1969 ൽ അണ്ണാദുരൈ മരിച്ചപ്പോള്‍ കരഞ്ഞതുപോലെ തമിഴകം പിന്നീടൊരിക്കലും കരഞ്ഞിട്ടില്ല. ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുത്ത ശവസംസ്കാര ചടങ്ങുകളിലൊന്നായിരുന്നു മറീനാ ബീച്ചില്‍ നടന്ന ഏകദേശം ഒന്നര കോടിയോളം പേര്‍ പങ്കെടുത്ത അണ്ണാദുരൈയുടെ ശവസംസ്കാര ചടങ്ങ്. തങ്ങളുടെ നേതാവിനെ അവസാനമായൊന്നു കാണാന്‍ തീവണ്ടിക്ക് മുകളിലിരുന്ന് സഞ്ചരിച്ച 30 പേര്‍ മധുരയ്ക്കടുത്ത് കൊള്ളിഡാം പാലത്തില്‍ തലയിടിച്ച് മരിച്ചു. അണ്ണാദുരൈ കഴിഞ്ഞിട്ടേ അന്നുമിന്നും തമിഴകത്ത് മറ്റൊരു നേതാവുള്ളൂ.
1967 ൽ കോൺഗ്രസിന്റെ 20 കൊല്ലം നീണ്ടുനിന്ന അധികാര കുത്തക തകർത്ത് അണ്ണാദുരൈയുടെ ‘ദ്രാവിഡ മുന്നേറ്റ കഴകം’ തമിഴകത്ത് അധികാരം പിടിച്ചടക്കുമ്പോൾ പാർട്ടി രൂപീകൃതമായിട്ട് വെറും 18 വർഷങ്ങൾ മാത്രമേ ആയിരുന്നുള്ളൂ.അണ്ണാദുരൈയുടെ ശക്തമായ നേതൃത്വത്തിൽ ഡി.എം.കെ കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോൾ കടപുഴകി വീണ കോൺഗ്രസിനു പിന്നിടൊരിക്കലും തമിഴ്‌നാട്ടിൽ അധികാരത്തിൽ വരാൻ സാധിച്ചിട്ടില്ല എന്ന വസ്തുത വിശകലനം ചെയ്യുമ്പോളാണ് അണ്ണാദുരൈ തുടങ്ങിവച്ച ദ്രാവിഡ രാഷ്ട്രീയത്തിന്റെ വേരുകൾ എത്ര ആഴത്തിലാണു തമിഴ് മനസ്സുകളിൽ ആഴ്ന്നിറങ്ങിയത് എന്ന് മനസ്സിലാകുന്നത്.
പട്ടുവ്യവസായത്തിനു പ്രസിദ്ധി നേടിയ കാഞ്ചീപുരത്തെ ഒരു നെയ്ത്തുകാരനായിരുന്ന നടരാജന്റേയും ബംഗാരു അമ്മാളുടെയും മകനായി 1909 സെപ്റ്റംബർ 15 നു ആയിരുന്നു അദ്ദേഹം ജനിച്ചത്.
വളരെ സാധാരണക്കാരുടെ കുടുംബത്തിൽ പിറന്ന് സ്വന്തം പ്രയത്നം കൊണ്ട് നേതാവായി വളർന്ന ചരിത്രമാണു അണ്ണാദുരൈയുടേത്. പാവങ്ങളോടുള്ള അടങ്ങാത്ത അനുകമ്പയും ആഭിമുഖ്യവും, ഏറ്റവും ലളിതമായ ജീവിത ശൈലിയും അദ്ദേഹത്തെ ‘ഏഴകളു’ടെ പ്രിയങ്കരനാക്കി. അവരുടെ ഹൃദയങ്ങളിൽ അദ്ദേഹം ജീവിച്ചു. യാതൊരു സാമ്പത്തിക അടിത്തറയുമില്ലാതിരുന്ന ഒരു പ്രസ്ഥാനമായിരുന്ന ഡി.എം.കെയ്ക്ക് , അന്നത്തെ കാലത്ത് കോൺഗ്രസിനെപ്പോലെ ഒരു വലിയ പ്രസ്ഥാനത്തെ ‘മദ്രാസ്’ പോലെ ഒരു സംസ്ഥാനത്ത് (തമിഴ്നാട് എന്ന പേരു നൽകിയതും 1967 ൽ അധികാരത്തിൽ വന്ന അണ്ണാദുരൈ മന്ത്രിസഭയാണ്) അധികാരത്തിൽ നിന്നു പുറത്താക്കാൻ സാധിച്ചത് തന്നെ അണ്ണാദുരൈ എന്ന ഒരു മനുഷ്യന്റെ നേതൃപാടവമാണ്. അനുകൂലമായിരുന്ന ഒട്ടനവധി സാഹചര്യങ്ങളെ തങ്ങൾക്കനുകൂലമാക്കി മാറ്റുന്നതിൽ അദ്ദേഹം വിജയിച്ചു.
കോളേജ് പ്രിൻസിപ്പൽ കനിഞ്ഞു നൽകിയ സ്കോളർഷിപ്പിന്റെ പിൻബലത്തിൽ ‘പാച്ചിയപ്പാസ്” കോളേജിൽ നിന്നും ബി.എ ബിരുദം നേടിയ അദ്ദേഹം 1934 ൽ ‘ജസ്റ്റീസ് പാർട്ടി’ നേതാവായിരുന്ന പെരിയോര്‍ ഇ.വി.രാമസാമിനായ്ക്കറെ കണ്ടു മുട്ടിയതോടെയാണു രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. വളരെ പെട്ടെന്നു തന്നെ അദ്ദേഹം പാർട്ടിയിൽ വളർന്നു. 1944ൽ ജസ്റ്റീസ് പാർട്ടി ഒന്നടങ്കം ‘ദ്രാവിഡർ കഴകം’ ആയി മാറി. എന്നാൽ പിന്നീടു വന്ന വർഷങ്ങളിൽ ഇ.വി.ആറും അണ്ണാദുരൈയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂർച്ഛിച്ചു. തിരഞ്ഞെടുപ്പിലൂടെ അധികാരം പിടിച്ചെടുക്കണമെന്ന അണ്ണാദുരൈയുടെ നിലപാടിനോട് പെരിയോര്‍ ഒരിക്കലും അനുകൂലമായിരുന്നില്ല. 1948 ല്‍ 69-കാരനായ പെരിയോര്‍ 30-കാരിയായ മണിയമ്മയെ വിവാഹം കഴിച്ചത് അണ്ണാദുരൈ ഉള്‍പ്പെടെയുള്ള അനുയായികളെ പ്രകോപിപ്പിച്ചു. സത്യത്തില്‍ ഈ വിവാഹം അണ്ണാദുരൈയും കൂട്ടരും കാത്തിരുന്ന ഒരു കാരണമായിരുന്നു. ദ്രാവിഡ പ്രസ്ഥാനത്തിന്റെ ജീവാത്മാവും പരമാത്മാവും താന്‍ തന്നെയായിരിക്കണമെന്ന് പെരിയോറിന് നിര്‍ബന്ധമുണ്ടായിരുന്നു. പെരിയോറിന് കീഴില്‍ തങ്ങള്‍ക്ക് വളര്‍ച്ചയില്ലെന്ന തിരിച്ചറിവാണ് വാസ്തവത്തില്‍ ദ്രാവിഡകഴകത്തില്‍ നിന്നും വിട്ടുപോരാന്‍ ഇവരെ പ്രേരിപ്പിച്ചത്. പെരിയോറിന്റെ സഹോദരപുത്രനായിരുന്ന ഇ.വി.കെ. സമ്പത്തായിരുന്നു ഈ കലാപത്തില്‍ അണ്ണാദുരൈയുടെ വലംകൈ. 1949 ല്‍ ഗുരുവിനെ ധിക്കരിച്ച് അണ്ണാദുരൈ പാർട്ടി വിടുകയും ‘ദ്രാവിഡ മുന്നേറ്റ കഴകത്തി’നു രൂപം നല്‍കുകയും ചെയ്തു.
പിന്നീടുള്ള ചരിത്രം ഇൻഡ്യയിലെ ദ്രാവിഡ രാഷ്ട്രിയത്തിന്റെ ചരിത്രമാണ്. 1952 ലെ ആദ്യ തെരഞ്ഞെടുപ്പിൽ ഡി.എം.കെ. മൽസരിച്ചില്ല. 1957 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും 15 സീറ്റുകൾ മാത്രം ലഭിക്കുകയും ചെയ്തു. 1957 ൽ വിജയിച്ച അണ്ണാദുരൈ 1962 ലെ തെരഞ്ഞെടുപ്പിൽ കാഞ്ചീപുരത്ത് പരാജയപ്പെട്ടു. എന്നാൽ അതൊന്നും അദ്ദേഹത്തെ തളർത്തിയില്ല.
‘ദ്രാവിഡ നാട്” എന്ന ആശയം ഉയർത്തിപ്പിടിച്ചായിരുന്നു ആദ്യകാലത്ത് ഡി.എം.കെ ഉയർന്നു വന്നതെങ്കിലും 1962 ലെ ചൈനായുദ്ധത്തെ തുടർന്ന് അത്തരം വിഘടനവാദപരമായ സമീപനം അവർ ഉപേക്ഷിച്ചു. അതേസമയത്തു തന്നെയാണു 1964 ൽ ഹിന്ദി ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള ബിൽ പാർലിമെന്റിൽ എത്തുന്നത്. ശക്തമായ ‘ഹിന്ദിവിരുദ്ധ പ്രക്ഷോഭം’ ആണ് അതിനെ തുടന്ന് തമിഴകത്ത് അലയടിച്ചത്. ഇതു തമിഴ് വൈകാരികത ആളിക്കത്തിക്കാനും ഡി.എം.കെയെ കൂടുതൽ ജനങ്ങളിൽ എത്തിക്കാനും ഇടയാക്കി. സിനിമയിലും നാടകത്തിലും മറ്റു പ്രസിദ്ധികരണങ്ങളിലൂടെയും യുവജനങ്ങളിലേക്ക് അവർ കൂടുതൽ അടുത്തു. അണ്ണാദുരൈ തന്നെ നല്ല എഴുത്തുകാരനും വാഗ്മിയും ആയിരുന്നു. സിനിമയെ ഒരു പ്രധാന രാഷ്ട്രീയപ്രചാരണ ആയുധമാക്കി മാറ്റിയത് അദ്ദേഹമാണ്. ഒട്ടനവധി പുസ്തകങ്ങളും നാടകങ്ങളും എഴുതിയ അദ്ദേഹം ആറു സിനിമകൾക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്. ഇതിലെല്ലാം ഉപരിയായി യുദ്ധവും വരൾച്ചയും സമ്മാനിച്ച ക്ഷാമകാലം ജനങ്ങളെ നിലവിലിരുന്ന കോൺഗ്രസ് സർക്കാരിനെതിരാക്കി. കൂടാതെ 1 രൂപക്ക് 4.5 കിലോഗ്രാം അരി കൊടുക്കും എന്ന ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവും കൂടിയായപ്പോൾ 1967 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നിലം പൊത്തി.
തീവ്ര ബ്രാഹ്മണവിരുദ്ധ/ ഹിന്ദുവിരുദ്ധ/ നിരീശ്വരവാദ പ്രസ്ഥാനമായാണ് പെരിയോര്‍ ദ്രാവിഡ പ്രസ്ഥാനം തുടങ്ങിയത്. ഗണപതി വിഗ്രഹങ്ങള്‍ ഉടച്ചുകൊണ്ടാണ് അദ്ദേഹം പ്രക്ഷോഭങ്ങള്‍ നയിച്ചത്. എന്നാല്‍ ആദര്‍ശത്തിലടിയുറച്ചു നില്‍ക്കുമ്പോഴും പ്രായോഗികതയുടെ വക്താവായിരുന്നു അണ്ണാ. ഗണപതിക്കു മുന്നില്‍ തേങ്ങ ഉടയ്ക്കാനോ ഗണപതി വിഗ്രഹം ഉടയ്ക്കാനോ താനില്ല എന്നായിരുന്നു അണ്ണായുടെ നിലപാട്. താന്‍ ഭസ്മം തൊടാത്ത ഹിന്ദുവും കുരിശു ധരിക്കാത്ത ക്രൈസ്തവനും തൊപ്പി വെയ്ക്കാത്ത മുസ്ലിമും ആണെന്ന് അണ്ണാ അവകാശപ്പെട്ടു.
1967 ല്‍ ഡി.എം.കെ. അധികാരമേറ്റപ്പോള്‍ അണ്ണാ ആദ്യം ചെയ്തത് അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് പെരിയോറിനെ കാണാന്‍ തിരുച്ചിക്ക് പോവുകയായിരുന്നു. പെരിയോര്‍ തങ്ങളെ നിശിതമായി വിമര്‍ശിച്ചപ്പോഴും പെരിയോറിനെ ഡി.എം.കെ. തിരിച്ച് വിമര്‍ശിക്കില്ലെന്ന് അണ്ണാ ഉറപ്പ് വരുത്തിയിരുന്നു. അണ്ണാദുരൈയെ അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ കാണാന്‍ പോയതിനെക്കുറിച്ച് എം.ജി.ആര്‍. എഴുതിയിട്ടുണ്ട്. എം.ജി.ആര്‍. ചെല്ലുമ്പോള്‍ അണ്ണാ വല്ലാതെ ക്ഷീണിതനായിരുന്നു. മൂന്നുനാലു ദിവസമായി വിശ്രമമില്ലാതെ ഫയലുകള്‍ നോക്കുകയായിരുന്നു അണ്ണാ. ഇങ്ങനെ പണിയെടുക്കേണ്ടതുണ്ടോ എന്നും ഒന്നുരണ്ടു ദിവസം വിശ്രമിച്ചുകൂടെയെന്നും എം.ജി.ആര്‍. അണ്ണായോട് ചോദിച്ചു. അപ്പോള്‍ മറുപടി ഇതായിരുന്നു. “മുഖ്യമന്ത്രിയെന്ന നിലയ്ക്ക് സംസ്ഥാനത്തിന്റെ എല്ലാഭാഗങ്ങളില്‍ നിന്നുള്ള പ്രശ്നങ്ങളും എനിക്ക് ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അതേസമയം പാര്‍ട്ടിനേതാവെന്ന നിലയ്ക്ക് പാര്‍ട്ടിക്കാരുടെ പ്രശ്നങ്ങളും കൈകാര്യം ചെയ്തെ പറ്റൂ. എന്റെ തിരക്ക് നിങ്ങള്‍ക്ക് മനസ്സിലാവും. പക്ഷേ, 200 മൈല്‍ അകലെ നിന്നും എന്നെ കാണാന്‍ വന്ന ഒരാള്‍ക്ക് ഇത് മനസ്സിലാവണമെന്നില്ല.”
ഇതു പറഞ്ഞിട്ട് അണ്ണാ എം.ജി.ആറിന് ഒരു കത്ത് കാണിച്ചുകൊടുത്തു. ഒരു പാര്‍ട്ടിപ്രവര്‍ത്തകന്റെ കത്ത്. തന്റെ ഭാര്യയുമായുള്ള പിണക്കം തീര്‍ക്കാന്‍ അണ്ണാ ഇടപെടണമെന്നായിരുന്നു കത്തില്‍. “എനിക്ക് സെക്രട്ടേറിയറ്റിലേക്ക് അടിയന്തിരമായി പോകണം. പക്ഷേ, താഴെ ഈ കത്തെഴുതിയ ആള്‍ ഭാര്യയുമായി കാത്തുനില്‍ക്കുകയാണ്. ഇനിയിപ്പോള്‍ അയാളെ കാണാതെ പോകുന്നതെങ്ങനെയാണ്.” ഏതെങ്കിലും ഒരു നേതാവിനെ ഇക്കാര്യം ചുമതലപ്പെടുത്തിയാല്‍ പോരേയെന്ന് എം.ജി.ആര്‍. ചോദിച്ചു. “തീര്‍ച്ചയായും നമ്മുടെ നേതാക്കളോട് പറഞ്ഞാല്‍ അവര്‍ ഇടപെടും. പക്ഷേ, പരാതിക്കാരന് കൂടി സമ്മതമാവേണ്ടേ? അണ്ണാ ഇടപെട്ടിരുന്നെങ്കില്‍ എന്റെ ഭാര്യയുടെ പിണക്കം മാറുമായിരുന്നുവെന്നും, എന്നാല്‍ അണ്ണാ ഇടപെടാന്‍ കൂട്ടാക്കിയില്ലെന്നുമായിരിക്കും അയാള്‍ പിന്നീട് പറയുക.”
പാര്‍ട്ടി പ്രവര്‍ത്തകന്‍ താഴെ കാത്തുനില്‍ക്കുകയായിരുന്നു. അണ്ണായെ കണ്ടപ്പോള്‍ അയാളുടെ മുഖം പ്രകാശഭരിതമായി. “എന്തൊക്കെയുണ്ട്? എവിടെ ഭാര്യ?” അണ്ണാ ചോദിച്ചു. അപ്പോള്‍ കുറച്ചപ്പുറത്ത് നില്‍ക്കുകയായിരുന്ന ഭാര്യ മുന്നോട്ടു വന്നു. “ദാ…നിങ്ങള്‍ രണ്ടുപേരും ഒന്നിച്ചാണല്ലോ വന്നിരിക്കുന്നത്. ഇനിയിപ്പോള്‍ ഞാന്‍ എന്തു പറയാനാണ്. നിങ്ങളുടെ വഴക്കൊക്കെ തീര്‍ന്നെന്നാണിതിന്റെ അര്‍ഥം. അച്ഛനും അമ്മയ്ക്കും എന്നതിനു പകരം വളരെ തന്ത്രപരമായി അമ്മായിയച്ഛനും അമ്മായിയമ്മയ്ക്കും സുഖമല്ലേയെന്നാണ് ആ ദമ്പതികളോട് അണ്ണാ ചോദിച്ചത് എന്ന്‍ എം.ജി.ആര്‍. ശ്രദ്ധിച്ചു. അനുയായികളെ എങ്ങനെയാണ് വളരെ സമര്‍ഥമായി കൈയിലെടുക്കുന്നതെന്ന് എം.ജി.ആര്‍. കണ്ടറിയുകയായിരുന്നു. അണ്ണായുടെ സംസാരം കേട്ട് ആ സ്ത്രീ പുഞ്ചിരിച്ചു. “എപ്പോഴാണ് നാട്ടിലേക്ക് മടങ്ങിപ്പോവുന്നത്?” അണ്ണാ ചോദിച്ചു. “ഞങ്ങള്‍ അണ്ണായെ കാണാന്‍ വന്നതാണ്. അണ്ണാ പറഞ്ഞാല്‍ ഞങ്ങള്‍ തിരിച്ചു പോകാം.” ഭര്‍ത്താവ് പറഞ്ഞു. “ശരി, നിങ്ങളുടെ ഭാര്യ മദ്രാസ് കണ്ടിട്ടില്ലെങ്കില്‍ അവരെ സ്ഥലങ്ങളൊക്കെ കാണിക്കൂ. പക്ഷേ, അധികം കറങ്ങിനടന്ന് കൈയിലെ കാശു മുഴുവന്‍ കളയരുത്. നാട്ടിലെത്തിക്കഴിഞ്ഞാല്‍ എനിക്ക് കത്തെഴുതണം.” വഴക്കിട്ടുവന്ന ഭാര്യയും ഭര്‍ത്താവും സന്തോഷത്തോടെ മടങ്ങിപ്പോവുന്നത് താന്‍ നോക്കിനിന്നെന്നാണ് എം.ജി.ആര്‍. എഴുതുന്നത്.
1967 മാര്‍ച്ച് ആറിനാണ് അണ്ണാദുരൈ മുഖ്യമന്ത്രിയായി അധികാരമേറ്റത്. അതിന് തലേന്ന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന്‍ അണ്ണാ പിന്നീട് എഴുതുകയുണ്ടായി. “രാത്രി മുഴുവന്‍ ഞാന്‍ ഉറക്കം വരാതെ കിടന്നു. എന്റെ കണ്ണുകള്‍ക്ക് മുന്നില്‍ തമിഴകത്തെ ചേരികളായിരുന്നു. വിശന്നു വലയുന്നവരുടെ മുഖങ്ങള്‍ എന്റെ മനസ്സിലേക്ക് ഓടിവന്നു. ഇതെല്ലാം എങ്ങനെയാണ് നേരെയാക്കുക. അന്നു രാത്രി എനിക്കുറങ്ങാനായില്ല. ഇതുവരെ ഞാന്‍ ഒരു വാനമ്പാടിയെ പോലെ എനിക്കിഷ്ടമുള്ളിടത്തേക്ക് പറക്കുകയായിരുന്നു. ഇനിയിപ്പോള്‍ ഞാന്‍ കൂട്ടിലടച്ച പക്ഷിയാണ്.”
മുഖ്യമന്ത്രിയായിട്ടും അണ്ണാ താമസിച്ചത് നുങ്കമ്പാക്കത്തെ ചെറിയ വീട്ടിലായിരുന്നു. മുഖ്യമന്ത്രിയായശേഷം ശമ്പളം വാങ്ങേണ്ടി വന്നപ്പോഴാണ് ആദ്യമായി ബാങ്ക് അക്കൗണ്ട് തുറന്നത്. മക്കളില്ലാത്ത അണ്ണാ മാതൃസഹോദരിയുടെ മകളുടെ നാലു മക്കളെ ദത്തെടുത്ത് വളര്‍ത്തി. പക്ഷേ, ഇവരെയാരെയും അണ്ണാ രാഷ്ട്രീയത്തില്‍ തന്റെ പിന്‍ഗാമികളാക്കിയില്ല. തീ.മൂ.കാ. (ഡി.എം.കെ.) ആണ് തന്റെ കുടുംബമെന്ന് അണ്ണാ പറയുമായിരുന്നു. (അവരിലൊരാളായിരുന്ന പരിമളം എന്ന വളർത്തുമകൻ കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് സാമ്പത്തിക പരാധീനതകൾ മൂലം ആത്മഹത്യ ചെയ്തിരുന്നു. അപ്പോളാണു ഈ മഹാനായ നേതാവിന്റെ പിൻതലമുറ എങ്ങനെ ജീവിക്കുന്നുവെന്ന് തമിഴകമറിയുന്നത്.)
ദ്രാവിഡ രാഷ്ട്രീയം പിന്നീട് ഒട്ടേറേ കാറും കോളും നിറഞ്ഞ വഴികളിലൂടെ കടന്നു പോയി. കരുണാനിധി-എം.ജി.ആര്‍. മൂപ്പിള തര്‍ക്കത്തില്‍ പാര്‍ട്ടി പിളര്‍ന്നു. കുടുംബമാണ് കഴകമെന്ന രീതിയിലേക്ക് കരുണാനിധിയുടെ നേതൃത്വത്തില്‍ ഡി.എം.കെ. മാറി. എം.ജി.ആറും കരുണാനിധിയും ജയലളിതയും വിജയ്കാന്തും ഒക്കെ വന്നിട്ടും അണ്ണാദുരൈയ്ക്ക് സമാനനായ ഒരു നേതാവിനേയും തമിഴകം പിന്നീട് കണ്ടിട്ടില്ല. ‘അണ്ണാ’ ഇന്നും തമിഴകത്തിന്റെ രാഷ്ട്രീയ നഭോമണ്ഡലത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന വ്യക്തിത്വമാണ്.
കടപ്പാട്: വിപിൻ കുമാർ, കെ.എ. ജോണി, സുനില്‍ കൃഷ്ണന്‍.