എഴുത്ത് – ഷഹീർ അരീക്കോട്.
നീലക്കൊടുവേലി തേടിയുള്ള യാത്രയല്ലിത് കാഞ്ഞിരവേലിയെന്ന കൊച്ചുഗ്രാമത്തെ തേടിയുള്ള യാത്രയാണ്. ”ആശാനേ എന്തരോ…എന്തോ…ആരാണ്ട്രാ അനുപമ? ” എന്നൊന്നും ചോദിച്ചു സീനാക്കണ്ട, ‘അനുപമ’ അതൊരു ബസ്സാണ്, ഗവിക്കാർക്ക് ആനവണ്ടിയും, വാൽപ്പാറക്കാർക്ക് തോട്ടത്തിൽഡോണും പോലെ കാഞ്ഞിരവേലിക്കാരുടെ സ്വന്തം തലാപ്പിള്ളിൽ അനുപമ.
കാഞ്ഞിരവേലി ഗ്രാമം. നേരത്തെ പെരിയാറിനും നേര്യമംഗലംകാടിനും നടുവിൽ ഒറ്റപ്പെട്ടു കിടന്നിരുന്ന, ഇപ്പോൾ മഹാ പ്രളയത്തിന്റെ കെടുതികൾ ഞെട്ടലോടെ മാത്രം ഓർക്കാൻ കഴിയുന്ന, നന്മകൾ നിറഞ്ഞ, ഗ്രാമീണ തനിമ ഒട്ടും ചോരാത്ത, ഒരു സുന്ദര ഗ്രാമം. അവർക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള രണ്ട് മാർഗ്ഗങ്ങളുണ്ട് അതിലൊന്നാണ് അനുപമ ബസ്, അനുപമ ഉറങ്ങുന്നതും ഉണരുന്നതും അവിടെയാണ്. രണ്ടാമത്തെ മാർഗ്ഗം പെരിയാറിന് കുറുകെയുള്ള നല്ല മൊഞ്ചത്തിയായ ഒരു തൂക്കുപാലമാണ്.
കഥ_ഇവിടെ_തുടങ്ങുന്നു..മാസാന്ത്യത്തിലെ ഒരു ഓഞ്ഞ ഞായറാഴ്ച, ആ ദിനം എങ്ങനെ സുന്ദരമാക്കാമെന്ന ചിന്തയോടെ കാലത്ത് 8മണിക്കു തന്നെ ബാഗും തോളിലിട്ട് ഞാൻ അടിമാലി ബസ്റ്റാന്റിലെ ബഞ്ചിൽ ആസനസ്ഥനായി. അന്നത്തെ പ്രോഗ്രാം ചാർട്ട് ചെയ്യണം, ആദ്യം പഴ്സ് തുറന്നു 200 രൂപയുണ്ട്, അതുകൊണ്ട് എന്നാ കോപ്പ്… ഒണ്ടാക്കാനാ. ഞാൻ എന്നോട് തന്നെ പറഞ്ഞു “മകനേ തളരരുത് ഊരുതെണ്ടിക്ക് എന്നാത്തിനാ ഒത്തിരി കാശ്, ഒള്ളത് കൊണ്ട് ഓണം പോലെ” എന്ന് കരുതി പച്ച വെള്ളം മാത്രം കുടിച്ചും പച്ചില പറിച്ച് തിന്നും ലിഫ്റ്റ് എരന്നും യാത്ര ചെയ്യാനൊന്നും എന്നെ കിട്ടത്തില്ല…ഹല്ല പിന്നെ.
ബഡ്ജറ്റിനനുസരിച്ച ഒരു സ്ഥലത്തെക്കുറിച്ച് ആലോചിച്ച് കിളി പോയി നിൽക്കുമ്പോഴാണ് ‘കാഞ്ഞിരവേലി’യെക്കുറിച്ച് ഓർത്തത്. നേരത്തെ ആരോ പറഞ്ഞ് കേട്ട അറിവേ ഉള്ളൂ, അവിടേക്ക് ഒരു ബസ് സർവീസ് നടത്തുന്നുണ്ടെന്നും പറഞ്ഞു കേട്ടിട്ടുണ്ട് നിലവിൽ അത് ഉണ്ടോ എന്നോ, സമയമോ ഒന്നും അറിയില്ലല്ലോ?…what to do?. ഏതായാലും നേര്യമംഗലത്ത് പോകാം അവിടെ ചെന്നിട്ട് ബാക്കി നോക്കാം, ചലോ ചലോ നേര്യമംഗലം… പിന്നല്ല.
അടുത്ത സീനിൽ നേര്യമംഗലത്തേക്ക് ആനവണ്ടി കാത്തു നിൽക്കുന്ന ഞ്യാൻ, ചുമ്മാ ആനവണ്ടിയല്ല, മുൻപിലെ കണ്ടക്ടർ സീറ്റോ അല്ലെങ്കിൽ അതിന് തൊട്ടുപിറകിലെ സീറ്റോ കാലിയായിട്ടുള്ള അൽ-ആനവണ്ടി, അങ്ങനാണേലേ ഈ ഞ്യാൻ കേറൂ ഞാനാരാ മോൻ… ആ സീറ്റിലിരുന്നാലേ ബസിന്റെ ഫ്രന്റ്ഗ്ലാസിലൂടെ വീഡിയോ പിടിക്കാൻ പറ്റൂ, അല്ലാതെ അഹങ്കാരം കൊണ്ടൊന്നും അല്ലാട്ടോ…ആ പിന്നേ…ഈ പൊട്ട ഫോണും കൊണ്ടല്ലേ വീഡിയോ പിടിക്കുന്നത്, ഒന്നു പോടാ പ്പാ (ആത്മഗതം), ആനവണ്ടി മൂന്നെണ്ണം പോയി, നോ രക്ഷ അടുത്തതിൽ ചാടിക്കേറി ഏതായാലും ഇത്തവണ സെക്കന്റ് ഓപ്ക്ഷൻ കിട്ടി, സലിം കുമാർ പറഞ്ഞതുപോലെ ‘അതിൽ ഞ്യാൻ തിരുപതനായി’ അപ്പോൾ സമയം 9:15.
9:25 ന് എന്റെ യാത്ര ആരംഭിച്ചു അടിമാലി-നേര്യമംഗലം ടിക്കറ്റ് 33 രൂപ. 10:25 ന് നേര്യമംഗലത്തെത്തി, ബസ്റ്റാന്റിൽ കണ്ട ചെറിയ ഒരു ചായക്കടയിൽ കയറി ചായയും ഉള്ളിവടയും കഴിച്ചു കഴിഞ്ഞ് കാഞ്ഞിരവേലിക്കുള്ള ബസിനെക്കുറിച്ചന്വേഷിച്ചു. 12 മണിക്ക് അനുപമയുണ്ടെന്ന് അറിയാൻ സാധിച്ചു. അവള് മാത്രമേ ഉള്ളൂ അതും ഒന്ന് വീതം നാല് നേരം. അവിടെ “ആരെ കാണാനാ, എവിടെപ്പോകാനാ, എന്നാ കാര്യത്തിനാ” എന്നീ ചോദ്യങ്ങളും അന്തരീക്ഷത്തിൽ മുഴങ്ങി. കേട്ടറിവ് മാത്രമുള്ള ഒരു ഗ്രാമം നേരിൽ കാണാൻ മാത്രമാണ് എന്റെ യാത്ര എന്ന് പറഞ്ഞപ്പോൾ ചിലരുടെ മുഖത്ത് പുഛം, സംശയം, അന്തം വിടൽ എന്നീ ഭാവങ്ങൾ ഞാൻ വായിച്ചെടുത്തു. ഒരു മണിക്കൂറിലധികം സമയം ഇനിയും കിടക്കുന്നു. നേരെ നേര്യമംഗലം പാലത്തിലേക്ക് നീങ്ങി.
നേര്യമംഗലം_പാലം. സൗത്ത് ഇന്ത്യയിലെ പ്രഥമ ആർച്ച് പാലമാണ് കേരളത്തിലെ എറണാകുളം-ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലം. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സേതു ലക്ഷ്മി ഭായിയുടെ കാലത്ത് 1924 ലാണ് പാലം നിർമ്മാണം ആരംഭിച്ചത്. 1935 മാർച്ച് 2-നാണ് ശ്രീചിത്തിരതിരുനാൾ രാമവർമ്മ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. സുർഖി മിശ്രിതം ഉപയോഗിച്ചാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. വലിയ വാഹനങ്ങൾക്ക് വൺവേ ആയി മാത്രമേ ഇതിലൂടെ സഞ്ചരിക്കാനാകൂ, അത്ര വീതിയേ ഇതിനുള്ളൂ അത് കൊണ്ട് തന്നെ അണ്ടിയാണോ മാങ്ങയാണോ മൂത്തത് എന്ന തർക്കം മൂലം പലപ്പോഴും ഇവിടെ ഗതാഗത തടസ്സം അനുഭവപ്പെടാറുണ്ട്. ഇതിന് പരിഹാരമായി ഈയടുത്ത കാലത്തായി ഇവിടെ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്, എന്നിട്ടും പലരും സിഗ്നൽ തെറ്റിച്ച് വണ്ടിയോടിച്ച് ബ്ലോക്കുണ്ടാക്കുന്നത് കാണാനിടയായി.
അവിടെ കുറച്ച് സമയം ചുറ്റിയടിച്ച് വീണ്ടും ബസ്റ്റാന്റിൽ വന്നു. വെയ്റ്റിംഗ് ഷെഡ്ഡിൽ നിൽക്കുന്ന ചിലരുടെ കയ്യിലെ കൂടും കുടുക്കയും കണ്ടാലറിയാം അനുപമയെ കാത്തു നിൽക്കുവാണെന്ന്. ഗവിയും വാൽപ്പാറയും മനസ്സിലേക്കോടിയെത്തി. മണി പന്ത്രണ്ടു കഴിഞ്ഞു അവളെ കണ്ടില്ല. “വരാന്ന് പറഞ്ഞിട്ട് മോള് വരാതിരിക്കര്തേ, വരാതിരുന്നാല് ചേട്ടന് പരാതി തീരൂല്ല” എന്നൊക്കെ ഓരോരുത്തർ മൂളാൻ തുടങ്ങി. അങ്ങനെ 12:15 ന് കക്ഷി ഹാജറായി. ഞാൻ പുറകിലത്തെ ഡോറിന് മുൻപിലെ സൈഡ് സീറ്റിലിരുന്നു. ഏകദേശം സീറ്റ് ലോഡ് ആളുണ്ടായിരുന്നു. കണ്ടക്ടർ വന്നു ഞാൻ: “ഒരു കാഞ്ഞിരവേലി” സംശയഭാവത്തിൽ മറുചോദ്യം ഏത് സ്റ്റോപ്പ്? വീണ്ടും ഞാൻ: “വണ്ടി പോകുന്നിടം വരെ” ആശാൻ ചിരിച്ചു കൊണ്ട് ടിക്കറ്റ് തന്നു 13 രൂപ. വണ്ടിയിലുള്ള ഞാനല്ലാത്ത എല്ലാവരും കക്ഷിയുടെ ചിരപരിചിതരാണന്ന് എനിക്ക് മനസ്സിലായി.
നേര്യമംഗലം-അടിമാലി റൂട്ടിൽ നേര്യമംഗലം പാലം കടന്ന് വലതു വശത്ത് ആദ്യം കാണുന്ന റോഡിലേക്ക് ബസ് പ്രവേശിച്ചു. “ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ…..”, “നമ്മള് കൊയ്യും വയലെല്ലാം…..” എന്നീ പാട്ടുകൾക്കനുസരിച്ച് റോഡിൽ നൃത്തമാടിക്കൊണ്ട് (നൃത്തം പഠിക്കാൻ പറ്റിയ റോഡാണ്) അവൾ മുന്നോട്ട്. റോഡിന്റെ ഒരു വശത്ത് ആനശല്യം തീർക്കാൻ ഫെൻസിംഗ് ഇട്ട നേര്യമംഗലം വനം. തേക്കിൻ കാടുകൾ, റബർ തോട്ടങ്ങൾ, കൊക്കോമരങ്ങൾ, തെങ്ങുകൾ, ദൂരെയായി കാണുന്ന കൂറ്റൻ പാറകൾ, ദേവിയാർ തോട് എന്നിവയും മറുവശത്ത് പെരിയാർ നദിക്കരയോട് ചേർന്ന ജനവാസ കേന്ദ്രങ്ങളോ, കൃഷിയിടങ്ങളോ ആയ മനോഹര ദൃശ്യങ്ങൾ കാണാനായി. 3.5 കിലോമീറ്റർ ദൂരം അര മണിക്കൂറിൽ താഴെ സമയമെടുത്ത് ലക്ഷ്യത്തിലെത്തി. അവിടെ ഇറങ്ങാൻ ഞാനും ഒരു ചെറിയ പയ്യനും മാത്രം. ടാറിംഗ് വഴി കടന്ന് ബസ് ഒരു കാട്ടിനകത്തേക്ക് കയറ്റി പാർക്ക് ചെയ്‌തു അതാണ് അവിടത്തെ ബസ്റ്റാന്റ്.
ഡ്രൈവറെയും കണ്ടക്ടറെയും പരിചയപ്പെട്ടു – ദിലീപും, അജിയും. 15 മിനിറ്റ് കഴിഞ്ഞാൽ ബസ് തിരികെ പുറപ്പടുമെന്ന് പറഞ്ഞ് കൊണ്ടുവന്ന ഭക്ഷണം കഴിക്കാനായി അവർ ഇരുന്നു. ഇവിടുന്ന് പിന്നെ അടുത്ത ട്രിപ്പ് 4:35നാണ്. പട്ടിക്കുട്ടി ചന്തയിൽ പോയ അവസ്ഥയായല്ലോ എന്റേത് എന്നോർത്തു പോയി ഞാൻ. ഏതായാലും കാടിനകത്ത് കണ്ട തോട്ടിലെ തെളിനീരുകൊണ്ട് മുഖവും കൈകാലുകളും കഴുകി കയ്യിലുണ്ടായിരുന്ന ഓറഞ്ചും കഴിച്ചപ്പോൾ ഞാൻ വീണ്ടും ആക്ടീവായി. അപ്പോഴേക്കും അവർ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഒരാളുമായി അവിടത്തെ ആനശല്യത്തെക്കുറിച്ചൊക്കെ സംസാരിച്ചിരിക്കുകയാണ്. യാത്രക്കാരായി നാലഞ്ചു പേർ കയറിയിരിപ്പുണ്ട്.
ഞാൻ സാനു ചേട്ടനെ പരിചയപ്പെട്ടു. മലപ്പുറത്തുകാരനാണെങ്കിലും അടിമാലിക്കാരനായിട്ടാണ് ഇവിടെ വന്നതെന്നും ആഗമനോദ്ദേശവും അറിയിച്ചപ്പോൾ പുള്ളി ആദ്യം ചോദിച്ചത് തൂക്കുപാലം കണ്ടോ എന്നായിരുന്നു. ഇല്ല പക്ഷെ ഞാനവിടെപ്പോയിട്ട് വരുമ്പോഴേക്ക് പിന്നെ എങ്ങനെ തിരികെപ്പോകും? വീണ്ടും…what to do?. അദ്ദേഹത്തിന്റെ ഉത്തരം സിമ്പിളായിരുന്നു, തുക്കു പാലം കടന്ന് അക്കരെ ചെന്ന് കുറച്ച് ദൂരം നടന്നാൽ ഇടുക്കി-നേര്യമംഗലം റോഡിലേക്കെത്താം അവിടന്ന് ബസ്സിന് പോകാം. കേട്ടത് പാതി കേൾക്കാത്തത് പാതി നന്ദിയും പറഞ്ഞ് അവർ ചൂണ്ടിക്കാണിച്ച കൊക്കോമരങ്ങൾ ചാഞ്ഞു കിടക്കുന്ന വഴിയെ ഞാനോടി. ആ ഓട്ടം നിന്നത് തൂക്കുപാലത്തിലായിരുന്നു.
‘കണ്ടത് മനോഹരം കാണാനിരിക്കുന്നത് അതി മനോഹരം’. കാഞ്ഞിരവേലി തൂക്കുപാലം. 128 മീറ്ററോളം നീളവും ഒരു മീറ്റർ വീതിയുമായി പെരിയാറിന് കുറുകെ സ്ഥിതി ചെയ്യുന്നു. എറണാകുളം ജില്ലയിലെ കവളങ്ങാട് പഞ്ചായത്തിലെ മണിയംപാറയെയും ഇടുക്കി ജില്ലയിലെ അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയെയും തമ്മിൽ ബന്ധിപ്പിക്കുന്നു. വനാന്തരത്തിൽ ഒറ്റപ്പെട്ടുകഴിയുന്ന കാഞ്ഞിരവേലി നിവാസികളുടെ പ്രധാന ആശ്രയമാണീ പാലം. നല്ല മൊഞ്ചത്തിയായ കാൽനടയാത്ര മാത്രം സാദ്ധ്യവുമായ, KEL നിർമ്മിച്ച വീതി കുറഞ്ഞ ഒരു തൂക്കുപാലം.
“ദോണ്ടേ, ലവള് പെരിയാറിന് കുറുകെ നെഞ്ചും വിരിച്ച് നിക്കണ ആ കാഴചയുണ്ടല്ലോ, എന്റെ സാറേ… ഒന്നും പറയാനില്ല, അൽ-കിടു”. ആ നട്ടുച്ച നേരത്ത് പാലത്തിൽ ഞാൻ മാത്രം, പാലത്തിന്റെ ഒരറ്റത്ത് നിൽക്കുമ്പോഴും അപ്പുറത്തെ അറ്റത്ത് ആരെങ്കിലും കയറിയാൽ നമുക്ക് പെട്ടൊന്ന് അറിയാൻ പറ്റും. ജുറാസിക് പാർക്ക് സിനിമയിൽ ഭീകരനായ ഡിനോസർ വരുമ്പോഴുള്ള ആ പ്രകംഭനം (ഡും…ഡും…ഡും) മനസ്സിലേക്കോടി വന്നു.
ഇവിടെ കാഴ്ചക്കാരായി ആളുകൾ വരാറുണ്ടോയെന്ന് പാലത്തിലൂടെ കടന്നുപോയ ഒരു ചേട്ടനോട് ഞാൻ അന്വേഷിച്ചു. നേരത്തെ ധാരാളം പയ്യൻമാർ വരാറുണ്ടായിരുന്നെന്നും, അവർ പാലം പിടിച്ച് കുലുക്കിയും, പാലം നശിപ്പിക്കുന്ന രീതിയിലുള്ള മറ്റ് അലമ്പുകൾ കാണിക്കുകയും ചെയ്തതിന്റ ഫലമായി നാട്ടുകാർ അവരെ കൈകാര്യം ചെയ്ത് ഓടിച്ച് വിടുമായിരുവെന്നും, പിന്നീട് അധികമാരും വരാതായി എന്നുമാണ് മറുപടി കിട്ടിയത്. നാട്ടുകാരെ പറഞ്ഞിട്ട് കാര്യമില്ല, കാരണം ഈ പാലമാണ് അവരുടെ ‘ജീവനും ജീവനാഡിയും.’
അര മണിക്കൂറോളം ഞാനവിടെ ചിലവഴിച്ചു. അക്കരെ കടന്ന് വലതു ഭാഗത്തേക്കുള്ള ചെറിയ റോഡിലൂടെ മുന്നോട്ട് നടന്നു. 15 മിനിറ്റുകൊണ്ട് കട്ടപ്പന-എറണാകുളം റൂട്ടിലെ ചെമ്പക്കുഴി ഷാപ്പിനടുത്തുള്ള ബസ്റ്റോപ്പിലെത്തി. അവിടെ ഒരു ചേച്ചിയുടെ കടയിൽ നിന്ന് ഒരു സോഡാ നാരങ്ങ വെള്ളം കുടിച്ച് ക്ഷീണം തീർത്ത് വെയ്റ്റിംഗ് ഷെഡ്ഡിൽ ഇരുന്നു. ഒരുമണിക്കൂർ കട്ട പോസ്റ്റ്. ദേ വരുന്നു കൊക്കാടൻസ് ബസ്. 10 രൂപ ടിക്കറ്റെടുത്ത് നേര്യമംഗലത്ത് തിരിച്ചെത്തി.
വിശന്നിട്ട് കണ്ണിൽ ഇരുട്ടുകേറിത്തുടങ്ങി. ആദ്യം കണ്ട ഒരു ചെറിയ ഹോട്ടലിൽ ചാടിക്കേറി. സാമ്പാറും, പച്ചമോരും, തേങ്ങാ ചമ്മന്തിയും, അവിയലും, മാങ്ങ ഇട്ടു വെച്ച മീൻപീരയും മത്തി വറുത്തതും എല്ലാമായി ഗംഭീരമായ ഊണിനോട് ഗുസ്തി പിടിച്ച് 80 രൂപയും കൊടുത്ത് ഏമ്പക്കവും വിട്ട് പുറത്തിറങ്ങിയപ്പോൾ സമയം 3:30. അൽപ നേരത്തെ വിശ്രമത്തിന് ശേഷം അടിമാലി ബസിൽ കയറി ചീയപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് ഇറങ്ങി.
ചീയപ്പാറ_വെള്ളച്ചാട്ടം.എറണാകുളം ജില്ലയിലെ നേര്യമംഗലത്തിനും ഇടുക്കി ജില്ലയിലെ അടിമാലിയ്ക്കും ഇടയിലായി കൊച്ചി-ധനുഷ്കോടി ദേശീയപാതയിലുള്ള ജലപാതമാണ് ചീയപ്പാറ വെള്ളച്ചാട്ടം. മൂന്നാർ സന്ദർശകരുടെ ഒരു പ്രധാന ഇടത്താവളമാണ് ചീയപ്പാറ. ഇവിടെ നിന്നും ഏഴു തട്ടുകളിലായി ജലം താഴേക്ക് പതിക്കുന്നു. വർഷകാലത്ത് സമൃദ്ധമായ ജലപാതം വേനലിൽ വറ്റി വരളും.അൽപസമയം അവിടെ ചിലവഴിച്ച് വീണ്ടും അടിമാലിയിലേക്ക്. അതി മനോഹരമായ ഒരു ഞായറാഴ്ച സമ്മാനിച്ച കാഞ്ഞിരവേലിക്ക് നന്ദി അറിയിച്ചുകൊണ്ട്…
പിൻകുറി: 1) ബസ് സമയം: കാഞ്ഞിരവേലിയിൽ നിന്നും :- 07:05/ 09:55/ 01:05/ 04:35. കോതമംഗലത്തു നിന്നും :- 08:20/ 11:15/ 03:15/ 06:35. 2) അവിടെ പോകുന്നവർ മാന്യമായി കാഴ്ചകൾ മാത്രം കണ്ട് മടങ്ങുക, നാട്ടുകാർക്ക് പണിയുണ്ടാക്കരുത് എന്ന് അപേക്ഷിക്കുന്നു.