണ് കാളിമല. പശ്ചിമഘട്ടത്തിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3000 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു ക്ഷേത്രമുണ്ട് ഭദ്രകാളിയാണ് ഇവിടുത്തെ പ്രതിഷ്ഠ എന്നാണ് അറിയാൻ കഴിഞ്ഞത്. ഞങ്ങൾ അവിടെത്തിയപ്പോഴേയ്ക്കും ക്ഷേത്രനട അടച്ചിരുന്നു. എല്ലാവർഷവും പൊങ്കലിനോടനുബന്ധിച്ചു 17 ദിവസം നീണ്ടു നിൽക്കുന്ന തീർത്ഥാടനവും ഉണ്ടാകും.
ആര്യനാട് – കുറ്റിച്ചൽ – കള്ളിക്കാട് – വാഴിച്ചാൽ വഴി കുടപ്പനമൂട് കവലയിൽ എത്തി. സമയം ഉച്ചയോടടുത്തതിനാൽ അവിടെ അടുത്തുള്ള ഒരു കടയിൽ നിന്ന് ഭക്ഷണവും വാങ്ങി കടയിൽ നിന്ന ഒരാളോട് വഴിയും തിരക്കി ഞങ്ങൾ ഇടത്തേയ്ക്കുള്ള വഴി തിരിഞ്ഞു. ഇവിടെനിന്നും ആറുകാണി എത്തണം. അവിടുന്നാണ് കാളിമലയിലേക്കുള്ള വഴി. പത്തുകാണി എന്ന സ്ഥലത്തു നിന്നും കാളിമലയിൽ എത്താം. ഞങ്ങൾ ആറുകാണി വഴിയാണ് തിരഞ്ഞെടുത്തത്. ആറുകാണിയിൽ നിന്ന് കോൺക്രീറ്റ് പാതയാണ്. അങ്ങോട്ട് കയറിയതും മഴ വീണ്ടും വില്ലനായി.
വാഹനം ഒതുക്കി ഞാനും സജിനും അടുത്തുകണ്ട ഒരു വീടിന്റെ വിറകുപുരയിൽ കയറി നിന്നു. മറ്റുള്ളവർ എത്തിയിട്ടില്ല. രണ്ടു കിലോമീറ്റർ കഴിയുമ്പോൾ വലതു വശത്തായി കാളിമല ക്ഷേത്രത്തിന്റെ കമാനം കാണാം. ഞങ്ങൾ വാഹനം അവിടെ ഒതുക്കിവച്ച ശേഷം നടത്തം തുടങ്ങി. കുത്തനെയുള്ള കയറ്റമാണ്. ഞങ്ങൾ മുകളിലേയ്ക്കു നടന്നു. ഇടതുവശം വലിയ കുന്നുകളാണ്. അവയ്ക്കുമുകളിൽ മൂടൽ മഞ്ഞു പൊതിഞ്ഞിരിക്കുന്നു. അതിന്റെ ഭംഗി ആസ്വദിക്കുന്നിതിനിടയിൽ വീണ്ടും മഴയെത്തി. കയറി നിൽക്കാൻ ഇവിടെങ്ങും ഇടമില്ല. ഇടതു വശത്തു കാണുന്ന മലകൾക്കപ്പുറം നല്ല വെയിൽ, അതും ആസ്വദിച്ചു ഞങ്ങൾ കാളിമലയുടെ മുകളിലേയ്ക്കു നടന്നു.
പെട്ടന്നാണ് ഞങ്ങൾ നിന്നിരുന്ന സ്ഥലമെല്ലാം മൂടൽ മഞ്ഞിനാൽ പൊതിയപ്പെട്ടത്. സത്യത്തിൽ അത് ഞങ്ങളെ അത്ഭുതപ്പെടുത്തി. അത് പറഞ്ഞറിയിക്കാനാകില്ല.. ഇവിടെ ഇത്തരത്തിലൊരു കാലാവസ്ഥ ഞാൻ സ്വപ്നത്തിൽപ്പോലും പ്രതീക്ഷിച്ചില്ല. തൊട്ടുമുന്നിൽ നിൽക്കുന്ന ആളെപ്പോലും മറയ്ക്കുന്ന മൂടൽ മഞ്ഞു, കൂട്ടിനു നല്ല തണുത്ത കാറ്റും. വാക്കുകൾക്കും വർണനകൾക്കും അതീതമാണ് അതെല്ലാം. പോകും വഴി ആസ്വദിക്കാൻ ഒരുപാടുണ്ട് കാഴ്ചകൾ.
ഞങ്ങൾ കാളിമലയുടെ മുകളിലെത്തി. ഒരു രക്ഷയുമില്ല, മൂടൽ മഞ്ഞു കാഴ്ചകളെ മറയ്ക്കുന്നു. പെട്ടന്ന് തന്നെ അത് മാറി മാറി വരുന്നു. കാണേണ്ട കാഴ്ച.. സത്യത്തിൽ മഴകാരണം യാത്ര മാറ്റി വച്ചിരുന്നെങ്കിൽ പ്രകൃതിയൊരുക്കിയ ഈ വിരുന്നു ഞങ്ങൾക്ക് നഷ്ടമായേനെ..
ക്ഷേത്രം കഴിഞ്ഞു മുന്നോട്ടു പോകുമ്പോൾ നടപ്പാതയുടെ ഇരുവശവും കാറ്റാടി മരങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. അതിലൂടെ ഈ മൂടല്മഞ്ഞും ആസ്വദിച്ചു നടക്കുന്ന സുഖമൊന്നും ഒരിടത്തും കിട്ടില്ല. കുറച്ചു കൂടി മുന്നോട്ടു നടന്നാൽ വഴി ചെറുതാകും. മുന്നോട്ടു പോയശേഷം മുകളിലേയ്ക്കു കയറിയാൽ കുരിശുമലയായി. ഇടയ്ക്ക് ഒരുപാടുണ്ട് കാഴ്ചകൾ. കുരിശുമലയുടെ കിഴക്ക് ഭാഗത്താണ് കാളിമല സ്ഥിതി ചെയ്യുന്നത്. കുറച്ചു സമയം അവിടെ ചിലവിട്ടശേഷം ഞങ്ങൾ തിരിച്ചിറങ്ങി. അപ്പോഴും മൂടൽമഞ്ഞു കൂടുതൽ കരുത്തനായി കാഴ്ചകളെ മറയ്ക്കുന്ന തിരക്കിലായിരുന്നു. ഒരുപക്ഷെ നാളെ നിങ്ങൾക്കുള്ള കാഴ്ചയൊരുക്കാനാകും.
ലൊക്കേഷൻ – കാളിമല ക്ഷേത്രം, Pathukani, Tamil Nadu. https://maps.app.goo.gl/CE7QzBksszYAduFt5.