83 വർഷങ്ങൾക്ക് മുൻപ് കണ്ണൂരിൽ വിമാനമിറങ്ങിയ കഥ കേട്ടിട്ടുണ്ടോ?

കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം ഇന്ന് കണ്ണൂർ എയർപോർട്ട് ആണെന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ. ഏറെനാളത്തെ കാത്തിരിപ്പിനു ശേഷമാണ് കണ്ണൂരിൽ ഒരു എയർപോർട്ട് വന്നത്. കേരളമെമ്പാടും ആ വാർത്ത ഏറെ സന്തോഷത്തോടെയാണ് കണ്ടതും കേട്ടതുമെല്ലാം. എന്നാൽ കണ്ണൂരിൽ പണ്ട് വിമാനങ്ങൾ ഇറങ്ങിയിരുന്ന കാര്യം ആർക്കെങ്കിലും അറിയാമോ? എങ്കിൽ കേട്ടോളൂ, ഏതാണ്ട് എൺപതു വർഷങ്ങൾക്കു മുൻപ് കണ്ണൂരിൽ വിമാനം ഇറങ്ങിയിരുന്നു. അതും യാത്രാവിമാനം. ആ വിശേഷങ്ങളെക്കുറിച്ചാണ് ഈ ലേഖനം.

എങ്ങനെയാണ് കണ്ണൂരിൽ ഇങ്ങനെയൊരു വിമാനസർവീസ് ഉണ്ടായത്? എവിടെയായിരുന്നു അന്ന് വിമാനം ഇറങ്ങിയിരുന്നത്? അതിനുള്ള ഉത്തരം ഇതാ : കറാച്ചി – മദ്രാസ് റൂട്ടിൽ സർവ്വീസ് നടത്തുകയായിരുന്ന ടാറ്റാ സർവ്വീസിന്റെ ‘ഡിഎച്ച് 80 ഫോക്സ്മോത്ത്’ വിമാനം അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലവർമ്മയ്ക്ക് അന്നത്തെ ബ്രിട്ടീഷ് വൈസ്രോയി വെല്ലിംഗ്ടൺ പ്രഭുവിന്റെ ബർത്ത് ഡേ ആശംസയും ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ കോപ്പിയുമായിട്ടായിരുന്നു തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. ടാറ്റ ഗ്രൂപ്പ് ഉടമ ജെ.ആർ.ഡി. ടാറ്റ തന്നെയായിരുന്നു ഈ വിമാനം പറത്തിയിരുന്നതും. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനും കൂടി വേണ്ടിയായിരുന്നു കണ്ണൂരിൽ ഇറങ്ങിയിരുന്നത്. എയർ സ്ട്രിപ്പ് ഒന്നും ഇല്ലാതിരുന്നതിനാൽ കണ്ണൂർ കന്റോണ്മെന്റിലെ ബ്രിട്ടീഷ് മിലിട്ടറി ആസ്ഥാനത്തെ മൈതാനമായിരുന്നു അന്നത്തെ റൺവേ.

കണ്ണൂരിൽ അപ്രതീക്ഷിതമായി ഒരു വിമാനം ഇറങ്ങുന്നതു കണ്ട കുട്ടികളും മറ്റു നാട്ടുകാരുമെല്ലാം മൈതാനത്തിനു സമീപം തടിച്ചു കൂടിയിരുന്നതായി പഴയ ആളുകൾ ഓർമ്മിക്കുന്നു. നിറയെ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നതിനാൽ വിമാനത്തിൽ തൊടാനും മറ്റുമുള്ള ആളുകളുടെ ശ്രമം വിഫലമായി. കണ്ണൂരില്‍ ആദ്യമായി വിമാനമിറങ്ങുന്നതിന് അന്ന് കൊച്ചുകുട്ടിയായ താനും സാക്ഷിയായിരുന്നതായി അന്തരിച്ച വ്യവസായ പ്രമുഖന്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ ആത്മകഥയായ ‘കൃഷ്ണലീല’യില്‍ പറയുന്നുണ്ട്. 

ഈ സംഭവത്തിന‌് കേവലം മൂന്നുവർഷം മുമ്പാണ‌് ഇന്ത്യയുടെ ആദ്യവിമാനം ചിറക‌് വിരിച്ചത‌്. 1932 ഒക്ടോബർ 15നായിരുന്നു അത്. കറാച്ചി – മദ്രാസ് വിമാന സർവ്വീസ് വന്നതോടെ അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലവർമ്മയുടെ ആവശ്യപ്രകാരമായിരുന്നു ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ എയർലൈനായിരുന്ന ടാറ്റാ എയർ സർവ്വീസ് 1935 ൽ തിരുവനന്തപുരത്തേക്ക് വിമാന സർവ്വീസ് ആരംഭിച്ചത്. അന്നത്തെ കാലത്ത് തിരുവനന്തപുരത്തു നിന്നും ബോംബെയിലേക്ക് ട്രെയിൻ മാർഗ്ഗം യാത്ര ചെയ്യുവാൻ 58 മണിക്കൂറോളം എടുക്കുമായിരുന്നു. ഈ യാത്രാ ദൈർഘ്യം കുറയ്ക്കുന്നതിനും കൂടി വേണ്ടിയായിരുന്നു വിമാന സർവീസിനായി രാജാവ് മുൻകൈ എടുത്തത്.

എല്ലാ ബുധനാഴ്ചകളിലും സർവ്വീസ് നടത്തിയിരുന്ന ഈ വിമാനത്തിനു ബോംബൈയ്ക്കും തിരുവനന്തപുരത്തിനുമിടയിൽ രണ്ടു സ്റ്റോപ്പുകൾ ഉണ്ടായിരുന്നു. ഒന്ന് ഗോവയിലും മറ്റൊന്ന് നമ്മുടെ കണ്ണൂരിലും ആയിരുന്നു. ഈ രണ്ടിടങ്ങളിലും വിമാനത്തിന് ഇന്ധനം നിറയ്ക്കുവാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. ജെ ആർ ഡി ടാറ്റയുടെ സുഹൃത്തുക്കളായ ജാൽ നവറോജിയും ബോംബെയിലെ വ്യവസായി സേഠ‌് കാഞ്ചി ദ്വാരകാ ദാസുമായിരുന്നു കണ്ണൂരിലിറങ്ങിയ വിമാനത്തിലെ യാത്രക്കാർ. ബോംബെയിൽ നിന്നും കണ്ണൂരിലേക്ക് 135 രൂപയായിരുന്നു ചാർജ്ജ്. അന്നത്തെ 135 രൂപയുടെ മൂലവും കൂടി ഒന്നോർക്കണേ. ഇതേ വിമാനത്തിൽ ഗോവയിൽ നിന്നും കണ്ണൂരിലേക്ക് 75 രൂപ ടിക്കറ്റ് എടുത്താൽ മതിയായിരുന്നു. കൂടാതെ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് 60 രൂപ നിരക്കിലും സഞ്ചരിക്കാമായിരുന്നു.

ടാറ്റ തുടക്കമിട്ട എയർസർവീസാണ് പിന്നീട‌് ഇന്ത്യയുടെ ഔദ്യോഗികവിമാന സേവനദാതാവായ എയർ ഇന്ത്യയായി രൂപാന്തരം പ്രാപിച്ചത്. കണ്ണൂരിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും ഇറങ്ങുന്ന ഇന്ന് ആ പഴയകാല സർവ്വീസിനെ ഓർക്കുന്ന ആരെങ്കിലും ഉണ്ടാകുമോ?

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട് – ഇന്ത്യൻ എക്സ്പ്രസ്സ്, മനോരമ ഓൺലൈൻ, വിവിധ ഓൺലൈൻ മാധ്യമങ്ങൾ.