ഇന്ത്യയിലെ അതിമനോഹരമായ ഒരു മൗണ്ടൻ റെയിൽ റൂട്ടാണ് കൽക്ക ഷിംല. ഈ മലയോര തീവണ്ടി പാതയിലൂടെയുള്ള യാത്രയുടെ രസം, അതൊന്നു വേറെതന്നെയാണ്.
ഹരിയാനയിലെയും ഹിമാചൽ പ്രദേശിലെയും രണ്ടു നഗരങ്ങളെ ബന്ധിപ്പിക്കാൻ 1898 ൽ ആരംഭിച്ച റെയിൽവേ റൂട്ടാണ് കൽക്ക ഷിംല റെയിൽവേ. ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്ന ഷിംല സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.
96 കിലോ മീറ്റർ നീളത്തിൽ കിടക്കുന്ന ഈ പാത ഉത്തരേന്ത്യയിലെ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. രണ്ടടി ആറിഞ്ച് വീതിയിൽ നിർമ്മിച്ചിരിക്കുന്ന നാരോ ഗേജ് പാളമാണ് ഈ റെയിൽവേ റൂട്ടിന്റെ പ്രത്യേകത. കൽക്ക ഷിംല റെയിൽവേയിൽ 107 ടണലുകളും 864 പാലങ്ങളുമുണ്ട്.
കൽക്കയിൽ നിന്നും ആരംഭിക്കുന്ന ഈ ട്രെയിൻ സഞ്ചാരികളെ ഏറെ കൊതിപ്പിക്കുന്ന, പ്രകൃതി ഭംഗി തുളുമ്പി നിൽക്കുന്ന അതിമനോഹരമായ സ്ഥലങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഹിമാചലിലെ ഒട്ടേറെ മനോഹരങ്ങളായ സ്ഥലങ്ങൾ ഈ യാത്ര വഴി കാണാൻ സാധിക്കും.
ട്രെയിൻ യാത്ര ആരംഭിക്കുന്നത് കൽക്കയിൽ നിന്നുമാണെങ്കിലും സഞ്ചാരപ്രിയരായ യാത്രക്കാര്‍ തിരഞ്ഞെടുക്കുന്നത് ബരോഗില്‍ നിന്നുള്ള യാത്രയാണ്. ഏറ്റവും ദൈര്‍ഘ്യമേറിയ ടണലുകളും മനോഹരമായ പ്രകൃതി ദൃശ്യവും ആരംഭിക്കുന്നത് ബരോഗില്‍ നിന്നാണ് എന്നതു തന്നെ കാരണം. വളവുകളും തിരിവുകളും തുരങ്കങ്ങളും പാലങ്ങളും ഉള്ള ഈ വഴിയിലൂടെ ട്രെയിൻ വളരെ പതുക്കെയാണ് സഞ്ചരിക്കുക.
ആദ്യകാലങ്ങളിൽ ആവി എന്‍ജിനുകൾ ഉപയോഗിച്ചിരുന്നെങ്കിലും 1970 നു ശേഷം ഡീസൽ ഹൈഡ്രോളിക് ലോക്കോമോട്ടീവ് എൻജിനാണ് കൽക്ക-ഷിംല റൂട്ടിൽ ഉപയോഗിക്കുന്നത്.
പ്രധാനമായും അഞ്ച് ട്രെയിനുകളാണ് കൽക്ക ഷിംല റെയിൽ റൂട്ട് വഴി കടന്നു പോകുന്നത്. ശിവാലിക് ഡീലക്‌സ് എക്‌സ്പ്രസ്, കൽക്കാ ഷിംല എക്‌സ്പ്രസ്, ഹിമാലയൻ ക്വീൻ, കൽക്ക ഷിംല പാസഞ്ചർ, റെയിൽ മോട്ടോർ, ശിവാലിക് ക്വീൻ എന്നിവയാണ് അവ. സഞ്ചാരികൾക്ക് ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
ഓഗസ്റ്റ് 2007 ൽ ഭാരതസർക്കാർ ഇതിനെ പൈതൃക സ്മാരകമായി പ്രഖ്യാപിച്ചു. 2008 ൽ യുനെസ്‌കോയുടെ പട്ടികയിൽപ്പെട്ട ലോകപൈതൃക സ്മാരകമായി കൽക്ക – ഷിംല തീവണ്ടിപ്പാത മാറി.
1 comment
Nigal pwoli Ann bro my number 8590486408 oru hi etta valare happy ayirikum