മഴമേഘങ്ങൾ വിരുന്നുകാരായ കൽപ്പാത്തി രഥോത്സവം

എഴുത്ത് – വൈശാഖ് കീഴെപ്പാട്ട്.

ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി ഉണ്ടായ മഴ കൽപ്പാത്തിയിലേക്കുള്ള യാത്രയിൽ കൂടെ ഉണ്ടായിരുന്നു. പാലക്കാട്‌ ഉള്ള സുഹൃത്തിനെ വിളിച്ചപ്പോൾ അവിടെയും നല്ല മഴ എന്നറിയാൻ കഴിഞ്ഞു. അതൊന്നും നമ്മളെ ബാധിക്കാത്ത വിഷയമായതിനാൽ യാത്ര തുടർന്നു. പാലക്കാട്‌ എത്തി ഒരു ഓട്ടോ വിളിച്ച് നേരെ ഗ്രാമത്തിലേക്ക് പോയി. മഴ ഒന്ന് മാറിനിന്ന സമയത്താണ് നമ്മുടെ വരവ്. തിരക്ക് നല്ലപോലെ ഉണ്ട്. റോഡിനു ഇരുവശവും കച്ചവടക്കാർ നേരത്തെ തന്നെ ഇരുപ്പുറപ്പിച്ചിരിക്കുന്നു. രഥോത്സവം കഴിഞ്ഞാലും ഗ്രാമത്തിലെ കച്ചവടം ഒരു മാസത്തോളം നീണ്ടുനിൽക്കും. ഗ്രാമത്തിലെ ഓരോ ക്ഷേത്രത്തിനു മുന്നിലും ഉത്സവത്തിന് തയ്യാറായി തേരുകൾ നിൽക്കുന്നുണ്ട്. അവക്ക് ചുറ്റും ഭക്തരുടെ തിരക്ക് നല്ലപോലെ ഉണ്ട്.

കൽപ്പാത്തിപ്പുഴയുടെ തീരത്താണ് 1425 എ.ഡി യിൽ‍ നിർമ്മിച്ചു എന്ന് വിശ്വസിക്കുന്ന ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതിനു മുൻപിൽ ആണ് ദേവരഥ സംഗമം നടക്കുന്നത്.എല്ലാ വർഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം നവംബർ മാസത്തിലാണ്(മലയാള മാസം തുലാം 28,29,30) നടക്കുക. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ പരബ്രഹ്മമൂർത്തിയായ കാശി വിശ്വനാഥപ്രഭുവും (പരമശിവൻ) ഭഗവാന്റെ പത്നിയും ആദിപരാശക്തിയുമായ വിശാലാക്ഷിയും (ശ്രീ പാർവതി) ആണ്. ശ്രീ ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, മന്തക്കര മഹാഗണപതി,ചാത്തപുരം മഹാഗണപതി ക്ഷേത്രം തുടങ്ങി ഗ്രാമത്തിലെ മറ്റ് ക്ഷേത്രങ്ങളും ഈ രഥോത്സവത്തിൽ പങ്കെടുക്കാറുണ്ട്.

കാശി സന്ദർശിച്ചു മടങ്ങിയ ഒരു സ്ത്രീ കൊണ്ടു വന്ന ശിവന്റെ ജ്യോതിർലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള സാമ്യം കാരണം “കാശിയിൽ പാതി കൽപ്പാത്തി” എന്ന് പഴഞ്ചൊല്ലു തന്നെയുണ്ട്. ദക്ഷിണാമൂർത്തി, ഗംഗാധരൻ, കാലഭൈരവൻ, ചണ്ഡികേശ്വരൻ എന്നീ ശിവന്റെ വിവിധ ഭാവങ്ങളും, വള്ളിദേവസേന സമേതനായ സുബ്രമണ്യൻ, സൂര്യൻ തുടങ്ങി ഉപദേവന്മാരും ഈ ക്ഷേത്രത്തിലുണ്ട്. ഈ ക്ഷേത്രത്തിന് സമീപത്തായി മഹാലക്ഷ്മീ സമേതനായ ഭഗവാൻ നാരായണനും, ഗണപതിക്കും പ്രത്യേകം ക്ഷേത്രങ്ങളുമുണ്ട്.

മഴക്കാറ് ഉള്ളതിനാൽ വെയിലിനു അല്പം ശമനം ഉണ്ട്. ഉച്ച സമയം ആയതിനാൽ ക്ഷേത്രത്തിൽ ഉള്ള അന്നദാന സ്ഥലത്ത് നല്ലപോലെ തിരക്ക് ഉണ്ട്. ഇടക്ക് പെയ്യുന്ന മഴക്കും ആ തിരക്കിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. ഗ്രാമത്തിലെ തേരുകൾ എല്ലാം കണ്ടു അല്പം നേരം കൽപ്പാത്തിയുടെ ഹൃദയത്തിലൂടെ ഒഴുകുന്ന പുഴയുടെ അരികിൽ.. കാര്യമായി വെള്ളം ഇല്ല.. ചെറിയ ചാല് പോലെയാണ് ഇന്ന് ഒഴുകുന്നത്. എന്നാലും പുഴയുടെ അരികിലൂടെയുള്ള നടത്തം ഒരു പ്രത്യേക രസമാണ്. ചാത്തപുരം ഗ്രാമത്തിലെ തേരാണ് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്നത്.

വൈകീട്ട് നാലുമണിക്ക് ശേഷമാണ് തേര് വലിക്കുന്നത് ആരംഭിക്കുക.. ആനയുടെ സഹായം ചില സമയങ്ങളിൽ തേര് തള്ളാൻ ആവശ്യം വരും. അതിനു വേണ്ടി ഒരാന തയ്യാറായി ഉണ്ടാകും. ആനയുടെ തയ്യാറെടുപ്പു കണ്ടപ്പോ സമയം അടുക്കാറായി എന്ന് മനസിലായി.അല്പം സമയം ആ ഗജ സൗന്ദര്യം ആസ്വദിച്ചു നിന്നപ്പോ സമയം പോയതറിഞ്ഞില്ല.. സമയം അടുക്കാറായപ്പോഴേക്കും തേരിനു മുന്നിൽ വലിക്കാനായി ആ ഗ്രാമത്തിലെ മുഴുവൻ ഭക്ത ജനങ്ങളും തയാറായി നിന്നിരുന്നു.. ഇരുണ്ടു കൂടിയ കാർമേഘങ്ങൾ എല്ലാരുടെയും മുഖത്തു അല്പം നിരാശ പടർത്താൻ ഇടയാക്കി.. അസുരവാദ്യം കൊട്ടിത്തുടങ്ങിയതോടെ ആഘോഷങ്ങൾ ആരംഭിച്ചു. ആർപ്പു വിളികളുടെയും നാമജപത്തോടു കൂടിയും ഗ്രാമത്തിലെ തേര് മുന്നോട് നീങ്ങുവാൻ തുടങ്ങി. തേരിനു പിന്നിൽ സഹായത്തിനു തയാറായി ഗജവീരനും അനുഗമിച്ചു..

കൊത്തുപണികളാലും പുഷ്പങ്ങളാലും പഴവർഗങ്ങളാലും അലങ്കരിച്ച തേര് വലിക്കുന്നത് അല്പം പ്രയാസമേറിയ കാര്യം തന്നെയാണ്. ഇത് ഏറ്റവും കൂടുതൽ അറിയുന്നത് വളവ് തിരിയുന്ന വേളയിൽ ആണ്. അന്നേരം ആണ് ആനയുടെ സഹായം തേടുന്നത്. തിരക്കിനിടയിൽ ചെറിയ റോഡിലൂടെ സംഗമ സ്ഥാനത്തേക്ക് തേര് നീങ്ങി തുടങ്ങി. സമയം കൂടുംതോറും ഗ്രാമത്തിലെ തിരക്ക് കൂടി വന്നു. മഴ അന്നേരം മാറി നിന്നത് അല്പം ആശ്വാസം നൽകി.

മറ്റു ഗ്രാമത്തിലെ തേരുകൾ മുൻപിൽ ഓരോന്നായി നീങ്ങുന്നുണ്ട്.. ചെറുതും വലുതുമായ 5 തേരുകൾ ആണ് രഥോത്സവത്തിൽ ഉള്ളത്. അതിൽ പ്രധാനപെട്ട ഒന്നാണ് ചാത്തപുരം ഗ്രാമത്തിലെ. വൈകുന്നേരം ആറരയോടെ തേരുകൾ എല്ലാം സംഗമസ്ഥാനത്തേക് എത്തിച്ചേർന്നു. രാത്രിയോടെ അവ തിരിച്ചു അവരുടെ ഗ്രാമത്തിലേക്ക് യാത്രയാകുന്നതോടെ ആഘോഷങ്ങൾക് അവസാനമാകും..പക്ഷെ കൽപ്പാത്തിയിലെ തിരക്കുകൾ അവസാനിക്കാൻ ഇനിയും ഒരുപാട് ദിവസങ്ങളെടുക്കും..