വിവരണം – Naru Narayan KT.
സ്റ്റേഷനില്‍ നിന്ന് ആലപ്പി-ചെന്നൈ എക്സ്പ്രസ്സ് പുറപ്പെടുമ്പോള്‍ സന്ധ്യമയങ്ങി 7 മണിയോടടുത്തിരുന്നു. രണ്ടു പ്ലാറ്റ്ഫോമുകള്‍ മാത്രമുള്ള തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അപ്പോള്‍ യാത്രക്കാരേക്കാള്‍ അധികം യാത്രയാക്കാന്‍ വന്നവരുടെ തിരക്കായിരുന്നു. പ്ലാറ്റ്ഫോമിലെ തിക്കും തിരക്കും നോക്കിയിരിക്കെ പെട്ടെന്ന് ചൂളം വിളികള്‍ ഉയര്‍ത്തി ചെന്നൈ എക്സ്പ്രസ്സ് സ്റ്റേഷന്‍ വിട്ടു. ബീഡക്കറ പുരണ്ട പല്ലുകളും മുഷിഞ്ഞുനാറിയ വസ്ത്രങ്ങളും ധരിച്ച ഒരു പറ്റം റെയില്‍വേ ജീവനക്കാര്‍ കമ്പാര്‍ട്ട്മെന്റില്‍ കയറി തമിഴില്‍ കലപില ചിലക്കുന്നുണ്ടായിരുന്നു. വണ്ടി കേരളാ അതിര്‍ത്തിവിട്ട് കിതപ്പോടെ കോവൈ സ്റ്റേഷനില്‍ നിര്‍ത്തി. കടുംചുവപ്പ് നിറത്തിലുള്ള ചേല ചുറ്റിയ തമിഴ് സ്ത്രീകള്‍ അവിടെ നിന്നും കയറി, ചിലര്‍ തറയിലിരുന്നു മുറുക്കാന്‍ ഉള്ള വട്ടം കൂട്ടി. അവരുടെ കുട്ടികളില്‍ ഒന്ന് അവിടെ പുണ്യാഹവും തളിച്ചു. തമിഴും മലയാളവും കലര്‍ന്ന മണിപ്രവാള ഭാഷയില്‍ അടുത്തിരുന്ന ചിലരുമായി സംസാരിച്ച് മടുത്തപ്പോള്‍ ചാരിയിരുന്ന് ഞാനുറങ്ങാന്‍ വൃഥാ ശ്രമം നടത്തി..
നേരമിരുട്ടി- സ്റ്റേഷനനുകള്‍ക്ക് പുറകെ സ്റ്റേഷനുകള്‍ പിന്നിട്ട് ചെന്നൈ എക്സ്പ്രസ്സ് പാഞ്ഞു. പാതയരികില്‍ അടുപ്പുകൂട്ടി ഭക്ഷണം തയ്യാറാക്കുന്ന നാടോടികളുടെ മുഖം ചുവന്ന അഗ്നിനാളത്തില്‍ വ്യക്തമായി തെളിഞ്ഞു. അവരിലെ കുട്ടികള്‍ അവിടെ കളിക്കുന്നുണ്ടായിരുന്നു. ആ കാഴ്ച്ചകള്‍ക്കിടെ എഴുന്നേറ്റ് ടോയ്‌ലറ്റില്‍ പോയപ്പോള്‍, ചുവരില്‍ മലയാളത്തിലുള്ള അശ്ലീലങ്ങള്‍ നിറയെ എഴുതിവച്ചിരിക്കുന്നു. ഈ കാര്യത്തില്‍ മലയാളിയെ വെല്ലാന്‍ ആര്‍ക്കും പറ്റില്ല. ഒന്നിന് പോയി രണ്ടും കഴിച്ചു തിരികെ വന്നപ്പോള്‍ എന്റെ സീറ്റില്‍ ഒരു ഗര്‍ഭിണിയും ഒപ്പം ഒരു ചെറിയ കുട്ടിയും ഇരിക്കുന്നു. അവരോട് ഒന്നും പറയാതെ ബെര്‍ത്തില്‍ ഒരു തുകല്‍പ്പെട്ടി തലയിണയായി വച്ചു ചുമ്മാ കിടന്നു. ഒരു താളലയത്തോടെ ചെന്നൈ എക്സ്പ്രസ്സ് കുതിച്ചുപാഞ്ഞു. കുറച്ചിടനേരം കഴിഞ്ഞപ്പോള്‍ ഒരു മുരള്‍ച്ചയോടെ വണ്ടി ഏതോ ഒരു സ്റ്റേഷനില്‍ നിന്നു. ഞാന്‍ താഴെ ഇറങ്ങിയില്ല, അന്തരീക്ഷമാകെ ബീഡിപ്പുക നിറച്ച് ഒരു പറ്റം യാത്രക്കാര്‍ കമ്പാര്‍ട്ട്മെന്റില്‍ കയറി. ആ ദുര്‍ഗന്ധത്തില്‍ മനംമടുത്ത് ഇരിക്കുമ്പോള്‍ വീണ്ടും ചൂളം വിളിച്ച് വണ്ടി അവിടെ നിന്നും ഇഴഞ്ഞുനീങ്ങി.
വണ്ടിയുടെ താളത്തില്‍ മെല്ലെ ലയിച്ച് താനേ ഉറക്കം വന്നു. ഒടുവില്‍ കണ്ണടയാന്‍ തുടങ്ങുമ്പോഴേക്കും മഴക്കാലത്ത് മാക്രി കരയുന്നപോലെ എന്‍റെ തൊട്ടുതാഴെ കിടന്നിരുന്ന യാത്രക്കാരന്‍ കൂര്‍ക്കം വലിച്ചു മറ്റുള്ളവരെ ശല്യപ്പെടുത്തി. അങ്ങനെ വീണ്ടും ഉറങ്ങാനുള്ള ശ്രമം പാളിപ്പോയി. ഇരുട്ടിനെ തുളഞ്ഞെത്തിയ കാറ്റ് ജനാല അഴികളിലൂടെ എന്നെ വന്നു തഴുകി. ഉഷ്ണക്കാറ്റ് ആണെങ്കിലും അവയുടെ കരങ്ങള്‍ എന്നെ കുളിരണിയിപ്പിച്ചു. മറുഭാഗത്തെ ഇരിപ്പിടത്തില്‍ പ്രണയസല്ലാപം പങ്കിട്ട് രണ്ടു പേര്‍ മുഖത്തോട് മുഖം നോക്കിയിരുന്ന് ഇരുട്ടിനെ വെളുപ്പിക്കാന്‍ ശ്രമിക്കുന്നു. അവരെ ശല്യപ്പെടുത്താന്‍ വന്നെത്തിയ കാറ്റില്‍ അവളുടെ മുടി ആടിക്കളിക്കുന്നുണ്ടായിരുന്നു. ആ കാഴ്ചകളില്‍ ആകൃഷ്ടനായി ഇരിക്കവേ എന്നില്‍ നിന്നും യാത്രയായ ഉറക്കം എന്നെ തേടി വീണ്ടും വന്നെത്തി.
മദ്രാസ് സ്റ്റേഷനിലേക്ക് വണ്ടി അടുക്കാന്‍ തുടങ്ങിയപ്പോളാണ് കണ്ണുകള്‍ തുറന്നത്. മുഖമൊന്ന് കഴുകി ചുടു ചായ ഒന്ന് അകത്താക്കി. മുല്ലപ്പൂവിന്‍റെ മണം കാറ്റില്‍ പറത്തി എവിടെ നിന്നോ കയറിയ തമിഴ് പെണ്‍കൊടികള്‍ കമ്പാര്‍ട്ട്മെന്റില്‍ ഇരിപ്പ് ഉറപ്പിച്ചിരുന്നു. ആദ്യം സുഗന്ധം ആസ്വദിച്ചു എങ്കിലും പിന്നീട് അത് എന്നെ അലോസരപ്പെടുത്തി. അതില്‍ നിന്നും പുറം കാഴ്ചകളിലേക്ക് കണ്ണുകള്‍ പറിച്ചു നടാന്‍ തുടങ്ങിയപ്പോളേക്കും വണ്ടി മദിരാശി പട്ടണത്തിന്‍റെ പ്രധാന കവാടത്തിലേക്ക് പ്രവേശിച്ചു. സ്റ്റേഷന്‍ കവാടം കഴിഞ്ഞ് പുറത്തിറങ്ങി ഞങ്ങള്‍ കാഞ്ചീപുരത്തേക്കുള്ള വണ്ടി പിടിച്ചു. ചെന്നൈ പട്ടണത്തിന്റെ സൗന്ദര്യവും തിരക്കുപിടിച്ച വഴിച്ചാലുകളും കടന്ന് 10 മണിയോടുകൂടി കാഞ്ചീപുരമെന്ന ചെറുപട്ടണത്തിലെത്തി, മുറി തരപ്പെടുത്തി. കുളിച്ച് ഉഷാറോടെ പുറത്തിറങ്ങി.
എകാംബരനാഥാ നീയെ തുണ!! (എകാംബരേശ്വര ക്ഷേത്രം) : ആദ്യം പോയത് എകാംബരേശ്വര ക്ഷേത്രത്തിലേക്കാണ്. പ്രകൃതിയുടെ അഞ്ച് മൂലധാതുക്കളെ പ്രതിനിധാനം ചെയ്യുന്ന ശിവന്റെ അഞ്ച് ക്ഷേത്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം . ആരും കണ്ടാല്‍ അത്ഭുതപ്പെട്ടു പോവുന്ന വിശാലമായ നിര്‍മ്മിതി. പൂര്‍ണ്ണമായും കരിങ്കല്ലില്‍ കൊത്തിയെടുത്ത ഈ ക്ഷേത്രം സഞ്ചാരികളുടെയും വിശ്വാസികളുടേയും മനം നിറയ്ക്കും എന്ന് തീര്‍ച്ച. അകത്തേക്ക് പ്രവേശിച്ചു. രാമേശ്വരത്തെപ്പോലെ തന്നെ അതിവിശാലമായ ഇടനാഴികള്‍. അതിലൂടെ കൊത്തുപണികള്‍ ആസ്വദിച്ച് നടക്കവേ ഒരു മാവ് ദൃഷ്ടിയില്‍ പെട്ടു. ശിവപത്നിയായ പാര്‍വതി ഇവിടെ ഈ മാവിന്റെ ചുവട്ടില്‍ തപസ്സനുഷ്ടിച്ചിരുന്നെന്നും അതാണ് ഈ മാവ് ഇന്നും ഇവിടെ നിലകൊള്ളുന്നതെന്നും അവിടെ അടയാളപ്പെടുത്തിയിരിക്കുന്നുണ്ട്. പൂക്കാന്‍ വെമ്പല്‍ കൂട്ടി നില്‍ക്കുന്ന ആ മാവിന്‍ ചുവട്ടിലെ തണലില്‍ കുട്ടികള്‍ കളിക്കുന്ന കാഴ്ചയാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. കൊത്തുപണികളുടെ ചിത്രങ്ങള്‍ വീക്ഷിച്ച് അതില്‍ അത്ഭുതപ്പെട്ടു നില്‍ക്കുന്ന ഒരുപാട് വിദേശികളും ഈ മാവിന്റെ പരിസരത്ത് നില്‍ക്കുന്നുണ്ട്.
ചില കൊത്തുപണികള്‍ക്ക് മധുരയിലേപ്പോലെ നിറങ്ങള്‍ കൊടുക്കാന്‍ അവിടെ ശ്രമിക്കുന്നുണ്ടായിരുന്നു. ഇടനാഴിയില്‍ തലയ്ക്കുമുകളിലായി വൃത്താകൃതിയില്‍ നിറയെ കളങ്ങളുള്ള കല്ലില്‍ കൊത്തിയെടുത്ത ചിത്രത്തിന്, ഉള്‍ഭാഗങ്ങളില്‍ ചുവപ്പും അതിന് പുറമേയുള്ള കളങ്ങള്‍ക്ക് പച്ചയും നീലയും വെള്ളകലര്‍ന്ന തവിട്ടുനിറവും മാറി മാറി കൊടുത്തിട്ടുണ്ട്. വൃത്തത്തിന്‍റെ പുറം ഭാഗത്തെ മല്ലിപ്പൂവിന്‍റെ നിറം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ആദ്യം കാണുമ്പോള്‍ തനിമ നഷ്ടപ്പെടുത്തുകയാണോ എന്ന് സംശയം തോന്നിയെങ്കിലും ചിത്രം നോക്കിനിന്നാല്‍ മനോഹരം എന്ന് തോന്നിപ്പോകും. ഇതെല്ലാം ഭരണമാറ്റം വന്നാല്‍ പോലും എല്ലാ അധികാരികളും ക്ഷേത്രത്തെ നല്ല രീതിയില്‍ സംരക്ഷിക്കുന്നുണ്ട് എന്നതിന് ഉത്തമ തെളിവാണ്. ഇത് കേരളത്തില്‍ തകര്‍ന്നു പൊളിഞ്ഞുകിടക്കുന്ന നിര്‍മ്മിതകള്‍ കണ്ട മലയാളിക്ക് അത്ഭുതങ്ങളില്‍ ഒന്നാവും. എകാംബര നാഥനെ വണങ്ങി, കാഴ്ചകള്‍ വേണ്ടുവോളം ആസ്വദിച്ചശേഷം അവിടെ നിന്നും പുറത്തിറങ്ങി.
പട്ടിന്‍റെ ലോകത്തിലേക്ക്.. പട്ടിനേക്കാള്‍ മികച്ച കല്ലില്‍ തീര്‍ത്ത ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും കാഞ്ചീപുരം പ്രശസ്തിയാര്‍ജ്ജിച്ചത് പട്ടിന്‍റെ നാട് എന്ന പേരിലാണ്. സ്വര്‍ണ്ണനൂലിഴകളാല്‍ നെയ്ത കാഞ്ചീപുരം പട്ടുസാരികള്‍ ഇന്ന് ലോകം പ്രശസ്തമാണ്. കാഞ്ചീപുരം, ആറണി തുടങ്ങിയ പട്ടണങ്ങളിലെയും പ്രാന്തപ്രദേശത്തെയും ജനങ്ങളുടെ പ്രധാന തൊഴിലും പട്ടുസാരി നെയ്ത്താണ്. അത് കാണാനുള്ള മോഹവുമായി പഴനിമുരുഗന്‍ സ്ട്രീറ്റിലെ ഒരു നെയ്ത്തുകേന്ദ്രത്തിലേക്ക് പോയി. കണ്ണാടിപോലെ മിന്നുന്ന പട്ടിന്‍റെ മായാപ്രപഞ്ചം കണ്ടപ്പോള്‍ കണ്ണുകള്‍ ചിമ്മി.
പട്ടുനൂല്‍പ്പുഴുവൊരുക്കുന്ന സില്‍ക്കു നാരുകള്‍ക്ക് നിറം പകര്‍ന്ന് നൂല്‍ നൂറ്റ് ക്ഷമയോടെ അതിമനോഹരങ്ങളായ ഡിസൈനുകള്‍ ഒരുക്കുന്ന അവരുടെ അദ്ധ്വാനത്തെ പ്രശംസിക്കുക തന്നെ വേണം. ചിത്രങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കില്ല എന്ന് പറഞ്ഞതില്‍ ഒട്ടും വിഷമം തോന്നിയില്ല ഈ കാഴ്ചകള്‍ കണ്ടപ്പോള്‍. കാഞ്ചീപുരം പട്ടണത്തില്‍ പട്ടുല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ലഭിക്കും എങ്കിലും അതൊന്നും ഒറിജിനല്‍ ആവണമെന്നില്ല. അതുകൊണ്ട് തന്നെ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇങ്ങനെയുള്ള നെയ്ത്തുകേന്ദ്രങ്ങളില്‍ പോയി ഓര്‍ഡര്‍ കൊടുത്ത് വാങ്ങണം. എന്നാലെ ശരീരത്തില്‍ അണിയുമ്പോള്‍ തിളക്കം തോന്നുകയുളൂ. അവിടെ നിന്നും കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലേക്ക്..
ആകാശത്തെ ചുവന്ന പട്ടുടുപ്പിച്ച് സൂര്യന്‍ യാത്രയായി. മുടികളില്‍ മുല്ലപ്പൂമാലയുമണിഞ്ഞ തമിഴ് സുന്ദരികള്‍ കയ്യില്‍ ദേവിക്ക് ചാര്‍ത്താനുള്ള കുങ്കുമവും മാലയുമായി ക്ഷേത്രത്തിലേക്ക് നടന്നുവരുന്നു. അവളില്‍ ഒരുവള്‍ പറഞ്ഞ ഫലിതത്തില്‍ ചേര്‍ന്ന് കൂടെയുള്ളവര്‍ പുഞ്ചിരിതൂകി. അതൊരു ഹാസ്യച്ചിരി ആയിരുന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു . കാരണം കണ്ണെടുക്കാതെയുള്ള എന്‍റെ സൌന്ദര്യാസ്വാദനം കണ്ടപ്പോള്‍ ഒരു വായനോക്കി എന്നാവാം അവള്‍ മൊഴിഞ്ഞത്. എന്നിരുന്നാലും കണ്ണുകള്‍ എടുക്കാന്‍ തോന്നിയില്ല. കാരണം കടുംകുങ്കുമ നിറത്തിലുള്ള പുറം കുപ്പായത്തിന് മറയായി ഇളം മഞ്ഞ നിറത്തിലുള്ള ചോലയണിഞ്ഞ, പിണഞ്ഞിട്ട മുടിയെ മുല്ലപ്പൂമാലകൊണ്ട് അലങ്കരിച്ച, ചിരിക്കുമ്പോള്‍ നുണക്കുഴി വിരിയുന്ന കവിളുകളുള്ള അവളുടെ നോട്ടത്തിനും ഉണ്ടായിരുന്നു മേല്‍പ്പറഞ്ഞതിനേക്കാള്‍ പതിമ്മടങ്ങ് അഴക്! കാമാക്ഷിയമ്മനെ വണങ്ങാന്‍ എത്തിയ എനിക്ക് മുന്‍പില്‍ മറ്റൊരു ദേവത! അക്ഷികളില്‍ കാമം നിറഞ്ഞവള്‍-കാമാക്ഷി. അക്ഷിയെന്നാല്‍ കണ്ണുകളും കാമാമെന്നാല്‍ തീവ്രമായ പ്രണയവും, കണ്ണുകളില്‍ പ്രണയം കത്തിജ്വലിക്കുന്നവള്‍. ശിവനെ ജീവിതഭാഗമാക്കാന്‍ തീവ്രമായി ആഗ്രഹിച്ച പാര്‍വ്വതിയുടെ ആ രൂപം എന്റെ കണ്‍മുന്നില്‍ തെളിഞ്ഞുനില്‍ക്കുന്നു. പാര്‍വ്വതിയുടെ ഈ രൂപം പ്രതിഷ്ഠയായുള്ള ഏക ക്ഷേത്രവും ഇതുതന്നെ. അതുകൊണ്ട് തന്നെയാവാം തമിഴ് പെണ്‍കൊടികള്‍ കൂടുതലായി ഇവിടേക്ക് വരുന്നതും.
ക്ഷേത്രത്തിന്റെ അകത്തുകയറി, പടിവാതിലിനോട് ചേര്‍ന്ന് തന്നെ ഒരു ആന മസ്തകം ഇളക്കി തുമ്പിക്കൈ ആട്ടി ക്ഷേത്രത്തില്‍ നിന്ന് ഉയര്‍ന്നു വരുന്ന നാദസ്വരത്തിന്റെ അലകളില്‍ മുഴുകി നില്‍ക്കുന്നു. ഒരു പഴം കൊടുത്ത് ആനയുടെ അനുഗ്രഹം വാങ്ങുന്ന ഒരു കൊച്ചുകുട്ടി, പേടിയോടെ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ആ കുട്ടിയുടെ തലയില്‍ തുമ്പിക്കൈ വച്ച് ഗജശ്രേഷ്ഠ അനുഗ്രഹം നല്‍കി. അതെല്ലാം ആസ്വദിച്ച് ഇടനാഴിയിലേക്ക് കയറി. ഇരുട്ടുവീണ ഇടനാഴിയുടെ ഇരുവശങ്ങളിലുമായി കാവല്‍ ദേവതമാരുടെ ചിത്രങ്ങള്‍. അതിലേക്ക് സൂക്ഷിച്ച് നോക്കിയാല്‍ അവയ്ക്ക് ജീവനുള്ളതായി തോന്നും. നടന്നുനീങ്ങി ശ്രീകോവിലിന് മുന്‍പിലെ വരിയില്‍ നിന്നപ്പോള്‍ ചിത്രപ്പണികളില്‍ കണ്ണുകള്‍ ഉടക്കി. എന്നെ ആദ്യം സ്വീകരിച്ച കണ്ണുകള്‍ അവിടേയും ചിരി തൂകി നില്‍ക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വരിയില്‍ നിന്ന സമയം അറിഞ്ഞതേയില്ല.
ശ്രീകോവിലിന് മുന്‍പില്‍ ഒരു തമിഴ് ബ്രാഹ്മണന്‍ ഭക്തര്‍ക്ക് കുങ്കുമം വിതരണം ചെയ്യുന്നു. തിരുനടയിലെത്തി, വീണ മീട്ടുന്ന കാമാക്ഷിയുടെ വിഗ്രഹം അതിമനോഹരം. അകത്ത് ശാസ്ത്രികള്‍ ദേവിക്ക് മംഗളാരതിയുഴിയുകയാണ്. പത്മാസനത്തില്‍ ഇരിക്കുന്ന ദേവിയുടെ പാദങ്ങളില്‍ തുടങ്ങി മന്ദഹാസം തൂകുന്ന മുഖവും കരുണയോലുന്ന മിഴികളും, മഹാത്രിപുരസുന്ദരി തന്നെ കാമാക്ഷി ദേവി!. ഭക്തിയുടെ ശക്തി സ്രോതസ്സുകള്‍ അവിടെ മുഴങ്ങി നിന്നു. എന്‍റെ കണ്ണുകള്‍ക്ക് വിശ്രമം തരാതിരുന്ന ആ തമിഴ് പെണ്‍കൊടിയും കൂട്ടരും സപ്തസ്വരമാധുരി പൊഴിച്ചു. കീര്‍ത്തനത്തിന്‍റെ അലകള്‍ മുഴങ്ങിനിന്ന സായംസന്ധ്യയില്‍ ദേവിയെ ആരതിയുഴിയുന്ന കാഴ്ചകൂടിയായപ്പോള്‍ ഭക്തിയുടെ സ്വര്‍ഗ്ഗീയമായ അന്തരീക്ഷം ഓരോ തൂണിലും ഇടനാഴികളിലും തട്ടി പുറത്തേക്കൊഴുകി. അതില്‍ സ്വയമലിഞ്ഞു ഞാനും ദേവിയുടെ മുന്‍പില്‍ നിറകൈകള്‍കൂപ്പി നിന്നു.. സൌന്ദര്യം സംഗീതത്തിലും നിറച്ച അവളുടെ കണ്ണുകളോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. കാമാക്ഷിയമ്മ ആരേയും പ്രണയിപ്പിക്കും, പ്രണയമഴ പെയ്തിറങ്ങുന്ന അന്തരീക്ഷം സൃഷ്ടിക്കും. വെറുതെവീണ പേരല്ല കാമാക്ഷിയെന്ന് ഞാന്‍ മനസ്സിലാക്കി. ശേഷം മുറിയിലെത്തി രാത്രിയോട് വിടപറഞ്ഞു.
കിഴക്ക് വെള്ള ചായം പൂശി രംഗപ്രവേശം ചെയ്ത സൂര്യന്‍ എന്നെ തൊട്ടുവിളിച്ചു. പ്രാഥമിക കാര്യങ്ങള്‍ എല്ലാം തീരത്ത് മുറിയുടെ താക്കോല്‍ തിരികെ നല്‍കി ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി. പ്രഭാതഭക്ഷണം അകത്താക്കി നേരെ വരദരാജപ്പെരുമാളിനെ വണങ്ങാന്‍ പോയി. വിഷ്ണു പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിനും ഉണ്ട് ഒരുപാട് വ്യത്യസ്തതകള്‍. ഒടുവില്‍ സൂര്യന്‍ കത്തിജ്വലിക്കാന്‍ തുടങ്ങിയപ്പോള്‍ ആ മണ്ണിനോടും വിട പറഞ്ഞു.. ആ ചെറു പട്ടണത്തിലെ ഏത് മൂലയില്‍ ചെന്നാലും കാണാം ഒരു കമാനവും ഗോപുരവും ക്ഷേത്രവും. ക്ഷേത്രങ്ങളുടെ, പൈതൃകങ്ങളുടെ നഗരം-അതാണ് കാഞ്ചീപുരം. അതിന് തിളങ്ങുന്ന സൌന്ദര്യം നല്‍കി പട്ടിന്റെ ലോകവും.!!
ഈ യാത്ര ഞാന്‍ ഏകദേശം 7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയതാണ്. പങ്കുവയ്ക്കാന്‍ ഇങ്ങനെ ഒരു വേദി വരുന്നതിന് മുന്‍പ് കൈപ്പടയില്‍ കുറിച്ചിട്ട ഒന്ന്! അതുകൊണ്ട് തന്നെ ചിത്രങ്ങളില്‍ പലതും എന്നില്‍ നിന്നും യാത്രയായി. പഴയ എന്റെ മൊബൈല്‍ ഫോണില്‍ ശേഷിച്ച ചിത്രങ്ങള്‍ മാത്രം ഇവിടെ പങ്കുവയ്ക്കുന്നു. യാത്രകള്‍ തുടരും…