കണ്ണൂർക്കാർ ഒരിക്കലും മറക്കാത്ത ഒരു ദിവസമായിരിക്കും 2018 ഡിസംബർ 9. കാരണം വർഷങ്ങളോളമായി ഒരു എയർപോർട്ടിനായുള്ള അവരുടെ കാത്തിരിപ്പ് സഫലമായ ദിവസമാണ് അത്. പണ്ടുമുതലേ വടക്കൻ കേരളത്തോടും അവിടത്തുകാരോടും എനിക്ക് വല്ലാത്തൊരു അടുപ്പമുണ്ട്. അതുകൊണ്ടുതന്നെയാണ് കണ്ണൂർക്കാരുടെ സന്തോഷത്തിൽ പങ്കുചേരുവാനും എയർപോർട്ടിൽ നിന്നുള്ള ആദ്യത്തെ ആഭ്യന്തര സർവ്വീസിൽ യാത്ര ചെയ്യുവാനും എനിക്ക് ആഗ്രഹമുണ്ടായത്.
കണ്ണൂർ ജില്ല കണ്ട ഏറ്റവും വലിയ ഉത്ഘാടനച്ചടങ്ങ് ആയിരുന്നു എയർപോർട്ടിന്റേത്. ലക്ഷക്കണക്കിന് ആളുകളായിരുന്നു അന്നേദിവസം അവിടെ എത്തിച്ചേർന്നിരുന്നത് എന്നു പറയുമ്പോൾത്തന്നെ ആ തിരക്ക് ഊഹിക്കാമല്ലോ. തലേദിവസം കണ്ണൂരിൽ താമസിച്ച ഞാൻ രാവിലെതന്നെ എയർപോർട്ടിലേക്ക് യാത്രയായി. ഞാൻ അവിടെയെത്തുമ്പോൾ ഉത്ഘാടനച്ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ചടങ്ങ് വീക്ഷിക്കുവാൻ നിൽക്കാതെ ഞാൻ നേരെ എയർപോർട്ട് ടെര്മിനലിനരികിലേക്ക് നീങ്ങി.
നല്ല വെയിലും ചൂടും ഉണ്ടായിരുന്നുവെങ്കിലും അതിന്റെയൊന്നും വകവെയ്ക്കാതെയായിരുന്നു ആളുകൾ വന്നിരുന്നത്. കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ് കണ്ണൂർ എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. നെടുമ്പാശ്ശേരി എയർപോർട്ടിന്റെ ടെർമിനൽ 3 പോലെത്തന്നെ രണ്ടു നിലകളിലായാണ് എയർപോർട്ട്. എയർപോർട്ട് ടെർമിനലിൽ എടിഎം കൗണ്ടറുകളും ഒരു പോസ്റ്റ് ഓഫീസും പ്രവർത്തിക്കുന്നുണ്ട്. താഴത്തെ കാഴ്ചകൾ കണ്ടുകൊണ്ട് ഞാൻ പതിയെ മുകൾ നിലയിലേക്ക് നീങ്ങി.
ഡിപ്പാർച്ചർ ഗേറ്റുകൾ മുകളിലെ നിലയിലായിരുന്നു. ആൾക്കൂട്ടത്തിൽ നിരവധിയാളുകൾ എന്നെ വന്നു പരിചയപ്പെടുന്നുണ്ടായിരുന്നു. എല്ലാവരും വീഡിയോകൾ കാണുന്നവരുമാണ്. ഇത്ര തിരക്കിനിടയിലും അവർ എന്നെ വന്നു പരിചയപ്പെട്ടത് എനിക്ക് എന്തെന്നില്ലാത്ത സന്തോഷമാണ് ഉണ്ടാക്കിയത്. അങ്ങനെ നിൽക്കുന്നതിനിടെയാണ് ഒരു ഭാഗത്ത് ആളുകളുടെ ഭയങ്കര തിരക്ക് ഞാൻ ശ്രദ്ധിക്കുന്നത്. ഉടനെ ഞാൻ അവിടേക്ക് ചെന്നു. അവിടെ നിന്നാൽ റൺവേ കാണാമായിരുന്നു.
ആൾക്കൂട്ടത്തോടൊപ്പം നോക്കി നിൽക്കെ അതാ പറന്നുയർന്നു കണ്ണൂരിൽ നിന്നുള്ള ആദ്യത്തെ യാത്രാവിമാനം – അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്. വിമാനം പറന്നുയർന്നതോടെ ആളുകൾ ആർപ്പുവിളിച്ച് സന്തോഷം പ്രകടിപ്പിച്ചു. പത്തനംതിട്ടക്കാരനായിട്ടു പോലും എനിക്ക് ആ സമയത്ത് എന്തെന്നില്ലാത്ത ഒരു ഫീൽ ആയിരുന്നു. അപ്പോൾ കണ്ണൂർക്കാരുടെ കാര്യം പറയാനുണ്ടോ?
ആദ്യ വിമാനം പൊങ്ങിയതോടെ ആളുകൾ തിരികെപ്പോകുവാൻ തുടങ്ങി. ഞാൻ ടെര്മിനലിനകത്തേക്കും കയറി. വളരെ മനോഹരമായിരുന്നു എയർപോർട്ട് ടെർമിനലിനകത്തെ കാഴ്ചകൾ. ഡിപ്പാർച്ചർ ഏരിയയിൽ വലിയൊരു പൂക്കളം ഇട്ടു വെച്ചിട്ടുണ്ടായിരുന്നു. ഭിത്തിയിൽ കഥകളി, തെയ്യം, കളരിപ്പയറ്റ് തുടങ്ങിയ കലാരൂപങ്ങളുടെ മനോഹരങ്ങളായ ദൃശ്യങ്ങൾ നമുക്ക് കാണാവുന്നതാണ്. മൊത്തത്തിൽ ഒരു കേരളത്തനിമ ഫീൽ ചെയ്യുന്നുണ്ടായിരുന്ന അവിടമാകെ.
കണ്ണൂരിൽ നിന്നും ആദ്യമായി ആഭ്യന്തര സർവ്വീസ് നടത്തുന്ന വിമാനം ഗോ-എയർ ആയിരുന്നു. തിരുവനന്തപുരം, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് അന്നേദിവസം സർവ്വീസുകൾ ഉണ്ടെന്ന് എനിക്ക് അറിയുവാൻ സാധിച്ചു. സാധാരണ ചെക്ക് ഇൻ കൗണ്ടറുകൾക്ക് പുറമെ യാത്രക്കാർക്ക് സ്വന്തമായി ചെക്ക് ഇൻ ചെയ്യുവാൻ സാധിക്കുന്ന കിയോസ്‌ക്കുകളും അവിടെ പ്രവർത്തന സജ്ജമാണ്. തിരക്കുള്ള സമയങ്ങളിൽ ചെക്ക് ഇൻ ചെയ്യുവാൻ ഈ സൗകര്യം എളുപ്പമാക്കും. തിരക്കില്ലാത്തതിനാൽ ഞാൻ സാധാരണ ചെക്ക് ഇൻ കൗണ്ടറിലേക്കായിരുന്നു ചെന്നത്.
എന്തോ കാരണവശാൽ ഞാൻ ബുക്ക് ചെയ്തിരുന്ന സീറ്റ് അല്ല എനിക്ക് ലഭിച്ചത്. അത് എന്തുകൊണ്ടാണെന്നു ഞാൻ മനസ്സിലാക്കിയത് പിന്നീടായിരുന്നു. എന്തേലും ആകട്ടേയെന്നു വെച്ച് ബോർഡിംഗ് പാസും വാങ്ങി ഞാൻ സെക്യൂരിറ്റി ചെക്കിലേക്ക് നടന്നു. സെക്യൂരിറ്റി ചെക്കിംഗുകൾക്കു ശേഷം ഞാൻ ഗേറ്റിനു സമീപത്തെ ലോഞ്ചിലെക്ക് പോയി. അവിടെ നിന്നാൽ എയർപോർട്ടിലെ റൺവേ കാണുവാൻ സാധിക്കുമായിരുന്നു. പുറത്തു നിന്നുള്ളവർ മതിലിലും മറ്റും അള്ളിപ്പിടിച്ചു റൺവേയിലേക്ക് നോക്കി നിൽക്കുന്ന കാഴ്ച ഞാൻ അവിടെ നിന്നും കണ്ടു.
സമയം ഉച്ചയ്ക്ക് 12 മണിയായതേയുള്ളൂ. എൻ്റെ ഫ്‌ളൈറ്റ് ആണെങ്കിൽ വൈകിട്ട് മൂന്നു മണിക്കാണ്. എനിക്കാണെങ്കിൽ ഭയങ്കര വിശപ്പും ദാഹവും. എയർപോർട്ട് പ്രവർത്തനം തുടങ്ങുന്നതേയുള്ളൂ എന്നതു കൊണ്ടായിരിക്കണം ഈ രണ്ടു സംഭവങ്ങളും ശമിപ്പിക്കുവാനുള്ള സെറ്റപ്പ് ഒന്നും അവിടെ റെഡിയായിട്ടുണ്ടായിരുന്നില്ല. ഞാൻ വിശപ്പിനോടും ദാഹത്തോടും സുല്ലിട്ട് അവിടെ മാറിയിരുന്നു കൊണ്ട് മുൻപ് എടുത്ത വീഡിയോകൾ ലാപ്ടോപ്പിലേക്ക് പകർത്തുകയും ചെറിയ എഡിറ്റിങ് ജോലികൾ ചെയ്യുകയും ചെയ്തു. അതിനിടയിൽ എനിക്ക് പോകേണ്ട വിമാനത്തിലെ യാത്രക്കാരായ രണ്ടുപേർ വന്നു പരിചയപ്പെടുകയുണ്ടായി. അവർക്കും അവർ സെലക്ട് ചെയ്ത സീറ്റ് അല്ലായിരുന്നു ലഭിച്ചത്. അതിനുള്ള അമർഷം അവർ പ്രകടിപ്പിക്കുകയും ചെയ്തു. എന്തായാലും ‘ഗോ എയർ’ വിമാനക്കമ്പനിയുടെ ‘സേവനം’ ഞങ്ങൾക്ക് നന്നായി ബോധിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ രാഷ്ട്രീയ നേതാക്കളുൾപ്പെട്ട വിഐപികൾ വിമാനയാത്രയ്ക്കായി അവിടെയെത്തിച്ചേർന്നു. മുതിർന്ന സിപിഎം നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ ശ്രീ കോടിയേരി ബാലകൃഷ്ണൻ, ശ്രീമതി ടീച്ചർ, ഇപ്പോഴത്തെ ഗതാഗതമന്ത്രി സി.കെ. ശശീന്ദ്രൻ എന്നിവരുമായി എനിക്ക് അൽപ്പസമയം ചെലവഴിക്കുവാനും സാധിച്ചു. ഇവരെല്ലാവരും വളരെ സൗഹാർദ്ദപരമായിട്ടായിരുന്നു ആളുകളോട് ഇടപെട്ടിരുന്നത്. ഇവരെല്ലാം ഞാൻ പോകുന്ന വിമാനത്തിൽ യാത്രചെയ്യുവാൻ പോകുകയാണ്. ഇപ്പോഴാണ് ഞങ്ങൾ നേരത്തെ ബുക്ക് ചെയ്തിരുന്ന സീറ്റുകൾ ലഭിക്കാതിരുന്നതിന്റെ കാരണം മനസ്സിലായത്. എന്തായാലും വിഐപികളുമൊത്തുള്ള ഒരു വിമാനയാത്ര ലഭിക്കാൻ പോകുകയല്ലേ. സീറ്റ് എന്തായാലെന്താ എന്ന് ഞാൻ കരുതി.
കുറച്ചു സമയത്തിന് ശേഷം ഞങ്ങളുടെ വിമാനത്തിലേക്കുള്ള ബോർഡിംഗ് ആരംഭിച്ചു. വിമാനത്തിൽ അധികം ആളുകൾ കയറിയിട്ടില്ലായിരുന്നു. കയറുന്നവർ വിമാനജീവനക്കാർ അഭിവാദ്യം ചെയ്തായിരുന്നു സ്വീകരിച്ചിരുന്നത്. പതിയെപ്പതിയെ വിമാനത്തിൽ വിഐപികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കയറുവാൻ തുടങ്ങി. എല്ലാവർക്കും ശേഷമായിരുന്നു ആരും പ്രതീക്ഷിക്കാത്ത ഒരു കിടിലൻ എൻട്രിയുമായി നമ്മുടെ ബഹു: മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്തിലേക്ക് കയറിയത്. മുഖ്യമന്ത്രിയ്‌ക്കൊപ്പം അദ്ദേഹത്തിൻറെ ഭാര്യയും പിന്നെ നേതാക്കളായ ഇപി ജയരാജനും ഒക്കെയുണ്ടായിരുന്നു.
അങ്ങനെ വിശിഷ്ട വ്യക്തികളെല്ലാം കയറിയ ഞങ്ങളുടെ വിമാനം യാത്രയ്ക്ക് തയ്യാറായി. താഴെ ഗ്രൗണ്ടിൽ വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് ചെയ്യുവാനായി എയർപോർട്ട് എംഡിയും മറ്റ് ഉദ്യോഗസ്ഥരുമൊക്കെ നിൽക്കുന്നത് വിൻഡോയിലൂടെ കാണാമായിരുന്നു. ഫ്‌ളാഗ് ഓഫിനു ശേഷം ഞങ്ങളുടെ വിമാനം പതിയെ റൺവേയിലേക്ക് കയറുകയും പിന്നീട് അവിടെ നിന്നും ടേക്ക് ഓഫ് ചെയ്യുകയും ചെയ്തു. വിമാനത്തിനകത്തിരുന്ന് ഞങ്ങളെല്ലാം കണ്ണൂരിന്റെ ആകാശക്കാഴ്ചകൾ വീക്ഷിച്ചു. മൂടിയ കാലാവസ്ഥയായിരുന്നതിനാൽ കാഴ്ചകൾ അധികമൊന്നും കാണുവാൻ സാധിച്ചിരുന്നില്ല.
അങ്ങനെ സംഭവബഹുലമായ യാത്രയ്ക്കുശേഷം ഞങ്ങൾ തിരുവനന്തപുരം എയർപോർട്ടിലെ ആഭ്യന്തര ടെർമിനലിൽ ലാൻഡ് ചെയ്തു. ലാൻഡ് ചെയ്തയുടൻ തന്നെ മുഖ്യമന്ത്രിയുൾപ്പെട്ടവരെല്ലാം ആദ്യമേതന്നെ ഇറങ്ങി. അവർക്കു പിന്നാലെ ഞങ്ങൾ സാധാരണ യാത്രക്കാരും. ഈ വിമാനത്തിൽ യാത്ര ചെയ്ത ഞാനടക്കമുള്ളവർ ഒരു ചരിത്ര സംഭവത്തിന്റെ ഭാഗമായിരിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഈ യാത്രയ്ക്ക് രണ്ടു പ്രത്യേകതകളാണുള്ളത്. ഒന്ന് – കണ്ണൂരിൽ നിന്നുള്ള ആദ്യത്തെ ആഭ്യന്തര വിമാനത്തിൽ യാത്ര ചെയ്യുവാൻ സാധിച്ചു. രണ്ട് – മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളോടൊപ്പം ഒരു വിമാനയാത്ര സാധ്യമായി.